29 Friday
March 2024
2024 March 29
1445 Ramadân 19

തസ്ബീഹ് നമസ്‌കാരത്തിന് സാധുതയുണ്ടോ?

മുറാഖിബ്‌

തസ്ബീഹ് നമസ്‌കാരം എന്ന പേരില്‍ ഒരു നമസ്‌കാരമുണ്ടോ? ഇങ്ങനെ ഒരു നമസ്‌കാരത്തിന്റെ പുണ്യം വിശദീകരിക്കുന്ന നിരവധി ഹദീസുകളുണ്ടെന്നും കേള്‍ക്കാനിടയായി. ഒരു വിശദീകരണം തരാമോ?
അബ്ദുല്‍ഹലീം കോഴിക്കോട്

തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ, ഹാകിം, ബൈഹഖി, ത്വബ്‌റാനി തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ചില ഹദീസുകള്‍ തസ്ബീഹ് നമസ്‌കാരത്തിന് തെളിവായി പറയപ്പെടുന്നുണ്ട്. ഖിയാമിലും റുകൂഇലും ഇഅ്തിദാലിലും സുജൂദിലും സുജൂദിന്നിടയിലെ ഇരുത്തത്തിലുമായി അല്ലാഹു അക്ബര്‍, സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാഇലാഹ ഇല്ലല്ലാഹ് എന്നീ ദിക്‌റുകള്‍ സാധാരണ നമസ്‌കാരത്തില്‍ നിന്നു വ്യത്യസ്തമായി ഒരു റക്അത്തില്‍ 75 വീതം 4 റക്അത്തുകളില്‍ മൊത്തം 300 പ്രാവശ്യം ചൊല്ലി നമസ്‌കരിച്ചാല്‍ മണല്‍ത്തരികളോളം പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പോലും പൊറുക്കപ്പെടുമെന്നാണ് ആ ഹദീസുകളുടെ ഉള്ളടക്കം.
ഈ നിവേദനങ്ങളെല്ലാം, ഒന്നു പോലുമൊഴിയതെ സ്വീകരിക്കാന്‍ യോഗ്യമല്ലാത്ത ന്യൂനതകള്‍ ഉള്ളവയാണ്. ഹദീസ് നിരൂപകന്‍മാരിലധികവും ആ നിവേദനങ്ങളെക്കുറിച്ച് ദുര്‍ബലം, അടിസ്ഥാനമില്ലാത്തത് എന്നാണ് വിധിച്ചിട്ടുള്ളത്. ഇബ്‌നുല്‍ജൗസീ തന്റെ മൗദൂആത്തിലാണ് (വ്യാജ ഹദീസുകളുടെ സമാഹാരം) ഈ ഹദീസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത്, ഈ ഹദീസ് നബി(സ)യുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ ഹദീസാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുവെന്നര്‍ഥം.
നബി(സ)യിലേക്കെത്താത്ത പരമ്പര മുറിഞ്ഞ റിപ്പോര്‍ട്ടുകള്‍, ന്യൂനതകള്‍ ആരോപിക്കപ്പെട്ട റാവികളിലൂടെ (നിവേദകരിലൂടെ) ഉദ്ധരിക്കപ്പെടുന്ന റിപ്പോര്‍ട്ടുകള്‍, വൈരുധ്യങ്ങള്‍, പരസ്പര വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍, ഏറ്റവും പ്രബലമായ ഹദീസുകളില്‍നിന്ന് വ്യത്യസ്തമാകുന്ന റിപ്പോര്‍ട്ടുകള്‍ എന്നീ വിശേഷണങ്ങളെല്ലാം യോജിക്കുന്ന നിവേദനങ്ങളാണ് തസ്ബീഹ് നമസ്‌കാരത്തിന് അവലംബമാകുന്നത്.
സഈദുബ്നു സഈദ്, മൂസാ ഇബ്നു ഉബൈദ, മൂസാ ഇബ്നു അബ്ദില്‍ അസീസ്, അബ്ദുല്‍ ഖുദ്ദൂസുബ്നു ഹബീബ്, മൂസാഇബ്നു ജഅ്ഫറുബ്നു അബീകസീര്‍, ഹിശാം ഇബ്നു ഇബ്‌റാഹീം, നാഫിഅ് അബൂഹുര്‍മുസ് എന്നീ നിവേദകന്‍മാര്‍ അയോഗ്യരാണ്. ഈ അയോഗ്യരായ നിവേദകന്‍മാരില്ലാതെ ഈ ഹദീസ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നില്ല. ഒരേ ആശയം പല സനദുകളിലൂടെ ഉദ്ധരിക്കപ്പെട്ട സ്ഥിതിക്ക് സനദുകളുടെ ദുര്‍ബലത അത്ര കാര്യമാക്കേണ്ടതില്ല എന്ന മുടന്തന്‍ ന്യായം ചിലര്‍ ഉന്നയിച്ചു കാണുന്നുണ്ടെന്നല്ലാതെ ഈ തസ്്ബീഹ് നമസ്‌കാരത്തിന് യാതൊരടിസ്ഥാനവുമില്ല. പുണ്യം പ്രതീക്ഷിച്ച് ഈ നമസ്‌കാരം നിര്‍വഹിക്കുന്നത് ബിദ്അത്ത് തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x