29 Friday
March 2024
2024 March 29
1445 Ramadân 19

വേരുകള്‍ നഷ്ടപ്പെടുത്തരുത്‌

ഡോ. മന്‍സൂര്‍ ഒതായി


ജംപിങ് മത്സരത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ? പിന്നില്‍ നിന്ന് ഓടിവരുമ്പോള്‍ കിട്ടുന്ന ശക്തി സംഭരിച്ചാണ് അവര്‍ ചാട്ടം പൂര്‍ത്തിയാക്കുന്നത്. മാവിലെറിയുന്ന കുട്ടികള്‍ കൈയില്‍ കരുതിയ കമ്പോ കല്ലോ പിറകിലേക്ക് കൊണ്ടുപോയിട്ടാണ് ആഞ്ഞ് എറിയാനുള്ള ശക്തി സംഭരിക്കുന്നത്. പിന്നില്‍ നിന്ന് തുടങ്ങാതെ മുന്നോട്ട് പോകാനുള്ള ഊര്‍ജം ലഭിക്കില്ല എന്നത് പ്രകൃതി പ്രതിഭാസമാണ്. എങ്കില്‍ പിറകില്‍ നിന്ന് സ്‌നേഹത്തിന്റെ കരുതലും വാത്സല്യത്തിന്റെ പ്രചോദനവുമേകി സദാ നമ്മുടെ നന്മ മാത്രം പ്രതീക്ഷിക്കുന്നവരെ നമുക്ക് വിസ്മരിക്കാനാവുമോ?
ഒരു വ്യക്തിയുടെ വളര്‍ച്ചയിലും പുരോഗതിയിലും മാതാപിതാക്കളും ഗുരുജനങ്ങളും ചെലുത്തുന്ന സ്വാധീനം വളരെ നിര്‍ണായകമാണ്. ‘മാതാപിതാ ഗുരു ദൈവം’ എന്നത് പഴഞ്ചന്‍ ആശയമല്ല. ഈ ചൊല്ല് കാലഹരണപ്പെട്ടു എന്ന് ചിന്തിക്കുന്നവരുണ്ടാകും. ആധുനിക കാലത്ത് അറിവ് നേടാന്‍ അധ്യാപകന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവരും ഉണ്ട്. സെര്‍ച്ച് എന്‍ജിനുകള്‍ വഴി നമുക്ക് ഏത് അറിവും കരസ്ഥമാക്കാം എന്നതാണ് ന്യൂജന്‍ കരുതുന്നത്. ‘മാതാപിതാ ഗൂഗ്ള്‍ ദൈവം’ എന്നാണ് ഇന്നത്തെ കുട്ടികള്‍ കേള്‍ക്കുന്നത്.
അധ്യാപകര്‍ കേവലം അറിവിന്റെ വിനിമയം നടത്തുന്നവര്‍ മാത്രമാകുമ്പോള്‍ ഇപ്പറയുന്നതില്‍ കാര്യമുണ്ടാകാം. എന്നാല്‍ ശിഷ്യരെ ഹൃദയത്തിലേറ്റി അവരുടെ സമഗ്ര വികസനം സാധ്യമാവാന്‍ പാടുപെടുന്ന ടീച്ചര്‍ക്ക് പകരം നില്‍ക്കാന്‍ ഒരു സാങ്കേതിക വിദ്യക്കുമാവില്ല.
ഇന്റര്‍നെറ്റിനോ അതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ മീഡിയക്കോ സ്വന്തമായി ചിന്തയും വികാരവുമില്ല. സ്‌നേഹം, കരുണ, വാത്സല്യം, സഹാനുഭൂതി, ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങളാല്‍ മനസ്സിനെ സ്പര്‍ശിക്കാനും ഇവക്കാവില്ല. സാന്ത്വനത്തിന്റെ തലോടല്‍ നല്‍കാനും പ്രചോദനത്തിന്റെ ഊഷ്മളമായ ഊര്‍ജം പകരാനും കൃത്രിമ ബുദ്ധിക്ക് സാധ്യമല്ല. മനുഷ്യന് ഉദാത്തമായ ഹൃദയവികാരങ്ങള്‍ ഉള്ളിടത്തോളം കാലം നമുക്ക് ഗുരുവിനെ മാറ്റിനിര്‍ത്താനാവില്ല. പുസ്തകത്തിലും സെര്‍ച്ച് എന്‍ജിനിലും പരതി അറിവ് നല്‍കുന്നവനല്ല മികച്ച അധ്യാപകന്‍; ഹൃദയം കൊണ്ട് അധ്യാപനം നടത്തി സ്‌നേഹപ്രപഞ്ചം സൃഷ്ടിക്കുന്നവനാണ്. ആലേെ ലേമരവലൃ ലേമരവ ളൃീാ വലമൃ,േ ിീ േളൃീാ യീീസ.
ഒരു തൈ വളര്‍ന്ന് വലുതാവുന്നതിലും അത് മരമായി മാറി നിറയെ പൂക്കള്‍ വിടര്‍ത്തുന്നതിലും നിറയെ കായ്ഫലങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിലും മണ്ണിനടിയിലെ വേരുകള്‍ക്ക് എന്തുമാത്രം പങ്കുണ്ട്. മഴയെത്തും വെയിലത്തും മരത്തെ സംരക്ഷിക്കുന്നു വേരുകള്‍. ചൂടിലും തണുപ്പിലും ആവശ്യമായ പോഷണം നല്‍കി മരത്തെ ചന്തമുള്ളതാക്കുന്നതും വേരുകള്‍ തന്നെ. വേരുകള്‍ നഷ്ടമായാല്‍ പിന്നെ മരമില്ല. അനിഷ്ടകരമായ ഒരു കാര്യം ഇല്ലാതാക്കാന്‍ ‘വേരോടെ പിഴുതുമാറ്റണം’ എന്നാണ് മലയാളത്തില്‍ പ്രയോഗിക്കാറുള്ളത്. വളര്‍ന്നു പന്തലിച്ച വൃക്ഷം അതിന്റെ അടിവേരുകള്‍ അറുത്തുകളയുന്നതിന് തുല്യമല്ലേ മാതാപിതാക്കളെയും ഗുരുക്കന്മാരെയും തള്ളിക്കളയുന്നത്?
സ്വാതന്ത്ര്യം, അവകാശം, ആസ്വാദനം എന്നീ ലിബറല്‍ പദങ്ങള്‍ മസ്തിഷ്‌കത്തില്‍ നിറച്ച് മാതാപിതാക്കളെയും അധ്യാപകരെയും ധിക്കരിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നത് എന്തുമാത്രം ഭയാനകമാണ്! അറിവും വിവരവും കിട്ടാന്‍ എമ്പാടും വഴികളുള്ള ആധുനിക യുഗത്തില്‍ തിരിച്ചറിവിന്റെ അനുഭവങ്ങള്‍ സമ്മാനിക്കുന്ന അച്ഛനമ്മമാരെയും അധ്യാപകരെയും നമുക്ക് അഭിമാനത്തോടെ ആദരിക്കാം. കാരണം നമ്മുടെ ശക്തിക്ക് പിന്നിലെ ഉറവിടങ്ങളാണവര്‍. മാതാപിതാക്കളെ ആദരിക്കുകയും അവരോട് താഴ്മയോടെ പെരുമാറുകയും വേണമെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു. അവരുടെ നന്മക്കായി പ്രാര്‍ഥിക്കാന്‍ സ്രഷ്ടാവ് കല്‍പിക്കുകയും ചെയ്തു. ”നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം അവര്‍ക്ക് നീ കാരുണ്യം നല്‍കേണമേ.” (വി.ഖു. 17:24)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x