ഉല്‍പാദനക്ഷമതയുള്ള ഉന്നത വിദ്യാഭ്യാസമാണ് ഇസ്‌ലാമിക പൈതൃകം
ഡോ. യു പി യഹ്‌യാഖാന്‍
യുനെസ്‌കോ നിര്‍വചനപ്രകാരം സര്‍വകലാശാലകള്‍, ഇതര ഉന്നത കലാലയങ്ങള്‍ തുടങ്ങിയ അംഗീകൃത സംവിധാനങ്ങള്‍ മുഖേന നടത്തപ്പെടുന്ന പഠനങ്ങള്‍, പരിശീലനങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവയ്ക്ക് പൊതുവായി പ്രയോഗിക്കുന്ന സാങ്കേതികസംജ്ഞയാണ് ഉന്നതവിദ്യാഭ്യാസം എന്നത്. ഈ നിര്‍വചനത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ, പ്രൈമറി-സെക്കന്ററി തല വിദ്യാഭ്യാസത്തിന് മുകളിലുള്ള മൂന്നാംഘട്ട വിദ്യാഭ്യാസത്തെയാണ്, ഇന്ത്യയുള്‍പ്പെടെ ഭൂരിഭാഗം രാജ്യങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തിയത്. മാനവ സമൂഹത്തിന്റെ സമഗ്രവും സന്തുലിതവുമായ വളര്‍ച്ചയും അതുവഴി ലോകത്തിന്റെ സുസ്ഥിര വികസനവുമാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമായി പൊതുവില്‍ അംഗീകരിച്ചത്. ഓരോ കാലത്തും സമൂഹം അഭിമുഖീകരിക്കുന്ന സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, ധാര്‍മിക പ്രശ്‌നങ്ങളെ നിര്‍ധാരണം ചെയ്ത് പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ പ്രസ്തുത ലക്ഷ്യം നേടുകയുള്ളൂ. ഈയൊരു ബൃഹദ് ദൗത്യത്തിന് വ്യക്തികളെയും അവരിലൂടെ ഉത്തമ സമൂഹത്തെയും പാകപ്പെടുത്തിയെടുക്കുക എന്നതാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രഥമമായ ധര്‍മം.
ജ്ഞാനോല്‍പാദനം, നൈപുണിക വികസനം, അന്വേഷണാത്മകത, യുക്തിഭദ്രത, വൈകാരിക സന്തുലിതത്വം, നൈതിക ബോധം എന്നീ സുപ്രധാന ഘടകങ്ങള്‍ വിദ്യാഭ്യാസ പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ ഉദ്ദിഷ്ട ലക്ഷ്യം നേടുവാന്‍ ഉന്നത വിദ്യാഭ്യാസം കൊണ്ട് സാധ്യമാവുകയുള്ളൂ. യുനെസ്‌കോ അടക്കമുള്ള ഔദ്യോഗിക സംഘടനകളുടെ നിര്‍വചനവും ലോകരാജ്യങ്ങളില്‍ നിലവിലുള്ള പ്രാഥമികം, രണ്ടാംതലം, മൂന്നാംതലം അഥവാ ഉന്നത വിദ്യാഭ്യാസം എന്ന തരത്തിലുള്ള ഔപചാരിക തരംതിരിവുകള്‍ക്ക് മുമ്പും ഉന്നത വിദ്യാഭ്യാസത്തിന്റെ മുന്‍പറഞ്ഞ ലക്ഷ്യങ്ങള്‍ കരഗതമാക്കുന്നതിനുള്ള വിദ്യാഭ്യാസ രീതികള്‍ ലോകത്ത് നിലനിന്നിരുന്നു. അതുപോലെ തന്നെ, ഔപചാരിക രീതിയിലല്ലാതെ പഠന-ഗവേഷണ പ്രക്രിയകളിലൂടെ മാനവരാശിയുടെ നാഗരിക പുരോഗതിക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ അനേകം വ്യക്തികളും സംരംഭങ്ങളും ചരിത്രത്തിലും വര്‍ത്തമാന കാലത്തും നമ്മുടെ മുന്നിലുണ്ട്. ഔപചാരികമെന്നോ അനൗപചാരികമെന്നോ വേര്‍തിരിവില്ലാതെ, ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നേടാനുതകുന്ന എല്ലാതരം പഠനങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും പൊതുവായി പറയാവുന്ന പേരാണ് ഉന്നത വിദ്യാഭ്യാസം.
ഉന്നത വിദ്യാഭ്യാസത്തിന്റെ നാള്‍വഴികള്‍
1945-ല്‍ രൂപംകൊണ്ട യുനെസ്‌കോ തന്നെ വിദ്യാഭ്യാസത്തെ വിവിധ തലങ്ങളായി തരംതിരിച്ചത് 1970-കളുടെ തുടക്കത്തിലാണ്. അതിനുവേണ്ടി ഇന്റര്‍ നാഷണല്‍ സ്റ്റാന്റേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് എജ്യുക്കേഷന്‍ (കടഇഋഉ) എന്ന പ്രത്യേക സംവിധാനവും രൂപീകരിച്ചു. എന്നാല്‍ ഔപചാരിക രീതിയിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ചരിത്രാതീത കാലം മുതല്‍ക്കു തന്നെ നിലനില്‍ക്കുന്നുണ്ട്. ബി സി 2061-നും 2010-നുമിടയില്‍ ഈജിപ്തിലെ മെന്റുഹൊഡീപ് രാജാവിന്റെ കാലത്താണ് ആദ്യത്തെ ഔപചാരിക വിദ്യാലയം ആരംഭിച്ചത്.
പിന്നീട് മെസൊപൊട്ടോമിയയിലെ ലോഗോഗ്രാം അക്ഷരവിദ്യയും ഇന്ത്യയില്‍ ഗുരുകുല സമ്പ്രദായത്തിലൂടെ വേദപഠനങ്ങളും നടന്നിരുന്നതായി ചരിത്രരേഖകളുണ്ട്. എന്നാല്‍ പ്രത്യേക വിഷയങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം ഗഹനമായ പഠനത്തിനുള്ള ഉന്നത വിദ്യാഭ്യാസ രീതിക്ക് പ്രാരംഭം കുറിക്കുന്നത് ബി സി 500-നും 200-നും ഇടയിലാണ്. ഗ്രീക്കിലെ പ്ലാറ്റോ അക്കാദമിയും അരിസ്‌റ്റോട്ടിലിന്റെ ലൈസിയവും ഈ രംഗത്തെ ആദ്യകാല സംരംഭങ്ങളായിരുന്നു. ഇന്ത്യയിലെ തക്ഷശിലയും അലക്‌സാണ്ട്രിയയിലെ ഉന്നത പാഠശാലകളും ഇവയുടെ തുടര്‍ച്ചയായി വിലയിരുത്തപ്പെടുന്നു.
പരിമിത തോതിലാണെങ്കിലും ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ട് ആയപ്പോഴേക്കം ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഉന്നത പഠനത്തിനുള്ള കേന്ദ്രങ്ങള്‍ നിലവില്‍ വന്നു തുടങ്ങിയിരുന്നു. എന്നാല്‍ ഇസ്‌ലാമിന്റെ വരവോടെ ഔപചാരിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇസ്‌ലാമിക സാമ്രാജ്യത്വത്തിന്റെ പിന്തുണയില്‍ ഉന്നത വിദ്യാഭ്യാസരംഗം പ്രശോഭിതമായി. ശരിയായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലൂടെ ലോക നാഗരികതയ്ക്ക് മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഈ കാലയളവില്‍ സാധ്യമായി. അതേ സമയത്ത് യൂറോപ്പ് അടക്കമുള്ള ക്രിസ്തീയ അധീശത്വ മേഖലയില്‍ ഉന്നത വിദ്യാഭ്യാസ മേഖല ശുഷ്‌കമായിരുന്നു.
ഇസ്‌ലാമിക നാഗരികതയുടെ പതനാനന്തരമുള്ള രാഷ്ട്രീയ അന്തരീക്ഷത്തിലാണ് വൈജ്ഞാനിക മേഖലയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ മേധാവിത്വത്തിന് തുടക്കം കുറിക്കുന്നത്. ഒന്നാം ലോക മഹായുദ്ധാനന്തരം തുര്‍ക്കി ഖിലാഫത്തിന്റെ അസ്തമയത്തോടെ കൊളോണിയല്‍ വിദ്യാഭ്യാസ രീതി ലോകത്ത് അടിച്ചേല്പിക്കപ്പെട്ടു. ലബനാന്‍, സിറിയ, തുനീഷ്യ, മൊറോക്കോ, അല്‍ജീരിയ എന്നീ രാജ്യങ്ങളില്‍ ഫ്രഞ്ച് താല്പര്യങ്ങളായിരുന്നു ഉന്നത വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കിയിരുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, ഫലസ്തീന്‍, ഇറാഖ് എന്നിവിടങ്ങളില്‍ ബ്രിട്ടീഷ് താല്‍പര്യങ്ങളായിരുന്നു വിദ്യാഭ്യാസ രംഗത്ത് പ്രതിഫലിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തോടെ കോളനിവാഴ്ചയ്ക്ക് ബലക്ഷയം സംഭവിച്ചു തുടങ്ങിയെങ്കിലും വിദ്യാഭ്യാസ മേഖലയില്‍ സാമ്രാജ്യത്വ സ്വാധീനത്തിന് ക്ഷതം സംഭവിച്ചില്ല. ഉന്നത വിദ്യാഭ്യാസ മേഖല പോലും യഥാര്‍ഥ ലക്ഷ്യപ്രാപ്തിക്ക് യോജ്യമല്ലാത്ത ‘കൊളോണിയല്‍’ രീതിയിലാണ് ഇന്നും മുന്നോട്ടു പോകുന്നത്.
ഇസ്‌ലാമിക പരിപ്രേക്ഷ്യം
വിദ്യാഭ്യാസം എന്ന സാങ്കേതിക പ്രയോഗത്തിനോട് യോജിച്ചു വരുന്ന പ്രയോഗങ്ങള്‍ ഇസ്‌ലാമിക സ്രോതസുകളില്‍ കാണാവുന്നതാണ്. അറിഞ്ഞു (അലിമ), വളര്‍ത്തി (റബ്ബാ), സംസ്‌കാരം ശീലിപ്പിച്ചു (അദ്ദബ) എന്നീ ക്രിയാരൂപങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന തഅ്‌ലീം, തര്‍ബിയ, തഅ്ദീബ് എന്നിവയാണ് പ്രസ്തുത പ്രയോഗങ്ങള്‍. പ്രാഥമികമെന്നോ ഉന്നത തലമെന്നോ തരംതിരിവില്ലാതെ, വിദ്യാഭ്യാസം കൊണ്ട് മേല്‍പറഞ്ഞ പ്രയോഗങ്ങളില്‍ ഉള്‍ച്ചേര്‍ന്നു വരുന്ന വിജ്ഞാനവും വികാസവും സംസ്‌കരണവും ആര്‍ജിക്കപ്പെടുന്ന പ്രക്രിയയാണ് ഇസ്‌ലാമിന്റെ വീക്ഷണ പ്രകാരമുള്ള വിദ്യാഭ്യാസം. ഇത്തരമൊരു വിദ്യാഭ്യാസത്തിലൂടെ മാത്രമേ, സന്തുലിതവും സര്‍ഗാത്മകവുമായ വ്യക്തിത്വങ്ങളെയും അതിലൂടെ സംസ്‌കൃതരും ഉല്‍പാദനക്ഷമരുമായ ഒരു സമൂഹത്തെയും രൂപപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. ഇവ രണ്ടുമാണ് സുസ്ഥിര വികസനത്തിന്റെ ആധാരശിലകള്‍. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലുള്ള പ്രസ്തുത വിദ്യാഭ്യാസ സമീപനത്തെ സവിശേഷമാക്കുന്ന ചില ഘടകങ്ങളുണ്ട്. അവയെക്കുറിച്ച് സാമാന്യമായി മനസ്സിലാക്കിയാല്‍ മാത്രമേ ഈയൊരു മാതൃകയെ മാറ്റുരച്ച് വിലയിരുത്തുവാന്‍ സാധ്യമാകൂ.
സംയോജിത സമീപനം
അറിവിന്റെ ആത്മീയ ലൗകിക തലങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ സവിശേഷത. മനുഷ്യബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയിലൂടെ മാത്രം നേടുന്ന അറിവുകള്‍ക്ക് പരിമിതിയുണ്ട്. കാരണം, ഇവ രണ്ടിന്റെയും സ്രോതസ്സ് ഭൗതിക ലോകമാണ്. അതിനാല്‍ ആത്മീയ ലോകത്തു നിന്നുള്ള അറിവുകളൂടെ ഒരു സ്രോതസു കൂടി ആശ്രയിക്കേണ്ടി വരുമെന്നത് സാമാന്യ ബുദ്ധിയുടെ താല്‍പര്യമാണ്.
ആ ജ്ഞാനസ്രോതസാണ് അനശ്വരനായ ദൈവം അഥവാ അല്ലാഹു എന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. പ്രസ്തുത ജ്ഞാന സ്രോതസില്‍ നിന്നുള്ള അറിവുകള്‍ ഭൗതിക ലോകത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മാധ്യമങ്ങളാണ് വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും. അതിനാല്‍ ഇപ്പറഞ്ഞ മൂന്ന് സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ സംയോജിപ്പിച്ചു കൊണ്ടാണ് യഥാര്‍ഥ ജ്ഞാനത്തിലേക്ക് എത്താന്‍ മനുഷ്യന് സാധ്യമാകുക. ആദ്യമായി അവതരിച്ച ‘വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തില്‍’ (96:1) എന്ന വചനം ഈ സംയോജിത പഠനത്തിനു വേണ്ടിയുള്ള ആഹ്വാനമാണ്.
വൈവിധ്യവും സമഗ്രതയും
വൈജ്ഞാനിക വൈവിധ്യവും സമഗ്രതയുമാണ് ഇസ്‌ലാമിക വിദ്യാഭാസ സമീപനത്തിലെ മറ്റൊരു സവിശേഷത. സ്വാര്‍ഥതാല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ മാത്രം രൂപപ്പെടുത്തിയിരുന്ന കൊളോണിയല്‍ രീതിക്ക് വിഭിന്നമായി മനുഷ്യന്റെ നന്മയും പുരോഗതിയും സാധ്യമാക്കാന്‍ ഉപകരിക്കുന്ന സര്‍വ വിഷയങ്ങളിലുള്ള ഇസ്‌ലാമിക വിദ്യാഭ്യാസം ഉള്‍ക്കൊളളുന്നുണ്ട്. അതുകൊണ്ടു ആത്മീയ ഭൗതിക ജ്ഞാനങ്ങളെ പരിപോഷിപ്പിക്കുന്ന എല്ലാ വൈജ്ഞാനിക ശാഖകളെയും ഖുര്‍ആനിലൂടെയും മുഹമ്മദ് നബി(സ)യിലൂടെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. ഈ വിഷയ വൈവിധ്യവും സമഗ്ര സ്വഭാവവും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഇസ്‌ലാമിക സമീപന വിജയത്തിന്റെ പ്രധാന ഹേതുവുമാണ്.
ആധുനിക വിദ്യാഭ്യാസ മേഖലയില്‍ ഈയടുത്തു മാത്രം സ്ഥാനം നേടിയിട്ടുള്ള പല വൈജ്ഞാനിക ശാഖകളും ഖുര്‍ആന്‍ നേരത്തെ പ്രതിപാദിച്ചതാണ്. സമുദ്രശാസ്ത്ര പഠനത്തിലെ നൂതനമേഖലയായ ആഴക്കടല്‍പഠനം (നൂര്‍ 40) മുതല്‍ ബഹിരാകാശ ശാസ്ത്രത്തിലെ ജ്യോതിശാസ്ത്ര പഠനങ്ങള്‍ വരെ (വാഖിഅ 75,76) ഇസ്‌ലാമിക വിജ്ഞാന മേഖലയിലുണ്ട്.
മനുഷ്യ ചരിത്രവും വികാസവും പ്രതിപാദിക്കുന്ന നരവംശ ശാസ്ത്രവും മാനവസംസ്‌കൃതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സാംസ്‌കാരിക പഠനം ഉള്‍പ്പെടെ മാനവിക വിഷയങ്ങളുടെ എല്ലാ ശാഖകളും ഇസ്‌ലാമിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് പരിചിതമാണ്. ദാവൂദ് നബി(അ)യുടെ ആയുധവിദ്യാ ചരിത്രത്തിലൂടെ (സബഅ് 10,11) മനുഷ്യനാഗരികതയുടെ അവിഭാജ്യമായ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്കും ആദം നബി(അ)യുടെ ചരിത്രത്തിലൂടെ ഭാഷാപഠനശാസ്ത്രത്തിലേക്കും (ബഖറ 31) ഖുര്‍ആന്‍ പ്രചോദനം നല്‍കുകയാണ്.
ഗഹന പഠനരീതി
ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളെയും വിശദമായി പഠിക്കുന്ന രീതിയാണ് ഗഹന പഠനരീതി. മനുഷ്യ നന്മയ്ക്ക് പ്രയോജനകരമായ വിഷയങ്ങളില്‍ വിശദവും ആഴത്തിലുമുള്ള പഠനമാണ് ഇസ്‌ലാം കാണിച്ചു തരുന്ന ഉന്നത വിദ്യാഭ്യാസ രീതിയുടെ പ്രധാനമായ ഒരു സവിശേഷത. അതേസമയം, മനുഷ്യന് ഉപകാരപ്രദമല്ലാത്ത ഒരു മേഖലയില്‍ ആഴത്തിലുള്ള അറിവ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുമില്ല.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോലും മതത്തില്‍ സൂക്ഷ്മ ജ്ഞാനം (തഫഖുഹ്) നേടാന്‍ ഒരു പ്രത്യേക സംഘത്തെ പറഞ്ഞയക്കാന്‍ അല്ലാഹുവിന്റെ നിര്‍ദേശമുണ്ട് (തൗബ 122). ആത്മീയ വിഷയങ്ങളിലെ സൂക്ഷ്മവും ഗഹനവുമായ പഠനത്തിന്റെ പ്രസക്തിയാണ് ഈ ഖുര്‍ആനിക അധ്യാപനത്തില്‍ ബോധ്യമാകുന്നത്. ഈ ജനം ഖുര്‍ആനിനെപ്പറ്റി (തദബ്ബുര്‍) ചിന്തിക്കുന്നില്ലേ? അതെങ്ങാനും അല്ലാഹു അല്ലാത്തവരില്‍ നിന്നുള്ളതായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കാണുമായിരുന്നു (നിസാഅ് 82) എന്ന വിശുദ്ധ വചനത്തിലും ദൈവിക ഗ്രന്ഥത്തെപ്പോലും എല്ലാ വശങ്ങളും പഠനവിധേയമാക്കി ആഴത്തില്‍ മനസ്സിലാക്കാനുള്ള പ്രേരണ നല്‍കുന്നുണ്ട്.
ഭൗതിക വിഷയങ്ങളില്‍ ഗഹനമായ പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന അനേകം സന്ദര്‍ഭങ്ങള്‍ ഇസ്‌ലാമിക സ്രോതസ്സുകളില്‍ ലഭ്യമാണ്. രാപ്പകലുകളുടെ ചംക്രമണത്തെ പ്രതിപാദിച്ചു കൊണ്ട് ‘അത് നിങ്ങള്‍ക്ക് നാഥന്റെ അനുഗ്രഹങ്ങള്‍ അന്വേഷിക്കാനും മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കണക്കറിയാനും സാധിക്കേണ്ടതിനത്രെ’ (ഇസ്‌റാഅ് 12) എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. രാപ്പകലുകളെക്കുറിച്ചുള്ള കേവല അറിവു കൊണ്ട് കാലഗണന സാധ്യമാകില്ല എന്നത് വാസ്തവമാണ്. എന്നാല്‍ ഇതിനു പിന്നിലുള്ള പ്രാപഞ്ചിക പ്രതിഭാസത്തെക്കുറിച്ച് വിശദവും കൃത്യവുമായ പഠനം നടത്തിയാല്‍ മാത്രമേ മാസങ്ങളെയും വര്‍ഷങ്ങളെയും അവയെക്കുറിച്ചുള്ള ശാസ്ത്രവും മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. സമാനമായ നിരവധി വചനങ്ങള്‍ പഠനത്തില്‍ സ്വീകരിക്കേണ്ടുന്ന ഈ സമീപനത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്.
ഗവേഷണ പഠനരീതി
പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥാപിതമായ പഠനത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായി കണ്ടെത്തുന്ന വസ്തുതകളാണ് ഗേവഷണ ഫലങ്ങള്‍. അറിവും അനുഭവങ്ങളും അന്വേഷങ്ങളുമൊക്കെ ആധാരമാക്കുന്നതാണ് ഗവേഷണ രീതിയുടെ പ്രത്യേകത. പുനര്‍ സൃഷ്ടിപ്പിനെക്കുറിച്ച് സംതൃപ്തമായ അറിവ് നല്‍കണമെന്ന് ഇബ്‌റാഹീം നബി(അ) അല്ലാഹുവിനോടു ആവശ്യപ്പെട്ടപ്പോള്‍, നാല് പക്ഷികളെ വിവിധ ഭാഗങ്ങളാക്കി വേര്‍തിരിച്ച് വ്യത്യസ്ത പര്‍വത നിരകളില്‍ നിക്ഷേപിച്ച് തിരിച്ച് വിളിക്കാന്‍ പറയുന്നുണ്ട്. അവ പൂര്‍വസ്ഥിതിയില്‍ തിരിച്ചു വരുന്നത് ഇബ്‌റാഹീം നബി(അ)ക്ക് ബോധ്യപ്പെടുത്തുകയാണ് ഈ പഠനത്തിലൂടെ. ഇതൊരു ഗവേഷണ പഠനരീതിയാണ്. വസ്തുതകള്‍ കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ ഫലപ്രദമായ പഠന രീതിയാണിത്.
ഒട്ടകത്തിന്റെ സൃഷ്ടിപ്പിലേക്കും, ആകാശത്തിന്റെ വിതാനതയെപ്പറ്റിയും ഭൂമിയുടെ പരപ്പിനെക്കുറിച്ചും (കാഴ്ചയില്‍) ശ്രദ്ധ ക്ഷണിക്കുമ്പോള്‍ പ്രസ്തുത പ്രതിഭാസങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിജ്ഞാനമല്ല അല്ലാഹു ഉദ്ദേശിക്കുന്നത്. മറിച്ച്, അവയിലെ അത്ഭുത വസ്തുതകളിലേക്കാണ് ക്ഷണിക്കുന്നത്. പ്രസ്തുത വിഷയങ്ങളെ അന്വേഷണ ത്വരയോടെ പഠിക്കുകയും അവയുടെ പ്രത്യേകതകളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുവാനുള്ള നിര്‍ദേശവും പ്രേരണയുമാണത് നല്‍കുന്നത്.