2 Saturday
December 2023
2023 December 2
1445 Joumada I 19

സല്‍സ്വഭാവികള്‍ക്ക് സ്വര്‍ഗമാണ് വാഗ്ദാനം

പി മുസ്തഫ നിലമ്പൂര്‍


ഈമാന്‍ കേവലം അധര സേവയോ ശരീര ചേഷ്ടയോ ബൗദ്ധിക വ്യാപാരമോ അല്ല. മനസ്സിന്റെ ആഴങ്ങളിലെത്തുന്ന ആന്തരികമായ സത്തയാണത്. അതിലൂടെ സ്രഷ്ടാവിനെ യഥാവിധം അറിയുകയും അവന്റെ പ്രീതിക്കായി ജീവിതത്തെ സമര്‍പ്പിക്കുകയും ചെയ്യലാണ് മുസ്‌ലിമാകുന്നതിന്റെ പൊരുള്‍. അതുമുഖേന ഹൃദയം അലംകൃതമാകുകയും ധാര്‍മിക സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് തണലായി മാറുകയും ചെയ്യുന്നതോടൊപ്പം അവിശ്വാസത്തോടും അധര്‍മങ്ങളോടും ധിക്കാര നിഷേധങ്ങളോട് മുഴുക്കെയും പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്നു.
”അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്ക് ഇടയിലുള്ളന്നെ് നിങ്ങള്‍ അറിഞ്ഞിരിക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ വിഷമിച്ചു പോകുമായിരുന്നു. എങ്കിലും, സത്യവിശ്വാസത്തെ അല്ലാഹു നിങ്ങള്‍ക്കു ഇഷ്ടമാക്കിത്തരുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അതിനെ അലങ്കാരമാക്കിത്തരുകയും ചെയ്തിരിക്കുകയാണ്; അവിശ്വാസവും ദുര്‍നടപ്പും അനുസരണക്കേടും അവന്‍ നിങ്ങള്‍ക്കു വെറുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു. (അങ്ങനെയുള്ള) അക്കൂട്ടര്‍ തന്നെയാണു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.” (വി.ഖു 49:7)
ഇസ്‌ലാം ഒരു നല്ല വൃക്ഷത്തിന് സമാനമാണ്. വിശ്വാസ കാര്യങ്ങളില്‍ അചഞ്ചലമായി നിലകൊള്ളുന്ന അടിവേര് സുദൃഢമാണ്. പ്രലോഭനങ്ങളോ താല്‍പര്യങ്ങളോ ഇസ്‌ലാമികാദര്‍ശത്തില്‍ മായം കലര്‍ത്താതെ തന്നെ അത് നിലകൊള്ളുന്നു. വിശ്വാസത്തിലൂടെ ആര്‍ജിച്ചെടുക്കുന്ന ആരാധനകളും മറ്റും വൃക്ഷ തടി നേരെ എന്നോണം യഥാവിധം നിര്‍വഹിക്കുകയും അതിന്റെ ആന്തരിക സത്ത നുകരുകയും ചെയ്യുന്നതോടെ ജീവിത ലക്ഷ്യം പ്രാപിക്കുന്നു. വിശ്വാസ ആരാധന തലങ്ങളില്‍ നിന്ന് നുകര്‍ന്ന സദ്ഗുണ ഫലങ്ങളും പ്രയോജനങ്ങളും സര്‍വ ചരാചരങ്ങളിലേക്കും നന്മയായി പ്രസരിക്കാന്‍ തുടങ്ങുന്നതോടെ വൃക്ഷത്തിന്റെ ശിഖരങ്ങളും തണലുകളും ഫലവൃക്ഷങ്ങളും മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമാകുന്നതു പോലെ യഥാര്‍ഥ വിശ്വാസിയുടെ സദ്ഗുണങ്ങളാല്‍ അവനോട് ചേര്‍ന്നു നില്‍ക്കാനും അടുത്തിടപഴകാനും സര്‍വരും കൊതിക്കുകയും ശ്രമിക്കുകയും ചെയ്യും. ഇത്തരക്കാരാണ് യഥാര്‍ഥ വിശ്വാസികള്‍. അവരുടെ ചെയ്തികള്‍ സ്വന്തത്തിനോ മറ്റുള്ളവര്‍ക്കോ സദ്ഫലങ്ങളുള്ളവ മാത്രമായിരിക്കും. അതാണ് മതത്തിന്റെ സത്തയും. അബൂഹുറയ്‌റ(റ) പറയുന്നു: നബി (സ) പറഞ്ഞു: വിശ്വാസികളില്‍ വിശ്വാസം പരിപൂര്‍ണമായവന്‍ അവരില്‍ വെച്ച് ഏറ്റവും സ്വഭാവ വൈശിഷ്ട്യമുള്ളവനാണ്. (തിര്‍മിദി 2005)
അബ്ദുല്ലാഹിബ്‌നു അംറിബ്‌നി ആസ്വ്(റ) പറയുന്നു: നബി(സ) പറഞ്ഞു: ആരുടെ നാവില്‍ നിന്നും കൈകളില്‍ നിന്നുമാണോ മുസ്‌ലിംകള്‍ സുരക്ഷിതമാക്കപ്പെട്ടത് അവനാണ് മുസ്‌ലിം. അല്ലാഹു വെടിയാന്‍ കല്‍പ്പിച്ചത് വെടിഞ്ഞു നില്‍ക്കുന്നവനാണ് മുഹാജിര്‍. (ബുഖാരി 6484, മുസ്‌ലിം 40). ഒരിക്കല്‍ നബി (സ)യോട് ചോദിക്കപ്പെട്ടു: നബിയേ എന്താണ് ദീന്‍. അവിടുന്ന് മറുപടി പറഞ്ഞു: സല്‍സ്വഭാവം. മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ഞാന്‍ നിയോഗിക്കപ്പെട്ടത് അത്യുദാരമായ സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയാണ്. (ബുഖാരി). മതം എന്നാല്‍ സല്‍സ്വഭാവമെന്നത് വ്യക്തം.
നബി(സ)യുടെ അതിവിശിഷ്ടമായ സ്വഭാവത്തെ പ്രകീര്‍ത്തിച്ചും പ്രശംസിച്ചും ഒട്ടേറെ വചനങ്ങള്‍ ഖുര്‍ആനിലുണ്ട്. ”നിശ്ചയമായും, നീ മഹത്തായ സ്വഭാവഗുണത്തോട് കൂടിയാണ് (ഉള്ളത്)” (വി.ഖു 68:4). ”(നബിയേ) എന്നാല്‍, അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നിമിത്തം നീ അവരോട് സൗമ്യമായിരിക്കുന്നു. നീ ഒരു പരുഷ സ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കില്‍, അവര്‍ നിന്റെ ചുറ്റുപാടില്‍ നിന്ന് വേറിട്ടുപോകുക തന്നെ ചെയ്യുമായിരുന്നു. ആകയാല്‍, നീ അവര്‍ക്ക് മാപ്പ് നല്‍കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്തു കൊള്ളുക.” (വി.ഖു 3:159)
അബൂഹുറയ്‌റ(റ) പറയുന്നു: സ്വര്‍ഗപ്രവേശം സാധ്യമാകുന്ന കാര്യത്തെ സംബന്ധിച്ച് നബി(സ) ചോദിക്കപ്പെടുകയുണ്ടായി. അവിടുന്ന് പറഞ്ഞു: അല്ലാഹുവിലുള്ള സൂക്ഷ്മതയും സല്‍സ്വഭാവും (അബൂദാവൂദ് 4800, തിര്‍മിദി 2005)
ജാബിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: അന്ത്യനാളില്‍ നിങ്ങളില്‍ എനിക്കേറ്റവും പ്രിയങ്കരരും എന്നോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരും നിങ്ങളില്‍ വെച്ചേറ്റവും സ്വഭാവ വൈശിഷ്ട്യമുള്ളവരാണ്. (തിര്‍മിദി 2018)
ആയിശ(റ) പറയുന്നു: പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടു: ഒരു സത്യവിശ്വാസി തന്റെ സല്‍സ്വഭാവം മുഖേന വ്രതമനുഷ്ഠിക്കുന്നവന്റെയും നമസ്‌കരിക്കുന്നവന്റെയും പദവി കരസ്ഥമാക്കുന്നതാണ്. (അബൂദാവൂദ് 4978)
നവാസിബ്‌നു സംആന്‍(റ) പറയുന്നു: നബി(സ)യോട് പുണ്യത്തെ സംബന്ധിച്ച് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: സല്‍സ്വഭാവമാണ് പുണ്യം. (മുസ്‌ലിം). അബൂദര്‍ദ്ദാഅ്(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: അന്ത്യനാളിലെ മീസാനില്‍ സല്‍സ്വഭാവത്തേക്കാള്‍ ഘനം തൂങ്ങുന്ന മറ്റൊന്നുമില്ല. (തിര്‍മിദി 2002)
അബൂഉമാമ(റ) പറയുന്നു: നബി(സ) പറഞ്ഞു: സത്യത്തിന് വേണ്ടിയാണെങ്കില്‍പോലും തര്‍ക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നവന് സ്വര്‍ഗത്തിന്റെ മുന്‍വശത്തായി ഒരു ഭവനം നല്‍കാമെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. തമാശയായി പോലും കളവ് പറയാത്തവന് സ്വര്‍ഗത്തിന്റെ മധ്യത്തിലായി ഒരു ഭവനം നല്‍കാമെന്നും സല്‍സ്വഭാവക്കാര്‍ക്ക് സ്വര്‍ഗത്തിന്റെ അത്യുന്നതങ്ങളില്‍ ഒരു ഭവനം നല്‍കാമെന്നും ഞാനേല്‍ക്കുന്നു. (അബൂദാവൂദ് 4800)
അബൂദര്‍റ്(റ), മുആദ്(റ) എന്നിവരില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നീ എവിടെയാണെങ്കിലും അല്ലാഹുവിനെ ഭയപ്പെടുക. തിന്മയെ നന്മ കൊണ്ട് പിന്തുടരുക. അത് തിന്മയെ മായ്ച്ചുകളയാന്‍ പര്യാപ്തമാണ്. ജനങ്ങളോട് നല്ല സ്വഭാവത്തില്‍ വര്‍ത്തിക്കുക. (തിര്‍മിദി 1988)
ഇബ്‌നു ഉമര്‍ (റ) പറയുന്നു: നബി(സ) പറഞ്ഞു: ജനങ്ങളോട് ചേര്‍ന്ന് ജീവിക്കുകയും അവരില്‍ നിന്നുള്ളവ സഹിക്കുകയും ചെയ്യുന്ന മുസ്‌ലിമാണ് ശ്രേഷ്ഠന്‍. (തിര്‍മിദി, ഇബ്‌നുമാജ)
ഉമറിന്റെ(റ) ഉപദേശക സമിതിയിലെ അംഗമായിരുന്ന ഹുര്‍റിബ്‌നി ഖൈസിന്റെ ബന്ധുവായ ഉയയ്‌ന ബ്‌നു ഹസന്‍ ഉമറിനോട്(റ) അവിവേകം പറയുകയും ആക്ഷേപിക്കുകയും ചെയ്തു. കുപിതനായ ഉമറിന്(റ) ഹുര്‍റി ബ്‌നു ഖൈസ് വിശുദ്ധ ഖുര്‍ആനിലെ 7:199 വചനം ഓതിക്കേള്‍പ്പിച്ചു. ”നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കല്‍പ്പിക്കുകയും അവിവേകികളെ വിട്ട് തിരിഞ്ഞു കളയുകയും ചെയ്യുക.” ഈ വചനം ശ്രവിച്ച ഉമര്‍(റ) അദ്ദേഹത്തിന് മാപ്പുനല്‍കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്തു. (സംഗ്രഹം ബുഖാരി 4642). നമ്മുടെ ഇടപെടലുകളില്‍ സംബോധിതരുടെ അവസ്ഥയും നിലവാരവും സാഹചര്യവും പരിഗണിക്കേണ്ടതുണ്ട്. മോശമായി പെരുമാറുന്നവനോടും നന്നായി വര്‍ത്തിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്.
ഉഖ്ബത് ബ്‌നു ആമിറിന്(റ) നബി(സ) നല്‍കിയ ഉപദേശം: ‘നിന്നോട് ബന്ധം വിച്ഛേദിച്ചവനോട് നീ ബന്ധം ചേര്‍ക്കുക. നിനക്ക് നിഷേധിച്ചവന് നീ നല്‍കുക. നിന്നോട് അന്യായം ചെയ്തവന് നീ മാപ്പു നല്‍കുക’ (അഹമ്മദ് 4:158)
ഉബാദത് ബ്‌നു സ്വാമിത്(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു. സ്വര്‍ഗത്തില്‍ ഉന്നത പദവിയും ഉത്തുംഗ സൗധങ്ങളും ലഭ്യമാകുന്നതിനെ സംബന്ധിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? അവര്‍ പറഞ്ഞു: അതെ റസൂലേ. നബി(സ) പറഞ്ഞു: നിന്നോട് അവിവേകത്തോടെ പെരുമാറുന്നവനെ സഹിക്കുകയും നിന്നോട് ബന്ധവിച്ഛേദം നടത്തിയവനോട് ബന്ധം ചാര്‍ത്തുകയും നിനക്ക് നന്മ നിഷേധിച്ചവര്‍ക്ക് നീ നന്മ ചെയ്യുകയും ചെയ്യുക. നിന്നോട് അതിക്രമം പ്രവര്‍ത്തിച്ചവന് മാപ്പു നല്‍കുക. (ത്വബ്‌റാനി)
വിനയവും വിട്ടുവീഴ്ചയും നമ്മുടെ ഐശ്വര്യത്തെ വര്‍ധിപ്പിക്കുകയും ഇരുലോകത്തും സൗഭാഗ്യം നേടിത്തരുകയും ചെയ്യും. സംബോധിതര്‍ അവിവേകം ചെയ്യുമ്പോള്‍ സഹിക്കുകയും പൊറുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും അവര്‍ക്കാവശ്യമായ നന്മകള്‍ ചെയ്തുകൊടുക്കുകയും വേണം.
‘നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്ക് (അന്യോന്യം) ധൃതികൂട്ടി വരുകയും ചെയ്യുവിന്‍; ഒരു സ്വര്‍ഗത്തിലേക്കും (ധൃതി കൂട്ടുവിന്‍): അതിന്റെ വിസ്താരം ആകാശങ്ങളും ഭൂമിയും (കൂടിയ അത്ര) ആകുന്നു; അത് സൂക്ഷ്മത പാലിക്കുന്നവ(രായ ഭയഭക്തന്മാ)ര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടിരിക്കുന്നു. അതായത്, സന്തോഷാവസ്ഥയിലും കഷ്ടാവസ്ഥയിലും ചിലവഴിക്കുന്നവര്‍, കോപം ഒതുക്കിവെക്കുന്നവരും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുന്നവരും. അല്ലാഹു നന്മ പ്രവര്‍ത്തിക്കുന്നവരെ സ്‌നേഹിക്കുന്നതുമാണ്. (വി.ഖു 3:133,134)
ഒരിക്കല്‍ ഒരു ഗ്രാമീണ അറബി നബി(സ)യുടെ ചുമലിലുള്ള നജ്‌റാന്‍ നിര്‍മിതമായ പരുക്കന്‍ വസ്ത്രം പിടിച്ചുവലിച്ചു. ഇത് നബി(സ)യുടെ ചുമലില്‍ ചെറിയ മുറിവുണ്ടാക്കി. അയാള്‍ പറഞ്ഞു: മുഹമ്മദേ, നിന്റെ പക്കലുള്ള ദൈവ ധനത്തില്‍ നിന്ന് എനിക്കു നല്‍കാന്‍ കല്‍പ്പിക്കുക. നബി(സ) അദ്ദേഹത്തോട് വിനയത്തോടെ പുഞ്ചിരിക്കുകയും അദ്ദേഹത്തിന് നല്‍കാനായി കല്‍പ്പിക്കുകയും ചെയ്തു. (ബുഖാരി, മുസ്‌ലിം)
പരുഷമായി പെരുമാറിയ ഗ്രാമീണവാസിയുടെ അവിവേകത്തെ നബി(സ) പുഞ്ചിരിയോടും അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു നല്‍കിയുമാണ് നന്മ ചൊരിഞ്ഞത്.
അവിവേകികളായവര്‍ പരുഷമായി സംസാരിക്കുമ്പോള്‍ അതേ നിലപാടില്‍ അവരോട് പ്രതിരോധിച്ചാല്‍ അവരുടെ അവിവേകം കൂടുതല്‍ പ്രകടിപ്പിക്കുകയും കൂടുതല്‍ കുറ്റത്തിന് കാരണമായേക്കുകയും ചെയ്യും.
ആയിശ(റ) പറയുന്നു: ഒരാള്‍ നബി(സ)യുടെ വീട്ടില്‍ വന്ന് അനുവാദം ചോദിച്ചു. നബി(സ) പറഞ്ഞു: അദ്ദേഹം നല്ല സംസാരം ഇല്ലാത്തവനാണ്. എങ്കിലും അനുവാദം കൊടുത്തേക്കൂ. അദ്ദേഹം ഇരുന്നു സംസാരിക്കാന്‍ തുടങ്ങി. നബി(സ) അദ്ദേഹത്തിന് വീട്ടിലുള്ളത് സല്‍ക്കരിച്ചു. അദ്ദേഹം സംസാരിക്കുമ്പോഴൊക്കെ നബി(സ) പ്രസന്ന മുഖത്തോടും പുഞ്ചിരിയോടെയും അദ്ദേഹത്തെ അഭിസംബോധനം ചെയ്തു. അദ്ദേഹം തിരിച്ചു പോയപ്പോള്‍ ആയിശ(റ) ചോദിച്ചു: റസൂലേ ദൂഷ്യ സംസാരക്കാരനായിട്ടുപോലും താങ്കള്‍ പുഞ്ചിരിയോടെയും പ്രസന്നവദനായിട്ടാണല്ലോ സംസാരിച്ചത്. അവിടുന്ന് ചോദിച്ചു: ആയിശാ എപ്പോഴെങ്കിലും അനാവശ്യ സംസാരക്കാരനായിട്ടുണ്ടോ ഞാന്‍. തീര്‍ച്ചയായും അന്ത്യനാളില്‍ ജനങ്ങളില്‍ ഏറ്റവും ദുഷ്ടന്മാര്‍ ദൂഷ്യം ഭയന്നു ജനങ്ങള്‍ സഹവസിക്കാന്‍ ഇഷ്ടപ്പെടാത്ത വ്യക്തികളാണ്. (സംഗ്രഹം ബുഖാരി 6032, മുസ്‌ലിം 2591 തിര്‍മദി 1996, അബൂദാവൂദ് 4791,4792)
ഈ അതിഥി ഉയൈയ്‌നത് ബ്‌നു ഹിസ്വ്ന്‍ ആയിരുന്നെന്നും അദ്ദേഹം മുസ്‌ലിമായിരുന്നില്ല എന്നും ഖാദി ഇയാദ് രേഖപ്പെടുത്തുന്നു. ഇദ്ദേഹം തന്നെയാണ് മുകളില്‍ ഉദ്ധരിച്ച, ഉമറിന്റെ(റ) കോപത്തിന് കാരണമായ സംഭവത്തില്‍ പരാമര്‍ശിച്ച വ്യക്തി.
അനിഷ്ടകരമായ ഭാഷണം നടത്തിയപ്പോഴും സഹനത്തോടെ കേട്ടിരിക്കാനുള്ള അവധാനത കാട്ടിയതിനാല്‍ കൂടുതല്‍ തിന്മയിലകപ്പെടാതിരിക്കാന്‍ കാരണമായി. ഇങ്ങനെ ഓരോരുത്തരെയും മനസ്സിലാക്കിയും അവസ്ഥ അറിഞ്ഞും ആണ് നാം പെരുമാറേണ്ടത്.
നിരാലംബരായ അടിമസ്ത്രീകള്‍ പോലും നബിയോട് നിര്‍ഭയത്വത്തോടെ വര്‍ത്തിച്ചിരുന്നത് അദ്ദേഹത്തിന്റെ സ്വഭാവ ശ്രേഷ്ഠത കൊണ്ടായിരുന്നു. അനസ്(റ) പറയുന്നു: മദീനയിലെ അടിമസ്ത്രീകള്‍ പ്രവാചകന്റെ കൈപിടിച്ച് അവര്‍ ഉദ്ദേശിക്കുന്നിടത്തേക്ക് അദ്ദേഹത്തെ കൊണ്ടുപോകുമായിരുന്നു. (ബുഖാരി 6072)
ഹദീസിലെ ‘കൈ പിടിച്ചു’ എന്ന പദം ആലങ്കാരികമാണ്. നബി(സ) അന്യ സ്ത്രീകളുടെ കൈ സ്പര്‍ശിക്കാറുണ്ടായിരുന്നില്ല. അവരുടെ കാര്യങ്ങള്‍ പറഞ്ഞു തീരുന്നതുവരെ ശ്രദ്ധയോടെ കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യാറുണ്ട്. ഇതിന് ഉദാഹരണമായി ഒട്ടേറെ സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്.
ഇവയെല്ലാം നമ്മെ ഓര്‍മിപ്പിക്കുന്നത്, ജനങ്ങളോട് ഇടപഴകുമ്പോള്‍ സംബോധകന്റെയും സംബോധിതന്റെയും അവസ്ഥയും നിലവാരവും ചുറ്റുപാടും പരിഗണിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഇതില്‍ അഹിതകരമായ ഭാഷണമോ അനീതിയോ സംഭവിച്ചേക്കാം. അതുകൊണ്ടാണ് പ്രവാചകന്‍ കോപമുള്ള സന്ദര്‍ഭങ്ങളില്‍ വിധി കല്‍പ്പിക്കാതെ സാവകാശത്തിലും അവധാനതയിലും വിധി കല്‍പിക്കാന്‍ നിര്‍ദ്ദേശിച്ചത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x