ഉത്തര്‍പ്രദേശും കേരളവും
സുഫ്യാന്
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലാണ് ഈ സംസ്ഥാനം, കേരളവും ബംഗാളും കാശ്മീരും പോലെ ആകാതിരിക്കാന്‍ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. കേരളത്തിന്റെ വികസന സൂചികയും ജീവിത നിലവാരവും മുന്നില്‍ വെച്ച് അതിന് മലയാള മാധ്യമങ്ങള്‍ മറുപടി നല്‍കുകയും ചെയ്തു. യഥാര്‍ഥത്തില്‍ കേരളത്തിന്റെയോ മറ്റ് സംസ്ഥാനങ്ങളിലെയോ മാനവിക വികസന സൂചികയാണോ യോഗിയുടെ പ്രസ്താവനയുടെ ഹേതു? ഈ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ചും വിചാരധാരയുടെ ഹിറ്റ് ലിസ്റ്റിലുള്ള മുസ്ലിംകള്ക്ക് ലഭിക്കുന്ന ദൃശ്യതയാണ് ബി ജെ പിയെ പ്രകോപിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒരു മുസ്ലിമിനെ പോലും സ്ഥാനാര്ഥിയാക്കാതെയാണ് ബി ജെ പി തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്നതും അതുകൊണ്ടാണ്.
വിസിബിലിറ്റി
വിസിബിലിറ്റി അഥവാ ദൃശ്യപരത എന്നാല്‍ ഒരു പ്രത്യേക സാമൂഹികവിഭാഗത്തിന് സഹജമായി ലഭിക്കേണ്ട അംഗീകാരവുമായി ബന്ധപ്പെട്ട സാമൂഹികശാസ്ത്ര ചര്‍ച്ചയാണ്. പൊതു മണ്ഡലം, മാധ്യമങ്ങള്‍, അധികാര കേന്ദ്രങ്ങള്‍, ഭരണരംഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഒരു സാമൂഹികവിഭാഗത്തിന് എത്രത്തോളം അംഗീകാരവും തിരിച്ചറിയപ്പെടലും ലഭിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ഹേബര്‍മാസ്, ഹന ആരെന്‍ഡ് തുടങ്ങിയ ചിന്തകരുടെ പൊതുമണ്ഡലം എന്ന ആശയത്തില്‍ ദൃശ്യതയുമായി അതിനുള്ള ബന്ധം നിര്‍ണായകമാണ്. വിവിധ സാമൂഹിക സിദ്ധാന്തങ്ങളിലെ വിസിബിലിറ്റിയെക്കുറിച്ച് ആന്‍ഡ്രിയ മുബി ബ്രിഗേന്ഷ്യയുടെ പുസ്തകം ഈ മേഖലയിലെ മികച്ചൊരു റഫറന്‍സാണ്.
ആധുനിക ജനാധിപത്യ സംസ്കാരം ഉയര്‍ന്നുവന്ന പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങള്‍ മുതല്‍ അഭിപ്രായരൂപീകരണം, വിവരങ്ങളുടെ ജനാധിപത്യവത്കരണം, മധ്യസ്ഥ ചര്‍ച്ചകള്‍ മുതലായവ ജനാധിപത്യത്തിന്റെ അവശ്യഘടകങ്ങളായി പരിഗണിച്ചുവരുന്നുണ്ട്. സമാനമായി, ദൃശ്യപരതയെ മുഖവിലക്കെടുക്കാതെ, സമകാലിക ജനാധിപത്യത്തെ വിഭാവന ചെയ്യാന്‍ സാധ്യമല്ല. വിസിബിലിറ്റിക്ക് ജൈവികമായി ഇടം നല്‍കുന്നതും അതിന്റെ വിവിധ രൂപങ്ങളെ അഭിസംബോധന ചെയ്യുന്നതുമായ ഒരു ജനാധിപത്യ ആശയത്തെയാണ് ബ്രിഗേന്ഷ്യ മുന്നോട്ട് വെക്കുന്നത്. സാമൂഹികമോ പ്രതിനിധാനപരമോ ആയ ഹിംസകളില്ലാതെ വൈവിധ്യങ്ങളെ സ്ഥാനപ്പെടുത്താനും കായികമായ ഹിംസകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വിമര്‍ശനത്തെ വഴിമാറ്റാതിരിക്കാനും വിസിബിലിറ്റി എന്ന ആശയത്തെ ഉള്വഹിക്കുന്നതിലൂടെ, ജനാധിപത്യത്തിന് സാധിക്കും.
ഒരു സമുദായത്തെ സംബന്ധിച്ച് അതിന്റെ ദൃശ്യത എന്നത് അതിന്റേതായ വ്യതിരിക്ത സംസ്കാരവും ചിഹ്നവും സ്വത്വവും ഉള്‍പ്പെടുന്നതാണ്. അവയെ വിവേചനങ്ങളില്ലാതെ അംഗീകരിക്കുകയും അതിന് പൊതുമണ്ഡലത്തില്‍ സാന്നിധ്യമറിയിക്കാന്‍ സാധിക്കുകയും ചെയ്യുക എന്നത് വിസിബിലിറ്റിയുടെ ഭാഗമാണ്. ചെരുപ്പഴിച്ച് വീട്ടില്‍ കയറുന്ന പോലെ, പൊതുമണ്ഡലത്തിലേക്ക് വരുമ്പോള്‍ ദൃശ്യപരമായ എല്ലാ അടയാളങ്ങളും അഴിച്ചുവെക്കണമെന്ന തിട്ടൂരവും മുസ്ലിംകള്ക്ക് പൊതുസ്വീകാര്യത ലഭിക്കുമോ എന്ന ഫാസിസ്റ്റ് പേടിയും ഈ ദൃശ്യപരത ഉള്‍ക്കൊള്ളാത്തതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്.