3 Saturday
December 2022
2022 December 3
1444 Joumada I 9

ഉക്രെയ്ന്‍: ഇരകള്‍ക്ക് നീതി വൈകരുത്

മാര്‍ക്ക് കെര്‍സ്റ്റണ്‍


റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ആക്കം കൂടിയ ശേഷം യുദ്ധക്കുറ്റങ്ങളും മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുകയാണ്. റിപോര്‍ട്ട് ചെയ്യപ്പെട്ട യുദ്ധക്കുറ്റങ്ങളുടെ എണ്ണം കഴിഞ്ഞ മെയ് മാസത്തില്‍ 14,000 ആയിരുന്നെങ്കില്‍ ജൂലൈ ആവുമ്പോഴേക്ക് അത് 23,000 ആയി വര്‍ധിച്ചു. എത്ര ആസൂത്രിതമാണ് കുറ്റകൃത്യങ്ങള്‍ എന്നതിലേക്കാണ് എണ്ണത്തിലെ ഈ വലിയ വര്‍ധനവ് വിരല്‍ ചൂണ്ടുന്നത്. അടുത്തുതന്നെ എണ്ണിക്കണക്കാക്കാവുന്നതിലുമപ്പുറം യുദ്ധക്കുറ്റങ്ങള്‍ വര്‍ധിക്കും; നീതി അന്യമായിപ്പോയ ഇരകളുടെ എണ്ണവും. ലോക മനഃസാക്ഷിയെ നടുക്കുന്ന യുദ്ധദൃശ്യങ്ങളാണ് ഉക്രെയ്ന്‍ അധിനിവേശം സമ്മാനിച്ചത്. ഉക്രെയ്ന്‍-റഷ്യ അതിര്‍ത്തി നഗരമായ ബുച്ചയിലെ തെരുവുകള്‍ അനാഥ ശവങ്ങള്‍ കൊണ്ട് നിറഞ്ഞത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. ഇത്തരം കാഴ്ചകള്‍ ഒരു പതിവായിപ്പോയതിനാലാവണം ലസ്യൂം ഗ്രാമത്തിലെ കൂട്ടക്കുഴിമാടങ്ങള്‍ നമ്മെ ഞെട്ടിക്കാതെ പോയത്. ഉക്രെയ്ന്‍ ജനത റഷ്യന്‍ പട്ടാളക്കാരെ തുരത്തിയോടിച്ചപ്പോഴും അധിനിവേശം ബാക്കിയാക്കിയത് ഉണങ്ങാത്ത മുറിവുകളാണ്. മാനുഷികതയും മാനവികതയുമൊക്കെ അന്യംനിന്നുപോയ കുറേ ദിവസങ്ങളെ കുറിച്ചുള്ള ഓര്‍മകളും. റഷ്യന്‍ പിന്മാറ്റത്തോടെ ഉക്രെയ്‌നും സഖ്യകക്ഷികളും അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള ഒരന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. 41 സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന മാനിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. അതിനു പുറമേ ചില രാജ്യങ്ങളും ഉക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു.
എന്നാല്‍ അതിനൂതനമായ കോടതി സംവിധാനങ്ങള്‍ പോലും ഇത്രയും അധികം കേസുകളെക്കുറിച്ചു പഠിക്കാന്‍ അപര്യാപ്തമായി വന്നു. ഈ സാഹചര്യത്തില്‍ വിദഗ്ധര്‍ ഉക്രെയ്‌നിലെ ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നഒരുസ്‌പെഷ്യല്‍ ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയാണുണ്ടായത്. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സാധാരണ കണ്ടുവരുന്ന വാചാേടാപങ്ങളില്ലാതെ കൃത്യമായി ഇടപെടുന്ന ഭരണകൂടമാണ് ഉക്രെയ്‌ന്റെ കരുത്ത്. ഇത്തരം കേസുകളിലേക്ക് നല്ല രൂപത്തിലുള്ള ഫണ്ടിങും ഭരണകൂടം ഉറപ്പാക്കുന്നുണ്ട്.
എങ്കിലും അന്വേഷണം തുടങ്ങി ഏഴു മാസം പിന്നിട്ടിട്ടും ഇരകളും അതിജീവിതരുമെല്ലാം ഇനിയും നീതി തേടി കാത്തിരിപ്പാണ്. അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ടുകള്‍ ഇനിയും പുറപ്പെടുവിച്ചിട്ടില്ല, സ്‌പെഷ്യലൈസ്ഡ് ഹൈബ്രിഡ് ട്രൈബ്യൂണലിന്റെ രൂപീകരണം ഇനിയും ബാക്കിയാണ്. താഴ്ന്ന റാങ്കിലുള്ള ഏതാനും മിലിട്ടറി ഉദ്യോഗസ്ഥരുടെ വിചാരണ മാത്രമാണ് യുദ്ധകേസുകളിലെ ഇതുവരെയുള്ള പുരോഗതി. സൂക്ഷ്മവും കാര്യക്ഷമവുമായ ഇടപെടലുകളുണ്ടെങ്കില്‍ മാത്രമേ അന്താരാഷ്ട്രതലത്തിലുള്ള അന്വേഷണങ്ങളും വിചാരണകളും വിജയത്തിലെത്തുകയുള്ളൂ. അതേസമയം എടുത്തുചാട്ടങ്ങളും ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെയുള്ള ഇടപെടലുകളും നീതി ഇനിയും അകന്നുപോകാന്‍ കാരണമാവും, വിശിഷ്യാ യുദ്ധം ഇനിയും തീര്‍ന്നിട്ടില്ലെന്നിരിക്കെ. പക്ഷപാതങ്ങളില്ലാത്ത കോടതികളും അസാമാന്യമായ നീതിബോധമുള്ള നീതിപാലകരുമാണ് ഈ സാഹചര്യത്തില്‍ നമുക്ക് ആവശ്യം.
അതേസമയം നീതി ലഭിക്കാതെപോയ ഒരുപാട് അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുടെ ഓര്‍മ നമ്മെ വേട്ടയാടുന്നുണ്ട്. 2009ല്‍ ഗിനിയയിലെ കോണ്‍ക്രി നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് 157 ആളുകളെ കൂട്ടക്കൊലക്കും 100ലധികം സ്ത്രീകളെ കൂട്ടബലാത്സംഗത്തിനും വിധേയമാക്കിയ കേസ് ഇതില്‍ പെട്ടതാണ്. ഈ സംഭവം നടന്ന് 13 വര്‍ഷത്തിനു ശേഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതി കേസ് അന്വേഷണം ആരംഭിച്ചത്. കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട പറഞ്ഞു പഴകിയ ഒരു മൊഴിയുണ്ട്: വൈകിയെത്തുന്നനീതി, നിഷേധിക്കപ്പെട്ട നീതിക്കു തുല്യമാണ്. എങ്കിലും ചില വൈകലുകള്‍ നീതി നടപ്പാക്കുന്നതിലേക്കാണ് നയിക്കുക. ആവശ്യമായ തെളിവുകള്‍ ശേഖരിച്ച നീതിപൂര്‍വമായ വിചാരണക്ക് സാഹചര്യമൊരുങ്ങുമ്പോള്‍ മാത്രമേ കോടതി വിചാരണ നടത്താവൂ.
ഉക്രെയ്‌ന്റെ സാഹചര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിന് ഭരണകൂടവും സഖ്യരാഷ്ട്രങ്ങളും ഇനിയും ഇടപെടേണ്ടതുണ്ട്. ഉക്രെയ്ന്‍ ജനതയും സര്‍വ പിന്തുണയുമായി രംഗത്തുണ്ട്. 34,000 കുറ്റകൃത്യങ്ങളുടെ കണക്കെടുക്കാന്‍ അവര്‍ക്കായെങ്കില്‍ കുറച്ചെണ്ണത്തിലെങ്കിലും നീതി ലഭ്യമാക്കുന്നതിനും ആ ജനത പ്രാപ്തരാണ്. ഈ ഏകപക്ഷീയമായ അധിനിവേശത്തിന്റെ ചിത്രം ലോകത്തിനു മുന്നിലേക്ക് തുറന്നുവെക്കേണ്ടത് മാധ്യമങ്ങളാണ്. അതും നീതിയിലേക്കുള്ള വഴി എളുപ്പമാക്കും.
ലെസ്യൂം നഗരത്തിലെ കൂട്ടക്കുഴിമാടങ്ങളില്‍ നിന്ന് ശവശരീരങ്ങള്‍ പുറത്തെടുത്ത അവസരത്തില്‍ ഉക്രെയ്ന്‍ ജനതയ്ക്ക് നീതി വാഗ്ദാനം ചെയ്ത് ഒരുപാട് നേതാക്കള്‍ മുന്നോട്ടുവന്നിരുന്നു. യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ച് ചെക്ക് വിദേശകാര്യ മന്ത്രി ജാന്‍ ലിപാവ്‌സ്‌കി ഇങ്ങനെ പറഞ്ഞു: ”യുദ്ധക്കുറ്റങ്ങളില്‍ നീതി ഉറപ്പാക്കുന്നതിന് ഞങ്ങള്‍ ഉക്രെയ്‌നൊപ്പമാണ്.” വാഗ്ദാനങ്ങള്‍ കഴിഞ്ഞ മാസങ്ങള്‍ പിന്നിട്ട്, കാര്യക്ഷമമായ വിചാരണയിലേക്കുള്ള പുരോഗതി ഇനിയും ആയിട്ടില്ല. അന്താരാഷ്ട്ര യുദ്ധകോടതിയോ സ്‌പെഷ്യല്‍ കോടതിയോ, ഇനി ഉക്രെയ്‌ന്റെ കോടതി സംവിധാനം തന്നെയോ ആവട്ടെ സാങ്കേതികത്വങ്ങളില്‍ കുരുങ്ങി സമയമിനിയും വൈകുമ്പോള്‍ നഷ്ടമാവുന്നത് നിരപരാധികളായ പൗരന്മാര്‍ക്ക് ലഭിക്കേണ്ട നീതിയാണ്.
വിവ. റാഫിദ് ചെറവന്നൂര്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x