29 Friday
March 2024
2024 March 29
1445 Ramadân 19

സമയം വലിയ സമ്പാദ്യമാണ്‌

ഡോ. മന്‍സൂര്‍ ഒതായി


വേനലവധിക്ക് വിരുന്നുവന്ന കുട്ടികളെല്ലാം കൂടി തറവാട് മുറ്റത്ത് കളിച്ചു രസിക്കുകയാണ്. ഓടിക്കളിക്കുന്നതിനിടയില്‍ ആദില്‍ മുറ്റത്തെ മണ്ണില്‍ കമിഴ്ന്നു വീണു. അവന് നന്നായി വേദനിച്ചതിനാല്‍ ഉച്ചത്തില്‍ കരഞ്ഞു. കുട്ടികളെല്ലാം പെട്ടെന്ന് കളി നിര്‍ത്തി. കരച്ചിലിന്റെ ശബ്ദം കേട്ട് വല്യുമ്മ പുറത്തേക്ക് വന്നു. വേദനയും സങ്കടവും കൊണ്ട് കരയുന്ന ആദിലിന്റെ അരികിലെത്തി വല്യുമ്മ ഉടുപ്പിലെ പൊടിയെല്ലാം തട്ടിക്കൊടുത്തു. അവനെ ചേര്‍ത്തുനിര്‍ത്തി തലോടിക്കൊണ്ട് പറഞ്ഞു: സാരമില്ല മോനേ… സാരമില്ല.
‘സാരമില്ല’ എന്ന് പറയുന്നവര്‍ അത്ര സീരിയസായിട്ടല്ല അത് പറയുന്നതെങ്കില്‍ പോലും കേള്‍ക്കുന്നവര്‍ക്ക് അത് ആശ്വാസം തന്നെയാണ്. സങ്കടവും വിഷമവും ഉള്ള സന്ദര്‍ഭത്തില്‍ പ്രിയമുള്ളവരും അടുപ്പമുള്ളവരും മനസ്സ് തുറന്ന് സാരമില്ല എന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ അതൊരു കുളിര്‍മയാണ്. മറ്റുള്ളവരുടെ ശ്രദ്ധയും പരിഗണനയും കൊതിക്കുന്നവരാണ് പൊതുവെ മനുഷ്യര്‍. ചെറുതും വലുതുമായ ദുഃഖങ്ങളില്‍ സ്‌നേഹിക്കപ്പെടുന്നവര്‍ കൂടെയുണ്ടായാല്‍ സങ്കടങ്ങള്‍ കുറയും. അതാണ് സാരമില്ലായ്മയുടെ സാരം. ലളിതമായ വാക്കാണെങ്കിലും നിന്റെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു, നീ എനിക്ക് പ്രിയപ്പെട്ടവനാണ്, നിന്റെ കൂടെ ഞാനുമുണ്ട് തുടങ്ങിയ വികാരങ്ങളാണ് ഈ വാക്കിന്റെ പൊരുള്‍.
മനുഷ്യജീവിതം കൃത്യമായ ലക്ഷ്യവും പദ്ധതിയും ഉള്ളതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ബോധിപ്പിക്കുന്നു. ലക്ഷ്യത്തിലധിഷ്ഠിതമായി കര്‍മങ്ങളാല്‍ ജീവിതം ധന്യമാക്കാന്‍ ഇസ്്‌ലാം മനുഷ്യനെ പ്രചോദിപ്പിക്കുന്നു. ”തീര്‍ച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരില്‍ ആരാണ് ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാന്‍ വേണ്ടി.” (വി.ഖു 18:7)
മനുഷ്യനെന്നല്ല, ഈ പ്രകൃതിയിലെ സകലമാന ജീവികളും അധ്വാനിക്കുന്നവരാണ്. മനുഷ്യ പ്രകൃതിയുടെ ഭാഗമാണ് അധ്വാനവും പരിശ്രമവും. യാതൊരു ജോലിയോ പ്രവര്‍ത്തനമോ ഇല്ലാതെ അലസരായി കഴിയുന്നവരിലാണ് അമിതമായ ഉത്കണ്ഠയും നിരാശയും കാണപ്പെടുന്നതെന്ന് മനശ്ശാസ്ത്രപഠനങ്ങള്‍ സൂചന നല്‍കുന്നു. വിവിധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവര്‍ക്ക് സന്തോഷവും സൗഭാഗ്യവും ലഭിക്കുകയും ചെയ്യും. ഇസ്്‌ലാം അധ്വാനിക്കാനും പരിശ്രമിക്കാനും സല്‍ക്കര്‍മങ്ങളില്‍ മുഴുകാനും ഏറെ പ്രാധാന്യം നല്‍കിയ മതമാണ്. ഒരു സത്യവിശ്വാസിക്ക് വെറുതെ ഇരിക്കുന്ന സ്വഭാവമുണ്ടാവില്ല. ”ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അധ്വാനിക്കുക.” (വി.ഖു 94:7)
സ്വന്തം കരങ്ങളാല്‍ അധ്വാനിച്ച് ജീവിച്ച മാതൃകയാണ് മുഴുവന്‍ പ്രവാചകന്മാരുടേതും. ആടുകളെ മേച്ചും കച്ചവടങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിവിധങ്ങളായ തൊഴിലില്‍ ഏര്‍പ്പെട്ടു മുഹമ്മദ് നബി(സ). അധ്വാനത്തിന്റെ മഹത്വവും ആനന്ദവും ശിഷ്യരെ അദ്ദേഹം ബോധ്യപ്പെടുത്തി. യാചനയും അലസതയും റസൂല്‍(സ) നിരുത്സാഹപ്പെടുത്തി. ജീവിതത്തിലെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണെന്ന് കര്‍മങ്ങളിലൂടെ അദ്ദേഹം കാണിച്ചു.
സമയം വലിയ സമ്പാദ്യമാണെന്ന് ഓര്‍മപ്പെടുത്തിയ പ്രവാചകന്‍ ജനങ്ങളില്‍ അധികപേരും അക്കാര്യത്തില്‍ അശ്രദ്ധരാണെന്ന് ബോധ്യപ്പെടുത്തി. ആരോഗ്യവും ആയുസ്സുമുള്ള സന്ദര്‍ഭത്തില്‍ കര്‍മങ്ങളില്‍ മുന്നേറാന്‍ സ്‌നേഹറസൂല്‍ നിരന്തരം പ്രചോദനം നല്‍കി.
ദൈവത്തിന്റെ വലിയ അനുഗ്രഹമായ സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുമ്പോള്‍ നിഷേധാത്മക ചിന്തകള്‍ വഴിമാറും. പുതിയ ആശയങ്ങളും അനുഭവങ്ങളും ലഭിക്കുകയും ജീവിതത്തില്‍ സംതൃപ്തി ലഭിക്കുകയും ചെയ്യും. തീര്‍ച്ച.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x