3 Saturday
December 2022
2022 December 3
1444 Joumada I 9

ഉക്രെയ്ന്‍ യുദ്ധവും മാറുന്ന ലോകക്രമവും

കെ പി ഖാലിദ്‌


യൂറോപ്പിന്റെയും അമേരിക്കയുടെയും ശരികളാണ് ലോകത്തിന്റെ ശരികള്‍ എന്ന ഒരു തത്വം ശീതയുദ്ധകാലത്തിനു ശേഷമുള്ള ലോകക്രമത്തിന്റെ സ്വഭാവ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. കുവൈത്ത് അധിനിവേശത്തില്‍ നിന്നു പിന്മാറിയിട്ടും നിരവധി തട്ടുപൊളിപ്പന്‍ കാരണങ്ങള്‍ പറഞ്ഞ് ഇറാഖ് എന്ന രാജ്യത്തെ തകര്‍ത്ത് നിലംപരിശാക്കിയപ്പോഴും സിറിയയില്‍ ആഭ്യന്തര യുദ്ധത്തിന് കളം വരച്ചിട്ടുകൊടുത്തപ്പോഴും അഫ്ഗാനില്‍ മനുഷ്യക്കുരുതി കൊടുത്തപ്പോഴുമൊക്കെ ഈ ‘ശരികള്‍’ക്കു മുന്നില്‍ ലോകം അനങ്ങാതെ നില്‍ക്കുകയായിരുന്നു. ഏതു കാലത്തും ഒരു പരിക്കുമില്ലാതെ വികസനത്തിന്റെ പുതിയ പറുദീസയിലേക്ക് യൂറോപ്പും അമേരിക്കയും ആരോഹണം ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു.
കാലം മാറുകയാണ്. പുടിന്‍ എന്ന ഏകാധിപതിയുടെ റഷ്യ കരുത്തും കഴിവും ആര്‍ജിക്കുന്നത് ഒന്നു തടയണമെന്നു കരുതി തുടങ്ങിവെച്ച ‘ചില്ലറ’ തോന്നിവാസങ്ങള്‍ ഇന്ന് യൂറോപ്പിനെ ഒട്ടാകെ പിടിച്ചുലക്കുകയാണ്. മജ്ജയും മാംസവും തണുത്തുറഞ്ഞുപോകുന്ന ശൈത്യത്തിലേക്ക് നാറ്റോ രാജ്യങ്ങള്‍ നടന്നടുക്കുമ്പോള്‍ വീടുകളിലും സ്ഥാപനങ്ങളിലും ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് റഷ്യയുടെ ഗ്യാസ് ലഭ്യത കൊണ്ടാണ് എന്നതും ലോകത്തെത്തന്നെ നടുക്കുന്ന പ്രതിസന്ധിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ശൈത്യകാലം യൂറോപ്പിന് സാമ്പത്തിക പ്രതിസന്ധിയുടെ കാലമായി മാറുമെന്നാണ് കരുതപ്പെടുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രൂപപ്പെട്ട പുതിയ ലോകക്രമത്തിനു ബ്രിട്ടന്‍ അതുവരെ തുടര്‍ന്നിരുന്ന കൊളോണിയല്‍ രീതിയുടെ തുടര്‍ച്ചയുണ്ടായിരുന്നു. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമെന്നു വിളിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടം തങ്ങളുടെ കോളനികളിലെ സമ്പത്ത് തന്ത്രപൂര്‍വം ചോര്‍ത്തിയെടുക്കുന്നതിന് വ്യാപാരത്തിന്റെ മുഖമാണ് നല്‍കിയത്. കടലിനാല്‍ ചുറ്റപ്പെട്ട കേവലം ഇംഗ്ലണ്ട് എന്ന ദ്വീപുകൂട്ടം അങ്ങനെ കോളനികളില്‍ നിന്നും കവര്‍ന്നെടുത്ത സമ്പത്തു കൊണ്ട് വന്‍ രമ്യഹര്‍മ്യങ്ങളും ബിഗ്ബെന്‍ സ്തൂപങ്ങളും ബക്കിങ്ഹാം കൊട്ടാരവുമൊക്കെ പടുത്തുയര്‍ത്തി. വ്യാവസായിക വിപ്ലവത്തിന്റെ അനന്തസാധ്യതകളിലൂടെ ഒരു വികസിത യുനൈറ്റഡ് കിങ്ഡം (UK) രണ്ടാം ലോകമഹായുദ്ധം വരെ തലയുയര്‍ത്തിനിന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അവസാനിച്ച കൊളോണിയല്‍ ലോകക്രമത്തില്‍ തങ്ങളുടെ അധിനിവേശ പ്രദേശങ്ങളില്‍ നിന്നുള്ള സമ്പത്തിന്റെ ഊറ്റിയെടുക്കല്‍ അസാധ്യമാണ് എന്ന് ബ്രിട്ടനും നന്നായി അറിയാമായിരുന്നു. ബ്രിട്ടന്റെ പിന്തുടര്‍ച്ചാവകാശികളെന്ന് വിളിക്കാവുന്ന അമേരിക്കന്‍ ഐക്യനാടുകള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ തങ്ങള്‍ പ്രയോഗിച്ച അണുബോംബുകളെക്കൊണ്ട് ആധിപത്യത്തിന്റെ പുതിയ മുഖം സ്ഥാപിച്ചു. മറ്റൊരു വശത്ത് അന്നത്തെ യുഎസ്എസ്ആര്‍ എന്ന കമ്മ്യൂണിസ്റ്റ് രാജ്യവും രാഷ്ട്രീയ അധിനിവേശം കൊണ്ട് സാമന്ത രാജ്യങ്ങളെ സൃഷ്ടിച്ചിരുന്നു. ലോകം ഭൂപ്രദേശങ്ങളുടെ അധിനിവേശത്തിലല്ല, സമ്പത്തിന്റെ അധിനിവേശത്തിലാണ് മുന്നോട്ടുപോവുക എന്ന് ആദ്യമേ തിരിച്ചറിഞ്ഞത് അമേരിക്ക തന്നെയായിരുന്നു.
ലോക വ്യാപാര ഇടപാടുകള്‍ക്ക് ഒരു ലോക കറന്‍സി അത്യാവശ്യമായിരുന്നിടത്ത് അമേരിക്കയിലെ ന്യൂഹാംഷയര്‍ നഗരത്തില്‍ 1944 ജൂലൈ ഒന്നിന് ലോകത്തെ 44 രാജ്യങ്ങള്‍ ഒരു ഉച്ചകോടി ചേര്‍ന്നു. ഇതില്‍ സാമ്പത്തിക മേഖലയിലെ കുതിക്കുന്ന രാജ്യം എന്ന നിലയില്‍ ലോക വ്യാപാരക്രമത്തില്‍ ക്രയവിക്രയങ്ങള്‍ക്ക് അമേരിക്കന്‍ കറന്‍സിയെ സ്വര്‍ണത്തിനു പകരമായി ഉപയോഗിക്കാം എന്ന ധാരണയുണ്ടാക്കി. ഈ തീരുമാനത്തെ ബ്രെട്ടണ്‍ വുഡ്‌സ് (Brettenwoods Agreement) സന്ധി എന്നു വിളിക്കുന്നു. 1971 വരെ അങ്ങനെ ലോകത്തെവിടെയും ചെലവഴിക്കാവുന്ന കറന്‍സിയായി യുഎസ് ഡോളര്‍ മാറിയതോടുകൂടി പഴയ കാലത്തെ കോളനി രാജ്യങ്ങളിലെ വൈസ്രോയിമാരുടെ റോളിലേക്ക് ഡോളര്‍ കടന്നുവന്നു. ഇതൊരു രാഷ്ട്രീയ അധിനിവേശമല്ലാതിരുന്നതിനാല്‍ ഭരണകൂടങ്ങള്‍ സുഖമായി ഡോളറുകള്‍ക്കു മുകളില്‍ അടയിരുന്നു തുടങ്ങി.
1971 ആയപ്പോഴേക്കും സ്വര്‍ണവുമായി ഡോളര്‍ കൈമാറുന്ന ബ്രെട്ടണ്‍വുഡ്‌സ് സമ്പ്രദായം അധികകാലം തുടരാന്‍ കഴിയില്ലെന്ന് അമേരിക്കക്കു തന്നെ മനസ്സിലായതിനാല്‍ അവര്‍ ബ്രെട്ടണ്‍വുഡ്‌സ് സമ്പ്രദായം അവസാനിച്ചതായി സ്വയം പ്രഖ്യാപിച്ചു. സ്വര്‍ണത്തേക്കാള്‍ ലോകം ചലിപ്പിക്കേണ്ടത് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടാണെന്ന് ബുദ്ധിമാന്മാരായ അമേരിക്കന്‍ ‘തിങ്ക് ടാങ്കു’കള്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് രാജ്യമായ റഷ്യന്‍ റിപബ്ലിക്കുകളിലായി യഥേഷ്ടം പെട്രോളിയം സമ്പത്ത് കിടക്കുന്നതും അമേരിക്കക്ക് അറിയാമായിരുന്നു. മണല്‍ക്കൂമ്പാരങ്ങളില്‍ പരസ്പരം പോരടിക്കാന്‍ മാത്രമറിയാവുന്ന മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ അക്കാലത്ത് പെട്രോ സമ്പത്തിന്റെ ഖജനാവു തന്നെ തുറക്കപ്പെട്ടു കഴിഞ്ഞിരുന്നു.

പെട്രോഡോളര്‍
1974-ല്‍ സുഊദി അറേബ്യയില്‍ പറന്നിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ അന്നത്തെ സൗദി രാജാവായ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസിനു മുന്നില്‍ ‘മനോഹര’മായൊരു ആശയം വെച്ചു. സൗദി അറേബ്യയുടെ സൈനിക സംരക്ഷണം അമേരിക്ക ഭദ്രമാക്കാം. പകരം സൗദി അറേബ്യ നടത്തുന്ന എല്ലാ ക്രൂഡ്ഓയില്‍ വ്യാപാരവും അമേരിക്കന്‍ ഡോളറില്‍ മാത്രമേ നടത്താവൂ. സൗദി അറേബ്യയാകട്ടെ അമേരിക്കയുടെ തന്നെ സൃഷ്ടിയായ ഇസ്രായേല്‍ എന്ന രാജ്യത്തെ പേടിച്ചു കഴിയുന്ന അവസ്ഥയുമായിരുന്നു. അങ്ങനെ കരാര്‍ നടപ്പായി. സൗദിക്കു പിന്നാലെ മറ്റ് അറബ് രാജ്യങ്ങളും കരാറിലേര്‍പ്പെട്ടു. അങ്ങനെയാണ് പെട്രോ ഡോളര്‍ എന്ന പ്രയോഗം ഉണ്ടായത്.
ലോകത്തുള്ള ഏതു രാജ്യത്തിനും പെട്രോള്‍ (ക്രൂഡ്ഓയില്‍) വാങ്ങണമെങ്കില്‍ ഡോളര്‍ കൈവശമുണ്ടാവേണ്ട അവസ്ഥ സംജാതമായി. തുടര്‍ന്നുള്ള കാലഘട്ടം ലോക രാജ്യങ്ങള്‍ക്ക് ഡോളര്‍ അച്ചടിച്ചു വിറ്റ് അമേരിക്ക ലോകത്ത് ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി പരിണമിച്ചു. പുറത്തേക്കു പോയ ഡോളര്‍, വന്‍ ആയുധങ്ങളുണ്ടാക്കി അവ പുറത്തേക്കയച്ച് തിരിച്ച് അമേരിക്കയിലെത്തിക്കുന്ന കൗശലവും നിര്‍ബാധം തുടര്‍ന്നു.
മധ്യപൂര്‍വേഷ്യയിലെ സമാധാന ജീവിതം അമേരിക്കയുടെ കൈകളിലായതോടെ, രാഷ്ട്രീയ കുടിലതയുടെ എല്ലാ തച്ചുശാസ്ത്രങ്ങളും ഈ മേഖലയില്‍ സാമ്രാജ്യത്വ നിര്‍മാണത്തില്‍ അമേരിക്കന്‍ ഭരണകൂടങ്ങള്‍ പ്രയോഗിച്ചുവന്നു. സദ്ദാം ഹുസൈനും സിറിയയിലെ ബശ്ശാറും അഫ്ഗാനിസ്താനും തുടര്‍ന്നുള്ള സകലമാന രാഷ്ട്രീയ ആസുരതയും ഈ മേഖലയിലെ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തെ നരകതുല്യമാക്കി മാറ്റി. തങ്ങളുടെ സുഹൃത്തായ സാമന്തരാജ്യത്തിനടുത്ത് ആ രാജ്യത്തിന് ഒരു ശത്രുവിനെ ഉണ്ടാക്കുക എന്നത് യുഎസ് സ്ഥിരം ചെയ്തുപോന്ന കൗടില്യമാണ്. ഇറാഖിനടുത്തൊരു ഇറാനും സൗദിക്കടുത്തൊരു ഇസ്രായേലുമൊക്കെ യഥേഷ്ടം പാവക്കൂത്തിലെ യാന്ത്രിക ചുവടുകള്‍ക്കു വിധേയമായി നടനം ചെയ്യേണ്ടിവന്നു.
അടുത്ത കാലത്തായി ഇറാനുമായും തുര്‍ക്കിയുമായും ഒരു പരിധി വരെ സൗദി അറേബ്യയുമായി പോലും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അടുത്തു വരുന്നത് വാഷിങ്ടണ്‍ ആശങ്കയോടെയാണ് വീക്ഷിച്ചുവന്നത്. തങ്ങള്‍ക്കു പകരം മറ്റൊരു ഖാസി തങ്ങളുടെ സാമന്ത രാജ്യങ്ങളില്‍ പെരുന്നാള്‍ പ്രഖ്യാപിക്കാനുണ്ടാവുക എന്നത് അപായകരമായ ഒരു ടൊര്‍ണാഡോയുടെ തുടക്കമാണെന്ന് അവര്‍ക്കു തോന്നി. പാകിസ്താന്‍ കൂടി പുടിന് കൈ കൊടുക്കുകയും പാകിസ്താന്‍ ചൈനയോട് ചാരി നില്‍ക്കുകയും ചെയ്തതോടെ അമേരിക്കയുടെ സാമ്രാജ്യത്വ അപ്രമാദിത്വത്തിന് ഏതാണ്ട് ഒടുക്കമായെന്ന് ബൈഡനും തോന്നിത്തുടങ്ങി.
പാകിസ്താനില്‍ ചൈന, റഷ്യന്‍ അനുകൂലിയായ ഇംറാന്‍ ഖാനെ തുരത്താനുള്ള ചതുരംഗക്കളി തുടങ്ങുന്നതോടൊപ്പം, വിശാല റഷ്യ എന്ന പുടിന്റെ സ്വപ്‌നം ഉക്രെയ്ന്‍ പോലുള്ള അയല്‍വാസികളുടെ പൊടി പോലും അവശേഷിക്കില്ലെന്ന ധാരണ ഉക്രെയ്ന്‍ പ്രസിഡണ്ട് സെലന്‍സ്‌കിയിലുണ്ടാക്കാനും അമേരിക്ക പദ്ധതിയിട്ടു. യൂറോപ്യന്‍ രാജ്യങ്ങളുടെ സൈനിക സഖ്യമാണല്ലോ നാറ്റോ (North Atlantic Treaty Organaisation). അമേരിക്കന്‍ താത്പര്യങ്ങളെ മധ്യപൂര്‍വേഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധരായ ഈ രാജ്യങ്ങളെ ഒരു തരത്തില്‍ പറഞ്ഞാല്‍ അമേരിക്കയുടെ ബിനാമിയെന്നു വിളിക്കുന്നതാണ് ശരി. ഉക്രെയ്ന്‍ എന്ന രാജ്യത്തെ തങ്ങളുടെ സഖ്യത്തില്‍ ചേര്‍ക്കാമെന്ന വാഗ്ദാനം പ്രസിഡണ്ട് സെലന്‍സ്‌കിക്ക് നാറ്റോ നല്‍കിയപ്പോള്‍ റഷ്യന്‍ സാമ്രാജ്യ വികസന താത്പര്യത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത എതിര്‍പ്പുകളെ വകവെക്കാതെ മുന്‍പിന്‍ നോക്കാതെ അദ്ദേഹം അതു സ്വീകരിക്കുകയായിരുന്നു.

കൂടെ നില്‍ക്കുന്നവരെ യുദ്ധഭൂമിയുടെ മുന്‍നിരയിലിട്ട് പിന്‍വലിഞ്ഞു കളയുന്ന യാങ്കി ഭരണകൂട കുടിലതയുടെ മുന്‍കാല ചരിത്രം സെലന്‍സ്‌കി നോക്കിയതേയില്ല. ഒന്നിനും മടിക്കാത്ത പുടിന്‍ യുദ്ധത്തിനുമിറങ്ങി. ഇതിനിടെ ഈ യുദ്ധത്തിന് ധാര്‍മിക പിന്തുണയുമായെത്തിയ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനെ, അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയിലെ പ്രധാന പാര്‍ലമെന്റ് അംഗങ്ങളെ വിലക്കെടുത്തുകൊണ്ട് അമേരിക്ക സ്ഥാനഭ്രഷ്ടനാക്കി. റഷ്യയോട് കടുത്ത ഉപരോധം പ്രഖ്യാപിച്ചെങ്കിലും കുറഞ്ഞ വിലയില്‍ റൂബിളിന് ക്രൂഡോയില്‍ വിറ്റുകൊണ്ട് റഷ്യ തിരിച്ചടിച്ചു. തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവുമെന്നായപ്പോള്‍ ഉക്രെയ്‌നുള്ള പിന്തുണ ആയുധങ്ങളില്‍ മാത്രമാക്കി നാറ്റോയും യുഎസും. യൂറോപ്പാകട്ടെ കടുത്ത പ്രതിസന്ധിയിലുമായി. ലോകത്തെ ഏറ്റവും വലിയ രാത്രിജീവിതം (night life) തെരുവിലും പബ്ബുകളിലും ആഘോഷിച്ചിരുന്ന ഉക്രെയ്ന്‍ കേവലം ചാരക്കൂമ്പാരങ്ങളാവുന്നത് നാറ്റോയും അമേരിക്കയും കൈയുംകെട്ടി നോക്കിയിരുന്നു. റഷ്യ എന്ന വന്‍ശക്തി അതിന്റെ ആണവ കരുത്ത് ഉള്‍പ്പെടെ പ്രയോഗിച്ചേക്കാവുന്ന ഒരു യുദ്ധത്തില്‍ തലയിടാനുള്ള ധൈര്യം മധ്യപൂര്‍വേഷ്യയെ ശവക്കൂനകളാക്കിയ യാങ്കി രാഷ്ട്രീയ കൗടില്യത്തിനു കഴിയാതിരുന്നത് ചരിത്രത്തില്‍ പുതിയ ലോകക്രമത്തിന് വഴിയൊരുക്കുകയാണ്! ചൈനയും റഷ്യയും ഇറാനും തുര്‍ക്കിയുമൊക്കെ ചേര്‍ന്ന പുതിയ അച്ചുതണ്ടിനു മുന്നില്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും അപ്രമാദിത്വമാണ് മൂക്കുകുത്തി വീഴുന്നത്.
എന്നാല്‍ ജനാധിപത്യത്തിന്റെ ചെറുതെന്നല്‍ പോലും ശ്വസിക്കാനാവാത്ത രാഷ്ട്രീയത്തിനുടമകളായ ചൈനയും, രാഷ്ട്രീയ എതിരാളികള്‍ കാരണം കൂടാതെ പിടഞ്ഞുവീണ് മരിക്കുന്ന പുടിന്റെ ദുരൂഹമായ റഷ്യയും, സ്വന്തം അസംബ്ലിയില്‍ ഉറങ്ങിപ്പോയതിന് വധശിക്ഷക്ക് വിധേയരാവുന്ന ജനപ്രതിനിധികളുള്ള, ജനങ്ങള്‍ ചിരിക്കാനും സ്വപ്നം കാണാനും മറന്നുകഴിഞ്ഞ ഉത്തര കൊറിയയും ചേര്‍ന്ന പുതിയ സഖ്യം അമേരിക്ക ലോകത്തിനു നല്‍കിയ ദുരിതങ്ങള്‍ അകറ്റാനല്ല, ലോക സമാധാനത്തിനു മേല്‍ ചുട്ട ലാവ ഒഴിക്കാനായാണ് ഒരുങ്ങിനില്‍ക്കുന്നത്.
ഒരു ബീഡി വലിക്കുന്ന ലാഘവത്തോടെ അണുബോംബിടുന്നതിനെക്കുറിച്ച് സംസാരിക്കുന്ന പുടിനും, ചൈനയുടെ കച്ചവടത്തിനപ്പുറം ഒരു കോഴിയും കൂവരുതെന്ന പറയുന്ന ഷീ പിങിനും എങ്ങനെയാണ് ലോകത്ത് സമാധാനത്തിന്റെ ചാമരം വീശാനാവുമെന്ന് നമുക്ക് കരുതാനാവുക? സമകാലിക മുസ് ലിം അപ്പോകാലിപ്റ്റിക് സാ ഹിത്യമനുസരിച്ച്, ഖുര്‍ആന്‍ യഅ്ജൂജ്-മഅ്ജൂജ് (Gogs& Magogs) എന്നു വിളിച്ചത് ഈ രണ്ടു വിഭാഗങ്ങളെയാണ് എന്ന് കരുതുന്നവരുണ്ട്. മാറുന്ന ലോകക്രമം ലോകത്തിന് നല്‍കാന്‍ പോകുന്നത് അറ്റമില്ലാത്ത പുതിയ ദുരിതങ്ങളുടെ ചരിത്ര തനിയാവര്‍ത്തനങ്ങള്‍ മാത്രമായിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x