18 Saturday
September 2021
2021 September 18
1443 Safar 10

സ്വര്‍ണക്കടത്തും രാഷ്ടീയ നേതൃത്വവും ആര്‍ ആരെ കല്ലെറിയും

രാമനാട്ടുകരയില്‍ അഞ്ച് യുവാക്കളുടെ മരണത്തില്‍ കലാശിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്നതിന് ആരംഭിച്ച അന്വേഷണം സൂപ്പര്‍ ത്രില്ലര്‍ സിനിമകളെപ്പോലും വെല്ലുന്ന കള്ളക്കടത്ത്, ഗുണ്ടാ, ക്വട്ടേഷന്‍ കഥകളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അധികാരവും നിയമസംവിധാനങ്ങളും ഇത്തരം മാഫിയാ സംഘങ്ങള്‍ക്ക് കീഴ്‌പ്പെടുന്ന ദയനീയ കാഴ്ചയും നമുക്ക് മുന്നില്‍ തെളിഞ്ഞു വരുന്നു. നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്തില്‍ അധികാര, ഭരണ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏതെല്ലാം വിധത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെട്ടുവെന്ന് കണ്ടതാണ്. അതിന്റെ അന്വേഷണവും നിയമ നടപടികളും എങ്ങുമെത്താതെ തുടരുമ്പോഴാണ് സ്വര്‍ണക്കടത്തിന്റെ മറ്റൊരു മുഖം തെളിയുന്നത്. രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴിയും തുറമുഖങ്ങള്‍ വഴിയും നികുതി വെട്ടിച്ച് വന്‍തോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ അറിയാവുന്നതാണ്. എന്നാല്‍ അതിന്റെ വ്യാപ്തി എത്രത്തോളം എന്നതാണ് രാമനാട്ടുകര അപകടം കാണിച്ചു തരുന്നത്.
അപകടം നടന്ന ദിവസം 30ഓളം വാഹനങ്ങളാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് പരിസരത്ത് തമ്പടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്യാരിയറില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാന്‍ ഒരു സംഘം. ഇവര്‍ക്ക് എസ്‌കോര്‍ട്ട് പോകാന്‍ മറ്റൊരു സംഘം, ഈ സംഘത്തില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ മറ്റൊരു സംഘം. വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ മാഫിയ സംഘത്തിന്റെ പ്രവര്‍ത്തനം പുറത്തുവന്നത് രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട് മാത്രമാണ് എന്നത് നമ്മുടെ നിയമവാഴ്ചാ സംവിധാനങ്ങളുടെ വീഴ്ചകളിലേക്കും പോരായ്മകളിലേക്കും കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. അതായത് രാമനാട്ടുകര അപകടം നടന്നില്ലായിരുന്നുവെങ്കില്‍ നാടിനെ നടുക്കിയ ഈ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ആരും അറിയില്ലായിരുന്നുവെന്ന് ചുരുക്കം.
ചെര്‍പ്പുളശ്ശേരി, കൊടുവള്ളി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍തന്നെ കണ്ണൂര്‍ സംഘത്തിന്റെ രാഷ്ട്രീയ ബന്ധമാണ് ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ശുഹൈബ് വധം അടക്കമുള്ള രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ക്വട്ടേഷന്‍ സംഘങ്ങള്‍ തന്നെയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷനുകളും ഏറ്റെടുത്ത് നടപ്പാക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ അധികാരം കൈയാളുന്ന മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ തണലിലാണ് ഈ സംഘത്തിന്റെ വളര്‍ച്ച എന്നത് ഗൗരവതരമാണ്. അന്വേഷണം പുരോഗമിക്കുന്നതിനിടെ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടുകയാണ് രാഷ്ട്രീയ നേതൃത്വം. എന്നാല്‍ ഇതുകൊണ്ടു തീരുന്നല്ല പ്രശ്‌നം.
ആകാശ് തില്ലങ്കേരിമാരേയും അര്‍ജുന്‍ ആയങ്കിമാരേയും തള്ളിപ്പറഞ്ഞാല്‍ മുഖം രക്ഷപ്പെടുത്താന്‍ കഴിയുമെന്നത് മിഥ്യാധാരണയാണ്. പൊതുസമൂഹം ഇതേക്കുറിച്ച് ആഴത്തില്‍ അറിയുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട് എന്ന ബോധമെങ്കിലും വേണം. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ അകത്തു കഴിയുന്ന കൊടി
സുനിയും കിര്‍മാണി മനോജുമെല്ലാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഉള്ളില്‍നിന്നുപോലും ക്വട്ടേഷന്‍ എടുക്കുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്ക് വെള്ളവും വളവും നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിന്റെ ശാപമാണെന്ന് പറയാതിരിക്കാനാവില്ല. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകകേസുകളിലെ പ്രതികളിലേക്ക് നീങ്ങിത്തുടങ്ങിയതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളും സജീവമാണ്. കാരണം യഥാവിധി മുന്നോട്ടുപോയാല്‍ ഇത്തരം ക്രിമിനലുകള്‍ക്ക് മാത്രമല്ല, അതിന് വളംവെച്ചുകൊടുക്കുന്ന തങ്ങള്‍ക്കും തട്ടുകിട്ടുമെന്ന് രാഷ്ട്രീയ നേതൃത്വത്തിന് അറിയാം. മുതിര്‍ന്ന സി പി എം നേതാവ് എംവി ജയരാജന്‍ ഈ സംഘവുമായി നേരത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നുവെന്ന വാര്‍ത്തകള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
അഞ്ചു പേരുടെ മരണത്തില്‍ കലാശിച്ച ഒരു അപകടത്തിന്റെ വിഷയമല്ല ഇത്. അങ്ങനെ നിസ്സാരവല്‍ക്കരിച്ചു കാണാനുമാകില്ല. കള്ളക്കടത്തു സംഘങ്ങള്‍ നടത്തുന്ന ഓരോ ഇടപാടുകളും രാജ്യത്തിന്റെ വ്യവസ്ഥാപിത സമ്പദ് വ്യവസ്ഥക്കുമേലുള്ള കടന്നാക്രമണമാണ്. സമ്പദ് വ്യവസ്ഥ ദുര്‍ബലപ്പെട്ടാല്‍ എല്ലാ മേഖലയിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും.. കൂടാതെ ഒരു നാടിന്റെ സ്വസ്ഥ ജീവിതത്തിനും ക്രമസമാധാന നിലകള്‍ക്കുമാണ് ഇത്തരം സംഘങ്ങള്‍ ഭീഷണി സൃഷ്ടിക്കുന്നത്. രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ശക്തികളെ കര്‍ശനമായി നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും കാണിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ -കള്ളക്കടത്ത് -ക്വട്ടേഷന്‍ മാഫിയാ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടാന്‍ സര്‍ക്കാറിന് കഴിയണം. പരസ്പരം പഴിചാരിയും ചെളിവാരിയെറിഞ്ഞും ആളുകളുടെ കണ്ണില്‍ പൊടിയിടുകയല്ല, പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള ബാധ്യത നിറവേറ്റുകയാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x