17 Wednesday
April 2024
2024 April 17
1445 Chawwâl 8

ജീവിതം സന്തോഷത്തില്‍ മുക്കിയെടുക്കുന്ന പുസ്തകം

അബ്ദുല്‍ജബ്ബാര്‍ ഒളവണ്ണ

ജീവിതത്തില്‍ ആനന്ദം നുകരാന്‍ ആഗ്രഹിക്കാത്തവരാരാണ്? പട്ടുടുപ്പിട്ട പൂമ്പാറ്റകള്‍ പൂന്തോട്ടത്തില്‍ ഉല്ലസിക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്. മലയാള മണ്ണിലെ സന്തോഷത്തിന്റെ അളവുകോലിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു വാര്‍ത്ത വായിക്കുകയുണ്ടായി. കേരളത്തില്‍ ഈ വര്‍ഷം സപ്തംബര്‍ 30 വരെ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം 173. എല്ലാവരും 18 വയസ്സിനു താഴെയുള്ളവര്‍. പലരും എന്തിനു ആത്മഹത്യ ചെയ്തു എന്ന കാര്യം വീട്ടുകാര്‍ക്കുപോലും അറിയില്ല. (ഇന്ത്യന്‍ എക്‌സ്പ്രസ്, 26-10-20).
18 വയസ്സിനു താഴെയുള്ളവര്‍ എന്തിനു ആത്മഹത്യ ചെയ്യുന്നു. ഉത്തരം ലളിതം. അവര്‍ ആഗ്രഹിച്ച ആനന്ദം അവര്‍ക്കു നുകരാനായില്ല. ഇവിടെയാണ് യുവത പ്രസിദ്ധീകരിച്ച സി കെ റജീഷ് എഴുതിയ ‘ആനന്ദം അകലെയല്ല’ എന്ന പുസ്തകം പ്രസക്തമാകുന്നത്.
രസകരമായ കഥകളും അനുഭവങ്ങളും കൊണ്ട് മനോഹാരിത തീര്‍ക്കുന്നതില്‍ ലേഖകന്‍ വിജയിച്ചിരിക്കുന്നു. അനുഭവമാണ് ഗുരുനാഥന്‍ എന്നു പൊതുവെ പറയാറുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ നമ്മെ സന്തോഷത്തിലേക്ക് വഴിനടത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗ്രന്ഥകാരന്‍. അന്‍പത് ശീര്‍ഷകങ്ങളുള്ള ഈ പുസ്തകത്തിന്റെ ഓരോ ശീര്‍ഷകത്തിനു ശേഷവും ഒന്നര പേജു മത്രമാണുള്ളത്. ഇത് മുഷിപ്പിക്കാത്ത വായനക്ക് ഏറെ സഹായകരം. ലളിതമായ ശൈലിയും മനസ്സില്‍ തട്ടുന്ന ഉദാഹരണങ്ങളും ഗ്രന്ഥത്തെ വേറിട്ടുനിര്‍ത്തുന്നു.
കാഴ്ചകളില്‍ സ്വധര്‍മം മറക്കുന്ന സമൂഹത്തിന് കാറ്റും കോളും നിറഞ്ഞ ജീവിതത്തിലെ പ്രലോഭനങ്ങളിലകപ്പെടാതെ എങ്ങനെ മുന്നേറാമെന്ന് ‘മെഴുകുതിരി അണയരുത്’ എന്ന ശീര്‍ഷകത്തിനു ചുവടെ വായിച്ചെടുക്കാം. മുന്‍ഗണനകള്‍ നിശ്ചയിച്ച് ജീവിതയാത്ര സുഖകരമാക്കാനുള്ള നിര്‍ദേശങ്ങളെ ഒളിപ്പിച്ചുവെച്ചതാണ് ‘ജീവിതമാകുന്ന സ്ഫടികക്കുപ്പി.’ മികച്ച അവസങ്ങള്‍ കിട്ടിയിട്ടും കൂടുതല്‍ മെച്ചപ്പെട്ടതിനായി കാത്തിരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ‘കടലും തിരയും’. കൂടുതല്‍ നല്ല അവസരത്തിനായി കാത്തിരുന്നതിനു പയറു മണിക്കു നല്‍കേണ്ടി വന്നത് സ്വന്തം ജീവനാണ് എന്നോര്‍ക്കുക. പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുക മാത്രമല്ല, അവയെ വിജയത്തിന്റെ ചവിട്ടുപടിയാക്കി ജീവിതത്തിന്റെ ഉന്നതിയിലെത്തിക്കാനുള്ള മന്ത്രം അറിയാനും ഈ പുസ്തകം സഹായകരം.
ഒരു രാജാവിന്റെ സാമ്രാജ്യത്തിന്റെ ആകെ വില ഒരു ഗ്ലാസ് വെള്ളം കുടിച്ചു അതു മൂത്രമൊഴിക്കല്‍ മാത്രമാണെന്നത് സമ്പത്തില്‍ അള്ളിപ്പിടിച്ച് സ്വാസ്ഥ്യം നഷ്ടപ്പെടുന്നവര്‍ക്കുള്ള താക്കീതാണോ വില കൊടുക്കാതെ കിട്ടുന്ന ശുദ്ധവായുവും വെളിച്ചവും വെള്ളവും ഉപയോഗിക്കുന്നിടത്ത് കരുതലും ശ്രദ്ധയും വേണമെന്ന് രചിയിതാവ് സൂചിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രകൃതി സ്‌നേഹം ചെപ്പില്‍ നിന്നു പുറത്തെടുക്കുകയാണ്. പ്രസംഗകര്‍, എഴുത്തുകാര്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍, തിരുനബിയുടെ മൊഴികള്‍ തുടങ്ങി മഹാത്മാഗാന്ധി, അബ്രഹാം ലിങ്കന്‍, കാഷ്യസ് ക്ലേ, എ പി ജെ അബ്ദുല്‍ കലാം എന്നിവതരിലൂടെ സഞ്ചരിച്ച് ഒരു ലോക സഞ്ചാരിയുടെ അനുഭവപക്വത നേടിത്തരുന്ന ഈ പുസ്തകം ആനന്ദം പ്രദാനം ചെയ്യാനുള്ള മാര്‍ഗത്തിനപ്പുറം വിജയശ്രീലാളിതനാകാനും വായനക്കാരനെ സഹായിക്കുമെന്നതില്‍ സംശയമില്ല. വായനയുടെ വേരറ്റു പോകുന്നു എന്നു പരിതപിക്കുന്ന ഈയവസരത്തില്‍ ഇതുപോലെ വായനാസുഖം നല്‍കുന്ന പുസ്തകങ്ങള്‍ അപൂര്‍വമേയുള്ളൂ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x