വേറിട്ട വഴിയില്‍ സഞ്ചരിച്ച ഡോ. കെ കെ ഉസ്മാന്‍
അഷ്‌റഫ് കടയ്ക്കല്‍
1998-ലാണ് ‘ദിസ് ഈസ് ഇസ്‌ലാം’ എന്ന പുസ്തകം ഞാന്‍ കാണുന്നത്. മനോഹരമായ പുറംചട്ട, ലളിതമായ ഭാഷ. ഇസ്ലാമുമായി ബന്ധപ്പെട്ട് മതം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങി ഒട്ടുവളരെ വിഷയങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചിട്ടുണ്ട്. എഡിറ്റഡ് ബൈ ഡോ. കെ കെ ഉസ്മാന്‍. അതുവരെ കേട്ടിട്ടില്ലാത്ത പേര്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍, കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രറ്റേണിറ്റി (എഫ് എഫ് എഫ്) എന്ന സംഘടനയുടെ ജന. സെക്രട്ടറിയാണ് അദ്ദേഹമെന്ന് മനസ്സിലായി. ഒന്നു രണ്ടു വര്‍ഷത്തിനകം അദ്ദേഹവുമായി അടുത്ത സൗഹൃദമായി. അലിഗഡിലും മണിപ്പാലിലും പഠനം കഴിഞ്ഞ് അമേരിക്കയില്‍ ഗ്യാസ്‌ട്രോ എന്റോളജിസ്റ്റായി ദീര്‍ഘനാള്‍ സേവനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയതാണ്.
എണ്‍പത് കഴിഞ്ഞിട്ടും ആതുരസേവനത്തിലും കുട്ടികള്‍ക്ക് സൗജന്യ പരിശീലന ക്ലാസെടുക്കുന്നതിലും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ആലുവയിലെ തന്റെ ക്ലിനിക്കിലെ ഒന്നാം നിലയില്‍ ഡോക്ടറെ കേള്‍ക്കാനെത്തുന്ന കുട്ടികളോട് സംവദിക്കാനുള്ള തയ്യാറെടുപ്പ് ആരെയും അത്ഭുതപ്പെടുത്തും. ആ ലക്ചര്‍ നോട്ടുകള്‍ സമാഹരിച്ചാല്‍ ഇനിയും കുറേ പുസ്തകങ്ങള്‍ക്കുള്ള കണ്ടന്റ് ഉണ്ടാവും. ഡോക്ടര്‍ എന്തെഴുതിയാലും തന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് അതിന്റെ കോപ്പി അയച്ചുകൊടുക്കുന്ന പതിവുണ്ട്.
പരിശീലന ക്ലാസിന് വേണ്ടി തയ്യാറാക്കുന്ന കുറിപ്പുകള്‍ പോലും ഫോട്ടോകോപ്പി എടുത്ത് പുസ്തകരൂപത്തിലാക്കി അടുത്ത സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കാറുണ്ട്. 2006-ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സമയത്ത് അതിന്റെ സംക്ഷിപ്തവും വിശകലനവും പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് എന്നോട് നിര്‍ദേശിച്ചത് ഡോക്ടറാണ്. റിപ്പോര്‍ട്ടിന്റെ സംക്ഷിപ്തം പത്തു പേജിനകത്ത് സംഗ്രഹിക്കാമെന്നും അദ്ദേഹം എനിക്ക് ഉറപ്പു നല്‍കിയിരുന്നു. ‘സച്ചാറിന്റെ കേരള പരിസരം’ എന്ന പേരില്‍ അദര്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ ഡോക്ടറുടെ ലേഖനം സച്ചാര്‍ സംക്ഷിപ്തം എന്ന തലക്കെട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
വിദ്യാര്‍ഥി കാലം മുതല്‍ക്കെ രാഷ്ട്രീയമായി ഇടതുപക്ഷം ചേര്‍ന്ന് സഞ്ചരിച്ച അദ്ദേഹം കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതിനോ പാര്‍ട്ടികളില്‍ നിന്ന് എന്തെങ്കിലും ആനുകൂല്യം പറ്റുന്നതിനോ ഒരിക്കലും ശ്രമിച്ചിരുന്നില്ല. കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ കാര്യകാരണ ബന്ധവും യുക്തിചിന്തയും നിര്‍ലോഭം ഉപയോഗിച്ചിരുന്നുവെങ്കിലും മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ അദ്ദേഹം ഒരിക്കലും തള്ളി പറഞ്ഞില്ല. വിശ്വാസകാര്യങ്ങളില്‍ ഏറെ കണിശത പുലര്‍ത്തുകയും ചെയ്തു. മതചിന്തയിലും കര്‍മശാസ്ത്ര വിഷയങ്ങളിലും പല വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും അടിസ്ഥാന പ്രമാണങ്ങളെ യുക്തി കൊണ്ട് മാത്രം വ്യാഖ്യാനിക്കുന്ന രീതിയോട് രാജിയാവാന്‍ ഡോക്ടര്‍ വിസമ്മതിച്ചിരുന്നു. ഖുര്‍ആന്‍ അകംപൊരുള്‍ പോലുള്ള പുസ്തകങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പുതിയ കാഴ്ചപ്പാടുകളോടും വിശകലന രീതിയോടും ഡോക്ടര്‍ക്കുള്ള വിയോജിപ്പ് എന്നോട് പലതവണ പങ്കുവെച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുന്നെയുള്ള ഭാര്യയുടെ വിയോഗം ഡോക്ടറെ ഏറെ തളര്‍ത്തിയിരുന്നു. അതിനു ശേഷം വീല്‍ചെയറിലായ അദ്ദേഹം തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായിരുന്നു സമയം നീട്ടി ചോദിച്ചുകൊണ്ടിരുന്നത്. ‘എന്റെ കഥ, അവരുടെയും’ പ്രസാധനം നടന്നത് ഈയടുത്താണ്. ഇടയ്‌ക്കൊരു ദിവസം ഞാന്‍ എന്റെ പങ്കാളി സബിയോടൊപ്പം ഡോക്ടറെ കാണാന്‍ ആലുവയിലെത്തി. അവശനായിരുന്നെങ്കിലും വീല്‍ചെയറിലിരുന്ന് ഏറെ നേരം സംസാരിച്ചു. അമേരിക്കയിലുള്ള ഇളയ മകള്‍ ഇസ്മിറ അവിടെയുണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ കൈ പിടിച്ച് അദ്ദേഹം നെഞ്ചോട് ചേര്‍ത്തു അറിയാതെയൊന്നു വിതുമ്പി, അത് കണ്ട മകള്‍ക്ക് നിയന്ത്രണം വിട്ടുപോയി. ഒപ്പം ഹൃദയം പൊട്ടുന്ന വേദനയില്‍ ഞങ്ങളും യാത്ര ചോദിച്ചിറങ്ങി.
വിട, പ്രിയപ്പെട്ട ഡോക്ടര്‍; അങ്ങയുടെ ജീവിതം ഒരു വഴിവിളക്കു പോലെ നമ്മുടെയൊക്കെ മുന്നിലുണ്ടായിരിക്കും. അല്ലാഹുഅനുഗ്രഹിക്കട്ടെ.