3 Sunday
December 2023
2023 December 3
1445 Joumada I 20

ഉണര്‍വുള്ള മനസ്സും ഉള്‍ക്കാഴ്ചയുള്ള ജീവിതവും

സി കെ റജീഷ്


സര്‍വരും അംഗീകരിക്കുന്ന ഒരു സത്യമാണ് മരണം. ഒരാള്‍ തനിക്കു വേണ്ടി പണിതുയര്‍ത്തിയ ഈ ലോകത്തു നിന്ന് അനിവാര്യമായിട്ടുള്ള തിരോധാനം എന്നു വേണമെങ്കില്‍ മരണത്തെക്കുറിച്ച് പറയാം. മരണപ്പെടുന്നതോടുകൂടി ഒരാള്‍ ഇഹലോകത്തു നിന്ന് സമ്പൂര്‍ണമായി വിടുതലാവുന്നു. മരണസമയം മനുഷ്യന് നിശ്ചയമില്ലാത്തതിനാല്‍ ഓരോരുത്തരും ഇവിടെ ജീവിക്കേണ്ടത് അടിയന്തരാവസ്ഥയില്‍ എന്ന പോലെയാണ്. ജീവിതത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ് അത് സഫലമാക്കാനുള്ള സോദ്ദേശ്യപൂര്‍ണമായ കര്‍മവഴി ചിട്ടപ്പെടുത്തി ജീവിക്കേണ്ടവനാണ് മനുഷ്യന്‍. എന്നാല്‍ മരണത്തെക്കുറിച്ച് ഭീതിയും ആശങ്കയും ഉള്ളവര്‍ തന്നെ ജീവിതത്തെക്കുറിച്ചുള്ള ജാഗ്രതയും സൂക്ഷ്മതയും നഷ്ടപ്പെടുത്തി അലക്ഷ്യമായി ഇവിടെ ജീവിക്കുന്നു. ജീവിതവും മരണവും നമുക്ക് നിശ്ചയിച്ചിട്ടുള്ള സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ പ്രസക്തി ഇവിടെയാണ്.
മനസ്സിന്റെ രണ്ട് അവസ്ഥകള്‍
ഖുര്‍ആനിക അധ്യാപനങ്ങളിലെ മുഖ്യമായ ഒരു വിഷയമാണ് മരണം. മനുഷ്യ ജീവിതത്തിന്റെ ഗതിവേഗത്തെ നിയന്ത്രിക്കുകയും അവനെ യാഥാര്‍ഥ്യബോധമുള്ളവനാക്കുകയും ചെയ്യേണ്ട മരണത്തെ സചേതന ആശയമായാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മനുഷ്യ ചിന്തയുടെയും പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണകേന്ദ്രമായ മനസ്സിന്റെ രണ്ട് അവസ്ഥകളെ മുഖ്യമായും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. മനുഷ്യ മനസ്സിന്റെ ജീവസ്സുറ്റ അവസ്ഥയും ജഡാവസ്ഥയുമാണവ. ഉണര്‍വുള്ള മനസ്സും ഉള്‍ക്കാഴ്ചയുള്ള ജീവിതവും ഒരാള്‍ക്ക് ലഭിക്കുന്നതിന് പ്രേരകമാവുന്നത് സ്രഷ്ടാവിനെക്കുറിച്ചുള്ള യഥാര്‍ഥ അറിവാണ്.
സ്രഷ്ടാവിനെക്കുറിച്ചുള്ള ബോധ്യവും അറിവുമാണ് അവനിലുള്ള വിശ്വാസത്തെ ദൃഢപ്പെടുത്തുന്നത്- മനസ്സിന്റെ ജീവസ്സുറ്റ അവസ്ഥ നിലനിര്‍ത്തേണ്ടത് സത്യവിശ്വാസത്തിലൂടെയാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. അന്ധവിശ്വാസത്തിലും ദുരാചാരങ്ങളിലും മുഴുകി ജീവിക്കുന്നവര്‍ ഹൃദയവികാസമില്ലാത്തവരായി മാറുന്നു. ആത്മീയ ചിന്ത നശിക്കുന്നതോടെ ജീവച്ഛവമായിത്തീരുന്ന ഇക്കൂട്ടര്‍ക്ക് അതില്‍ നിന്നുള്ള മുക്തി സത്യവിശ്വാസത്തിലൂടെ മാത്രമാണ് സാധ്യമാകുന്നത്. തന്നിഷ്ടം, അജ്ഞത, ദുര്‍നടപ്പ്, അവിശ്വാസം തുടങ്ങിയ അന്ധകാരങ്ങളില്‍ പെട്ട് ഉഴലുന്നവര്‍ക്ക് സത്യവിശ്വാസവും സന്മാര്‍ഗവും ലഭിക്കുന്നതോടെ യാഥാര്‍ഥ്യബോധമുള്ള ജീവിതവും ജീവസ്സുറ്റ മനസ്സും സത്യപ്രകാശത്തിലേക്ക് അവരെ നയിക്കുന്നു.
അല്ലാഹു പറയുന്നു: ”നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും നാം ഒരു സത്യപ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്തുകടക്കാനാവാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റേതുപോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു” (6:122).
മനസ്സിന്റെ ജഡാവസ്ഥ
അന്ധവിശ്വാസം, സത്യനിഷേധം, ദുര്‍മാര്‍ഗം എന്നിവയെ ഇരുട്ട്, അന്ധത, ബധിരത, നിര്‍ജീവത അഥവാ മരണം എന്നിവയോടും സത്യവിശ്വാസം, കാര്യബോധം, സന്മാര്‍ഗം എന്നിവയെ വെളിച്ചം, കാഴ്ച, ജീവിതം എന്നിവയോടുമാണ് ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി ഉപമിച്ചിട്ടുള്ളത്. സത്യത്തെ സ്വീകരിക്കാനുള്ള വിമുഖതയാണ് ഹൃദയത്തില്‍ അന്ധത ബാധിച്ചവരുടെ ലക്ഷണം. സത്യത്തെ തമസ്‌കരിക്കുന്നതിലൂടെ അവരുടെ മനസ്സും രോഗാതുരമാവുന്നു. മനസ്സ് ജഡാവസ്ഥയിലാവുന്നതോടുകൂടി ഇതര ഇന്ദ്രിയങ്ങളും നേര്‍വഴിയില്‍ വിനിയോഗിക്കാതെ കന്നുകാലികളേക്കാള്‍ അധഃപതിച്ചവരായി അവര്‍ ജീവിക്കുന്നു. അല്ലാഹു പറയുന്നു: ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്; അത് ഉപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്; അത് ഉപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്; അത് ഉപയോഗിച്ച് അവര്‍ കേട്ട് മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍” (7:179). കപടവിശ്വാസികളെക്കുറിച്ച് പറയുന്നിടത്ത് അല്ലാഹു പരിചയപ്പെടുത്തിയത് ”ഹൃദയങ്ങളില്‍ രോഗമുള്ളവര്‍” (2:10) എന്നാണ്. സത്യത്തെ സ്വീകരിക്കാന്‍ വൈമനസ്യമുള്ളവര്‍ കാഴ്ച, കേള്‍വി, ഹൃദയം എന്നിവയ്ക്ക് മുദ്രവെക്കപ്പെട്ടവരായി ജീവിക്കും. ഉണര്‍വുള്ള മനസ്സോ ഉള്‍ക്കാഴ്ചയുള്ള ജീവിതമോ ഇല്ലാത്ത ഇക്കൂട്ടര്‍ അലസരും അശ്രദ്ധരുമായി കഴിയുന്നവരാണ് (16:108).
ജീവനുള്ള മനസ്സ്
സത്യവിശ്വാസിയുടെ മനസ്സ് സദാ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സുസജ്ജമാണ്. വിശ്വാസവും സന്മാര്‍ഗബോധവും തന്നെയാണ് മനസ്സിന്റെ ജീവസ്സുറ്റ അവസ്ഥ നിലനിര്‍ത്തുന്നത്. സത്യവിശ്വാസിയുടെ മനസ്സ് സദാ ഉത്തേജിത ഭാവത്തോടു കൂടിയുള്ളതായി നിലനില്‍ക്കാന്‍ ഹേതുവാകുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1. ദൈവ സ്മരണ: ഇത് ഉന്നത തലത്തിലുള്ള ബൗദ്ധിക കര്‍മമായിട്ടാണ് ഖുര്‍ആന്‍ വിശദീകരിക്കുന്നത് (3:190, 191). ഒരാള്‍ ദൈവത്തെ കൂടുതല്‍ ഓര്‍ക്കുന്നു എന്നാല്‍ ആഴത്തില്‍ അവനെ മനസ്സിലാക്കുന്നുവെന്നര്‍ഥം.
ജീവിതത്തിലെ അനുഭവങ്ങള്‍, നിരീക്ഷണങ്ങള്‍ എന്നിവ അല്ലാഹുവിനെ കണ്ടെത്താനുള്ള വഴികളായി മാറുമ്പോള്‍ മനസ്സിന്റെ ജീവസ്സുറ്റ അവസ്ഥയും ഉത്തേജിത ഭാവവും നിലനില്‍ക്കുന്നു. വെള്ളത്തിന് കടലിലായിരിക്കുമ്പോള്‍ ഉപ്പുരസമാണെങ്കില്‍ അത് മഴയായി വര്‍ഷിക്കുന്നതോടെ ശുദ്ധജലമായി മാറുന്നു. മഴ എന്ന പ്രകൃതി പ്രതിഭാസത്തെക്കുറിച്ചു ചിന്തിക്കുന്നതിലൂടെ സ്രഷ്ടാവിനെ ഉള്‍ക്കൊള്ളാന്‍ മനസ്സ് സുസജ്ജമാവുന്നു. ഇങ്ങനെ എണ്ണമറ്റ ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള ചിന്ത, ദൈവത്തിന്റെ സൃഷ്ടിപദ്ധതിയനുസരിച്ച് ജീവിതം ഒരു പരീക്ഷണത്തിനു വേണ്ടിയാണ് എന്നത് ബോധ്യപ്പെടുത്തുന്നു. ദൈവിക ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള ചിന്തയിലൂന്നി മനസ്സ് അവനെ സ്മരിക്കാന്‍ പാകപ്പെടുന്നതിലൂടെ ഉള്‍ക്കാഴ്ചയും ഉണര്‍വുമുള്ള ജീവിതം സാര്‍ഥകമാവുന്നു.

ദൈവഹിതത്തിനുള്ള
സമര്‍പ്പണം

അല്ലാഹുവിന്റെ ഇഷ്ടം നേടിയെടുക്കാന്‍ മനസ്സ് സുസജ്ജമാവുമ്പോള്‍ ഏതു രംഗത്തും ദൈവിക കല്‍പനയെ അനുസരിക്കാനുള്ള തയ്യാറെടുപ്പുണ്ടാവും, ഏത് അവയവം കൊണ്ടും. ദൈവഹിതത്തെ മാനിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന വിശ്വാസിയുടെ സദാ ഉണര്‍ന്നിരിക്കുന്ന മനസ്സാണ് ഏറ്റവും വലിയ ഊര്‍ജ സ്രോതസ്സ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക” (8:24).
അവിശ്വാസവും അധര്‍മവും നിമിത്തം ചൈതന്യം നഷ്ടപ്പെട്ട മനുഷ്യമനസ്സുകള്‍ക്ക് നവജീവന്‍ നല്‍കുന്ന കാര്യങ്ങളിലേക്കാണ് അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത്. ഈ ക്ഷണത്തിന് ഉത്തരം നല്‍കുന്നതിലൂടെ മനസ്സിന് ജീവസ്സുറ്റ അവസ്ഥ നിലനില്‍ക്കുന്നു. വരണ്ട ഭൂമിയില്‍ മഴ കാരണം പച്ചപ്പും സൗന്ദര്യവും വീണ്ടെടുത്ത് നവജീവന്‍ ഉണ്ടാകുന്നപോലെ ദൈവിക വിളിയാളങ്ങള്‍ക്ക് കാതോര്‍ത്ത് ഉത്തരം നല്‍കുന്ന വിശ്വാസിക്ക് ഉള്‍ക്കാഴ്ചയുള്ള ജീവിതമാണുണ്ടാവുക. ഉപരിസൂചിത ആയത്തുകളുടെ വ്യാഖ്യാനത്തില്‍ ഇമാം ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നു: ”അല്ലാഹുവിനെക്കുറിച്ച് ചിന്തിക്കുകയും അവനെ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവന്റെ മനസ്സ് സദാ പ്രകാശപൂരിതമായിരിക്കും. അല്ലാഹുവിന്റെ ഏകത്വത്തിലൂന്നിയ മാര്‍ഗദര്‍ശനങ്ങളെ പിന്‍പറ്റുമ്പോള്‍ ആ മനസ്സ് ജീവസ്സുറ്റതായി മാറുന്നു. എന്നാല്‍ ഇച്ഛകള്‍ക്കും ആസ്വാദനത്തിനും പ്രധാന്യം നല്‍കി, അല്ലാഹുവിനെ മനസ്സിലാക്കാന്‍ യാതൊരു ശ്രമവും നടത്താത്തവര്‍ ചൈതന്യരഹിതമായ മനസ്സുമായി ജീവിക്കുകയാണ് ചെയ്യുന്നത്. സാദൃശ്യപ്പെടുത്താനാവാത്ത വിധം അവര്‍ അന്ധകാരങ്ങളില്‍ പെട്ട് ഉഴലുകയാണ്” (ഇഗാസത്തുല്‍ ലഹ്ഫാന്‍ 22:1).
പാപങ്ങളില്‍ നിന്ന് ഒരു വ്യക്തി വിട്ടുനില്‍ക്കുന്നതോടുകൂടി അല്ലാഹുവിലേക്ക് മടങ്ങാന്‍ സദാ മനസ്സിനെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. പാപങ്ങളില്‍ നിന്ന് പൂര്‍ണമായും വിടുതലാവാന്‍ കഴിഞ്ഞില്ലെങ്കിലും പശ്ചാത്തപിക്കുന്ന മനസ്സുണ്ടായാല്‍ പാപങ്ങള്‍ ചെയ്യാതിരിക്കാനുള്ള കരുതലും സൂക്ഷ്മതയും കൂടെയുണ്ടാവും. നിര്‍ബന്ധവും ഐച്ഛികവുമായ നമസ്‌കാരവേളകള്‍ നവോന്മേഷം മനസ്സിന് പകര്‍ന്നുകിട്ടുന്ന സന്ദര്‍ഭങ്ങളായി വിശ്വാസി അനുഭവിച്ചറിയും. എന്നാല്‍ പാപത്തിന്റെ പെരുപ്പം തെല്ലും അലോസരപ്പെടുത്താത്ത മനസ്സായിരിക്കും അവിശ്വാസിക്കുണ്ടാവുക.
‘നിര്‍ജീവമായ മനസ്സിന്റെ ഉടമകള്‍’ എന്ന് ഇവരെ വിശേഷിപ്പിക്കുന്നതിന് കാരണം ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നു: ”ദൈവിക മാര്‍ഗദര്‍ശനത്തെ അവഗണിച്ച ഇക്കൂട്ടര്‍ സത്യത്തെ മറച്ചുവെക്കുന്നവരും ഉപജീവനത്തില്‍ ദൈവികാനുഗ്രഹത്തെ നഷ്ടപ്പെടുത്തിയവരും, വൈജ്ഞാനിക സംവാദത്തോട് വിമുഖത കാണിക്കുന്നവരുമാണ്. സങ്കുചിത ചിന്താഗതിക്കാരായ ഇവരുടെ മനസ്സ് ഇക്കാരണങ്ങളാല്‍ ചൈതന്യരഹിതമായിരിക്കും” (അല്‍ഫവാഇദ് 22:1).
ഒരു തിന്മ ചെയ്താല്‍ ഒരാളുടെ ഹൃദയത്തില്‍ അത് കറുത്ത പുള്ളിയായി നില്‍ക്കുന്നു. തെറ്റില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ പാപക്കറയുടെ വ്യാപ്തി വര്‍ധിക്കുന്നു. തിന്മകളോടുള്ള നിസ്സാരഭാവവും പശ്ചാത്താപവിമുഖതയും നിര്‍ജീവ മനസ്സിന്റെ ഉടമയായി പാപിയെ മാറ്റുന്നു. ശരീരത്തിന് ക്ഷീണം ബാധിച്ചാല്‍ വിശ്രമത്തിലൂടെ ഉന്മേഷം വീണ്ടെടുക്കാം. എന്നാല്‍ മനസ്സിന് ബാധിക്കുന്ന ആലസ്യവും നിര്‍ജീവാവസ്ഥയും ഇല്ലാതാക്കി, സദാ ജീവസ്സുറ്റതായി നിലനിര്‍ത്താനുള്ള സ്ഥായിയായ പോംവഴിയെ നാം ഗൗരവമായി ആലോചിക്കണം. വിശ്വാസാധിഷ്ഠിതമായ സല്‍പ്രവര്‍ത്തനങ്ങളും ദൈവഹിതത്തെ മാനിച്ചുകൊണ്ടുള്ള ജീവിതരീതിയും പതിവാക്കിയാല്‍ ജീവിതം മുഴുക്കെ ദൈവസ്മരണയില്‍ നിറഞ്ഞുനില്‍ക്കും.
ഉണര്‍വുള്ള മനസ്സും ഉള്‍ക്കാഴ്ചയുള്ള ജീവിതവും കൊണ്ട് അവരുടെ ആയുസ്സ് അര്‍ഥവത്തായിത്തീരും. മനസ്സിനെ ദുഷ്ടാവസ്ഥയില്‍ നിന്ന് മോചിപ്പിച്ച് ഉത്തേജിത ഭാവത്തോടെ നിലനിര്‍ത്താന്‍ കൃത്രിമവും നിഷിദ്ധവുമായ വഴികള്‍ തേടുന്നവരുണ്ട്. ജീവസ്സുറ്റ മനസ്സിനെ നിലനിര്‍ത്താനുള്ള സ്ഥായിയായ പരിഹാരങ്ങളേയല്ല ഇതൊന്നും. എന്നാല്‍ ജീവിതത്തോടുള്ള ഗൗരവപരമായ സമീപനവും സദ്ചിന്തയില്‍ അധിഷ്ഠിതമായ കര്‍മനൈരന്തര്യവും കൊണ്ട് ആയുസ്സിനെ അടയാളപ്പെടുത്താനാവുംവിധം വിശ്വാസത്തില്‍ അധിഷ്ഠിതമായ ഉണര്‍വുള്ള മനസ്സും ജാഗ്രതയുള്ള ജീവിതവുമാണ് വേണ്ടത്. മനസ്സിനെ ജഡാവസ്ഥയില്‍ നിന്നു മോചിപ്പിക്കാനുള്ള സ്ഥായിയായ പരിഹാരവും ഇതുതന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x