ത്യാഗസ്മരണയിലൂടെ പുതുവര്‍ഷത്തിലേക്ക്
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
താങ്കളെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി സത്യനിഷേധികള്‍ തന്ത്രമാവിഷ്‌കരിച്ച സന്ദര്‍ഭം. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവാണ് തന്ത്രമാവിഷ്‌കരിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍. (അന്‍ഫാല്‍ 30)
ബലിപെരുന്നാള്‍ നല്‍കിയ ത്യാഗചിന്തകളുടെ വീര്യം മായുന്നതിന് മുമ്പ് മറ്റൊരു ത്യാഗചരിത്രം നമ്മുടെ മനസ്സില്‍ നിറയുകയാണ്. മുഹമ്മദ് നബി(സ)യുടെ മദീനയിലേക്കുള്ള ഹിജ്‌റ. ആദര്‍ശ സംരക്ഷണത്തിനും ദീന്‍ പ്രചാരണത്തിനും വേണ്ടി നബിയും അനുചരന്‍മാരും നടത്തിയ സമാനതകളില്ലാത്ത ത്യാഗയാത്രയായിരുന്നു അത്. 1443 വര്‍ഷം മുമ്പ് കഴിഞ്ഞ ഹിജ്‌റ പുനര്‍വായന നടത്തുമ്പോഴെല്ലാം മനസ്സ് വിശ്വാസ ദീപ്തമാകുന്നത് അതുകൊണ്ടാണ്. ഹിജ്‌റയുടെ കഥാവിഷ്‌കാരം നല്‍കുന്നത് ഹൃദയസ്പര്‍ശിയായ അനുഭവങ്ങളാണ്.
ഇസ്ലാമിന്റെ വളര്‍ച്ചയുടെ മൂന്ന് ഘട്ടങ്ങള്‍ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ശാരീരിക പീഡനമായിരുന്നു നബിയും ശിഷ്യരും നേരിട്ട ആദ്യ പരീക്ഷണം. അതിലൂടെ അവരെ മതത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയില്ല എന്ന് വന്നപ്പോള്‍ മാനസിക പീഡനങ്ങളായി. പരിഹാസങ്ങളും കുത്തുവാക്കുകളും ഒട്ടും അവരെ തളര്‍ത്തിയില്ല. മറുഭാഗത്ത് വിശ്വാസികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. നാട്ടില്‍ നിന്നുള്ള ബഹിഷ്‌കരണമായിരുന്നു മൂന്നാമത്തേത്. ആദര്‍ശത്തിന് കൂടുതല്‍ അംഗീകാരം ലഭിച്ച ഈ സന്ദര്‍ഭത്തെയാണ് ഹിജ്‌റ അടയാളപ്പെടുത്തുന്നത്. അതിജീവനത്തിന്റെ വിജയമായിരുന്നു അത്.
നബി(സ)ക്ക് മതപ്രബോധന രംഗത്ത് ശക്തമായ പ്രതിരോധം തീര്‍ത്ത വ്യക്തിയായിരുന്നു പിതൃവ്യന്‍ അബൂ ത്വാലിബ്. പ്രിയ പത്‌നി ഖദീജയും(റ) അദ്ദേഹത്തിന് വലിയ അത്താണിയായിരുന്നു. രണ്ടുപേരും മരിക്കുന്നത് നബിയുടെ 53-ാം വയസ്സിലാണ്. എല്ലാ ആശ്രയ സഹായങ്ങളും നഷ്ടപ്പെട്ട അനിശ്ചിതത്വം ശത്രുക്കള്‍ മുതലെടുക്കുകയായിരുന്നു. മൂന്ന് കാര്യങ്ങളായിരുന്നു ഇസ്ലാമിന്റെ ഉന്‍മൂലനത്തിന് അവര്‍ കണ്ടത്. നബിയെ വധിക്കുകയോ മക്കയില്‍ തന്നെ ബന്ധനസ്ഥനാക്കുകയോ നാടു കടത്തുകയോ ചെയ്യുക. എന്നാല്‍ അവരുടെ ഗൂഢതന്ത്രങ്ങളെ അതിജീവിച്ച് മദീനയില്‍ എത്തിയത് അല്ലാഹുവിന്റെ നിശ്ചയപ്രകാരമായിരുന്നു. ഖുര്‍ആന്‍ 9:40 ല്‍ അത് വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിനു വേണ്ടി പ്രിയപ്പെട്ടതെല്ലാം ത്യജിക്കുന്നവര്‍ക്കു മുമ്പില്‍ ആശ്വാസത്തിന്റെയും വിജയത്തിന്റേയും കവാടങ്ങള്‍ അവന്‍ തുറന്നുവെക്കുമെന്നതാണ് ഹിജ്‌റ നല്‍കുന്ന പാഠം.
വര്‍ഷം കണക്കാക്കാനുള്ള മാനദണ്ഡം എന്തായിരിക്കണം എന്ന ചര്‍ച്ചയില്‍ പല നിര്‍ദേശങ്ങളും മുതിര്‍ന്ന സ്വഹാബിമാര്‍ മുന്നോട്ട് വെച്ചു. അതില്‍ ഉമര്‍(റ) സ്വീകരിച്ചത് ഹിജ്‌റയായിരുന്നു. ‘ഹിജ്‌റ സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ചു. അതിനാല്‍ അത് അടിസ്ഥാനപ്പെടുത്തി തിയ്യതി കണക്കാക്കുക’ (ഹാകിം) എന്ന് അദ്ദേഹം പറഞ്ഞു. ദശലക്ഷങ്ങള്‍ മക്ക- മദീനക്കിടയില്‍ എല്ലാ വര്‍ഷവും യാത്ര ചെയ്യുന്നു. എന്നാല്‍ അവയൊന്നും ഹിജ്‌റയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്നില്ല.
‘അല്ലാഹുവിന്റെ വിലക്കുകള്‍ സൂക്ഷിച്ച് ജീവിക്കുന്നവനാണ് മുഹാജിര്‍’ (അഹ്മദ്) എന്ന നബിവചനം ഇവിടെ ശ്രദ്ധേയമാണ്. മദീനയിലേക്ക് ഹിജ്‌റ പോയവര്‍ക്കാണ് സാങ്കേതികമായി മുഹാജിര്‍ എന്ന് പറയുന്നത്. അവരുടെ ഭക്തിയും അര്‍പ്പണ മനോഭാവവും നിലനിര്‍ത്തുക എന്നതിലാണ് ഹിജ്‌റ നമ്മുടെയും ഹൃദയത്തുടിപ്പായി മാറുന്നത്. ധര്‍മധന്യമായ മനസ്സും തിന്മരഹിത ജീവിതവുമാണ് നമ്മുടെ ആദര്‍ശത്തെ എവിടെയും അടയാളപ്പെടുത്തേണ്ടത്.