29 Friday
March 2024
2024 March 29
1445 Ramadân 19

വേദക്കാരില്‍ കടന്നുകൂടിയ ശിര്‍ക്ക്‌

സി പി ഉമര്‍ സുല്ലമി


ഏകനായ ദൈവത്തിന് പങ്കുകാരുണ്ടെന്നും അവര്‍ മുഖേനയാണ് ദൈവത്തെ ആരാധിക്കേണ്ടതെന്നും വിശ്വസിക്കുകയും അത് സമ്മതിക്കുകയും ചെയ്യുന്നവരാണ് ബഹുദൈവാരാധകര്‍. ഈ പങ്കുകാരൊന്നും സ്വയം കഴിവുള്ളവരല്ല. കാഴ്ചയിലും കേള്‍വിയിലും അറിവിലുമെല്ലാം അവര്‍ ദൈവ സമാനരാണെന്ന് ബഹുദൈവാരാധകര്‍ വിശ്വസിക്കുന്നു.
ഈ സമന്മാരെ ആരാധിക്കുന്നതില്‍ ഏറ്റവും പ്രധാനമായത് പ്രാര്‍ഥനയാണ്. ഇവരെ ഇടയാളന്മാരാക്കിയാണ് ബഹുദൈവാരാധകര്‍ പ്രാര്‍ഥിക്കുന്നത്. പ്രാര്‍ഥനയെല്ലാം കേള്‍ക്കുന്നവന്‍ അല്ലാഹുവാണ്. എന്നാല്‍ അല്ലാഹുവിന്റെ കേള്‍വിയില്‍ ഈ ആരാധ്യന്മാരെയും പങ്കുകാരാക്കുകയാണിവര്‍ ചെയ്യുന്നത്. എവിടെനിന്നു വിളിച്ചാലും അവര്‍ കേള്‍ക്കുമെന്നാണ് പ്രാര്‍ഥിക്കുന്നവരുടെ വിശ്വാസം. പ്രാര്‍ഥിക്കുന്നവര്‍ എവിടെയാണെന്ന് അവര്‍ കാണുകയും ചെയ്യുമെന്ന് അവര്‍ കരുതുന്നു. കാണുന്നവര്‍ക്കല്ലേ സഹായം എത്തിച്ചു കൊടുക്കാന്‍ കഴിയുകയുള്ളൂ. പ്രാര്‍ഥിക്കപ്പെടുന്നവര്‍ സ്ഥലത്ത് ഇല്ലാത്തവരാണെങ്കിലും മരിച്ചുപോയവരാണെങ്കിലും ഈ കേള്‍വിയും കാഴ്ചയും അവര്‍ക്ക് ലഭിക്കുമെന്നാണല്ലോ അവര്‍ കരുതുന്നത്. അതുകൊണ്ടാണ് അല്ലാഹുവിന്റെ പങ്കാളികള്‍ എന്ന് പറയുന്നത്.
എന്നാല്‍ അല്ലാഹുവും ഇവരുമായി ഒരു വ്യത്യാസം അവര്‍ കല്‍പ്പിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഗുണങ്ങളെല്ലാം സ്വയമേ ഉള്ളതാണ്. എന്നാല്‍ ഇവരുടെ ഗുണങ്ങളെല്ലാം അല്ലാഹു നല്‍കിയതാണ്. പ്രാര്‍ഥനയില്‍ ഇവര്‍ പറയാറുള്ള വചനം ഇങ്ങനെയാണ്: ”അല്ലാഹുവേ, നിന്റെ വിളിക്കുത്തരം ചെയ്ത് ഞങ്ങള്‍ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കാളികളുമില്ല, ഒരു നിലക്കുള്ള പങ്കാളി അല്ലാതെ, അവനെ നീ ഉടമപ്പെടുത്തിയിരിക്കുന്നു, അവര്‍ക്ക് സ്വന്തമായി യാതൊന്നും ഇല്ല താനും.” ബഹുദൈവാരാധകര്‍ ഹജ്ജിനും ഉംറക്കും വരുമ്പോള്‍ പറയാറുള്ള വചനങ്ങളാണിത്.
ബഹുദൈവാരാധകര്‍ വിശ്വസിക്കുന്നത് ഏകനായ ദൈവം അവനു മാത്രമുള്ള ചില ഗുണങ്ങള്‍ അവന്റെ സൃഷ്ടികളില്‍ ചിലര്‍ക്ക് നല്‍കിയിട്ടുണ്ട്, അത് അവരുടെ സ്വന്തമായ കഴിവില്‍ പെട്ടതല്ല അല്ലാഹു നല്‍കിയതാണ് എന്നാണ്. ഈ ബഹുദൈവാരാധകരും അല്ലാഹുവില്‍ വിശ്വസിക്കുന്നുണ്ട്. മാത്രമല്ല അവരുടെ വിശ്വാസത്തില്‍ സാങ്കല്പിക ദൈവങ്ങള്‍ക്ക് അല്ലാഹു നല്‍കിയതാണ് അവരുടെ ഗുണങ്ങളെല്ലാം.
ഇവരുടെ ഈ പങ്കുചേര്‍ക്കല്‍ മഹാപാപം തന്നെ. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ ഒരാള്‍ക്കും അല്ലാഹു അവന്റെ കഴിവ് വിട്ടു കൊടുക്കുകയില്ല. അതൊരു ഉടമയും അടിമകള്‍ക്ക് ചെയ്യാത്ത കാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളുടെ കാര്യത്തില്‍ നിന്ന് തന്നെ അല്ലാഹു നിങ്ങള്‍ക്ക് ഒരു ഉപമ വിവരിച്ചു തന്നിരിക്കുന്നു. നിങ്ങളുടെ വലം കൈകള്‍ ഉടമപ്പെടുത്തിയ അടിമകളാരെങ്കിലും നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യത്തില്‍ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ. എന്നിട്ട് നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നത് പോലെ അവരെയും (അടിമകളെയും) നിങ്ങള്‍ ഭയപ്പെടുമാറ് നിങ്ങള്‍ ഇരുകൂട്ടരും അതില്‍ സമാവകാശികള്‍ ആവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ചു മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇപ്രകാരം തെളിവുകള്‍ വിശദീകരിക്കുന്നു.” (വി.ഖു 30:28)
ഒരു ഉടമയും അയാളുടെ കീഴിലുള്ളവര്‍ക്ക് തന്റെ ഉടമാവകാശത്തിലുള്ള വസ്തു സമാവകാശത്തോടുകൂടി വിട്ടു കൊടുക്കുകയില്ല. അങ്ങനെ വിട്ടു കൊടുത്താല്‍ തന്റെ സൗകര്യത്തിന് കിട്ടുകയുമില്ല. ഒരു കാര്‍ വാങ്ങി ഒരു ഡ്രൈവറെ വച്ചാല്‍ ഉടമക്കും ഡ്രൈവറിനും ഒരുപോലെ ഉപയോഗിക്കാമെന്നു വന്നാല്‍ ഉടമ വിചാരിക്കുമ്പോള്‍ ആ കാര്‍ കിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ആ വിഡ്ഢിത്തം ബുദ്ധിയുള്ളവര്‍ ആരും ചെയ്യുകയില്ല. സൂറത്തുല്‍ ഇഖ്‌ലാസില്‍ നബിയോട് അല്ലാഹു കല്‍പ്പിക്കുന്നു: ”നബിയേ, പറയുക: കാര്യം അല്ലാഹു ഏകനാകുന്നു എന്നതാണ്. അവന്‍ സ്വാശ്രയനാകുന്നു.” (വി.ഖു. 112:1-2)
ഈ കാര്യം ബഹുദൈവാരാധകരും അംഗീകരിക്കുന്നതാണ്. ”നിങ്ങള്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുതേ” എന്ന് ഖുര്‍ആന്‍ പറഞ്ഞ കാര്യം വിശദീകരിച്ച് ഇമാം റാസി പറയുന്നു: ”അല്ലാഹുവിന് സമാനമായ ഒരു പങ്കുകാരനുണ്ടെന്ന് സ്ഥാപിക്കുന്ന ഒരാളും ഇന്നേവരെ ഉണ്ടായിട്ടില്ല.”
പക്ഷേ, മുസ്‌ലിംകളെ ശിര്‍ക്കിലേക്ക് കൊണ്ടുപോകാന്‍, സ്വയം കഴിവ് അല്ലാഹുവിന് മാത്രം എന്ന് വിശ്വസിച്ച്, പിന്നെ അല്ലാഹുവിന്റെ കഴിവ് ആര്‍ക്കുണ്ടെന്നാലും അല്ലാഹു കൊടുത്തതാണെന്നു കരുതി അവനെ വിശ്വാസത്തിലെടുത്താല്‍ അത് അല്ലാഹുവിനോട് പങ്കുചേര്‍ക്കല്‍ ആവുകയില്ല എന്ന് മുസ്‌ലിംകളെ പഠിപ്പിച്ച് അവരെക്കൊണ്ട് ശിര്‍ക്ക് ചെയ്യിപ്പിക്കുന്നു. അങ്ങനെ മരിച്ചുപോയവരെ വിളിച്ച് പ്രാര്‍ഥിക്കാന്‍ ചില ആചാരങ്ങള്‍ അവര്‍ സംഘടിപ്പിക്കുന്നു. അതിനുവേണ്ടി ഖബ്‌റുകള്‍ കെട്ടിപ്പൊക്കി ഖബ്‌റാളികളോട് പ്രാര്‍ഥിക്കുന്നു. അവര്‍ കേള്‍ക്കുമെന്നും കാണുമെന്നുമുള്ള വിശ്വാസത്തിലാണ് ഇത് ചെയ്യുന്നത്. ആ കാഴ്ചക്കോ കേള്‍വിക്കോ യാതൊരു പരിധിയും പരിമിതിയും ഇല്ല എന്നാണ് ഈ പ്രാര്‍ഥിക്കുന്നവരുടെ വിശ്വാസം. അല്ലാഹുവിന്റെ കാഴ്ചക്കും കേള്‍വിക്കും പരിധി ഇല്ലല്ലോ.
എന്നാല്‍ സൃഷ്ടികള്‍ക്ക് ഏതൊരു ഗുണം നല്‍കിയാലും അതിന് പരിധിയും പരിമിതിയും അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഏതൊരു വസ്തുവിനെയും ഒരു വ്യവസ്ഥ പ്രകാരമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്.” അതുകൊണ്ട് ഈ പ്രകൃതിയുടെ പരിധി വിട്ട് സൃഷ്ടികള്‍ക്ക് ഒന്നും ചെയ്യാന്‍ സാധ്യമല്ല. അങ്ങനെ വിശ്വസിക്കുന്നവര്‍ക്ക് തെളിവിന്റെ യാതൊരു പിന്‍ബലവും ഉണ്ടാവുകയില്ല. കേവലം ഊഹത്തെ പിന്തുടരുകയാണ് അവര്‍ ചെയ്യുന്നത്. അല്ലാഹു പറയുന്നു: ”അല്ലാഹുവിനു പുറമേ പങ്കാളികളെ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ എന്തിനെയാണ് പിന്‍തുടരുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് കള്ളം പറയുക മാത്രമാണ് ചെയ്യുന്നത്.” (വി.ഖു. 10:66)
അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കുന്ന കാര്യത്തില്‍ ഏകദൈവ വിശ്വാസികളാണെന്ന് പറയുന്ന വേദക്കാരും ഇതേ വിശ്വാസമാണ് വച്ചുപുലര്‍ത്തുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവരെ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോള്‍ ഇങ്ങനെയാണ് പറഞ്ഞത്: ”നബിയേ പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ സമമായ വചനത്തിലേക്ക് നിങ്ങള്‍ വരുവിന്‍, അതായത് അല്ലാഹുവിനെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചിലര്‍ ചിലരെ അല്ലാഹുവിന് പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക എന്ന തത്വത്തിലേക്ക്. ഇനി അവര്‍ പിന്തിരിഞ്ഞു പോകുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട് ജീവിക്കുന്നവരാണ് എന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (വി.ഖു. 3:64). വേദക്കാരും മുസ്‌ലിംകളും ഏകദൈവവിശ്വാസം അംഗീകരിക്കുന്നവരാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാമല്ലോ.
പക്ഷേ വേദക്കാര്‍ അതില്‍ നിന്ന് വ്യതിചലിച്ചു. മതപണ്ഡിതന്മാരെ അന്ധമായി അനുകരിക്കുന്നത് നിമിത്തം അവര്‍ അല്ലാഹുവിനെ അല്ലാതെ മറ്റു പലരെയും ആരാധിക്കുന്നവര്‍ ആയിത്തീര്‍ന്നു. ജൂതന്മാരെയും ക്രിസ്ത്യാനികളെയുമാണ് വേദക്കാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്നവരാണ് എന്നതോടുകൂടി തന്നെ അവരെ ബഹുദൈവാരാധകരുടെ കൂട്ടത്തില്‍ പെടുത്തിയില്ല. വേദക്കാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികള്‍ നരകാഗ്‌നിയിലാകുന്നു എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് (98:6)
വേദക്കാര്‍ അറുത്തത് മുസ്‌ലിംകള്‍ക്ക് ഭക്ഷിക്കാം. അവരുടെ ആഹാരം അനുവദനീയമാണെന്ന് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു (വി.ഖു. 5:5) എന്നാല്‍ ബഹുദൈവാരാധകര്‍ അറുത്തത് ഭക്ഷിക്കാന്‍ പറ്റുകയില്ല. മുസ്‌ലീസ്ത്രീകള്‍ ഒട്ടും ലഭ്യമല്ലാത്ത അവസ്ഥയില്‍ വേദക്കാരായ സ്ത്രീകളെയും വിവാഹം കഴിക്കാവുന്നതാണ്. എന്നാല്‍ ബഹുദൈവാരാധകരായ സ്ത്രീകളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. ”സത്യവിശ്വാസിനികളില്‍ നിന്നും പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ വിവാഹം കഴിക്കല്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.”(വി.ഖു. 5:5)
എന്നാല്‍ ബഹുദൈവ വിശ്വാസികളായ സ്ത്രീകളെ വിവാഹം കഴിക്കല്‍ അനുവദനീയമല്ല. കര്‍മരംഗത്ത് ജൂതന്മാരും ക്രിസ്ത്യാനികളും ബഹുദൈവാരാധകരാണെങ്കിലും, താത്വികമായി അവര്‍ ഏകദൈവവിശ്വാസം അംഗീകരിക്കുന്നത് കൊണ്ടാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്. അതില്‍ നിന്ന് വ്യതിചലിച്ച് പോയവരെ അതിലേക്ക് തന്നെ തിരിച്ചു വിളിക്കുകയാണ് വിശുദ്ധ ഖുര്‍ആനിന്റെ ദൗത്യം. ഈ വേദക്കാരെ അനുകരിക്കുന്ന ഒരു വിഭാഗം മുസ്‌ലിംകളിലും ഉണ്ടായിട്ടുണ്ട്. മുസ്‌ലിംകളോട് നബി പറഞ്ഞു: ”നിങ്ങള്‍ മുമ്പുള്ള അവരുടെ ചര്യകള്‍ ചാണോട് ചാണായും മുഖത്തോടു മുഖമായും പിന്തുടരുക തന്നെ ചെയ്യും. അവര്‍ ഒരു ഉടുമ്പിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ നിങ്ങളും അതില്‍ പ്രവേശിക്കും. അവര്‍ ചോദിച്ചു: അത് ജൂതന്മാരും ക്രിസ്ത്യാനികളുമാണോ? നബി പറഞ്ഞു: അങ്ങനെയല്ലെങ്കില്‍ പിന്നെ ആരാണ്.” (ഇബ്‌നു മാജ 3994)
ഈ പ്രവചനത്തിന്റെ തുടര്‍ച്ചയാണ് ഇന്ന് ഖബ്‌റുകള്‍ കെട്ടിപ്പൊക്കി അവിടെ പ്രാര്‍ഥിക്കുകയും കുത്ബിയത്ത്, മൗലൂദ്, നേര്‍ച്ച പോലെയുള്ള ആചാരങ്ങളിലൂടെ മുസ്‌ലിംകളില്‍ ചിലരും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് പ്രോത്സാഹിപ്പിക്കുന്ന പണ്ഡിതന്മാരും പണ്ഡിത സംഘടനകളും ഇവരെപ്പോലെ തന്നെ അല്ലാഹുവിന്റെ കോപത്തിനും ശാപത്തിനും അര്‍ഹരായി തീരും. അതുകൊണ്ട് അവരെ ഉണര്‍ത്തി തൗഹീദ് അംഗീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് നാം കടമ നിര്‍വഹിക്കുന്നു. ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം. അല്ലെങ്കില്‍ ഞങ്ങള്‍ ശരിയായ ഏകദൈവ വിശ്വാസികളാണെന്ന് നിങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ സാക്ഷികളാകുവിന്‍.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x