28 Thursday
March 2024
2024 March 28
1445 Ramadân 18

വീണ്ടും താലിബാന്‍ അധികാരത്തിലേക്ക്‌

ഡോ. ടി കെ ജാബിര്‍


താലിബാന്‍ വീണ്ടും അഫ്ഗാനിസ്താനില്‍ അധികാരത്തിലേക്ക് വരുന്നു എന്ന വാര്‍ത്തയാണ് രണ്ടാഴ്ചയായി ജനാധിപത്യ വിശ്വാസികളെ ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്നത്. താലിബാനെ കുറിച്ച് സംവദിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും കേരള മുസ്ലിംകളുടെ ഇടയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതില്‍ ഒന്നാമത്തേത്, സംഘപരിവാര്‍ സ്വഭാവമുള്ള, കേരളത്തില്‍ യുക്തിവാദികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ടാക്കിയെടുക്കുന്ന അപര സമൂഹ വിദ്വേഷമാണ്. അതായത് അഫ്ഗാനിസ്താനില്‍ താലിബാന്‍ മത ഭീകരത അടിച്ചേല്പിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് കേരളത്തിലെ മുസ്‌ലിംകള്‍ മറുപടി പറയുകയോ മാപ്പ് പറയുകയോ ചെയ്യേണ്ടതുണ്ട് എന്നുള്ളവര്‍. രണ്ടാമത്തെ വിഭാഗം, ഫലസ്തീനില്‍ ഇസ്‌റാഈല്‍ അതിക്രമം നടത്തുമ്പോള്‍ അപലപിക്കുകയും അഫ്ഗാനിസ്താനില്‍ കുഞ്ഞുങ്ങളെയും സ്ത്രീകളെയും അക്രമിക്കുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്യുമ്പോള്‍ നിശബ്ദത പാലിക്കുകയും ചെയ്യുന്നവര്‍. ഈ രണ്ടു നിലപാടുകളും നീതിബോധത്തില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.
അമേരിക്കയും 9/11 ആക്രമണങ്ങളും
2001 സപ്തംബര്‍ 11 ആക്രമണത്തെ തുടര്‍ന്നാണ് അഫ്ഗാനില്‍ അധിനിവേശം നടത്താന്‍ അമേരിക്ക പദ്ധതിയിട്ടത്. അതേസമയം അമേരിക്ക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്ന ഉസാമ ബിന്‍ലാദിന്‍ അഫ്ഗാനില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു എന്നത് കൂടി ഓര്‍ത്തിരിക്കേണ്ടതാണ്.
അമേരിക്കയിലെ ആക്രമണങ്ങള്‍ക്ക് ഉത്തരവാദി ഉസാമാ ബിന്‍ലാദിനും സംഘവും ആയിരുന്നു എന്നാരോപിച്ചാണ് അഫ്ഗാനില്‍ അധിനിവേശം നടക്കുന്നത്. അമേരിക്കയിലെ അതിക്രമങ്ങള്‍ അമേരിക്ക സ്വയം സംഘടിപ്പിച്ചതാകാനുള്ള സാധ്യത വളരെയധികമാണ്. ഇതുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. അഫ്ഗാനില്‍ നിന്നോ അറബ് നാട്ടില്‍ നിന്നോ ഉള്ള ഒരു കൂട്ടം യുവാക്കള്‍ കേവലം വിമാനം ഇടിച്ചുകയറ്റി നശിപ്പിക്കാന്‍ മാത്രം ദുര്‍ബലമായ ഒന്നല്ല അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങള്‍.
അറബ് യുവാക്കളുടെ പങ്കാളിത്തം ഉണ്ടായെങ്കില്‍ അതില്‍ നൂറു ശതമാനവും അമേരിക്കയുടെ അകത്തു നിന്നുള്ള ഇടപെടലും സഹായവും ഉണ്ടായിട്ടുണ്ട് എന്നത് ഉറപ്പാണ്. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍ അത്രത്തോളം ആധുനികവത്കരിക്കപ്പെട്ട സാങ്കേതിക വിദ്യകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ്. അമേരിക്കയിലെ ആക്രമണങ്ങള്‍ക്ക് പങ്കാളിയായ അറബ് യുവാക്കള്‍ കേവലം ആക്രമണ ഉപകരണങ്ങള്‍ മാത്രമായിരുന്നു എന്ന് വിശ്വസിക്കുന്നതാണ് ലോക രാഷ്ട്രീയത്തില്‍ അടിസ്ഥാന അറിവുള്ള ഏതൊരുവനും ചെയ്യുന്നത്. എന്തായാലും സപ്തംബര്‍ 11-ന് മുമ്പ് തന്നെ അമേരിക്ക ബിന്‍ലാദിനെ പിടികൂടി വിചാരണ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു എന്നത് മറ്റൊരു സത്യം.
ഈ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ എങ്ങനെ താലിബാന്‍ ഉണ്ടായി എന്ന ചരിത്രം കൂടി പരിശോധിക്കേണ്ടതുണ്ട്. 1945-ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. ജേതാക്കളായ അമേരിക്കയും സോവിയറ്റ് യൂണിയനും ബ്രിട്ടനും ഉള്‍പ്പെട്ട വന്‍ശക്തി രാഷ്ട്രങ്ങളിലെ പ്രബലരായ അമേരിക്കയും സോവിയറ്റ് യൂണിയനും രണ്ടു ആധിപത്യ ശക്തികളായി മാറി. 1945-നു ശേഷം നിരവധി തവണ ഇവര്‍ ശീത യുദ്ധത്തിലായിരുന്നു. ലോകത്തെ എല്ലാ രാഷ്ട്രങ്ങളെയും അവര്‍ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവരാന്‍ മത്സരിച്ചു. അമേരിക്ക നേതൃത്വം നല്‍കുന്നത് മുതലാളിത്ത ചേരി ആയിരുന്നെങ്കില്‍ സോവിയറ്റ് യൂണിയന്‍ സോഷ്യലിസ്റ്റ് ചേരി നയിക്കുന്നു എന്ന് അറിയപ്പെട്ടു. സോഷ്യലിസ്റ്റ് ചേരി വികസനത്തിന്റെ ഭാഗമായി അഫ്ഗാനെ സോവിയറ്റ് യൂണിയന്‍ അധിനിവേശം നടത്തി കയ്യടക്കുകയുണ്ടായി.
തങ്ങളുടെ ഈ മേഖലയിലെ രാഷ്ട്രീയത്തിന് മുഴുവന്‍ ഭീഷണിയാണ് സോവിറ്റ് യൂണിയന്റെ അഫ്ഗാന്‍ അധിനിവേശമെന്ന് മനസ്സിലാക്കിയ അമേരിക്ക അഫ്ഗാന്റെ അയല്‍രാജ്യമായ പാകിസ്താനുമായി അടുത്തു. തുടര്‍ന്ന് ആധുനികപൂര്‍വ ഇസ്ലാമിന്റെ അടിസ്ഥാന രാഷ്ട്രീയ സിദ്ധാന്തമായ ‘ജിഹാദ്’ പാക് മദ്‌റസകളിലെ പാഠ്യവിഷയമാക്കി. ഇതിലൂടെ വിദ്യാര്‍ഥികളെ അവിശ്വാസികളായ കമ്യൂണിസ്റ്റുകാര്‍ എന്ന ശത്രുക്കളെ ചൂണ്ടിക്കാണിച്ച് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ചു. ഇതിലൂടെ ഉണ്ടാക്കിയെടുത്ത പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു സഊദി അറബ് വംശജനായ ബിന്‍ലാദിന്‍. അന്നത്തെ ആ അഫ്ഗാന്‍ ജിഹാദിനെ ആളും അര്‍ഥവും നല്‍കി പിന്തുണച്ചത് അമേരിക്കയായിരുന്നു എന്നത് വലിയ രാഷ്ട്രീയ തമാശയായി തോന്നാം.
താലിബാന്‍ യഥാര്‍ഥ ഇസ്ലാം ആണോ?
താലിബാന്‍ എന്ന പ്രസ്ഥാനം കേവലം ഒരു കൂട്ടം മദ്‌റസാ വിദ്യാര്‍ഥികളുടെ ബുദ്ധിയില്‍ നിന്ന് ഉണ്ടായതല്ല. അതിന് ആളും അര്‍ഥവും ലഭിക്കുന്നത് പശ്ചാത്യ ലോകത്ത് നിന്നാണ്. അവരുടെ ആയുധങ്ങള്‍ ഒന്നുകില്‍ ചൈനയുടെയോ അല്ലെങ്കില്‍ റഷ്യയുടെയോ മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയോ ആണ്. അവര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഏറ്റവും ആധുനികമായതാണ് എന്നത് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചിലരെങ്കിലും താലിബാന്‍ യഥാര്‍ഥ ഇസ്ലാമിന്റെ ആളുകളാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇസ്ലാമിനെ സംബന്ധിച്ച ആഴത്തിലുള്ള അറിവില്ലായ്മയില്‍ നിന്നും കേവലമായ അക്ഷര വായനയില്‍ നിന്നും ആധുനിക ലോകത്തെ സാമൂഹിക പരിവര്‍ത്തനം മനസ്സിലാകാത്ത ആളുകളായിരിക്കും താലിബാനെ പിന്തുണയ്ക്കുന്നത്. താലിബാന്റെ പേരില്‍ മുസ്ലിം സമുദായത്തെ ആക്രമിക്കുന്നവരുണ്ട്. താലിബാന്റെ രൂപീകരണത്തിനു പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട് എന്ന വസ്തുത മറക്കുന്നവരാണവര്‍. ബിന്‍ലാദിന്‍ കേവലം മദ്‌റസ പഠിതാവ് മാത്രമല്ല, എന്‍ജിനീയറിങ് ബിരുദധാരി ആയിരുന്നു. അതായത് ആധുനിക സാങ്കേതികവിദ്യയുടെ പ്രവര്‍ത്തനരീതിയും അറിവിന്റെ കേന്ദ്രത്തെ കുറിച്ചു ജ്ഞാനവുമുള്ള ആളു തന്നെയാണ്. പക്ഷേ ഇവിടെ തെറ്റ് സംഭവിക്കുന്നത് മതത്തെ കാലാനുസൃതമായി മനസ്സിലാക്കാനുള്ള ഭൗതികമായ ശേഷിയും അതിനുള്ള പരിശ്രമങ്ങള്‍ ഇല്ലാത്തതും തന്നെയാണ്.
ആധുനിക സാമൂഹ്യ ജീവിതത്തിലെ അനിവാര്യ ഘടകങ്ങളെ കുറിച്ച് താലിബാന് യാതൊരു അറിവുമില്ല. ഗോത്രീയത ശക്തമായ അഫ്ഗാനില്‍, അതിനൊപ്പം അക്ഷര വായനയുടെ ഇസ്ലാമിക വീക്ഷണങ്ങളും കൂടിചേര്‍ന്നാല്‍ താലിബാന്‍ എന്ന ആശയം രൂപം കൊള്ളുന്നു. ഇത് അഫ്ഗാനില്‍ മാത്രമല്ല എവിടെയും രൂപം പ്രാപിക്കാം. മത സാമൂഹ്യ ചിന്ത കേവല യാന്ത്രികമായ ചിന്താധാരയിലൂടെ സഞ്ചരിക്കുമ്പോഴാണിത് സംഭവിക്കുക. മനുഷ്യന്റെ യുക്തിബോധത്തെ ഉണര്‍ത്തി വസ്തുതകളെ വിലയിരുത്തുക എന്നതാണ് താലിബാന്‍ ഉണ്ടാകാതെയിരിക്കാന്‍ വേണ്ടത്. അതിനര്‍ഥം ഉടനെ മതരഹിതമാകുക എന്ന് വ്യാഖ്യാനം നല്‍കി തെറ്റിദ്ധരിപ്പിക്കുന്നവര്‍ ഉണ്ടാകാം. മതം, സമൂഹം, ശാസ്ത്രം, രാഷ്ട്രീയം എന്നിവ ഔചിത്യത്തോടെ മനസ്സിലാകാത്തത് കൊണ്ട് സംഭവിക്കുന്നതാണത്.

മതപരിഷ്‌കരണം എന്ന പരിഹാരമാര്‍ഗമാണിവിടെ പോംവഴി. അഥവാ മതപ്രമാണങ്ങളെ കാലത്തിനനുസൃതമായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എഴുതപ്പെട്ടതൊന്നും പുതുതായി വ്യാഖ്യാനിച്ചുകൂടാ എന്ന് പിടിവാശിയുള്ളവര്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പാഠത്തിന്റേയും (text) പരിസരത്തിന്റെയും (context) വൈരുധ്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ബൗദ്ധികമായ തിരിച്ചറിവാണ് താലിബാന് ഇല്ലാത്തത്. അതില്ലാത്തിടത്ത് ഇനിയും താലിബാന്‍/ മതഭീകര സംഘങ്ങള്‍ ഉണ്ടാകാം.
സ്ത്രീകളെ പൂര്‍ണമായി മറയ്ക്കുന്നതോ മുഖം മൂടുന്നതോ ആയ വസ്ത്രം (ബുര്‍ഖ) ഇസ്ലാമിക പാരമ്പര്യമല്ലെന്ന് വക്കം മൗലവിയെ പോലുള്ള പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. താലിബാന്‍ സ്ത്രീകള്‍ക്ക് അടിച്ചേല്‍പ്പിക്കുന്ന വസ്ത്രം ആ നാട്ടിലെ പുരാതന ഗോത്രരീതിയാണ്. സ്ത്രീകളെ ആ രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അകറ്റി, മുഖ്യധാരയില്‍ നിന്ന് പുറത്ത് നിര്‍ത്തുന്ന സംസ്‌ക്കാരം ഈ കേരളത്തില്‍ പോലും ഗോത്രസമൂഹത്തിന്റെ ആചാരമാണ് എന്നത് വസ്തുതയാണ്. ആ സംസ്‌ക്കാരം പക്ഷെ ഇസ്ലാമിന് യോജിച്ചതല്ല എന്ന് ഉറപ്പാണ്.
പശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള രാഷ്ട്രീയ ഇടപെടലുകളിലെ ചതിക്കുഴികളെക്കുറിച്ച് അവബോധം ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനമാണ്. അതില്ലാതെ നിഷ്‌കളങ്കമായി രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ ചതിക്കുഴിയില്‍ പെടുമെന്ന് ചരിത്രത്തില്‍ നിന്ന് മുസ്‌ലിംലോകം പഠിക്കേണ്ടതാണ്. അമേരിക്ക വിയറ്റ്‌നാമിലും ദീര്‍ഘകാലം യുദ്ധം ചെയ്തു പരാജയപ്പെട്ട ശേഷമാണ് അഫ്ഗാനിസ്താനില്‍ സോവിയറ്റ് യൂണിയനെതിരെ ഉസമ ബിന്‍ലാദിനെ സംഘടിപ്പിക്കുന്നത്. ഇറാഖിലും സംഭവിച്ചത് അതായിരുന്നു. സദ്ദാം ഹുസൈനെ ഒരിക്കല്‍ കൂടെനിര്‍ത്തിയശേഷം പിന്നീട് അതേ അമേരിക്ക അദ്ദേഹത്തെ ഉന്മൂലനം ചെയ്യുകയായിരുന്നു.
ഇവിടെ സംഭവിക്കുന്ന ഒരു പ്രധാന വിഷയം, ഇസ്ലാമിക വിജ്ഞാനലോകം ലോകരാഷ്ട്രീയത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടത്തി ആധുനിക രാഷ്ട്രീയത്തിന്റെ ഗതികള്‍ മനസ്സിലാക്കാന്‍ പരിശ്രമിക്കുക എന്നതാണ്. അമേരിക്കയുമായി ചേരുന്ന സഖ്യങ്ങളുടെ അനന്തരഫലം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. സോവിയറ്റ് യൂണിയനെതിരെ ജിഹാദ് ചെയ്യാനായി അഫ്ഗാനില്‍ എത്തിയ ബിന്‍ലാദിന്‍ ഒടുവില്‍ ലോകം കണ്ട ഏറ്റവും വലിയ ഭീകരനെന്ന മുദ്ര ചാര്‍ത്തപ്പെട്ടാണ് ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായത്. അമേരിക്കയുടെ സൃഷ്ടിയായിരുന്നു ഈ ജിഹാദികള്‍ എന്നും ബിന്‍ലാദിന്‍ എന്നും ഇന്നത്തെ യുക്തിവാദികളും പത്രമാധ്യമങ്ങളും താലിബാന്‍ വിമര്‍ശകരും വിസ്മരിക്കുന്നു.
അമേരിക്കയുടെ
രാഷ്ട്രീയ പരാജയം

അഫ്ഗാനെ സൈനികശക്തി കൊണ്ട് കീഴടക്കി ദീര്‍ഘകാലം ഭരിക്കാമെന്നത് കൊളോണിയല്‍ ശക്തികള്‍ക്ക് അസാധ്യമായ ഒന്നാണ് എന്ന് അമേരിക്കയുടെ പരാജയത്തോടെ ഉള്ള പിന്മാറ്റം കൊണ്ട് വീണ്ടും തെളിയിക്കുകയാണ്. 1979 മുതല്‍ 1989 വരെയുള്ള പത്തുവര്‍ഷം കൊണ്ട് എന്താണ് അഫ്ഗാനിസ്താന്‍ എന്ന് സോവിയറ്റ് യൂണിയന്‍ തിരിച്ചറിയുകയും തോറ്റു പിന്മാറുകയും ചെയ്തു. 20 വര്‍ഷമെടുത്തു കൊണ്ട് മാത്രമാണ് അമേരിക്കക്ക് ആ തിരിച്ചറിവുണ്ടായത്. അഫ്ഗാനിസ്താന്‍ ‘കൊളോണിയല്‍ ശക്തികളുടെ ശവപ്പറമ്പ്’ ആയിരിക്കുന്നു എന്നത് ഒന്നുകൂടി ചരിത്രത്തില്‍ രേഖപ്പെടുത്തുകയാണ് അമേരിക്കയുടെ പൂര്‍ണ്ണ പരാജയത്തിലൂടെയും അഫ്ഗാനില്‍ നിന്നുള്ള ‘രാത്രിയിലുള്ള ഒളിച്ചോട്ടത്തിലൂടെയും’. ‘ഒളിച്ചോട്ടം’ എന്ന് വെറുതെ പറഞ്ഞതല്ല, വിട്ടു പോകുന്നത് അഫ്ഗാനിസ്താന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയായിരുന്നു എന്ന് റിപ്പോര്‍ട്ട് ഉണ്ട്.
പശ്ചാത്യശക്തികളുടെ പൂര്‍വ ദേശങ്ങളിലുള്ള ഇടപെടലുകളില്‍ ആത്യന്തികമായി പരാജയമാണ് എന്നതിന് ക്ലാസിക്കല്‍ ഉദാഹരണമാണ് അമേരിക്കയുടെ 20 വര്‍ഷത്തെ ദൗത്യം പരാജയപ്പെടുന്നതിലൂടെ തെളിയുന്നത് എന്ന് യിവണ്‍ റിഡലി എന്ന മുന്‍ താലിബാന്‍ തടവുകാരിയായ ബ്രിട്ടീഷ് എഴുത്തുകാരി പറയുന്നു. മിഡിലീസ്റ്റ് മോണിറ്റര്‍ എന്ന വെബ്‌സൈറ്റില്‍ പശ്ചാത്യരുടെ ഇടപെടലുകള്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ് റിഡലി ‘The Taliban is steering the ‘graveyard of empires’ towards a new era’ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍.
ഏറ്റവും കുപ്രസിദ്ധമായ ഒരു പ്രഖ്യാപനത്തിലൂടെയാണ് 2001-ല്‍ അമേരിക്കന്‍ പ്രസിഡണ്ട് അഫ്ഗാനില്‍ അധിനിവേശം നടത്താന്‍ തീരുമാനിച്ചത്. ‘എല്ലാ രാഷ്ട്രങ്ങളും എല്ലാ ദേശങ്ങളും ഇപ്പോള്‍ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക. അല്ലെങ്കില്‍ നിങ്ങള്‍ ഭീകരര്‍ക്കൊപ്പമാണ്.” ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ അത്രത്തോളമായിരുന്നു ഏക ധ്രുവ രാഷ്ട്രീയ ആധിപത്യത്തിന്റെ ശക്തി. ഇന്ന് അമേരിക്ക ആധിപത്യത്തില്‍ ദുര്‍ബലമായിരിക്കുന്നു. അതേസമയം ചൈന പദവിയിലേക്ക് എത്തിയിരിക്കുന്നു. ഇന്ന് അഫ്ഗാനില്‍ താലിബാന് എല്ലാവിധ പിന്തുണയും നല്‍കുവാന്‍ ചൈനയും റഷ്യയും ഉണ്ട്. അതും മറ്റൊരു വിരോധാഭാസമാണ്.
കേരളത്തിലെ യുക്തിവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ കേരളത്തിലെ മുസ്ലിംകളുടെ മേല്‍ ഉറഞ്ഞു തുള്ളുന്നത് കുറേ കാലമായി. ഇസ്‌റാഈലിന്റെ ഫലസ്തീന്‍ ആക്രമണത്തില്‍ ഇസ്‌റാഈലിന് പിന്തുണ കൊടുത്ത അവര്‍ കേരള മുസ്ലിംകളെ വിചാരണ ചെയ്യാന്‍ ഈ സന്ദര്‍ഭവും വിനിയോഗിക്കുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് -മതരഹിത- സെക്യുലര്‍ രാഷ്ട്രമായ ചൈനയും റഷ്യയുമാണ് മതതീവ്രവാദ സംഘമായ താലിബാനെ ഇപ്പോള്‍ പിന്തുണച്ചു കൊണ്ടിരിക്കുന്നത്. ഇതൊക്കെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയുന്നത് യഥാര്‍ഥ മനുഷ്യത്വത്തെ കണ്ടെത്തുവാന്‍ നമ്മെ പ്രേരിപ്പിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x