14 Tuesday
January 2025
2025 January 14
1446 Rajab 14

സ്വഭാവ രൂപീകരണത്തിന്റെ ഖുര്‍ആനിക മാതൃക

ശംസുദ്ദീന്‍ പാലക്കോട്‌


സ്വഭാവ രൂപീകരണത്തിന് ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന അടിസ്ഥാന തത്വം ഏകദൈവത്വവും ഏകമാനവികതയുമാണ് (സൂചന 49:13). മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവ് ഏകനായ അല്ലാഹുവാണെന്നും എല്ലാ മനുഷ്യരും അടിസ്ഥാനപരമായി ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും ഉണ്ടായതാണെന്നും ഖുര്‍ആന്‍ ഊന്നിപ്പറയുന്നതിലൂടെ മനുഷ്യരുടെ സല്‍സ്വഭാവ രൂപീകരണത്തിന്റെ രണ്ടു തൂണുകളാണ് ഖുര്‍ആന്‍ ഉറപ്പിച്ചു നിര്‍ത്തിയത്:
ഒന്ന്, പല ദൈവങ്ങളില്ലെന്നും ഒരു ദൈവം മാത്രമേയുള്ളൂ എന്നും വ്യക്തമാക്കുക വഴി ദൈവവിശ്വാസത്തിന്റെ പേരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിഭാഗീയ ചിന്ത ഇല്ലാതാക്കുന്നു. രണ്ട്, മനുഷ്യരെല്ലാം അടിസ്ഥാനപരമായി ഒരേ മാതാപിതാക്കളില്‍ നിന്ന് (ആദം, ഹവ്വ) വളര്‍ന്ന് വികസിച്ചതാണെന്നു വ്യക്തമാക്കുക വഴി ജാതിചിന്തയുടെയും ഗോത്രമഹിമയുടെയും എല്ലാവിധ ദുസ്വഭാവങ്ങളില്‍ നിന്നും മനുഷ്യമനസ്സ് വിമോചിതമാക്കുന്നു.
‘നന്മയും തിന്മയും സമമാവുകയില്ല. തിന്മയെ ഏറ്റവും വലിയ നന്മ കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോള്‍ നിന്നോട് ശത്രുതയുള്ളവര്‍ പോലും ശത്രുത മാറി നിന്റെ ഉറ്റമിത്രമാവുന്ന അവസ്ഥ വരും. ക്ഷമാശാലികള്‍ക്കല്ലാതെ അത് സാധിക്കുകയില്ല. മഹാഭാഗ്യം സിദ്ധിച്ചവര്‍ക്കല്ലാതെ അത് സാധിക്കുകയില്ല.’ (വി.ഖു 41:35)
തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കലാണ് ഏറ്റവും നല്ല സ്വഭാവഗുണം എന്ന് തത്വം പറയുക മാത്രമല്ല ഖുര്‍ആന്‍ ചെയ്യുന്നത്. മറിച്ച് അത് ജീവിതത്തില്‍ പ്രയോഗവത്കരിച്ച മാതൃകയും ഖുര്‍ആന്‍ വരച്ചുകാട്ടുന്നു. ആദം നബി(അ)യുടെ മക്കളായ ഹാബീലും ഖാബീലും തമ്മിലുണ്ടായ ഒരു പ്രശ്‌നത്തില്‍ അസൂയ മൂത്ത ജ്യേഷ്ഠന്‍ ഖാബീല്‍ അനുജനായ ഹാബീലിനെ കൊല്ലാന്‍ ഉദ്യമിച്ചപ്പോള്‍ ഹാബീല്‍ പറയുന്ന പ്രതികരണം ഖുര്‍ആന്‍ പറയുന്നുണ്ട്: ‘നീ എന്നെ കൊല്ലാന്‍ എന്റെ നേരെ കൈ നീട്ടിയാലും നിന്നെ കൊല്ലാന്‍ എന്റെ കൈ നിന്റെ നേരെ നീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ ലോക രക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു’ (വി.ഖു 5:28).
യൂസുഫ് നബിയെ സഹോദരന്മാര്‍ പൊട്ടക്കിണറ്റിലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച കഥ സൂറതു യൂസുഫില്‍ കാണാം. ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് യൂസുഫ് നബി ഈജിപ്തിന്റെ ധനമന്ത്രിയായപ്പോള്‍, തന്നെ പണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ച സഹോദരന്മാരെ ഉള്‍പ്പെടെ ഈജിപ്തില്‍ കൊണ്ടുവന്ന് നല്ല ജീവിത സാഹചര്യം ഒരുക്കിക്കൊടുത്തതും കുറ്റം ചെയ്ത സഹോദരന്മാര്‍ക്ക് മാപ്പു കൊടുത്തതുമായ ചരിത്രം സൂറതു യൂസുഫില്‍ വിവരിക്കുന്നുണ്ട്. മക്കാ വിജയനാളില്‍ പ്രവാചകന്‍ മുഹമ്മദ്(സ) തന്നെയും അനുയായികളെയും ദീര്‍ഘകാലം പീഡിപ്പിച്ച മക്കയിലെ ഖുറൈശികള്‍ക്ക് പൊതുമാപ്പ് നല്‍കിയതും ഇതിനോട് ചേര്‍ത്തു വായിക്കുക.
പരമതനിന്ദ പാടില്ല
‘അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചുതേടുന്ന ആരാധ്യവസ്തുക്കളെ നിങ്ങള്‍ ചീത്ത വിളിക്കരുത്. അപ്പോള്‍ വിവരക്കേടിനാലും ശത്രുത നിമിത്തവും അവര്‍ അല്ലാഹുവിനെയും ചീത്ത പറയാന്‍ അത് കാരണമാകും.’ (വി.ഖു 6:107)
ഇത് മുസ്‌ലിംകളോടുള്ള ഖുര്‍ആനിന്റെ കണിശമായ നിര്‍ദേശമാണ്. ഇതര മതസ്ഥരുടെ മതചിഹ്നങ്ങളെ ഓരോ വിഭാഗവും പരസ്പരം നിന്ദിച്ചാല്‍ സമൂഹത്തില്‍ സംഘര്‍ഷമൊഴിഞ്ഞ നേരമുണ്ടാവുകയില്ല. എന്നാല്‍ മാന്യമായ ആദര്‍ശ പ്രബോധന രീതി തുടരുകയും വേണം. ഈ വിഷയത്തില്‍ ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം’ എന്ന നിലപാട് സ്വീകരിക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.
പരദൂഷണം വര്‍ജ്യം
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും അവരുടെ അഭാവത്തില്‍ തീരെ ഗുണകാംക്ഷയോടെയല്ലാതെ പറഞ്ഞു പരത്തുക, ‘ഇരട്ടപ്പേര്’ വിളിക്കുക, കുത്തുവാക്ക് പറയുക, പരിഹസിക്കുക തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്നെല്ലാം വിശ്വാസി വിട്ടുനില്‍ക്കണം. (വിശദ വായനയ്ക്ക് വി.ഖു 39:11,12, 104:1 ആയത്തുകള്‍ കാണുക).
മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും ചികഞ്ഞു നടക്കുക, അത് പറഞ്ഞു നടക്കുക, അതുതന്നെ ഓര്‍ത്തുകൊണ്ടിരിക്കുക തുടങ്ങിയ ദുസ്സ്വഭാവങ്ങള്‍ മനസ്സിനെ വികലമാക്കുകയും ശരീരത്തില്‍ നെഗറ്റീവ് എന്‍സൈമുകള്‍ ഉല്‍പാദിപ്പിക്കാനും ജീവിതം തന്നെ ദുസ്സഹമാക്കാനും കാരണമാവുകയും ചെയ്യുമെന്ന് ആധുനിക മനഃശാസ്ത്ര പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉപഭോഗ സംസ്‌കാരത്തിന്റെ
കെടുതികള്‍

‘പരസ്പരം പെരുമ നടിക്കല്‍ (യഥാര്‍ഥ ജീവിതലക്ഷ്യത്തില്‍ നിന്ന്) നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു’ (വി.ഖു 102:1), ‘സത്യവിശ്വാസികളേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവസ്മരണയില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തിരിക്കാതിരിക്കട്ടെ’ (വി.ഖു 63:9) എന്നീ ആയത്തുകള്‍ നല്‍കുന്ന സന്ദേശം വിശ്വാസികള്‍ ഉപഭോഗ സംസ്‌കാരത്തിനു പിന്നാലെ പോകരുത് എന്നാണ്.
ഉള്ളവന്‍ പരിഗണിക്കപ്പെടുകയും ഇല്ലാത്തവന്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഉപഭോഗ സംസ്‌കാരത്തിന്റെ ദൂഷ്യം. ആവശ്യം, അനാവശ്യം, അത്യാവശ്യം എന്നിങ്ങനെയുള്ള ത്യാജ്യഗ്രാഹ്യ സൂക്ഷ്മതയില്ലാതെ ഭൗതിക-സുഖഭോഗ തൃഷ്ണയില്‍ ഇക്കൂട്ടര്‍ അഭിരമിച്ചതിനാല്‍ പലവിധ സ്വഭാവവൈകല്യങ്ങളും ഇവരുടെ മുഖമുദ്രയായിരിക്കും. യഥാര്‍ഥ മനഃസംതൃപ്തി ഇവരുടെ ജീവിതത്തില്‍ മരീചികയായിരിക്കും. ‘ധനവര്‍ധനവല്ല ധന്യത, മനഃസംതൃപ്തിയാണ് യഥാര്‍ഥ ധന്യത’ എന്ന നബിവചനവും ഇവിടെ ഓര്‍ക്കാം.
ക്ഷമയവലംബിക്കുക
‘നിങ്ങള്‍ ക്ഷമയവലംബിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശാലികളോടൊപ്പമാകുന്നു’ (ഖുര്‍ആന്‍ 8:46). ‘നമസ്‌കാരം കൊണ്ടും ക്ഷമ കൊണ്ടും നിങ്ങള്‍ പരസ്പരം സഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശാലികളോടൊപ്പമാകുന്നു’ (ഖുര്‍ആന്‍ 2:153).
‘നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍ ക്ഷമാശാലികള്‍ക്ക് അതുതന്നെയാണ് നല്ലത്. നീ ക്ഷമിക്കുക. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മാത്രമാണ് നിനക്ക് ക്ഷമിക്കാന്‍ കഴിയുന്നത്’ (വി.ഖു 16:126,127). ക്ഷമയില്ലായ്മയാണ് സകല പ്രശ്‌നങ്ങളുടെയും കാരണം എന്ന് മനഃശാസ്ത്ര തത്വപ്രകാരവും ശരിയാണ്. പ്രവാചകന്റെ കാലത്ത് നടന്ന ഒരു സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളത് ഇപ്രകാരം:
ഒരു സ്ത്രീ തന്റെ ബന്ധുവിന്റെ ഖബറിനരികില്‍ ഇരുന്ന് കരയുകയും അലമുറയിടുകയും ചെയ്യുന്നത് പ്രവാചകന്റെ ശ്രദ്ധയില്‍ പെട്ടു. നബി ആ സ്ത്രീയോട് പറഞ്ഞു: ‘ക്ഷമിക്കൂ സഹോദരീ.’ അപ്പോള്‍ ആ സ്ത്രീ പ്രവാചകനോട് പൊട്ടിത്തെറിച്ചു: ‘എനിക്ക് ബാധിച്ച ദുരിതം നിങ്ങള്‍ക്ക് ബാധിച്ചിട്ടില്ലല്ലോ.’ ഇതു കേട്ട് പ്രതികരിക്കാതെ പ്രവാചകന്‍ ശാന്തനായി നടന്നുനീങ്ങി.
അത് പ്രവാചകനാണെന്ന് ആ സ്ത്രീക്ക് അറിയില്ലായിരുന്നു. അക്കാര്യം അറിഞ്ഞപ്പോള്‍ ആ സ്ത്രീക്ക് കുറ്റബോധമുണ്ടാവുകയും നബിയെ സമീപിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു. അപ്പോള്‍ നബി ആ സ്ത്രീയോട് പറഞ്ഞ കാര്യമാണ് ശ്രദ്ധേയം: ‘ക്ഷമ വേണ്ടത് വിപത്തിന്റെ ആദ്യ സന്ദര്‍ഭത്തില്‍ തന്നെയാണ്.’
ഉഹ്ദില്‍ രക്തസാക്ഷിയായ ഹംസ(റ)യുടെ മൃതദേഹം വികൃതമാക്കപ്പെട്ട രംഗം പ്രവാചകനെ വല്ലാതെ വികാരാധീനനാക്കി. ഇതിന് ഞാന്‍ പകരം വീട്ടും എന്ന അര്‍ഥത്തില്‍ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. അത്തരമൊരു സാഹചര്യത്തില്‍ അവതരിച്ച സൂറതു നഹ്‌ലിലെ ആയത്തില്‍ അല്ലാഹു ആദ്യം നബിയെ ആശ്വസിപ്പിച്ചുകൊണ്ട് ‘പകരം വീട്ടിക്കോളൂ, പക്ഷേ ക്ഷമിക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്’ എന്നു നിര്‍ദേശിക്കുകയാണ് ചെയ്തത്.

അഹങ്കാരരഹിത
ജീവിതം

‘നീ അഹങ്കാരത്തോടെ ജനങ്ങളുടെ നേരെ കവിള്‍ കോട്ടരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയുമരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക. നീ ശബ്ദം മിതപ്പെടുത്തുക. തീര്‍ച്ചയായും ശബ്ദങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വെറുപ്പുളവാക്കുന്നത് കഴുതയുടെ ശബ്ദമത്രേ’ (വി.ഖു 31:18,19).
കുട്ടികളില്‍ എങ്ങനെ നല്ല സ്വഭാവ രൂപീകരണം നടത്താം എന്നതിന്റെ പാരന്റിങ് മാതൃക ഈ ദിവ്യസൂക്തങ്ങളില്‍ കാണാം. ലുഖ്മാന്‍ എന്ന മാതൃകാ രക്ഷിതാവ് തന്റെ മകന്റെ വളര്‍ച്ചാഘട്ടങ്ങളില്‍ പൊന്നുമോനേ എന്ന് സ്‌നേഹമസൃണമായി വിളിച്ച് ജീവിതവിജയത്തിന് ആവശ്യമായ സ്വഭാവഗുണങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന സൂറഃ ലുഖ്മാനിലെ ഈ ഭാഗം ഒരു അത്യപൂര്‍വ പാരന്റിങ് സിലബസ് തന്നെയാണ്. വിശ്വാസികളെങ്കിലും ഗാര്‍ഹിക മേഖലയില്‍ ഈ സിലബസ് അനുധാവനം ചെയ്യണം.
തിന്മയില്‍
അനുസരണമില്ല

‘നിനക്ക് യാതൊരറിവുമില്ലാത്ത വല്ലതിനെയും എന്നോട് പങ്കു ചേര്‍ക്കാന്‍ അവരിരുവരും (മാതാപിതാക്കള്‍) നിന്നെ നിര്‍ബന്ധിച്ചാല്‍ നീ അവരിരുവരെയും ആ വിഷയത്തില്‍ അനുസരിക്കരുത്. എന്നാല്‍ ഇഹലോകത്ത് നീ അവരോട് നല്ല നിലയില്‍ സഹവസിക്കണം. എന്നിലേക്ക് ഖേദിച്ചു മടങ്ങിയവരുടെ പാത നീ പിന്തുടരുകയും ചെയ്യണം’ (ഖുര്‍ആന്‍ 31:15).
നന്മ ചെയ്യാതിരിക്കാനും തിന്മ ചെയ്യാനും കാരണമായി ബന്ധങ്ങളുടെ വൈകാരികത സ്വാധീനിക്കരുത്. മാതാപിതാക്കളോട് മക്കള്‍ ‘ഛെ’ എന്നു പറയരുത് എന്ന ദൈവവചനമുള്ള അതേ വേദഗ്രന്ഥത്തില്‍ തന്നെയാണ് ‘അവരെ നിങ്ങള്‍ അനുസരിക്കരുത്’ എന്ന വചനവുമുള്ളത് എന്നത് ഏറെ ചിന്താര്‍ഹമാണ്. ആദര്‍ശാത്മകമായ നിലപാട് സ്വീകരിക്കുന്ന കാര്യത്തില്‍ ബന്ധങ്ങളിലെ വൈകാരികത തടസ്സമാകരുത് എന്നതാണ് ഇതിലെ വേദവെളിച്ചം.
മൂന്നു പാപങ്ങള്‍
വര്‍ജിക്കണം

‘അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന, കൊലപാതകം, വ്യഭിചാരം എന്നിവയില്‍ നിന്ന് അകന്നുനില്‍ക്കുന്നവരായിരിക്കും അവര്‍’ (ഖുര്‍ആന്‍ 25:68). അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ ആര്, എങ്ങനെ എന്ന കാര്യം വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ ഒരു ഭാഗം സൂറഃ അല്‍ഫുര്‍ഖാനിലുണ്ട്. അതില്‍ വിശ്വാസിയുടെ സ്വഭാവരൂപീകരണത്തിന്റെ 13 കാര്യങ്ങള്‍ വിശകലനം ചെയ്യുന്നുണ്ട്. അതില്‍ പെട്ട മൂന്നെണ്ണമാണ് മുകളില്‍.
അനാവശ്യങ്ങളില്‍
അഭിരമിക്കുകയില്ല

‘വ്യാജത്തിന് അവര്‍ സാക്ഷി നില്‍ക്കുകയില്ല. അനാവശ്യ വൃത്തികള്‍ നടക്കുന്നേടത്തുകൂടി അവര്‍ നടന്നുപോയാല്‍ അവര്‍ മാന്യന്മാരായി നടന്നുപോകും’ (ഖുര്‍ആന്‍ 25:72). കള്ളസാക്ഷ്യം പറയുക, കള്ളത്തരം ചെയ്യുക, അനാവശ്യങ്ങളില്‍ അഭിരമിക്കുക തുടങ്ങിയ സ്വഭാവവൈകല്യങ്ങളില്‍ നിന്ന് വിശ്വാസികള്‍ പൂര്‍ണമായും വിട്ടുനില്‍ക്കണം.
നന്മയില്‍ സഹകരണം തിന്മയില്‍ നിസ്സഹകരണം
‘പുണ്യത്തിലും ഭയഭക്തിയിലും പരസ്പരം സഹായിക്കുക. കുറ്റത്തിലും ശത്രുതയിലും പരസ്പരം സഹായിക്കരുത് ‘(ഖുര്‍ആന്‍ 5:2). ഇതും ഖുര്‍ആനിക സ്വഭാവരൂപീകരണ നിയമങ്ങളില്‍ പ്രധാനമാണ്. നന്മയില്‍ പരസ്പരം സഹകരിക്കുമ്പോഴും തിന്മയില്‍ സഹകരിക്കാതെ വിട്ടുനില്‍ക്കുമ്പോഴുമാണ് വിശ്വാസിയുടെ ആദര്‍ശജീവിതം സഫലമാവുക. അഥവാ വിശ്വാസി ‘കൂടെക്കൂടികളാ’വാതെ നിലപാടുകളുടെ കൂടെ ഉറച്ചുനില്‍ക്കുന്നവരായിരിക്കും എന്നര്‍ഥം. ഈ വിധം മനുഷ്യ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ സ്വഭാവത്തെ ശരിയായ വിധത്തില്‍ രൂപപ്പെടുത്താന്‍ ആവശ്യമായ വേദവെളിച്ചത്താല്‍ സമ്പന്നമാണ് വിശുദ്ധ ഖുര്‍ആന്‍.

Back to Top