ഉറപ്പല്ല, നടപടിയാണ് വേണ്ടത്
മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് മൂന്നാണ്ട് കഴിഞ്ഞു. ബഷീര്‍ കൊല്ലപ്പെടുന്നത് സാധാരണ വാഹനാപകടത്തിലല്ല. തലസ്ഥാന നഗരിയില്‍, അര്‍ധരാത്രിയോടെ ഐ എ എസ് ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീറാം വെങ്കിട്ടരാമന്‍ തന്റെ സൃഹൃത്തിന്റെ കാര്‍ മദ്യപിച്ച് ഓടിച്ചതാണ് കെ എം ബഷീറിന്റെ മരണത്തിലേക്ക് നയിച്ചത്. ഒട്ടേറെ കോലാഹലങ്ങള്‍ അന്നുണ്ടായിരുന്നു. മുസ്‌ലിം സമുദായത്തില്‍ നിന്ന് പലപ്പോഴും ഇടതുപക്ഷത്തോടൊപ്പം നിലകൊള്ളുന്ന സംഘടനയുടെ പത്രസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ ശക്തമായ പ്രതികരണവും പ്രതിഷേധവും അന്നുണ്ടായി. എന്നാല്‍, അത് തുടക്കത്തിലുള്ള മാധ്യമശ്രദ്ധയില്‍ മാത്രം ഒതുങ്ങിനിന്നു. പല ന്യായങ്ങള്‍ പറഞ്ഞ് കോവിഡ് കാലത്ത് ശ്രീറാമിനെ സര്‍വീസിലേക്ക് തിരിച്ചെടുത്തു. അന്നു മുതല്‍ പൊതുജനങ്ങളോട് ഇടപഴകാന്‍ അവസരമുള്ള തസ്തികകളിലേക്ക് അദ്ദേഹത്തെ നിയമിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ജില്ലയുടെ കലക്ടറായിത്തന്നെ നിയമനം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ സുപ്രധാനമായ നിരീക്ഷക പദവി നല്‍കിയിരുന്നെങ്കിലും പരാതികള്‍ ഉയര്‍ന്നതോടെ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനം റദ്ദാക്കിയിരുന്നു. ഐ എ എസ് എന്നത് അഖിലേന്ത്യാ സര്‍വീസാണ്. അതിനാല്‍ നിയമനം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. മാത്രമല്ല, കുറ്റം തെളിയിക്കപ്പെടുന്നതിനു മുമ്പായി ജോലിയില്‍ നിന്ന് ദീര്‍ഘകാലം സസ്‌പെന്‍ഷനില്‍ വെക്കാനാവില്ല. ചില മുന്‍ അനുഭവങ്ങള്‍ ഇക്കാര്യത്തിലുണ്ട് എന്നതിനാല്‍ തന്നെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനു സര്‍ക്കാര്‍ പറയുന്ന ന്യായം മനസ്സിലാക്കാനാവും. എന്നാല്‍, സംസ്ഥാന സര്‍വീസില്‍ ഏത് തസ്തിക നല്‍കണമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. ഐ എ എസ്, ഐ പി എസ് പോലുള്ള അഖിലേന്ത്യാ സര്‍വീസുകാരുടെ ഇമ്മീഡിയറ്റ് നിയമനാധികാരി അതത് സംസ്ഥാന സര്‍ക്കാരാണ്. അതിനാല്‍ തന്നെ കളങ്കിതനായ ഒരു ഓഫീസറെ സുപ്രധാനമായ തസ്തികയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ ഒരു പ്രയാസവുമില്ല. മുമ്പ് കോടതി ഉത്തരവോടെ സര്‍വീസില്‍ തിരികെ കയറിയ ജേക്കബ് തോമസിനെ, ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് സ്ഥാപനത്തിന്റെ എം ഡി ആയാണ് നിയമിച്ചത്. അദ്ദേഹത്തിന് ഡി ജി പി പദവി ഉണ്ടായിരുന്നതുകൊണ്ട്, മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം ഡി തസ്തികക്ക് താല്‍ക്കാലികമായി ഡി ജി പി പദവി നല്‍കിക്കൊണ്ടാണ് നിയമക്കുരുക്ക് മറികടന്നത്.
അഖിലേന്ത്യാ സര്‍വീസില്‍ ഉള്ളതാണെങ്കിലും, സംസ്ഥാന സര്‍ക്കാരിന് അനഭിമതനായ ഒരു ഉദ്യോഗസ്ഥനെ എങ്ങനെ പരിചരിക്കുമെന്നതിന് ജേക്കബ് തോമസ് ഒരു ഉദാഹരണമാണ്. എന്നാല്‍, ശ്രീറാം വെങ്കിട്ടരാമന്റെ കേസില്‍ അതുണ്ടായില്ല എന്നതുകൊണ്ടുതന്നെ, സര്‍ക്കാര്‍ അദ്ദേഹത്തോടൊപ്പമാണ് എന്ന് തെളിയുന്നു. ക്രിമിനല്‍ കുറ്റവിചാരണ നേരിടുന്ന ഒരാളുടെ സര്‍വീസ് മാനദണ്ഡങ്ങള്‍ താല്‍ക്കാലികമായി തടഞ്ഞുവെക്കാനും കുറ്റവിചാരണ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിരപരാധിയെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ സര്‍വീസ് ആനുകൂല്യങ്ങള്‍ നല്‍കാനും നിലവില്‍ വ്യവസ്ഥയുണ്ട്. അതുപോലും മറികടന്നാണ് ഇപ്പോള്‍ കലക്ടര്‍ പദവി നല്‍കുന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
വെറുമൊരു വാഹനാപകടം എന്നതല്ല ഈ കേസ്. അപകടം നടന്നതു മുതല്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ നടത്തിയിരിക്കുന്ന രക്ഷപ്പെടാനുള്ള വഴികള്‍ അദ്ദേഹത്തിന്റെ കുറ്റബോധമില്ലാത്ത മനസ്സും ക്രിമിനല്‍ വാസനയുമാണ് കാണിച്ചുതരുന്നത്. അത്തരമൊരാളെ, ഇരുനൂറിലധികം നിയമങ്ങളുടെ എക്‌സിക്യൂട്ടീവ് അധികാരമുള്ള ജില്ലാ കലക്ടര്‍ പദവിയിലേക്ക് കൊണ്ടുവരുന്നത് പൊതുജനങ്ങളോടും ഇരയാക്കപ്പെട്ട കുടുംബത്തോടുമുള്ള വെല്ലുവിളിയാണ്. ഈ കേസിനെ പിന്തുടരുന്നതില്‍ ബഷീറിന്റെ സംഘടനയും മാധ്യമ സുഹൃത്തുക്കളും വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല എന്നത് സത്യമാണ്. ഇടതുപക്ഷ അനുഭാവം ഉള്ളതുകൊണ്ടുതന്നെ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ വിശ്വസിച്ചാണ് എല്ലാവരും കാത്തിരുന്നത്. എന്നാല്‍, വാഹനാപകട കേസ് അട്ടിമറിക്കപ്പെടുന്ന വിധം തെളിവുകള്‍ നശിപ്പിക്കാന്‍ ഉദ്യോഗസ്ഥ ലോബി തന്നെ ഒരുമിച്ചു നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ക്ക് പ്രായോഗിക നടപടികള്‍ ഉണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം.
ബഷീറിന്റെ മരണവും ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടര്‍ നിയമനവും സര്‍ക്കാര്‍ ഉദ്യോഗസ്ഥ ലോബിക്ക് പൂര്‍ണമായും കീഴ്‌പെട്ടുപോയോ എന്ന സംശയം ജനിപ്പിക്കുന്നതാണ്. അതല്ല, ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍, കലക്ടര്‍ നിയമനം പിന്‍വലിച്ച് പൊതുസമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.