29 Friday
March 2024
2024 March 29
1445 Ramadân 19

ടെക്‌നോളജി തെറ്റായ മതബോധനത്തിന് കാരണമാകരുത്‌

മുസ്തഫ നിലമ്പൂര്‍


ഓരോ വിശ്വാസിയും തന്റെ ദൈനംദിന ജീവിതത്തില്‍ എന്തു ചെയ്യണമെന്നും ആരാധനകളും അനുഷ്ഠാനങ്ങളും ഇടപെടലുകളും എങ്ങനെയായിരിക്കണമെന്നും ഇസ്‌ലാം കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആദര്‍ശവും ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രമാണബദ്ധമാണ്, പുരോഹിത പ്രധാനമല്ല. മുഹമ്മദ് നബി(സ) മുഖേന അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ ഒന്നാം പ്രമാണമാണ്. ലോകാന്ത്യം വരെ നിലനില്‍ക്കുന്ന ഗ്രന്ഥമാണത്. രണ്ടാം പ്രമാണമായ പ്രവാചകന്റെ ജീവിതചര്യയാണ് ലോകാവസാനം വരെ മനുഷ്യര്‍ക്ക് മാതൃക. അവ രണ്ടും മുറുകെപ്പിടിച്ചാല്‍ സത്യദീനില്‍ നിന്ന് വ്യതിയാനം സംഭവിക്കുകയില്ല. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ പുരോഹിതരോ പൂജാരികളോ ഇല്ല.
മുസ്‌ലിമെന്നത് ഒരു ജാതിയുടെയോ വര്‍ഗത്തിന്റെയോ പേരല്ല. ജന്മം കൊണ്ട് മാത്രം ഒരാളും മുസ്‌ലിമാവുകയുമില്ല. പുണ്യ-പാപങ്ങള്‍ക്കും രക്ഷ-മോക്ഷങ്ങള്‍ക്കും ജന്മമോ കുലമോ കാലദേശങ്ങളോ നിദാനമല്ല. നിഷ്‌കളങ്കമായ വിശ്വാസകര്‍മങ്ങളാണ് അതിന്റെ മാനദണ്ഡം. ഇസ്‌ലാമിന്റെ വിധികള്‍ സാര്‍വകാലികവും പ്രായോഗികവും എളുപ്പമുള്ളതുമായിരിക്കും. സത്യത്തോടും നീതിയോടും പ്രകൃതിയോടും അനുയോജ്യവുമാണ് അതിലെ വിധികള്‍. ഇസ്‌ലാമിന്റെ വിധികളില്‍ സ് സ്ഥിരതത്വങ്ങളും സാഹചര്യങ്ങളുടെ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന തത്വങ്ങളുമുണ്ട്. രണ്ടായാലും ജൈവികവും താളാത്മകവുമായ സമന്വയം അതിന്റെ സവിശേഷതയാണ്. ഇസ്‌ലാമിന്റെ അടിത്തറയായ വിശ്വാസകാര്യങ്ങളും ആരാധനാനുഷ്ഠാനങ്ങളും സദാചാരമൂല്യങ്ങളും സ്ഥിരതത്വങ്ങളില്‍ പെട്ടതാണ്. അല്ലാഹുവിന്റെ വിധിക്കും അതിനെ വ്യാഖ്യാനിച്ചു മാതൃക കാട്ടിത്തന്ന പ്രവാചകനില്‍ നിന്ന് സ്ഥാപിതമായ സുന്നത്തിനും അനുസൃതമായി മാത്രമേ അവ അനുവര്‍ത്തിക്കാന്‍ പാടുള്ളൂ.
മൗലിക മൂല്യമായ ഏകത്വം
സൃഷ്ടിച്ചു പരിപാലിച്ചുപോരുന്ന ജഗന്നിയന്താവിന്റെ ഏകത്വം ഇസ്‌ലാമിന്റെ അടിത്തറയാണ്. ലോകത്ത് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരും അവരുടെ ജനതയെ പ്രഥമമായി ക്ഷണിച്ചത് ഈ മഹിതമായ തത്വത്തിലേക്കാണ്. പ്രകൃതിയോട് ഇണങ്ങിയതും മനുഷ്യന്റെ ജന്മനാ ഉള്ള ബോധവുമാണ് ദൈവത്തിന്റെ ഏകത്വം. ”നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്തുകൊണ്ടുവരുകയും, അവരുടെ കാര്യത്തില്‍ അവരെത്തന്നെ അവന്‍ സാക്ഷി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്” (ഖുര്‍ആന്‍ 7:172).
മനുഷ്യരെല്ലാം ജനിക്കുന്നത് ഈ വിശുദ്ധമായ പ്രകൃതിയോടെയാണെന്ന് പ്രവാചകന്‍ അരുളിയിട്ടുണ്ട്. യഥാര്‍ഥ ദൈവവും ആരാധ്യനുമായ സ്രഷ്ടാവ് തന്നെ അവന്റെ ഏകത്വത്തിനു സ്വയം സാക്ഷ്യം വഹിക്കുകയും അവന്റെ സൃഷ്ടികളായ മലക്കുകളും വിവരമുള്ള നീതിബോധിതരും സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. ”താനല്ലാതെ ഒരു ദൈവവുമില്ല എന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിനു സാക്ഷികളാകുന്നു). അവന്‍ നീതി നിര്‍വഹിക്കുന്നവനത്രേ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രേ അവന്‍” (വി.ഖു 3:18).
തവക്കുല്‍
അല്ലാഹുവിനെ റബ്ബായി തൃപ്തിപ്പെടുന്ന സത്യവിശ്വാസികള്‍ അവന്റെ ദൂതരെയും ദീനിനെയും തൃപ്തിപ്പെടുന്നതിലൂടെ തന്റെ രക്ഷിതാവിന്റെ പ്രീതിക്കായി സ്വന്തത്തെ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ”പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോക രക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവനു പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവനു) കീഴ്‌പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്” (6:161-163).
അല്ലാഹുവിന്റെ വിധികളും വിലക്കുകളും യഥാവിധി പാലിക്കുക എന്നതാണ് സമര്‍പ്പണബോധത്തിന്റെ കാതല്‍. ദൈനംദിന ജീവിതത്തില്‍ നാം അനുഷ്ഠിക്കേണ്ട ദൈവിക മൂല്യങ്ങളെല്ലാം ഈ സമര്‍പ്പണമാണ് സാക്ഷാത്കരിക്കുന്നത്. വിവിധ സന്ദര്‍ഭങ്ങളിലുള്ള നമസ്‌കാരങ്ങളും പ്രാര്‍ഥനകളും മനാസികുകളും ദിക്‌റുകളും ദൈവിക സ്മരണ ഉണര്‍ത്തുന്നതും പൂര്‍ണമായി അവനിലേക്ക് വിനയപ്പെട്ട് സമര്‍പ്പണം ചെയ്യുന്നവയുമാണ്. അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യകളുമാണ് അതിന് അവലംബം.
മദ്ഹബ് പക്ഷപാതിത്വത്തിലേക്കും തഖ്‌ലീദ് നിലപാടുകളിലേക്കും വഴിമാറുന്ന അവലംബങ്ങള്‍ യഥാര്‍ഥ പ്രമാണങ്ങളെ തിരസ്‌കരിക്കാന്‍ നിമിത്തമായേക്കും. ഇസ്‌ലാമിക വിധികളുടെ സുതാര്യതയും സൗകുമാര്യതയും ദിവ്യബോധനത്തിന്റെ ചൈതന്യവും, നമ്മുടെ ജീവിതമോക്ഷത്തിനും സുഗമമായ സാക്ഷാത്കാരത്തിനും ഊന്നല്‍ നല്‍കുന്നതാണ്. ദൈവപ്രോക്തമല്ലാത്ത നിയമനിര്‍ദേശങ്ങള്‍ കുടുസ്സായതും അപ്രായോഗികവും വൈരുധ്യാത്മകവുമായിരിക്കും. അത് നമ്മുടെ ജീവിതത്തിന്റെ സന്തുലിതത്വം തകിടം മറിക്കും. അത് വഞ്ചനയുടെയും ചൂഷണങ്ങളുടെയും കെണികളുമായിരിക്കും.
വിധികളുടെ മാനങ്ങള്‍
വിധിവിലക്കുകളുടെ അന്തസ്സാരം ഗ്രഹിച്ചുകൊണ്ട് ജീവിതത്തിന്റെ ചിട്ടവട്ടങ്ങളെ ക്രമപ്പെടുത്തിയാല്‍ ഉദ്ഭൂതമാകുന്ന അനുഭൂതി വിവരണാതീതമാണ്. ലക്ഷ്യബോധത്തോടും ആത്മാര്‍ഥതയോടും അനുഷ്ഠിക്കുന്ന വിനീതവിധേയത്വമാണ് ദൈവത്തിങ്കല്‍ പരിഗണനയുള്ളത്. ശിര്‍ക്ക്, കുഫ്ര്‍, നിഫാഖ് എന്നിവ മനസ്സിനും ആത്മാവിനും ആഘാതം ഏല്‍പിക്കുന്നതാണ്. സന്ദേഹങ്ങളുടെയും അലക്ഷ്യ തേര്‍വാഴ്ചകളുടെയും കൂത്തരങ്ങുമായിരിക്കും അവ (22:31, 24:50, 2:9).
അതിര്‍വരമ്പുകള്‍
അല്ലാഹുവിന്റെ വിലക്കുകള്‍ വിശ്വാസിയുടെ ജീവിതത്തിന്റെ അതിരടയാളങ്ങളാണ്. അത് നമ്മുടെ ആത്യന്തിക നന്മയ്ക്ക് വേണ്ടിയുള്ളതാണ്. വിധിവിലക്കുകള്‍ തിരസ്‌കരിച്ച് ഒഴുക്കിന് അനുസൃതമായി അവ്യക്തതയെ പുല്‍കുന്നത് നിഷിദ്ധതയിലേക്കുള്ള പാഥേയമാണെന്ന് നബി(സ) താക്കീത് ചെയ്തിട്ടുണ്ട്: ”തീര്‍ച്ചയായും അനുവദനീയമായ കാര്യങ്ങള്‍ സ്പഷ്ടമാണ്. നിഷിദ്ധമായവയും സുവ്യക്തമാണ്. അവ രണ്ടിനും ഇടയില്‍ ചില സദൃശ്യമായ കാര്യങ്ങളുണ്ട്. ജനങ്ങളില്‍ അധിക പേര്‍ക്കും അതിനെക്കുറിച്ച് അറിയാന്‍ സാധിക്കുകയില്ല. അത്തരം കാര്യങ്ങളെ സൂക്ഷിച്ചു ജീവിച്ചവന് മതത്തെയും അഭിമാനത്തെയും സംരക്ഷിക്കാന്‍ സാധിച്ചു. എന്നാല്‍ സംശയാസ്പദമായ കാര്യങ്ങളില്‍ വീണുപോയവന്‍ നിഷിദ്ധമായവയില്‍ പതിച്ചവനാണ്. സുരക്ഷിത മേഖലയ്ക്ക് ചുറ്റും കാലികളെ മേയ്ക്കുന്ന ഇടയനെ പോലെ. കാലികള്‍ അതിലേക്ക് നുഴഞ്ഞുകടക്കാനുള്ള സാധ്യതയുണ്ട്. അറിയുക: ഓരോ ഭരണാധികാരിക്കും നിരോധിത മേഖലയുണ്ട്. അറിയുക: അല്ലാഹുവിന്റെ നിരോധിത മേഖല അവന്‍ നിരോധിച്ച കാര്യങ്ങളാണ്…” (ബുഖാരി, മുസ്‌ലിം).
ആര് അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ (നിയമ)പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്‌നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവനുള്ളത്” (ഖുര്‍ആന്‍ 4:14).
തഖ്‌വ എന്ന പരിച
സൂക്ഷ്മതാബോധം കൊണ്ട് ആത്മാവിനെ സുരക്ഷിതമാക്കിയവര്‍ വ്യക്തി-കുടുംബ-സമൂഹ മേഖലകളിലും സൃഷ്ടി-സ്രഷ്ടാവ് ബന്ധത്തിലും ആത്മാര്‍ഥതയും വിശുദ്ധിയും കൈവരിക്കുന്നവരും അത്യുല്‍കൃഷ്ടമായ വ്യക്തിത്വം രൂപപ്പെട്ടവരുമായിത്തീരും. ദൈനംദിന ജീവിതത്തില്‍ വിധിവിലക്കുകള്‍ മാനിച്ച് സമര്‍പ്പണമനസ്സോടെ രക്ഷിതാവിലേക്ക് അടുക്കുന്നവര്‍ ഇരുലോകത്തും രക്ഷപ്പെടും” (4:13, 8:29).
മാറ്റങ്ങള്‍ക്ക് വിധേയമാകുന്നവ
മനുഷ്യ ജീവിതത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മേഖലകളില്‍ ഇസ്‌ലാമിക ശരീഅത്ത് പൊതുതത്വങ്ങള്‍ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. ഐഹികവും പാരത്രികവുമായ ജനനന്മകള്‍ സാക്ഷാത്കരിക്കാനും കുഴപ്പവും അതിക്രമവും നിര്‍മാര്‍ജനം ചെയ്യാനും കാലപരിവര്‍ത്തനത്തിന് അനുസൃതമായി, മൗലിക തത്വത്തിനു വിരുദ്ധമാകാതെ പഠനനിരീക്ഷണങ്ങള്‍ നടത്തുകയും ഇസ്ലാമിന്റെ പൊതുതത്വത്തിന് അനുഗുണമാകുന്ന തീരുമാനത്തില്‍ എത്തുകയും ചെയ്യാവുന്നതാണ്. മനുഷ്യര്‍ക്ക് എളുപ്പമുണ്ടാകാനും സൗകര്യത്തിനും സുരക്ഷിതവും സമാധാനപൂര്‍ണവുമായ ജീവിതത്തെ പുല്‍കാനും വേണ്ടിയാണ് ഈ ആനുകൂല്യം ഇസ്‌ലാം നല്‍കുന്നത്. അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന മതം പ്രായോഗികമാകേണ്ടതുണ്ട്. കാലോചിതമായ നിലപാടുകളില്‍ ഭരണാധികാരിക്ക് മാറ്റം വരുത്താന്‍ പറ്റുന്ന മേഖലകളുണ്ട്.
മദ്യപാനിയുടെ ശിക്ഷ 40 അടിയാക്കിയതും ഒരുമിച്ച് മൂന്നു ത്വലാഖ് ചൊല്ലി വേര്‍പെടുത്തുന്നത് മൂന്നായി ഉമര്‍(റ) പരിഗണിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ ജനങ്ങള്‍ക്ക് സൗകര്യത്തിനും സുരക്ഷിതത്വത്തിനും ജീവിതത്തിന്റെ സന്തുലിതത്വം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് അല്ലാഹു നിയമമാക്കിയത്. പ്രയാസപ്പെടുത്തുന്നതും ഞെരിക്കുന്നതുമായ നിയമതത്വങ്ങള്‍ അതിലില്ല. നബി(സ) പറഞ്ഞു: ”അല്ലാഹു തന്റെ ഗ്രന്ഥത്തിലൂടെ അനുവദിച്ചത് അനുവദനീയവും നിഷിദ്ധമാക്കിയത് നിഷിദ്ധവുമാണ്. അവന്‍ മൗനം ഭജിച്ചത് വിട്ടുവീഴ്ചയാണ്. നിങ്ങള്‍ അവന്‍ തരുന്ന സൗഖ്യം സ്വീകരിക്കുക. കാരണം അല്ലാഹു ഒന്നും വിസ്മരിക്കുന്നവനല്ല” (ദാറഖുത്‌നി, തിര്‍മിദി).
നിര്‍ബന്ധിത സാഹചര്യത്തില്‍ വിധിവിലക്കുകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അമ്മാര്‍(റ) ഇത്തരമൊരു അവസ്ഥയില്‍ വിശ്വാസത്തിന് യോജ്യമല്ലാത്ത വാക്ക് പറഞ്ഞതില്‍ അതീവ ദുഃഖിതനായപ്പോള്‍ പരമകാരുണികന്റെ സമാശ്വാസത്തിന്റെ തെളിനീര്‍ പെയ്തിറങ്ങി. (വി. ഖു 16:106). മതബോധനത്തില്‍ ഇങ്ങനെ നിരവധി ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. മതവിധികള്‍ സ്വീകരിക്കേണ്ടത് പ്രമാണബോധ്യത്തോടെ ആയിരിക്കണം. വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ശരിയായ വിധത്തില്‍ മതം പഠിക്കാനും ആചരിക്കാനും നമുക്ക് സാധിക്കണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x