3 Saturday
December 2022
2022 December 3
1444 Joumada I 9

വഖഫ് സ്വത്ത് അന്യാധീനപ്പെടരുത്‌


വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധിച്ച നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തിറങ്ങിയിട്ടുമുണ്ട്. അതേ സമയം, വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിനായുള്ള സംഘപരിവാരത്തിന്റെ ആസൂത്രിത ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുന്നു. മറുവശത്ത്, വഖഫ് ബോര്‍ഡുകള്‍ ഹിന്ദു ദേവാലയങ്ങളുടെ സ്വത്തിന്മേല്‍ അവകാശവാദമുന്നയിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണവും തകൃതിയായി നടക്കുന്നുണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നതിനായി കൊണ്ടുവന്ന വഖഫ് നിയമം തിരുത്തണമെന്നും മുസ്ലിം രാജ്യങ്ങളില്‍ പോലും ഇത്രയധികം വഖഫ് സ്വത്തുക്കള്‍ ഇല്ലെന്നും പറഞ്ഞുകൊണ്ട് വ്യാജപ്രൊഫൈലുകളില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഉണ്ടാവാറുണ്ട്.
അതായത്, ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ വഖഫ് സ്വത്തിനുമേല്‍ തര്‍ക്കം കൊണ്ടുവരാനും വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ ഇല്ലായ്മ ചെയ്യാനുമുള്ള ആസൂത്രിത ശ്രമങ്ങള്‍ ഇന്നൊരു യാഥാര്‍ഥ്യമാണ്. 1995ലെ വഖഫ് ആക്ട് സെക്ഷന്‍ 32 ലെ വ്യവസ്ഥകള്‍ അനുസരിച്ച്, ഒരു സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളുടെയും പൊതുവായ മേല്‍നോട്ടം സംസ്ഥാന വഖഫ് ബോര്‍ഡിനാണ്. വഖഫ് സ്വത്തുക്കളുടെ അനധികൃത അധിനിവേശത്തിനും കൈയേറ്റത്തിനും എതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരവും വഖഫ് ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. ഈ അധികാരം എടുത്തുകളയണമെന്ന് സംഘ് അനുകൂല മാധ്യമങ്ങള്‍ ആവശ്യപ്പെടാറുണ്ട്.
എന്നാല്‍, കേരളത്തില്‍ വഖഫ് കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കേണ്ട അധികാരികള്‍ തന്നെ വഖഫ് കയ്യേറ്റത്തിന് കൂട്ടുനില്‍ക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളം ജില്ലയിലെ ചെറായിലുള്ള 404.76 ഏക്കര്‍ ഭൂമി ഫാറൂഖ് കോളേജിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുവേണ്ടി വഖഫ് ചെയ്യപ്പെട്ടതാണ്. കൊച്ചി കണയന്നൂര്‍ താലൂക്കില്‍ കച്ചി മേമന്‍ മുസല്‍മാന്‍ ഹാജിയും അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് സിദ്ദീഖ് സേട്ടുവും ഫാറൂഖ് കോളജിന് മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വഖഫ് ചെയ്ത് നല്‍കിയതാണ് കുഴപ്പള്ളി വില്ലേജിലുള്ള 404.76 ഏക്കര്‍ ഭൂമി. ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് ഈ ഭൂമിയുടെ ക്രയവിക്രയം നടന്നത്. എന്നാല്‍ ഇന്ന് ഈ ഭൂമി പല സ്വകാര്യ വ്യക്തികളുടെയും വന്‍കിട കുത്തകകളുടെയും കയ്യിലാണുള്ളത്.
‘പരമകാരുണികനും കരുണാവാരിധിയുമായ ഏക ഇലാഹിന്റെ തിരുനാമത്തില്‍ എന്ന് പറഞ്ഞു തുടങ്ങുന്ന വഖഫ് ആധാരത്തില്‍ ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റിക്കുവേണ്ടി ദാനം ചെയ്യുന്നുവെന്ന് കൃത്യമായി പറയുന്നുണ്ട്. 404 ഏക്കറില്‍ 350-ഓളം ഏക്കര്‍ കടലിലും കായലിലും പെട്ടുപോയെന്നും ബാക്കി മാത്രമേ ചെറായി ബീച്ചിലുള്ളൂവെന്നുമാണ് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ഇത് തെറ്റാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. 1962 മുതല്‍ പറവൂര്‍ കോടതിയില്‍ ഇതു സംബന്ധിച്ച കേസ് നടക്കുന്നുണ്ട്. 1998 വരെ 290 ഏക്കര്‍ ഭൂമിക്ക് ഫാറൂഖ് കോളജ് നികുതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ മുഴുവന്‍ ഭൂമിയും വന്‍കിട കുത്തകകളും റിസോര്‍ട്ട് ഭീമന്മാരും കയ്യടക്കി വെച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് നിസാര്‍ ചെയര്‍മാനായ അന്വേഷണ കമ്മീഷന്‍ ഭൂമി തിട്ടപ്പെടുത്തുകയും വഖഫ് സ്വത്താണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതാണ്. തദടിസ്ഥാനത്തില്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ വഖഫ് ബോര്‍ഡിന്റെ ഭാഗത്ത് നിന്നാരംഭിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍, ഈ ഭൂമി അന്യാധീനപ്പെടുത്തിയവര്‍ക്കുതന്നെ ലഭിക്കുന്ന വിധത്തില്‍ നികുതി അടക്കാനുള്ള പ്രത്യേക അനുമതി മന്ത്രിതല സമിതി നല്‍കിയിരിക്കുകയാണ്. ഭൂമി തിരികെ ലഭിക്കാന്‍ വഖഫ് ബോര്‍ഡ് നടത്തുന്ന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വഖഫ് ഭൂമിയില്‍ വ്യക്തികള്‍ക്ക് നികുതി അടക്കാനുള്ള അനുമതി നല്‍കുന്നതോടെ ഇതു സംബന്ധിച്ച സിവില്‍ കേസുകള്‍ സങ്കീര്‍ണമാകുമെന്ന് ഉറപ്പാണ്.
വഖഫ് സംസ്‌കാരം മുസ്ലിം സമുദായത്തിന്റെ അഭിമാന സ്തംഭങ്ങളില്‍ പെട്ടതാണ്. സമുദായത്തിന്റെ ജീവകാരുണ്യ- സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും സുപ്രധാനമായ ഒരധ്യായമാണിത്. ലോകത്തുടനീളം മുസ്ലിം ജനസാമാന്യം നല്‍കിയ വഖഫ് സ്വത്തുക്കളുടെ പിന്‍ബലത്തിലാണ് വിവിധ ഭരണകൂടങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോയിരുന്നത്. അതുകൊണ്ടു തന്നെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു പോവുന്ന ഏതൊരു സാഹചര്യവും സമുദായത്തിന്റെ അഭിമാനകരമായ വളര്‍ച്ചക്ക് പോറലേല്‍ക്കുന്നത് കൂടിയാണ് എന്ന് നാം തിരിച്ചറിയണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x