7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

വഹീദുദ്ദീന്‍ ഖാന്‍ നൂറ്റാണ്ടിന്റെ വിസ്മയം

ഹാറൂന്‍ കക്കാട്‌


ഇന്ത്യ ലോകത്തിന് സമ്മാനിച്ച ജ്ഞാനജ്യോതിസ്സിന്റെ വസന്തം പുണ്യറമദാന്‍ രാവില്‍ യാത്രയായി. മതവും മതേതരത്വവും ഒന്നിച്ചു കൊണ്ടുപോവണമെന്ന് സ്വന്തം ജീവിതം കൊണ്ട് വരച്ചുകാണിച്ച മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ എന്ന പൂമരം ഇനി ലോകത്തിന്റെ മാനസങ്ങളില്‍ പൂത്തുലഞ്ഞ് നില്‍ക്കും. ഒരു നൂറ്റാണ്ടിനോടടുത്ത ആയുസ്സില്‍ ഇസ്ലാമിക ദര്‍ശനങ്ങളെ ആഴത്തില്‍ വിശദീകരിക്കുകയും അവയെ നിരന്തരം ലോകസമക്ഷം അടയാളപ്പെടുത്തുകയും ചെയ്ത മഹാ പ്രതിഭയായിരുന്നു അദ്ദേഹം. ഇസ്ലാമിക സാഹിത്യസങ്കല്‍പ്പത്തിന് പുതിയ ദിശാബോധവും രൂപഭാവവും സമ്മാനിച്ച മഹാമനീഷി! പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ പരമോന്നത ബഹുമതികള്‍ നല്‍കി ഇന്ത്യാ രാജ്യം ആദരിച്ച ധിഷണാശാലി ഇനി ഓര്‍മകളില്‍. കോവിഡ് ബാധിതനായി 2021 ഏപ്രില്‍ 21ന് ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
1925ല്‍ ഉത്തര്‍പ്രദേശിലെ അഅ്സംഗഡില്‍ ഫരീദുദ്ദീന്‍ ഖാന്റെയും സൈഫുന്നിസയുടെയും മകനായാണ് മൗലാനാ വഹീദുദ്ദീന്‍ ഖാന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ പിതാവ് മരണപ്പെട്ടു. പിന്നീട് ഉമ്മയുടെയും അമ്മാവന്‍ അബ്ദുല്‍ഹമീദ് ഖാന്റെയും സംരക്ഷണയിലാണ് വളര്‍ന്നത്. അദ്ദേഹത്തിന്റെ കുടുംബം സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. കൗമാരപ്രായത്തില്‍ തന്നെ ഗാന്ധിയന്‍ ആശയങ്ങളോട് വലിയ മതിപ്പായിരുന്നു വഹീദുദ്ദീന്‍ ഖാന്. സറായയിലെ മദ്റസത്തുല്‍ ഇസ്ലാഹിയില്‍ നിന്ന് 1938 ല്‍ മത വിദ്യാഭ്യാസം കരസ്ഥമാക്കി. 1944ല്‍ ബിരുദം നേടി. 1970 ല്‍ ദല്‍ഹിയില്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപിച്ചു. 1976ല്‍ ‘അര്‍രിസാല’ ഉര്‍ദു മാഗസിന്‍ ആരംഭിച്ചു. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും പ്രസിദ്ധീകരണം തുടങ്ങി.
പ്രശസ്തിയുടേയും അംഗീകാരത്തിന്റേയും സൂര്യപ്രഭയില്‍ ഉയര്‍ന്നപ്പോഴും ഏറ്റവും ലളിതവും സ്വാഭാവികവുമായ ജീവിത രീതിയാണദ്ദേഹം സ്വീകരിച്ചത്. വേഷത്തിലും പെരുമാറ്റത്തിലും നിലപാടുകളിലും അദ്ദേഹം ആദ്യകാല പണ്ഡിതരുടെ പ്രതിരൂപമായിരുന്നു. പണ്ഡിത ദൗത്യത്തെ ജീവിതം കൊണ്ട് സാര്‍ഥകമാക്കിയ വിനയാന്വിതന്‍. വ്യക്തിപ്രഭാവം കൊണ്ട് ഒരു കാലഘട്ടത്തെ സ്വാധീനിച്ച ഈ ബഹുമുഖ പ്രതിഭ ഇസ്ലാമിന്റെ ആഗോള മുഖമായിരുന്നു. വിവിധ ആശയാദര്‍ശങ്ങളിലായി വ്യത്യസ്ത വീക്ഷണഗതികള്‍ പുലര്‍ത്തുന്നതോടൊപ്പം മുസ്ലിം സമുദായത്തില്‍ പരസ്പര സഹിഷ്ണുത സാധുവും സാധ്യവുമാണെന്ന സന്ദേശം നല്‍കുകയും പണ്ഡിതോചിതമായി അത് പ്രയോഗവത്കരിക്കുകയും ചെയ്ത കര്‍മയോഗി. ആദര്‍ശപരമായി അഭിപ്രായ വ്യത്യാസമുള്ളവരുടെ വേദികളില്‍ പോലും സമവായത്തിന്റെ സന്ദേശമുയര്‍ത്തിക്കൊണ്ട് കടന്ന്‌ചെന്ന അദ്ദേഹം സമുദായത്തിനു ഐക്യത്തിന്റെ മഹാസന്ദേശം നല്‍കി. ഒരു മതപണ്ഡിതന്‍ എന്ന നിലയില്‍ തന്റെ സമുദായത്തിന്റെ അതിരുകളില്‍ മാത്രം പരിമിതപ്പെട്ടതായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം. ഭരണാധികാരികളും സഹോദര സമുദായ നേതാക്കളും വളരെയേറെ ബഹുമാനിച്ച ഒരു പരിഷ്‌കര്‍ത്താവായിരുന്നു മൗലാനാ വഹീദുദ്ദീന്‍ ഖാന്‍.
ലോകത്തെ ഇസ്ലാമിക പ്രബോധനത്തിന് പൊതുവായും ഇന്ത്യയിലെ ഇസ്ലാമിക പ്രബോധനത്തിന് പ്രത്യേകമായും സ്വീകരിക്കേണ്ട വഴികളെക്കുറിച്ച് ഉദ്ബോധിപ്പിച്ചു കൊണ്ടേയിരുന്നു അദ്ദേഹം. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ കൂടാതെ, രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം (2010), ഡെമിര്‍ഗസ് പീസ് ഇന്റര്‍ നാഷനല്‍ അവാര്‍ഡ്, മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ ഗോര്‍ബച്ചേവിന്റെ അംഗീകാരത്തോടെയുള്ള പുരസ്‌കാരം, നാഷനല്‍ സിറ്റിസണ്‍ അവാര്‍ഡ് (മദര്‍ തെരേസ സമ്മാനിച്ചത്) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. ലോകത്തെ സ്വാധീന ശക്തിയുള്ള 500 മുസ്ലിം വ്യക്തിത്വങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വാഷിംഗ്ടണ്‍ ഡി സിയിലെ ജോര്‍ജ് ടൗണ്‍ യൂനിവേഴ്സിറ്റി 2009ല്‍ വഹീദുദ്ദീന്‍ ഖാനെ ആദരിച്ചത്.
ഖുര്‍ആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവര്‍ത്തനം ഉള്‍പ്പടെ ഇരുനൂറോളം ഗ്രന്ഥങ്ങളും ആയിരക്കണക്കിന് ശ്രദ്ധേയമായ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഹൈജാക്കിംഗ് എ ക്രൈം, റൈറ്റ്‌സ് ഓഫ് വുമണ്‍ ഇന്‍ ഇസ്ലാം, ദ കണ്‍സപ്റ്റ് ഓഫ് ചാരിറ്റി ഇന്‍ ഇസ്ലാം, ദ കണ്‍സപ്റ്റ് ഓഫ് ജിഹാദ്, ദ പ്രൊഫറ്റ് ഓഫ് പീസ്, എ ട്രഷറി ഓഫ് ദ ഖുര്‍ആന്‍, തഥ്കിറുല്‍ ഖുര്‍ആന്‍, ഇന്ത്യന്‍ മുസ്ലിംസ്: ദി നീഡ് ഫോര്‍ എ പോസിറ്റീവ് ഔട്ട്ലുക്ക്, ഇന്‍ട്രഡ്യൂസിങ് ഇസ്ലാം: എ സിംപിള്‍ ഇന്‍ട്രോടക്ഷന്‍ ടു ഇസ്ലാം, ഇസ്ലാം റീ ഡിസ്‌കവേഡ്: ഡിസ്‌കവറിങ് ഇസ്ലാം ഫ്രം ഇറ്റ്സ് ഒറിജിനല്‍ സോഴ്സ്, ഇസ്ലാം ആന്റ്പീസ്, ഇസ്ലാം: ക്രിയേറ്റര്‍ ഓഫ് ദ മോഡേണ്‍ ഏജ്, വേര്‍ഡ്സ് ഓഫ് പ്രൊഫറ്റ് മുഹമ്മദ് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്. മൗലാനാ മൗദൂദി സാഹിബ് പ്രചരിപ്പിച്ച മതരാഷ്ട്രവാദത്തിന്റെ അപകടങ്ങള്‍ വിശദീകരിച്ചുകൊണ്ട് എഴുതിയ പുസ്തകമാണ് ‘തഅബീര്‍ കീ ഗല്‍ത്തി’.
1992 ല്‍ മതവിദ്വേഷത്തിന്റെ പേരില്‍ വ്യാപകമായ അക്രമണങ്ങള്‍ അരങ്ങേറുകയും, രാജ്യം കലുഷിതമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന ഘട്ടം സംജാതമാവുകയും ചെയ്തപ്പോള്‍ ആചാര്യ മുനി സുശീല്‍ കുമാര്‍, സ്വാമി ചിദാനന്ദ് എന്നിവര്‍ക്കൊപ്പം 15 ദിവസത്തെ ശാന്തിയാത്രയക്ക് അദ്ദേഹം നേതൃത്വം നല്‍കി. രാജ്യത്ത് സമാധാനം തിരിച്ചുകൊണ്ടുവരുന്നതില്‍ ഈ യാത്ര ഏറെ പ്രയോജനം ചെയ്തു. സംഘ്പരിവാര്‍ ശക്തികള്‍ ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ ഹിംസാത്മകമായ പ്രതികരണങ്ങളില്‍ നിന്ന് ഉത്തരേന്ത്യന്‍ മുസ്ലിംകളെ പിന്തിരിപ്പിച്ചതിന് പിന്നില്‍ വലിയ പങ്ക് മൗലാനാ വഹീദുദ്ദീന്‍ ഖാനുണ്ട്.
കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു മൗലാന വഹീദുദ്ദീന്‍ ഖാന്‍. അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനകളായ വിപ്ലവത്തിന്റെ പ്രവാചകന്‍, ഇസ്ലാം വെല്ലുവിളിക്കുന്നു, സഹവര്‍ത്തനത്തിലൂടെ സമാധാനം എന്നിവ യുവത ബുക്ഹൗസ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച കേരള ഇസ്ലാമിക് സൈമിനാര്‍, 2014ല്‍ മലപ്പുറം എടരിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനം എന്നിവയില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കൈടുത്തിരുന്നു. ഇസ്ലാമിന്റെ സമാധാനമുഖം വര്‍ത്തമാനലോകത്ത് മനോഹരമായി അവതരിപ്പിച്ച് വിടവാങ്ങിയ മൗലാനാ വഹീദുദ്ദീന്‍ ഖാന് നാഥന്‍ സ്വര്‍ഗീയാരാമം നല്‍കി അനുഗ്രഹിക്കട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x