25 Thursday
April 2024
2024 April 25
1445 Chawwâl 16

വിജ്ഞാനം വിശ്വാസത്തിലേക്ക്‌

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


പറയുക: ആകാശങ്ങളിലും ഭൂമിയിലും എന്തെല്ലാമാണുള്ളതെന്ന് നിങ്ങള്‍ ചിന്തിക്കുക. വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളും താക്കീതുകളും ഫലപ്പെടുകയില്ല. (യൂനുസ് 101)

അല്ലാഹുവിന്റെ അതി മഹത്തായ സൃഷ്ടിയാണ് ഈ പ്രപഞ്ചം. അതിന്റെ സ്ഥൂലവും സൂക്ഷ്മവുമായ എല്ലാ പ്രവര്‍ത്തനങ്ങളും ഏകനും പരിശുദ്ധനുമായ അല്ലാഹുവിനെ നമുക്ക് ബോധ്യപ്പെടുത്തുന്നു. പ്രപഞ്ചം എത്രത്തോളം സത്യവും യാഥാര്‍ഥ്യവുമാണോ അത് പോലെ സത്യമാണ് ഖുര്‍ആന്‍. ആദ്യത്തേത് അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളാണെങ്കില്‍ രണ്ടാമത്തേത് അവന്റെ വാക്കുകളും കല്‍പനകളുമാണ്. രണ്ടിനുമിടയില്‍ വൈരുധ്യമില്ല. പ്രപഞ്ച യാഥാര്‍ഥ്യങ്ങളെ സ്വന്തം അനുഭവങ്ങളായി അംഗീകരിക്കുന്നുവെങ്കില്‍ അല്ലാഹുവിന്റെ സന്ദേശമായ ഖുര്‍ആന്‍ സ്വീകരിച്ചേ പറ്റൂ.
പ്രപഞ്ചത്തിലെ അത്ഭുതങ്ങള്‍ കണ്ടിട്ടും കേട്ടിട്ടും ഒട്ടു വളരെ പേര്‍ വിശ്വാസികളാകാതെ പിന്നാക്കം പോകുന്നു. അല്ലാഹുവിനെയും ഖുര്‍ആനെയും നിന്ദിക്കുന്നു. മതം മനുഷ്യ വിരുദ്ധവും ദൈവം യുക്തി രാഹിത്യവുമാണെന്ന് പറയുന്നു. എന്താണിതിന് കാരണം? ബുദ്ധിയുടേയും ശാസ്ത്രീയ പഠനങ്ങളുടേയും കുറവല്ല. അല്ലാഹു എന്ന പരമ സത്യത്തിലേക്ക് എത്താന്‍ അവയെക്കാള്‍ വേണ്ടത് വിശ്വാസമാണ്. അതിന്റെ ആദ്യ പടി വിനയമുള്ള മനസ്സും അന്വേഷണ താല്‍പര്യവുമാണ്. വിദ്വേഷ ഭാവവും അഹങ്കാരവുമാണ് തീവ്ര വിമര്‍ശകരില്‍ കാണാറുള്ളത്. ‘മനസ്സിന് പൂര്‍ണ ബോധ്യം വന്നിട്ടും അഹങ്കാരിയായി യാഥാര്‍ഥ്യങ്ങളെ നിഷേധിക്കുന്നവര്‍’ (27:14) എന്നാണ് ഈ പ്രകൃതത്തെ ഖുര്‍ആന്‍ വിലയിരുത്തുന്നത്.
മനുഷ്യന്റെ പഠന നിരീക്ഷണങ്ങള്‍ പണ്ട് മുതലേ പ്രപഞ്ചത്തെ കുറിച്ചായിരുന്നു. യുക്തിയും യാഥാര്‍ഥ്യവുമില്ലാത്ത പല മിത്തുകളും അതിനെപ്പറ്റി പുരാതന സമൂഹങ്ങളിലുണ്ടായിരുന്നു. തത്വശാസ്ത്രമായിരുന്നു പ്രപഞ്ച നിഗൂഢതകളെ കെട്ടഴിക്കാന്‍ അന്ന് അവലംബിച്ചിരുന്നത്. ബുദ്ധിയുടെ വികാസത്തിലും അനുഭവങ്ങളുടെ അകമ്പടിയിലും പിന്നീട് ശാസ്ത്രം വളര്‍ന്നു വന്നു. യുക്തിഭദ്ര ശാസ്ത്ര പഠനങ്ങള്‍ക്ക് തത്വ ശാസ്ത്ര സങ്കല്‍പങ്ങളെക്കാള്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചു. എന്നാല്‍ പ്രപഞ്ചത്തിലെ പല വിസ്മയങ്ങളും ശാസ്ത്രീയ അറിവുകള്‍ക്ക് അപ്പുറത്തായിരുന്നു.
ഇവിടെയാണ് ദൈവികജ്ഞാനങ്ങളുടെ സാന്നിധ്യം അനിവാര്യമാകുന്നത്. വിശ്വാസമില്ലാത്തവരില്‍ അല്ലാഹു മാലിന്യമുണ്ടാക്കുന്നു (6:125) എന്ന വചനം വിശ്വാസത്തി ന്റെ അഭാവത്തില്‍ സംഭവിക്കുന്ന വൈജ്ഞാനിക ശൂന്യതയും ദൈവ നിഷേധമുള്‍പ്പെടെ മനസ്സിലുണ്ടാകുന്ന വിരുദ്ധ ചിന്തകളുമാണ് സൂചിപ്പിക്കുന്നത്. അത്തരം പഠനങ്ങള്‍ എത്രയുണ്ടായിരുന്നാലും മനുഷ്യന് ഉപകരിക്കുകയില്ല എന്ന വചനം പഠന ഗവേഷണങ്ങളുടെ രീതിശാസ്ത്രം എന്തായിരിക്കണം എന്ന് കൂടി വ്യക്തമാക്കുന്നു. പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്റെ (1955) നിരീക്ഷണം എന്നും പ്രസക്തമാണ്. ‘മത രഹിത ശാസ്ത്ര ബോധം മുടന്തുള്ളതായിരിക്കും, ശാസ്ത്ര ബോധമില്ലാത്ത മത വിശ്വാസം അന്ധതയുമായിരിക്കും.’ വിശ്വാസം പ്രകാശിപ്പിക്കുന്ന അകക്കണ്ണുകള്‍ കൊണ്ടായിരിക്കണം പ്രപഞ്ചത്തെ വായിക്കേണ്ടത്. ഭൗതിക വിജ്ഞാനങ്ങള്‍ അവസാനിക്കുന്നിടത്ത് നിന്ന് പഠനത്തെ മുന്നോട്ട് നയിക്കാന്‍ വിശ്വാസം അനിവാര്യമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x