25 Monday
March 2024
2024 March 25
1445 Ramadân 15

യു പിയിലെ രാഷ്ട്രീയ അടിയൊഴുക്കുകള്‍


തീവ്ര ഹിന്ദുത്വ വര്‍ഗീയവാദത്തില്‍, പ്രത്യേകിച്ച് സവര്‍ണാധിപത്യ ഹിന്ദുത്വത്തില്‍ കാലൂന്നി നിന്നുകൊണ്ടു മാത്രം ഇനിയൊരു തെരഞ്ഞൈടുപ്പ് ജയം അസാധ്യമാണെന്ന തിരിച്ചറിവിലാണ് ഉത്തര്‍പ്രദേശിലെ ബി ജെ പി നേതൃത്വം. മുന്‍ മന്ത്രിമാരും എം എല്‍ എമാരും അടക്കമുള്ളവര്‍ കൂട്ടത്തോടെ കൂടുമാറുമ്പോള്‍ ബി ജെ പിക്കും യോഗിക്കും മുന്നില്‍ രണ്ടാമൂഴം തല്‍ക്കാലം എളുപ്പമുള്ള ഉത്തരമല്ല. ഒരാഴ്ചക്കിടെ മൂന്നു മന്ത്രിമാരാണ് രാജിവെച്ചത്. 10 എം എല്‍ എമാരും. ബി ജെ പി സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലേക്കാണ് യു പി രാഷ്ട്രീയം ചലിക്കുന്നത്.
മറുപക്ഷത്ത് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ് വാദി പാര്‍ട്ടി മുമ്പെങ്ങുമില്ലാത്ത വിധം കരുത്താര്‍ജ്ജിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്ന അങ്കലാപ്പിലാണ് ബി ജെ പി നേതൃത്വം. യോഗി സര്‍ക്കാറില്‍ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയുടെ പടിയിറക്കത്തോടെയാണ് ഉത്തര്‍പ്രദേശ് ബി ജെ പിയില്‍ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയത്. പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള മറ്റൊരു മുതിര്‍ന്ന നേതാവും വനം പരിസ്ഥിതി വകുപ്പ് മന്ത്രിയുമായിരുന്ന ധാരാ സിങ് ചൗഹാന്റേതായിരുന്നു അടുത്ത ഊഴം. ഒടുവില്‍ ആയുഷ് വകുപ്പ് മന്ത്രി ധരം സിങ് സൈനിയും പടിയിറങ്ങി. ഇതില്‍ സ്വാമി പ്രസാദ് മൗര്യയും ധരംസിങ് സൈനിയും എസ് പി ക്യാമ്പില്‍ കുടിയേറി.
അഖിലേഷില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച ഇരുവരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റും ഉറപ്പിച്ചു കഴിഞ്ഞു. ധാരാ സിങ് ചൗഹാന്‍ എങ്ങോട്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല. പടിയിറങ്ങിയ ഏതാണ്ടെല്ലാ എം എല്‍ എമാരും എസ് പി ക്യാമ്പില്‍ കുടിയേറിക്കഴിഞ്ഞു. രാജിക്കു കാരണമായി പാര്‍ട്ടി വിട്ട നേതാക്കളെല്ലാം പറയുന്നത് ഒരേ കാരണങ്ങളാണ്. ദളിത്, പിന്നാക്ക വിഭാഗങ്ങളോടുള്ള ബി ജെ പിയുടെ അവഗണന. ചെറുകിട, ഇടത്തരം വ്യാപാരികളോടും സംരംഭകരോടും കാണിക്കുന്ന നിഷേധാത്മക നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പേയുള്ള മറുകണ്ടം ചാടലിനെ ന്യായീകരിക്കാനുള്ള ലൊടുക്കുവിദ്യയെന്ന് പറഞ്ഞ് തള്ളുമ്പോഴും കൂടുവിട്ട നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ബി ജെ പിയെ അലോസരപ്പെടുത്തുന്നുണ്ട്.
അടവുകള്‍ മാറ്റിപ്പയറ്റാനുള്ള ബി ജെ പി തീരുമാനം ഈ തന്ത്രത്തിന്റെ ഭാഗമാണ്. മൂന്നാമത്തെ മന്ത്രിയും രാജിവെച്ചതിനു പിന്നാലെ ദളിത് കുടുംബത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച യോഗി ആദിത്യനാഥ്, താനോ ബി ജെ പിയോ ദളിതര്‍ക്ക് എതിരല്ലെന്ന് പറയാതെ പറയാനാണ് ശ്രമിച്ചത്. ജാതി രാഷ്ട്രീയത്തിന് യു പിയില്‍ നേരത്തെ തന്നെ വലിയ പ്രസക്തിയുണ്ട്. എന്നാല്‍ ജാട്ടുകള്‍ അടക്കമുള്ള സമുദായങ്ങളെ കേന്ദ്രീകരിച്ചാണ് മിക്ക കക്ഷികളും നേരത്തെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ദളിതര്‍ സ്വത്വം തിരിച്ചറിയാന്‍ തുടങ്ങിയത് വലിയ വെല്ലുവിളി തന്നയാണ് ഉയര്‍ത്തുന്നത്. പ്രത്യേകിച്ച് ബി ജെ പിക്ക്.
യോഗി സര്‍ക്കാറില്‍ ദളിതര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ഭയം അവര്‍ക്കുണ്ട്. യു പിയിലെ മൊത്തം ജനസംഖ്യയുടെ 21 ശതമാനത്തിലധികം വരും എസ് സി വിഭാഗം. യു പി രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ഇവര്‍ നിര്‍ണായകമാണ്. ഒപ്പം 19 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ അടക്കം മറ്റു പിന്നാക്ക വിഭാഗങ്ങളും. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ അകലുന്നത് തിരിച്ചടിയാകുമെന്നാണ് ബി ജെ പിയുടെ പുതിയ കണക്കുകൂട്ടല്‍. അയോധ്യയില്‍ നിന്ന് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് യോഗി ആദിത്യനാഥ് പിന്മാറിയതും ഈ തിരിച്ചറിവിന്റെ പുറത്താണ്. രാമക്ഷേത്ര നിര്‍മാണം നേരത്തെ തന്നെ ബി ജെ പി തെരഞ്ഞെടുപ്പ് നേട്ടത്തിന് കരുതി വച്ചിരുന്നതാണ്. ഒപ്പം യോഗി അയോധ്യയില്‍ സ്ഥാനാര്‍ഥിയാകുക കൂടി ചെയ്യുന്നതോടെ തീവ്രഹിന്ദുത്വ വികാരം പരമാവധി കത്തിച്ചു വോട്ടാക്കി മാറ്റാമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ സ്വാമി പ്രസാദ് മൗര്യയടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടതോടെ ചിത്രം മാറി. അയോധ്യയില്‍ ന്യൂനപക്ഷ വോട്ടുബാങ്ക് നിര്‍ണായകമാണ്. അവര്‍ വിട്ടുനിന്നാല്‍ യോഗിക്ക് സ്വന്തം ജയം പോലും എളുപ്പമാകില്ല. മാത്രമല്ല, യോഗി അയോധ്യയില്‍ മത്സരിച്ചാല്‍ മുസ്്ലിം വിരുദ്ധ നീക്കമായി ചിത്രീകരിക്കപ്പെടും. സംസ്ഥാനത്തൊട്ടാകെ ന്യൂനപക്ഷ, പിന്നാക്ക വോട്ടുകള്‍ ബി ജെ പിയില്‍ നിന്ന് അകലാന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഇതാണ് അയോധ്യ വിട്ട് ഗൊരഖ്പൂരില്‍ നിലയുറപ്പിക്കാന്‍ യോഗിയെ പ്രേരിപ്പിച്ചത്. യു പിയും പഞ്ചാബും അടക്കമുള്ള അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് 2024 ലെ പൊതുതെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റൈസര്‍ എന്ന നിലയിലാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ ദേശീയ രാഷ്ട്രീയത്തിലും പതിവു സമവാക്യത്തില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ ബി ജെ പി നിര്‍ബന്ധിതമായേക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x