30 Saturday
September 2023
2023 September 30
1445 Rabie Al-Awwal 15

സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിം ശാക്തീകരണ പദ്ധതികള്‍

ഡോ. കെ ടി അന്‍വര്‍ സാദത്ത്‌


ജനസംഖ്യയില്‍ രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങളിലൂടെ കടന്നുവന്ന ചരിത്രമാണ് ഇന്ത്യന്‍ മുസ്‌ലിംകളുടേത്. എ ഡി 1206 മുതല്‍ 1857 വരെ ആറ് നൂറ്റാണ്ടിലധികം രാജ്യത്തിന്റെ ഭരണചക്രം മുസ്‌ലിംകളുടെ കൈവശമായിരുന്നു. ഭരണ-കച്ചവട രംഗങ്ങളില്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്ന മുസ്‌ലിംകളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ പല ഘടകങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഔറംഗസേബിന്റെ കാലഘട്ടത്തിന് ശേഷം മുഗള്‍ സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചക്ക് വേഗം കൈവരികയും പ്രാദേശികമായ സ്വതന്ത്ര ഭരണകൂടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്ന പേരില്‍ കച്ചവടത്തിന് വന്ന ബ്രിട്ടന്‍ ഈ ഛിദ്രതയെ ഉപയോഗപ്പെടുത്തിയാണ് രാജ്യനിയന്ത്രണം പിടിച്ചെടുത്തത്.
എ ഡി 1738-40 കാലയളവില്‍ നാദിര്‍ഷാ നടത്തിയ ഇന്ത്യാ ആക്രമണം മുസ്‌ലിം കേന്ദ്രങ്ങളില്‍ വരുത്തിതീര്‍ത്ത പരുക്ക് വളരെ വലുതായിരുന്നു. നാദിര്‍ഷായുടെ ആക്രമണത്തിലൂടെ ദല്‍ഹിയില്‍ അരങ്ങേറിയ നരമേധം മുസ്‌ലിം തകര്‍ച്ചയുടെ കാരണങ്ങളില്‍ ഒന്നാണ്. ബ്രിട്ടന്‍, ഇന്ത്യയെ കോളനിയാക്കി ഭരണം പിടിച്ചെടുത്തപ്പോള്‍ കോളനിവിരുദ്ധ സമര പോരാട്ടങ്ങളില്‍ മുസ്‌ലിംകള്‍ മുന്‍നിരയിലുണ്ടായിരുന്നു. ബഹദൂര്‍ ഷാ സഫറിന്റെ കീഴില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം വഹിച്ച മുസ്‌ലിം സമൂഹത്തെ അതിശക്തമായ രീതിയിലാണ് ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റ് നേരിട്ടത്. മുസ്‌ലിംകളെ അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് വഴിയാധാരമാക്കുന്ന തരത്തില്‍ അതീവ പകയോടെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ എതിരിട്ടത്. മുസ്‌ലിംകളെ അരികുവത്കരിക്കുന്നതില്‍ അതിപ്രധാനമാണ് ഒന്നാം സ്വാതന്ത്ര്യസമരത്തിലെ പരാജയം. രാജ്യത്ത് നിലയുറപ്പിക്കാന്‍ ബ്രിട്ടന്‍ ഉപയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന നയം ഏറ്റവും പ്രതികൂലമായി ബാധിച്ചത് മുസ്‌ലിംകളെയായിരുന്നു.
ഹിന്ദു നവീകരണ പ്രസ്ഥാനമായി കടന്നുവരുകയും ഹിന്ദു ദേശീയതയുടെ പ്രചാരണം ഏറ്റെടുക്കുകയും ചെയ്ത സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജം ഹിന്ദുവികാരം പോഷിപ്പിക്കുന്നതിലാണ് ഊന്നിയത്. ഇത് പിന്നീട് സ്വരാജ് പ്രസ്ഥാനമായി വളരുകയായിരുന്നു. സ്വരാജ് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത ബാലഗംഗാധര തിലക്, ലാലാ ലജ്പത് റായ്, ബിപിന്‍ ചന്ദ്രപാല്‍ (ബാല്‍-ലാല്‍-പാല്‍) എന്നിവരുടെ ഇടപെടലുകളും മുസ്‌ലിം ലീഗ് (എ ഡി 1907), ഹിന്ദുമഹാസഭ (എ ഡി 1914), ആര്‍ എസ് എസ് (എ ഡി 1924) എന്നീ സംഘടനകളുടെ രൂപീകരണങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തെ ഈ കാലത്ത് പുതിയ ദിശയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഹിന്ദു-മുസ്‌ലിം വേര്‍തിരിവ് സജീവമായി നിലനിര്‍ത്തുന്നതില്‍ സഹായകമായിട്ടുള്ള ഘടകങ്ങള്‍ ഇത്തരത്തില്‍ നിരവധിയാണ്.
1947ലെ ഇന്ത്യാ-പാക് വിഭജനം രക്തരൂക്ഷിതമായ വര്‍ഗീയ കലാപങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ചിത്രം പരിപൂര്‍ണമാകുന്നത് പിന്നീട് രാജ്യത്ത് സജീവമായി മാറിയ ഇത്തരം വര്‍ഗീയ കലാപങ്ങളിലൂടെയാണ്. മുസ്‌ലിംകള്‍ സാമ്പത്തികമായി മുന്നിട്ട് നിന്നിടങ്ങളില്‍ നടന്നിട്ടുള്ള വര്‍ഗീയ കലാപങ്ങള്‍ യാദൃച്ഛികമായിരുന്നില്ലെന്ന് സത്യസന്ധമായ ചരിത്രവായന ബോധ്യപ്പെടുത്തുന്നതാണ്. ഉന്മൂലന പ്രത്യയശാസ്ത്രത്തിന് മുസ്‌ലിം ഐഡന്റിറ്റി പ്രശ്‌നമായി മാറുന്നതാണ് വര്‍ഗീയ ലഹളകളിലൂടെ കാണുന്നത്. മുഖ്യധാരയില്‍ നിന്ന് ഭയം മുസ്‌ലിം ജനസാമാന്യത്തെ മാറ്റിനിര്‍ത്തുന്ന കാഴ്ചയും സ്വാതന്ത്ര്യാനന്തരമുണ്ടായ വര്‍ഗീയ ലഹളകളിലൂടെ കാണാം.
മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടെങ്കിലും അതിശക്തമായ മതേതര അടിത്തറയില്‍ ഇന്ത്യന്‍ റിപബ്ലിക്ക് രൂപപ്പെട്ടു വന്നു. നെഹ്‌റുവിയന്‍ സെക്യുലറിസ്റ്റ് കാഴ്ചപ്പാട് നല്‍കിയ രാജ്യസ്‌നേഹവും സുരക്ഷിതത്വ ബോധവും മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു.
ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കം പോയ വ്യത്യസ്ത മത-ജാതി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ഭരണഘടനയില്‍ ഉള്‍ചേര്‍ന്നിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ പഠിക്കുന്നതിന് ആവശ്യാനുസരണം കമ്മിഷനുകളെ നിശ്ചയിക്കാന്‍ ഭരണഘടനയുടെ 340-ാം അനുഛേദം പറയുന്നുണ്ട്. ഭരണഘടനയുടെ ഈ നിര്‍ദേശപ്രകാരം പിന്നാക്കം നില്‍ക്കുന്ന മത-ജാതി വിഭാഗങ്ങളെ കുറിച്ച് പഠിക്കാന്‍ രാജ്യത്ത് വ്യത്യസ്ത കമ്മിഷനുകളെ വിവിധ സന്ദര്‍ഭങ്ങളില്‍ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. 1953ല്‍ നിയമിച്ച കാക്ക കലേക്കര്‍ കമ്മിഷനാണ് ഇതില്‍ ആദ്യത്തേത്. പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ മറികടക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടുന്ന നടപടികളെ കുറിച്ച് പഠിക്കാനാണ് കലേക്കര്‍ കമ്മിഷന് ചുമതല നല്‍കിയത്. മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് വിഭാഗങ്ങളുടെ സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ കുറിച്ചന്വേഷിക്കാന്‍ കമ്മിഷന് നിര്‍ദേശമുണ്ടായിരുന്നു. 2399 പിന്നാക്ക ജാതികളുടെയും സമുദായങ്ങളുടെയും ലിസ്റ്റ് കമ്മിഷന്‍ തയ്യാറാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നത് കൊണ്ട് 1961ല്‍ ജാതിയടിസ്ഥാനത്തില്‍ സെന്‍സസ് ഡാറ്റ ശേഖരിക്കാനുള്ള നിര്‍ദേശവും കമ്മിഷന്‍ നല്‍കി.
മണ്ഡല്‍ കമ്മീഷന്‍
1979ല്‍ സാമൂഹിക-വിദ്യാഭ്യാസ മേഖലകളില്‍ രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കുറിച്ച് പഠിക്കാന്‍ ബി പി മണ്ഡല്‍ കമ്മിഷന്‍ (ബാബുബിന്ദേശ്വരി പ്രസാദ് മണ്ഡല്‍) രൂപീകൃതമായി. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന ജനതാ പാര്‍ട്ടിയുടെ ഭരണ കാലത്താണ് കമ്മിഷനെ പഠനത്തിനായി ചുമതലപ്പെടുത്തിയത്. 1980 ഡിസംബറില്‍ തന്നെ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 52 ശതമാനം ജനങ്ങളും (എസ് സി, എസ് ടി വിഭാഗങ്ങളെ ഒഴിവാക്കിയിട്ട്) 3743 വ്യത്യസ്ത ജാതി-സമുദായങ്ങളിലായി കൊണ്ട് പിന്നാക്കാവസ്ഥയിലാണുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 52 ശതമാനം വരുന്ന പിന്നാക്ക സമുദായങ്ങളെയും ജാതികളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും പൊതു സ്ഥാപനങ്ങളുടെ ജോലികളിലും 27 ശതമാനം റിസര്‍വേഷന്‍ കൊണ്ടുവരണമെന്ന് മണ്ഡല്‍ കമ്മിഷന്‍ നിര്‍ദേശിച്ചു. 1980ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പിന്നീട് രാജ്യം ഭരിച്ച ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സര്‍ക്കാറുകള്‍ സവര്‍ണ സമൂഹങ്ങളുടെ എതിര്‍പ്പ് ഭയന്ന് റിപ്പോര്‍ട്ടിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ മുതിര്‍ന്നില്ല. 1989-90ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്ന വി പി സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ പ്രായോഗിക തലത്തിലേക്ക് കൊണ്ടുവരാനുള്ള പ്രയത്‌നങ്ങളില്‍ ഏര്‍പ്പെട്ടു. രാജ്യത്ത് അതിശക്തമായ വിദ്യാര്‍ഥി സമരങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നുവന്നു. പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ ദല്‍ഹിയിലെ ദേശ്ബന്ധു കോളേജ് വിദ്യാര്‍ഥി രാജീവ് ഗോസ്വാമി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രാജ്യം ഏറെ പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു ഇത്.

മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് ഇന്ദ്രാ സാഹ്നി സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മൊത്തം റിസര്‍വേഷന്‍ 50 ശതമാനത്തില്‍ അധികം പോകരുതെന്ന് നിര്‍ദേശിച്ചുകൊണ്ട് 27 ശതമാനം റിസര്‍വേഷന്‍ എന്ന മണ്ഡല്‍ കമ്മിഷന്‍ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു അന്ന് സുപ്രീം കോടതി ചെയ്തത്. റിസര്‍വേഷന് ക്രീമിലെയര്‍ പരിധി നിശ്ചയിക്കണമെന്ന നിര്‍ദേശം സുപ്രീം കോടതി മുന്നോട്ട് വെക്കുന്നതും ഇന്ദ്രാ സാഹ്നി ആന്റ് അദേര്‍സ് വേര്‍സസ് യൂണിയന്‍ ഓഫ് ഇന്ത്യാ എന്ന ഈ കേസിലൂടെയാണ്.
നരേന്ദ്രന്‍ കമ്മീഷന്‍
സംസ്ഥാന സര്‍ക്കാര്‍ ജോലികളിലെ പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കാന്‍ 2000 ഫെബ്രുവരിയില്‍ കേരള സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍. സര്‍ക്കാര്‍ ജോലികളില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യക്കുറവ് നരേന്ദ്രന്‍ കമ്മിഷന്‍ പ്രത്യേകം ചൂണ്ടിക്കാണിച്ചു. ബാക്ക്‌ലോഗ് നികത്താന്‍ കമ്മിഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്ക് 7383, ലത്തീന്‍ കത്തോലിക്കര്‍ക്ക് 4370, നാടാര്‍ വിഭാഗത്തിന് 2614, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്ക് 2290, ധീവര 256, വിശ്വകര്‍മ 147, മറ്റ് പിന്നാക്ക സമുദായങ്ങള്‍ക്ക് 460 എന്നിങ്ങനെ റിസര്‍വേഷന്‍ പ്രകാരം അര്‍ഹതപ്പെട്ട പോസ്റ്റുകള്‍ ലഭിക്കാതെ പോയിട്ടുണ്ടെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്.
ചീഫ് ജസ്റ്റിസ് ആയിരുന്ന രംഗനാഥ മിശ്രയുടെ മേല്‍നോട്ടത്തില്‍ 2004 ഒക്ടോബറിലാണ് മത-ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതിയെ നിശ്ചയിച്ചത്. മത-ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുക, സര്‍ക്കാര്‍ ജോലികള്‍ക്കും വിദ്യാഭ്യാസ പുരോഗതികള്‍ക്കുമായി റിസര്‍വേഷന്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നിവയൊക്കെയായിരുന്നു രംഗനാഥ മിശ്ര കമ്മിഷന്റെ പഠന പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഡിഗ്രിക്കും അതിന് മുകളിലുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനിലും സര്‍ക്കാര്‍ ജോലികളിലും മുസ്‌ലിംകള്‍ക്ക് 10 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അഞ്ച് ശതമാനവും ക്വാട്ട നിശ്ചയിക്കണമെന്നാണ് രംഗനാഥ മിശ്ര കമ്മിഷന്‍ പ്രധാനമായും നിര്‍ദേശിച്ചത്. നിലവിലുള്ള 27 ശതമാനം ഒ ബി സി (മറ്റ് പിന്നാക്ക സമുദായങ്ങള്‍) റിസര്‍വേഷനില്‍ 8.4 ശതമാനം ക്വാട്ട മുസ്‌ലിംകള്‍ക്കായി മാത്രം മാറ്റിവെക്കണമെന്നും കമ്മിഷന്‍ പറഞ്ഞു. ബി ജെ പിയുടെയും ഹിന്ദുത്വ സംഘടനകളുടെയും ശക്തമായ എതിര്‍പ്പ് രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ടിനും ഉണ്ടായി. കാര്യമായ പുരോഗതിയില്ലാതെ ഈ കമ്മിഷന്‍ പഠന റിപ്പോര്‍ട്ടും പേജുകളില്‍ അവശേഷിക്കുന്നു.
സച്ചാര്‍ കമ്മീഷന്‍
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ആദ്യ യു പി എ സര്‍ക്കാറിന്റെ ഭരണകാലത്താണ് ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രജീന്ദര്‍ സച്ചാറിന്റെ അധ്യക്ഷതയില്‍ ഏഴംഗങ്ങളുള്ള ഹൈലെവല്‍ സമിതിയെ നിയോഗിച്ചത്. ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിലയെക്കുറിച്ച് പഠിക്കാനാണ് സമിതിക്ക് രൂപം നല്‍കിയത്. 2005 മാര്‍ച്ചില്‍ നിയമിച്ച കമ്മിറ്റി 2006ല്‍ തന്നെ 403 പേജുകളുള്ള സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചു. സ്വാതന്ത്ര്യാനന്തര കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ വസ്തുതാപരമായ ചിത്രം വരച്ചുകാട്ടുന്നതായിരുന്നു സച്ചാര്‍ കമ്മിഷന്റെ പഠനം. രാജ്യത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളേക്കാള്‍ മുസ്‌ലിംകള്‍ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നുവെന്ന കൃത്യമായ സ്ഥിതിവിവര കണക്ക് നല്‍കുന്നതായിരുന്നു സച്ചാര്‍ പഠനത്തിന്റെ പ്രത്യേകത.
സാമൂഹിക-സാമ്പത്തിക മേഖലകളില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മുസ്്‌ലിംകളില്‍ നിന്ന് വിഭിന്നമായി കേരള മുസ്‌ലിംകള്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ മറ്റ് മതവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്‌ലിംകള്‍ പിറകിലാണെന്ന് സച്ചാര്‍ സമിതിയുടെ പഠനത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിലെ സവിശേഷമായ സാമൂഹിക സാഹചര്യങ്ങള്‍ മുസ്്‌ലിം പുരോഗതിക്ക് അനുഗുണമായി മാറുകയായിരുന്നുവെന്ന് കാണാം. എന്നിരുന്നാലും ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷന്‍ കണ്ടെത്തിയത് പോലെ സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യക്കുറവിന് കാരണമായ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അസാന്നിധ്യം ഗൗരവകരമായ കാര്യം തന്നെയാണ്.
സച്ചാര്‍ കമ്മിഷന്‍ കണ്ടെത്തലുകള്‍ നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പതിനഞ്ചിന നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയുണ്ടായി. കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് സമിതികള്‍ നിശ്ചയിച്ച് മുന്നോട്ട് പോയി. ഇതിന്നിടയില്‍ സച്ചാര്‍ സമിതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഗുജറാത്ത് സര്‍ക്കാര്‍ 2013ല്‍ സുപ്രിംകോടതിയെ സമീപിച്ചു. മറ്റ് മതന്യൂനപക്ഷങ്ങളെ പരിഗണിക്കാതെ മുസ്‌ലിം പ്രീണനം ലക്ഷ്യം വെച്ച് രൂപപ്പെടുത്തിയതായിരുന്നു സച്ചാര്‍ സമിതിയെന്നാണ് ബി ജെ പി കുറ്റപ്പെടുത്തിയത്. സച്ചാര്‍ സമിതി റിപ്പോര്‍ട്ടും അതിന്മേലുണ്ടായ പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികളും മുന്‍നിര്‍ത്തി വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ മറികടക്കുന്നതിന് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തികൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വ്യത്യസ്ത പാക്കേജുകള്‍ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കേരളത്തിലും സമിതി രൂപീകരിച്ചു. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തികൊണ്ടും ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടും പാലോളി സമിതി ചില നിര്‍ദേശങ്ങള്‍ കേരള സര്‍ക്കാറിന് സമര്‍പ്പിച്ചു.
ചുരുക്കത്തില്‍ കാലങ്ങളായി കമ്മിഷനുകളും സമിതികളും പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ പഠിക്കുന്നതിന് രാജ്യത്തുണ്ടായിട്ടുണ്ട്. കമ്മിഷനുകള്‍ വസ്തുതാപരമായും ഉത്തരവാദിത്തത്തോടെയും പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തതായി കാണാം. രാജ്യത്തെ എസ് സി, എസ് ടി വിഭാഗങ്ങളേക്കാള്‍ വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി മുസ്‌ലിംകള്‍ രൂപപ്പെട്ടതിന് നിരവധി കാരണങ്ങളുണ്ടെന്ന് പറഞ്ഞുവല്ലോ. കാലങ്ങളായി രാജ്യം ഭരിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് എന്നതിലപ്പുറം മുസ്‌ലിം വിഷയത്തെ എത്രത്തോളം ആത്മാര്‍ഥതയോടെ സമീപിച്ചിട്ടുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. ചുരുക്കം ചില രാഷ്ട്രീയക്കാര്‍ പ്രശ്‌ന പരിഹാരത്തിന് ഇഛാശക്തി കാണിച്ചപ്പോള്‍ ഉദ്യോഗസ്ഥ തലത്തിലും മറ്റും നടപ്പിലാക്കല്‍ ശ്രമങ്ങളെ അട്ടിമറിക്കുകയായിരുന്നു. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് നിയോഗിതമായ പാലോളി സമിതിയുടെ പരിഹാര നിര്‍ദേശങ്ങള്‍ പോലും മുസ്‌ലിം സമുദായത്തില്‍ നിന്ന് വഴിമാറി പോകുന്നത് സമീപകാലത്ത് കണ്ടതാണ്. ജനസംഖ്യയുടെ 15 ശതമാനത്തില്‍ അധികം വരുന്ന മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പല മാനങ്ങളിലും രാജ്യത്തെ ബാധിക്കുന്നതാണെന്ന് ഭരണകൂടങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. മതാടിസ്ഥാനത്തില്‍ രാജ്യം പകുത്തെങ്കിലും ജന്മ നാട്ടില്‍ നിലകൊള്ളാന്‍ തയ്യാറായവരാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍. ഈ രാജ്യത്തിന്റെ നാനോന്മുഖമായ പുരോഗതികളില്‍ അവരുടെ അപരിമേയമായ സംഭാവനകള്‍ കാണാം.
ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അസ്തിത്വമാണെന്നാണ് സച്ചാര്‍ കമ്മിഷന്‍ നിരീക്ഷിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയിട്ട്, വൈദേശികാധിപത്യത്തില്‍ നിന്ന് മോചിതമായിട്ട് 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനഞ്ച് ശതമാനം വരുന്ന ജനവിഭാഗത്തിന് സുരക്ഷിത ബോധം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് വരുന്നത് അപമാനകരമാണ്. ഇന്ത്യന്‍ ജനതയെ ഒന്നായി കാണാനും ജാതീയതയുടെയും മത ചിന്തകളുടെയും അപ്പുറം രാജ്യതാല്‍പര്യത്തിന് മുന്‍ഗണന നല്‍കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അഖണ്ഡ ഭാരതമെന്നത് മനസ്സുകള്‍ക്കിടയില്‍ ഖണ്ഡിക്കപ്പെടാതെ രാജ്യബോധമായി വളര്‍ത്തികൊണ്ടു വരാന്‍ സാധിക്കണം. താഴ്ന്ന ജാതിയില്‍ ജനിച്ച ദലിതനും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും സ്വാതന്ത്ര്യത്തിന്റെ, പരമാധികാരത്തിന്റെ പരമമായ വായു ശ്വസിക്കാന്‍ ഉഛനീചത്വങ്ങള്‍ കാരണമാകരുത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x