23 Tuesday
April 2024
2024 April 23
1445 Chawwâl 14

സൂഫിസവും ത്വരീഖത്തുകളും

അബ്ദുല്‍അലി മദനി


പ്രവാചകന്മാര്‍ പഠിപ്പിക്കാത്ത ചിന്തകളും ആശയങ്ങളും ധാരകളും പില്‍ക്കാലത്ത് മതത്തില്‍ കടന്നു കൂടിയിട്ടുണ്ട്. അനേകം മദ്ഹബുകളും ത്വരീഖത്തുകളും മതത്തിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിക്കപ്പെട്ടു. മോക്ഷവും മോചനവുമാണ് ഓരോ ആശയവക്താക്കളും വാഗ്ദാനം ചെയ്യുന്നത്. മതത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാത്ത പലരും ഇതിലൂടെ വഞ്ചിതരായി. ഇസ്‌ലാമിനോട് കടുത്ത ശത്രുത പുലര്‍ത്തിയ ജൂതന്മാരുടെ നിര്‍മിതിയാണ് ശിആഇസം. മുസ്‌ലിംകള്‍ക്കിടയില്‍ ജൂതന്മാര്‍ കയറിക്കൂടിയത് ശീഅകളിലൂടെയാണ്. ശീഅകള്‍ ഒട്ടനേകം വിഭാഗങ്ങളുണ്ട്. സൂഫി ചിന്താധാരയും വ്യാജ ത്വരീഖത്തുകളും അവര്‍ കെട്ടിച്ചമച്ചുണ്ടാക്കി.
നിലവില്‍ നാം കേള്‍ക്കുന്ന മുഴുവന്‍ ത്വരീഖത്തുകളും വ്യാജ നിര്‍മിതികളാണ്. നഖ്ശബന്ദി, മാതുരീതി, ചിശ്തി, അജ്മീരി, നാഗൂരി, ശാദുലി, ഖാദിരി, രിഫാഈ, ഫാത്തിമി, അലവി, നൂരി, ശംസി, ഖമരി, ജീലാനി തുടങ്ങി ഒട്ടേറെ ത്വരീഖത്തുകളുണ്ട്. ഇവയെല്ലാം അവകാശപ്പെടുന്നത് പ്രവാചകന്റെ കൈ പിടിച്ച് ഉടമ്പടി ചെയ്തവരാണ് അവരെന്നാണ്. ചിലര്‍ നബിയുടെ പേരമക്കളായ ഹസന്‍, ഹുസൈന്‍ എന്നിവരിലൂടെ ചേര്‍ത്തിപ്പറഞ്ഞ് നബികുടുംബത്തില്‍ പെട്ടവരാണെന്ന് വാദിക്കുന്നു. സൂഫിസത്തെ നിര്‍വചിച്ചവര്‍ ഒരേകീകൃത അഭിപ്രായമുള്ളവരല്ല. രണ്ടായിരത്തിലധികം അര്‍ഥങ്ങള്‍ സൂഫിസത്തിനു നല്‍കപ്പെട്ടതായി കാണാന്‍ കഴിയും. അവയില്‍ ഒന്നുംതന്നെ സൂഫിസത്തിന്റെ ആശയം ശരിയായ വിധത്തില്‍ ഉള്‍ക്കൊള്ളുന്നില്ലെന്നതാണ് പരമാര്‍ഥം.
പ്രവാചകന്‍ തസ്വവ്വുഫ് എന്ന ഒരാശയം പഠിപ്പിച്ചിട്ടില്ല. പില്‍ക്കാലത്ത് വന്നേക്കാവുന്നഅനാചാരങ്ങളെപ്പറ്റി മൊത്തത്തില്‍ സൂചിപ്പിക്കുകയാണ് ചെയ്തത്: ”ആരെങ്കിലും മതകാര്യത്തില്‍ വല്ലതും പുതുതായി കൂട്ടിച്ചേര്‍ത്താല്‍ അത് വര്‍ജിക്കപ്പെടേണ്ടതും വഴികേടുമാകുന്നു” (മുസ്‌ലിം). പ്രവാചകന്റെ സന്തത സഹചാരികള്‍ക്ക് ഇത്തരമൊരു ചിന്ത ഉണ്ടായിരുന്നില്ല. ”നിങ്ങളില്‍ ഉത്തമന്മാര്‍ എന്റെ കാലഘട്ടക്കാരും അതിനു ശേഷം തൊട്ടടുത്ത കാലഘട്ടക്കാരും അതിനു ശേഷം അടുത്ത നൂറ്റാണ്ടുകാരുമാണ്” എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച മൂന്നു നൂറ്റാണ്ടുകളിലൊന്നും സൂഫിസത്തിന് യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. അറബി ഭാഷാ പണ്ഡിതന്‍മാര്‍ പോലും തസ്വവ്വുഫ് എന്ന പദം അറബി ഭാഷയില്‍ പെട്ടതായി ഗണിക്കുന്നില്ല. ഏത് അടിസ്ഥാന ക്രിയാധാതുവില്‍ നിന്നാണതിന്റെ ഉദ്ഭവമെന്നു തന്നെ നിജപ്പെടുത്തിയിട്ടില്ല. നഹ്‌വ് (വ്യാകരണം), ഫിഖ്ഹ് (കര്‍മശാസ്ത്രം), മന്‍ത്വിഖ് (തര്‍ക്കശാസ്ത്രം) തുടങ്ങിയ പദങ്ങള്‍ പില്‍ക്കാലത്ത് ഉടലെടുത്തതാണെങ്കിലും അവയെയൊന്നും ഭാഷാപണ്ഡിതന്‍മാര്‍ തള്ളിപ്പറഞ്ഞു കാണുന്നില്ല. എന്നാല്‍ തസ്വവ്വുഫ് എന്ന പദം അവര്‍ക്ക് പരിചിതമല്ല.
ശാമിലുണ്ടായിരുന്ന അബ്ദുല്‍ഖാദിര്‍ ഈസ എന്ന ശാദുലി ത്വരീഖത്തിന്റെ നേതാവാണ് തസ്വവ്വുഫിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും സൂഫിസത്തിന്റെ വികൃതമുഖം മൂടിവെച്ചുകൊണ്ട് അനിസ്‌ലാമിക ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത്. നഹ്‌വ്, ഫിഖ്ഹ് എന്നീ പദങ്ങളും അവ ഉള്‍ക്കൊള്ളുന്ന വിജ്ഞാനശാഖകളും ഇസ്‌ലാമിനെ സംരക്ഷിക്കാനും ഖുര്‍ആനിന്റെ വെളിച്ചവും സന്‍മാര്‍ഗവും കൂടുതല്‍ ആഴത്തില്‍ പഠനവിധേയമാക്കാനും ഉപകരിക്കുന്നതാണെങ്കില്‍, തസ്വവ്വുഫ് എന്ന പദവും അതുള്‍ക്കൊള്ളുന്ന ആശയവും ഇസ്‌ലാമിനെയും അതിന്റെ തത്വസംഹിതകളെയും പൊളിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.
സൂഫിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എന്തെല്ലാമാണെന്ന് വസ്തുനിഷ്ഠമായ പഠനം നടത്താതെയാണ് ചിലര്‍ അതില്‍ അകപ്പെട്ടത്. അതിനാല്‍ സത്യവും അസത്യവും തിരിച്ചറിയാതെ തസ്വവ്വുഫ് സ്വീകരിച്ച പലരും അനാചാരങ്ങളില്‍ എത്തിപ്പെട്ടു. മുസ്‌ലിം സമുദായത്തിന് അതു മുഖേന വന്നുചേര്‍ന്ന അപകടങ്ങള്‍ തിരിച്ചറിയാന്‍ സൂഫിസത്തിന്റെ ചില പ്രധാന തത്വങ്ങള്‍ അനാവരണം ചെയ്യേണ്ടതുണ്ട്.
ത്വരീഖത്ത്
സൂഫിസത്തില്‍ ആകൃഷ്ടനായ ഒരാള്‍ തന്റെ ഗുരുനാഥനുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും അയാളുടെ ജീവിതകാലത്തും മരണശേഷവും ശൈഖിന്റെ പിന്തുടര്‍ച്ച നിലനിര്‍ത്തുകയുമാണ് ത്വരീഖത്ത് കൊണ്ട് ഉദ്ദേശ്യം. ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശിഷ്യനായ മുരീദ് ഗുരുനാഥനായ ശൈഖില്‍ നിന്ന് പഠിച്ചെടുത്ത ചില ദിക്‌റുകള്‍ രാവും പകലും ഉരുവിടുന്നു. ഈ ബന്ധം ഒരു കരാറിലൂടെ തുടങ്ങുകയും ഒന്നാം കക്ഷിയായ ശൈഖ് രണ്ടാം കക്ഷിയായ മുരീദിനെ എല്ലാ പ്രയാസങ്ങളില്‍ നിന്നും രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും, മുരീദ് എപ്പോള്‍ സഹായത്തിനായി വിളിച്ചാലും ശൈഖ് അയാളെ രക്ഷിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്യുന്നു. അന്ത്യദിനത്തില്‍ വളരെയേറെ വിഷമകരമായ ഘട്ടത്തില്‍ പോലും ശൈഖ് തന്റെ മുരീദിന് ശുപാര്‍ശകനായി ഉണ്ടാകുമെന്നും അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ അല്ലാഹുവോട് ശുപാര്‍ശ പറയുമെന്നും മുരീദ് വിശ്വസിക്കുന്നു. അതിനായി രണ്ടാം കക്ഷിയായ മുരീദ് തന്റെ ഗുരു പഠിപ്പിച്ച കീര്‍ത്തന വാക്കുകളും ദിക്‌റുകളും പതിവായി ഉരുവിട്ടുകൊള്ളാമെന്നും അതുവഴി ശൈഖുമായുള്ള ബന്ധം നിലനിര്‍ത്താമെന്നും ഉറപ്പുനല്‍കുകയും മറ്റൊരു വഴിയും താന്‍ സ്വീകരിക്കില്ലെന്ന് ശൈഖിനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
നാലു ദൂഷ്യങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്: ഒന്ന്, മുസ്‌ലിം സമുദായത്തില്‍ ചൂഷണവിധേയരായ ഒരുകൂട്ടം ആളുകള്‍ ഉണ്ടാവുന്നു. അവരെ വഴികേടിലാക്കുന്നവര്‍ അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നു. അല്ലാഹുവിലുള്ള വിശ്വാസവും ഇസ്‌ലാമിക സാഹോദര്യവും മുഖേന ലഭ്യമാകേണ്ട അനുഗ്രഹങ്ങള്‍ വിലക്കപ്പെടുന്നതിനു പുറമേ മുസ്‌ലിംകള്‍ അന്യോന്യം ശത്രുക്കളായി മാറുകയാണ് ഇതുവഴി സംഭവിക്കുന്നത്.
രണ്ട്, മുസ്‌ലിംകള്‍ക്കിടയില്‍ പക്ഷപാതപരമായ കാരണങ്ങള്‍ പറഞ്ഞു പിളര്‍പ്പുണ്ടാക്കുകയും കക്ഷികളായി വേര്‍പിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. തന്‍മൂലം തമ്മില്‍ കണ്ടുകൂടാത്ത ഒരവസ്ഥ വന്നുചേരുന്നു.
മൂന്ന്, മുരീദുകളെ രക്ഷിക്കാമെന്ന ശൈഖുമാരുടെ പ്രചാരണം നിമിത്തം മരണാസന്നനായ മുരീദിന്റെയടുക്കല്‍ ശൈഖ് വരുമെന്നും രണ്ടു ശഹാദത്തുകള്‍ ചൊല്ലിക്കൊടുക്കുമെന്നും ഖബ്‌റിലെ ചോദ്യവേളയില്‍ മലക്കുകള്‍ക്കെതിരില്‍ ശൈഖ് സഹായിക്കാന്‍ വരുമെന്നും ശൈഖിന്റെ കൂടെ സ്വിറാത്തില്‍ അതിവേഗം നടക്കാന്‍ കഴിയുമെന്നും ശൈഖിന്റെ ശുപാര്‍ശ കിട്ടി സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്നും മുരീദ് വിശ്വസിക്കുന്നു. ഇത് മുസ്ലിം സമുദായത്തിലെ സാധാരണക്കാരെ വഞ്ചിക്കാന്‍ വേണ്ടിയുള്ള കള്ളപ്രചാരണങ്ങള്‍ മാത്രമാണ്.
നാല്, മുരീദ് ശൈഖല്ലാത്ത മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുകയും സദ്‌വൃത്തരായ വ്യക്തികളുമായുള്ള സര്‍വ ബന്ധങ്ങളും മുറിച്ചുകളയുകയും ചെയ്യുന്നു. ചില ത്വരീഖത്തുകളുടെ ഒന്നാമത്തെ നിബന്ധന തന്നെ മറ്റ് ഔലിയാക്കളെ സന്ദര്‍ശിക്കുക പോലുമുണ്ടാവില്ലെന്ന് വാക്കുകൊടുക്കുന്നതാണ്. ഈ വക യാതൊന്നും തന്നെ ഇസ്‌ലാമിക വിശ്വാസങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഉള്ളതല്ലെന്ന് സ്പഷ്ടമാണല്ലോ.
അനുവാദം ലഭിച്ച ശൈഖ് തസ്വവ്വുഫിന്റെ അടിസ്ഥാന ശിലകളില്‍ പ്രബലമായി കാണുന്ന ഒരിനം, തന്റെ ശിഷ്യനായ മുരീദിന് ചൊല്ലിപ്പറയാനുള്ള ചില ദിക്‌റുകള്‍ നിജപ്പെടുത്തിക്കൊടുക്കാനുള്ള അധികാരം സിദ്ധിച്ചവനാവുകയെന്നതാണ്. ശൈഖിന്റെ അഭാവത്തില്‍ പകരം നില്‍ക്കുന്നവനായിരിക്കും ഇങ്ങനെ നിശ്ചയിച്ചുകൊടുക്കാനുള്ള അധികാരം.
സാധാരണക്കാരെ വേട്ടയാടി കീഴ്‌പ്പെടുത്താനും തങ്ങളുടെ ചൊല്‍പ്പടിക്കു കീഴില്‍ കൊണ്ടുവരാനും ത്വരീഖത്തിന്റെ ശൈഖുമാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ഗുരുതരമായ ഒന്നാണിത്. ഈ വഴിയിലൂടെ സാധാരണക്കാരെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തുകൊണ്ട് ത്വരീഖത്തുകാര്‍ തങ്ങളുടെ ശൈഖിന്റെ പാദസേവകരാക്കി മാറ്റുന്നു. യഥാര്‍ഥത്തില്‍ അല്ലാഹുവെക്കുറിച്ചും അല്ലാഹുവിലേക്ക് അടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ശരിയായ വിധം മനസ്സിലാക്കിയ പണ്ഡിതനും ഭക്തനുമായ ഒരാള്‍ അയാളിലുള്ള ആത്മീയഗുണങ്ങളിലേക്കും ഇസ്‌ലാമിക ശിക്ഷണങ്ങളിലേക്കും മനുഷ്യരെ ആകര്‍ഷിക്കുകയായിരുന്നുവെങ്കില്‍ അത് സ്തുത്യര്‍ഹമായ കാര്യമായിരുന്നു.
ത്വരീഖത്തിനെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന പരമ്പരകള്‍ പ്രവാചകനില്‍ ചെന്ന് അവസാനിക്കുന്നുവെന്ന് പ്രചരിക്കുക വഴി സാധാരണക്കാര്‍ക്കിടയില്‍ ത്വരീഖത്തുകള്‍ വ്യാപകമായിത്തീരുന്നു. ഇതിനുള്ള ഉദാഹരണമാണ് ത്വരീഖത്തുല്‍ മുഹമ്മദിയ്യ (തീജാനിയ്യ) എന്നറിയപ്പെടുന്ന ത്വരീഖത്തിന്റെ ശൈഖ് അഹ്മദുബ്‌നു മുഹമ്മദ് തീജാനിയുടെ അവകാശവാദം. അയാളുടെ ഗ്രന്ഥമായ ജവാഹിറുല്‍ മആനിയയില്‍ പറയുന്നു: ”മുഹമ്മദീ ത്വരീഖത്ത് (തീജാനിയ്യ) നിരവധി ശൈഖുമാരിലൂടെയാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ യഥാര്‍ഥമായ ഉദ്ദേശ്യം പരിപൂര്‍ണമായും നേടാന്‍ കഴിയുന്നത് ലോകാനുഗ്രഹിയായ മുഹമ്മദ് നബി(സ)യുടെ പരിശുദ്ധ കരങ്ങളില്‍ നാം എത്തിപ്പെടുമ്പോഴാണ്. അതായത് ഈ ത്വരീഖത്ത് പ്രവാചക കൈകളില്‍ എത്തിച്ചേരുന്നു എന്നര്‍ഥം.”
ശൈഖ് അഹ്മദ് തീജാനിയുടെ അനുയായികള്‍ പ്രവാചകന്റെ ഇഷ്ടപ്പെട്ട കൂട്ടുകാരായിരിക്കുമെന്ന് പ്രവാചകന്‍ ശൈഖിന് വിവരം കൊടുത്തിട്ടുണ്ടത്രെ! പ്രവാചകന്റെയും സത്യവിശ്വാസികളുടെയും മേല്‍ കള്ളപ്രചാരണം നടത്തുകയാണിവര്‍. ഇതിലേറെ വിചിത്രമാണ് ഈ ത്വരീഖത്തിലെ ശൈഖായ അബ്ദുല്‍ ഖാദിര്‍ ഈസക്ക് തൊട്ടുമുമ്പുണ്ടായിരുന്ന ശൈഖ് മുഹമ്മദുല്‍ ഹാശിമി അല്‍ മസാനിയില്‍ നിന്ന് അനുമതി ലഭിച്ചത്. അയാള്‍ പ്രവാചകനില്‍ എത്തിച്ചേരുന്ന ഒരു പരമ്പര പറയുന്നു. എന്നാല്‍ പ്രസ്തുത പരമ്പരയില്‍ ഒട്ടനേകം കൊള്ളരുതാത്തവരെയും അധര്‍മകാരികളെയും കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ശാദുലി ത്വരീഖത്ത് നിലകൊള്ളുന്നത്. അവരുടെ ശൃംഖലയില്‍ വേറെ നാലു ത്വരീഖത്തുകളുടെ പരമ്പരകളും സമ്മിശ്രമാകുന്നുണ്ട്. ഖാദിരിയ്യ, ശാദുലിയ്യ, ദര്‍ഖാവിയ്യ, അലീവിയ എന്നിവയുടേതാണത്.
ഇതില്‍ ഏറ്റവും മോശമായ ഭാഗം അതെല്ലാം പ്രവാചകനിലേക്ക് ചേര്‍ത്തു പറയുന്നു എന്നതാണ്. പ്രവാചകന്റെ സന്തത സഹചാരികളില്‍ നിന്ന് അബൂബക്കര്‍(റ), അനസുബ്‌നു മാലിക്(റ), അലി(റ) എന്നിവരെ മാത്രമാണ് പ്രവാചകന്‍ ഏറ്റവും അടുത്ത കൂട്ടുകാരായി തെരഞ്ഞെടുത്തതെന്നും എല്ലാ രഹസ്യവും അവരോടാണ് പറഞ്ഞിട്ടുള്ളതെന്നും ഇവര്‍ വാദിക്കുന്നു. അലി(റ) ഇത്തരം പ്രചാരണങ്ങള്‍ കേള്‍ക്കാനിടയായപ്പോള്‍ അത് നിഷേധിക്കുകയും തന്റെ വാളുറയില്‍ വെച്ചിട്ടുള്ള ഈ ലിഖിതത്തിലുള്ളതല്ലാത്ത മറ്റൊന്നും പ്രത്യേകമായി പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ലെന്നും പറഞ്ഞുകൊണ്ട് പ്രസ്തുത ലിഖിതം എടുത്തുകാണിക്കുകയുമുണ്ടായി. അതില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയായിരുന്നു: ”ആരെങ്കിലും അല്ലാഹു അല്ലാത്തവരുടെ പേരില്‍ ബലിയറുക്കുകയോ ഭൂമി കൈയേറുകയോ മാതാപിതാക്കളെ ശപിക്കുകയോ ബിദ്അത്തുകാരന് അഭയം നല്‍കുകയോ ചെയ്താല്‍ അവന്റെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ” (ബുഖാരി, മുസ്‌ലിം).
സഹാബികളില്‍ പെട്ട ഈ മൂന്നു പേരല്ലാത്ത മറ്റുള്ളവര്‍ക്ക് ഹഖീഖത്ത് അറിയില്ലെന്നും ശരീഅത്ത് മാത്രമേ അറിയുകയുള്ളൂവെന്നുമുള്ള തസവ്വുഫുകാരുടെ വാദഗതിയില്‍ നിന്നാണ് ളാഹിരികളുടെയും ബാത്വിനികളുടെയും ചിന്തകള്‍ ഉടലെടുത്തത്.
സൂഫിസത്തില്‍ കാണുന്ന അതിവിചിത്രമായ വൈരുധ്യം അവര്‍ മുറബ്ബിയായ ശൈഖിനു പൂര്‍ണമായ ഇസ്‌ലാമിക വ്യക്തിത്വവും പ്രവാചകന്‍മാര്‍ക്കു പോലും പ്രാപിക്കാന്‍ സാധിക്കാത്ത ഗുണഗണങ്ങളും ശൈഖുമാര്‍ക്ക് വകവെച്ചുകൊടുക്കുന്നു എന്നുള്ളതാണ്. പ്രവാചകന്മാരുടെ സ്ഥാനത്തിന്റെ നൂറിലൊരംശം പോലും എത്താത്തവരെ മുറബ്ബിയായ ശൈഖുമാരായി അവരോധിക്കുകയെന്നത് സൂഫിസത്തിലാണ് കാണുന്നത്. തീജാനിയുടെ ‘ജവാഹിറുല്‍ മആനി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”യഥാര്‍ഥ ഹഖീഖത്ത് എന്നാല്‍ മുറബ്ബിയായ ശൈഖിന് എല്ലാ മറകളും നീക്കപ്പെട്ട ശേഷം പരിപൂര്‍ണമായും ദൈവിക സാന്നിധ്യം നേരില്‍ ദര്‍ശിക്കലും അത് ഉറപ്പായും ബോധ്യപ്പെടലുമാണ്. ഇതിന്റെ ആദ്യ ഘട്ടം കട്ടി കൂടിയ ഒരു മറയുടെ പിന്നില്‍ നിന്ന് എത്തിനോക്കലാണ്. രണ്ടാമതായി നേരിയ ഒരു മറയുടെ പിന്നില്‍ നിന്ന് വെളിവായി കാണലും മൂന്നാമതായി യാതൊരു മറയും കൂടാതെ നേര്‍ക്കുനേരെ ദര്‍ശിക്കലുമാണ്. അങ്ങനെ യാഥാര്‍ഥ്യത്തെ യാഥാര്‍ഥ്യത്തിനുള്ളില്‍ യാഥാര്‍ഥ്യം കൊണ്ട് കാണലും അതില്‍ വിലയം പ്രാപിക്കലുമാണ്. ഈ രൂപത്തില്‍ ലയിക്കുന്നവനും ലയിക്കപ്പെടുന്നവനുമല്ലാതെ മറ്റൊന്നുമവിടെ ഉണ്ടാവില്ല” (2:185).
തീജാനി തുടരുന്നു: ”ഇത്തരത്തിലുള്ളൊരു ശൈഖിനെ ഏതെങ്കിലും മുരീദ് കണ്ടെത്തിയാല്‍ അദ്ദേഹത്തിന്റെ മുന്നില്‍ മുരീദ് മയ്യിത്ത് കുളിപ്പിക്കുന്നവന്റെ മുന്നില്‍ മയ്യിത്ത് കിടത്തിയ പോലെ തന്റെ ശരീരം സമര്‍പ്പിക്കണം. മുരീദിനോട് ശൈഖ് വല്ലതും ആജ്ഞാപിച്ചാല്‍ എന്തുകൊണ്ട്, എങ്ങനെ, എന്തിനു വേണ്ടി എന്നൊന്നും ചോദിക്കാവതുമല്ല” (2:185).
മേല്‍ സൂചിപ്പിച്ച വിധത്തിലുള്ള ശൈഖുമാര്‍ ഒട്ടനേകം ഉണ്ടെങ്കിലും അവര്‍ സാധാരണക്കാരുമായി ഇടപഴകാതെ അവരുടെ സ്ഥാനത്തിന്റെ മഹത്വം കാത്തുസൂക്ഷിച്ചു മറഞ്ഞിരിക്കുകയുമാണ്. ഒന്നുമറിയാത്ത സാധാരണക്കാരായ നിരപരാധികളെ പിഴപ്പിക്കാനും ഇസ്‌ലാമിനെ വികലമാക്കാനും ഇവര്‍ ചെയ്യുന്ന ഹീനകൃത്യങ്ങള്‍ എന്തുമാത്രം വിചിത്രമായിരിക്കുന്നു.
ഖുര്‍ആനിലും സുന്നത്തിലും വ്യക്തമാക്കിയ ചില ദിക്‌റുകളും പ്രാര്‍ഥനകളും നിര്‍വഹിക്കുന്നതോടൊപ്പം ത്വരീഖത്തിലെ സൂഫികള്‍ അവരുടെ സ്വന്തം വകയായി നിയമവിധേയമല്ലാത്ത ചില പദങ്ങള്‍ മുരീദിന് ഉരുവിടാന്‍ പഠിപ്പിക്കുന്നു. അതില്‍ പെട്ടതാണ് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന പൊതുവായ ദിക്‌റും ‘അല്ലാഹു… അല്ലാഹു…’, ‘ഹയ്യുന്‍… ഹയ്യുന്‍…’ ‘ഹൂ… ഹൂ…’ തുടങ്ങിയ ചില അക്ഷരങ്ങളും പദങ്ങളും. അവര്‍ ഉണ്ടാക്കിയ ശാദുലി ഹിസ്ബ്, ഹിസ്ബു ഹദ്ദാദ് തുടങ്ങിയവയില്‍ ശിര്‍ക്കും കുഫ്‌റും ബിദ്അത്തുകളും കുത്തിനിറച്ച, അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനാവാക്കുകളും, മരണപ്പെട്ടവര്‍ മുഖേന അല്ലാഹുവിലേക്ക് അടുക്കാനുള്ള പ്രാര്‍ഥനകളും പദപ്രയോഗങ്ങളും നാം കാണുന്നു. അവരുടെ ഇത്തരം നിര്‍മിച്ചുണ്ടാക്കിയ ദിക്‌റിലും ദുആയിലുമുള്ള പ്രകടമായ ചില അബദ്ധങ്ങള്‍ ഇങ്ങനെയാണ്:
(1) ദിക്‌റുകള്‍ക്ക് അല്ലാഹുവോ റസൂലോ നിര്‍ണയിക്കാത്ത എണ്ണമോ സമയമോ അവരുടെ വകയായി നിര്‍ണയിച്ചു കൊടുക്കുക. (2) നബിയില്‍ നിന്ന് വാചകങ്ങളുടെയോ പദങ്ങളുടെയോ രൂപം അറിയപ്പെടാതിരിക്കുകയും അവരുടെ വകയായി പ്രത്യേക വാചകങ്ങള്‍ നിശ്ചയിച്ചുകൊടുക്കുകയും ചെയ്യുക. (3) ദിക്ര്‍ ചൊല്ലാന്‍ കൂട്ടംകൂട്ടമായി ഒരുമിച്ചുകൂടി ചാഞ്ഞും ചരിഞ്ഞും ആടിയും നൃത്തം ചെയ്തും ചില ഗോഷ്ടികള്‍ കാണിച്ചും അത് നിര്‍വഹിക്കുക. (4) മദ്ഹുകള്‍ പറയുക എന്ന നിലയ്ക്ക് ദഫ്മുട്ട്, കൈകൊട്ട് തുടങ്ങിയ രീതികള്‍ സ്വീകരിച്ച് അതിനായി ഒഴിഞ്ഞുനില്‍ക്കുക. (5) പ്രത്യേകം ചില ദിക്‌റുകള്‍ക്കും ദുആകള്‍ക്കും നിശ്ചിത സംഖ്യ പ്രതിഫലമായി നിര്‍ണയിക്കുക.
ഏകാന്തത
ത്വരീഖത്തുകാരുടെ അടിസ്ഥാന കാര്യങ്ങളില്‍ പെട്ടതാണ് ജനങ്ങളില്‍ നിന്നൊഴിവായി ഏകാന്തവാസം (ഖല്‍വത്ത്) അനുഷ്ഠിക്കുകയെന്നത്. അഥവാ തന്റെ മുരീദ് ശൈഖിന്റെ നിര്‍ദേശപ്രകാരം ഒഴിഞ്ഞ സ്ഥലത്തോ അണ്ടര്‍ഗ്രൗണ്ടിലോ പത്തില്‍ കുറയാത്തതും നാല്‍പതില്‍ അധികമാകാത്തതുമായ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയെന്നത്. ഇത് റസൂലിന്റെ(സ) ഹിറാ ഗുഹയിലെ ഏകാന്തവാസത്തിന്റെയും മൂസാ നബി(അ)യുടെ വാഗ്ദത്ത ദിവസത്തിന്റെയും ചുവടൊപ്പിച്ചു ചെയ്യുന്നതാണ്. ഇങ്ങനെ ഏകാന്തതയില്‍ കഴിച്ചുകൂട്ടുന്നതിന് തീജാനിയുടെ ‘അല്‍റിമാഹ്’ എന്ന ഗ്രന്ഥത്തില്‍ 26-ഓളം നിബന്ധനകള്‍ പറയുന്നുണ്ട്.
ഇത്തരത്തിലുള്ള നിയമചട്ടങ്ങള്‍ കൊണ്ടെല്ലാം അവര്‍ ലക്ഷ്യമിടുന്നത്, മുരീദ് അത് പൂര്‍ത്തീകരിക്കാത്തപക്ഷം അല്ലാഹുവിലേക്ക് എത്തില്ലെന്ന് ബോധ്യപ്പെടുത്തലാണ്. തന്നെയുമല്ല, അവര്‍ പറയുന്നതെന്തും അനുസരിക്കുന്ന ഒരാളായിട്ടുണ്ടോ മുരീദ് എന്നു പരീക്ഷിക്കാനും വേണ്ടിയാണ്. മുരീദിന് രാത്രിയില്‍ ഉറക്കമൊഴിക്കാനും ദിക്‌റുകള്‍ ഉരുവിടാനും അന്നപാനീയങ്ങള്‍ കുറയ്ക്കാനും ഇതുവഴി ശക്തി ലഭിക്കും.
ശിര്‍ക്കുപരമായ ചില നിബന്ധനകളും അവര്‍ നിശ്ചയിക്കുന്നുണ്ട്. അതില്‍ പെട്ടതാണ് ഏകാന്തവാസത്തിനായി ഒരുങ്ങുമ്പോള്‍ തങ്ങളുടെ ശൈഖ് മുഖേന മുമ്പ് മരണപ്പെട്ട ശൈഖുമാരുടെ ആത്മാക്കളെ മുന്‍നിര്‍ത്തി സഹായം അര്‍ഥിച്ചുകൊണ്ട് തുടങ്ങണമെന്നത്. അങ്ങനെ ദിക്‌റുകള്‍ ചൊല്ലി അല്ലാഹു അവിടെ വെളിവായെന്നു ബോധ്യം വന്നാല്‍ അല്ലാഹുവില്‍ ലയിച്ചു എന്നറിയിക്കുന്ന വിധത്തില്‍ യാതൊരു സ്വബോധവുമില്ലാതെ ദിക്‌റുകള്‍ ചൊല്ലിക്കൊണ്ടിരിക്കുകയെന്നതും അതിന്റെ നിയമങ്ങളില്‍ പെട്ടതാണ്. ഇങ്ങനെ സ്വബോധമില്ലാതാവുന്ന അവസ്ഥയ്ക്ക് ‘ജദ്ബിന്റെ ഹാല്’ എന്നു പറയുന്നു.
വേറെയും നിയമചട്ടങ്ങളുണ്ട്. ഏകാന്തത ഇരുട്ടുമൂടിയ സ്ഥലത്തായിരിക്കണമെന്നതും മറ്റുള്ളവരില്‍ നിന്നകന്നിരിക്കണമെന്നതും മുരീദ് ഏകാന്തതയില്‍ ഖുര്‍ആന്‍ ആയത്തുകളുടെ അര്‍ഥമോ ഹദീസുകളുടെ ആശയമോ ചിന്തിക്കാവതല്ലെന്നും ഏകാന്തതയില്‍ നിന്ന് ശൈഖിന്റെ അനുമതി ലഭിക്കാതെ പുറത്തുപോകരുതെന്നും ശൈഖിന്റെ മുന്നില്‍ മുരീദ് മയ്യിത്ത് കുളിപ്പിക്കുന്നവന്റെ മുന്നില്‍ കിടക്കുന്ന മയ്യിത്തു പോലെയായിരിക്കണമെന്നും, ശൈഖ് തന്നെയാണ് മുരീദിന്റെയും അല്ലാഹുവിന്റെയുമിടയിലുള്ള മധ്യവര്‍ത്തിയെന്നുറച്ചു സമ്മതിക്കണമെന്നും, ധാരാളം ശൈഖുമാര്‍ ലോകത്ത് നിറഞ്ഞുനിന്നാലും മുരീദിനു ദൈവസാമീപ്യം താന്‍ തെരഞ്ഞെടുത്ത ആദ്യത്തെ ശൈഖ് അറിയാതെ ലഭിക്കില്ലെന്നും മറ്റുമുള്ള ഒട്ടനേകം നിബന്ധനകള്‍ ത്വരീഖത്തുകാര്‍ക്കിടയിലുണ്ട്. ഇതെല്ലാം അസംബന്ധങ്ങള്‍ മാത്രമാണ്.
പ്രത്യക്ഷ ദര്‍ശനം
സൂഫിസത്തിലെ അടിസ്ഥാനപരമായ ഒന്നാണ് പ്രത്യക്ഷ ദര്‍ശനം (കശ്ഫ്). ഇത്തരത്തിലുള്ള ദര്‍ശനം സാധ്യമാകാന്‍ വേണ്ടിയാണ് ‘ഖല്‍വത്ത്’ (ഏകാന്തത) അഭിമുഖീകരിക്കുന്നത്. ഇതിന്റെ ഉദ്ദേശ്യം മുരീദ് എല്ലാറ്റില്‍ നിന്നും ഒഴിവായി വസ്തുതകളുടെ യാഥാര്‍ഥ്യം വെളിവായി ദര്‍ശിക്കാന്‍ വേണ്ടി തന്റെ ഉദ്ദേശ്യവും ബുദ്ധിയും ഒഴിച്ചുനിര്‍ത്തലാണ്. ഈ വിധം ഒഴിഞ്ഞുനില്‍ക്കുന്ന മുരീദിന് അദൃശ്യ ജ്ഞാനങ്ങളും അവയുടെ അനുഭൂതികളും ലഭിക്കുമത്രേ. അവസാനമായി ദൈവിക സന്നിധിയില്‍ അയാള്‍ എത്തിച്ചേരുകയും തന്മൂലം ഉന്നതമായ പദവിയിലാവുകയും ചെയ്യുമത്രെ! ബുദ്ധിക്ക് പ്രാപിക്കാനാവാത്ത ഉയര്‍ന്ന ലോകത്ത് മുരീദ് എത്തിച്ചേരുക നിമിത്തം എല്ലാ അറിവുകളും അയാള്‍ക്ക് നേടാനാകുമത്രേ. ഇങ്ങനെയൊക്കെയാണെങ്കിലും ശൈഖിനെ മറച്ചുവെച്ചുകൊണ്ട് മുരീദിന് ഒന്നും മറികടക്കാന്‍ പാടില്ലാത്തതാണ്. ശൈഖിനെ കാര്യങ്ങള്‍ അറിയിക്കാതിരുന്നാല്‍ മുരീദ് ശൈഖിനെ വഞ്ചിച്ചതായി കണക്കാക്കും.
യഥാര്‍ഥത്തില്‍ മനുഷ്യരുടെ അധ്വാനം വഴി ഗ്രഹിച്ചെടുക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഇവര്‍ക്ക് പരിശീലനത്തിലൂടെ പ്രാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് സാധാരണക്കാരെ അവര്‍ പിഴപ്പിക്കുകയാണ്. അങ്ങനെ അയാള്‍ ജല്‍പിക്കുന്ന അസത്യങ്ങള്‍ കേള്‍ക്കുന്ന പാമരന്‍, ത്വരീഖത്തിന്റെ ആളുകള്‍ ദൈവിക സാമീപ്യം ലഭിച്ചവരാണെന്ന ധാരണയില്‍ വഞ്ചിതരാവുകയാണ് ചെയ്യുന്നത്.
ദൈവം അവരെ കാണുന്നു. ദൈവത്തെ അവരും കാണുന്നു. ദൈവിക സാമീപ്യത്താല്‍ അവര്‍ കാര്യങ്ങള്‍ വേഗത്തില്‍ നേടിയെടുക്കുന്നു! ഇതെല്ലാമാണ് ‘കശ്ഫ്’ എന്ന പദവിയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്നത്. പ്രവാചകന്മാര്‍ക്കു പോലും ലഭിച്ചിട്ടില്ലാത്തതും മലക്കുകള്‍ പോലും അറിഞ്ഞിട്ടില്ലാത്തതുമായ ലോകത്ത് ഭിക്ഷാംദേഹിയായ ഒരു സാധാരണ സന്യാസി വിഹരിക്കുന്ന വിചിത്രമായ രംഗം! അവസാനമായി അവര്‍ ദൈവം അവരില്‍ അവതരിച്ചിട്ടുണ്ടെന്ന കടുത്ത അപരാധം ദൈവത്തിന്റെ മേല്‍ ആരോപിക്കുകയും ചെയ്യുന്നു. ഇതുതന്നെയാണ് ‘വഹ്ദതുല്‍ വുജൂദ്’ എന്ന പേരില്‍ ത്വരീഖത്തുകാര്‍ പറയുന്ന അവതാരവാദം.
വിലയം പ്രാപിക്കല്‍
സൂഫിസത്തിലെ സുപ്രധാനമായൊരു ഇനമാണ് വിലയം പ്രാപിക്കല്‍ (ഫനാഅ്) എന്നത്. മുരീദ് വളരെ കൂടുതലായി ശൈഖ് പഠിപ്പിച്ച ദിക്‌റുകളും മന്ത്രങ്ങളും ഉരുവിടുക നിമിത്തം അയാള്‍ക്ക് എന്തെന്നില്ലാത്ത ആത്മനിര്‍വൃതി കൈവരുന്നു. തുടര്‍ന്ന് അയാള്‍ ആരെയാണോ മനസ്സില്‍ ധ്യാനിച്ചത് അയാളെപ്പറ്റി ആര്‍ത്തി തോന്നുകയും അതൊരു ലഹരിയായി അയാള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. തന്മൂലം എല്ലാം മറന്ന് അയാള്‍ ധ്യാനിച്ചിരുന്ന വ്യക്തിയില്‍ ശിഷ്യനായ മുരീദ് അലിഞ്ഞുചേരുന്നു. അവരുടെ ദൃഷ്ടിയില്‍ പ്രപഞ്ചത്തിലെ മറ്റു സൃഷ്ടികളെല്ലാം ഈ സമയത്ത് മങ്ങിയ നിലയിലാണ് അനുഭവപ്പെടുക; പകലില്‍ നക്ഷത്രങ്ങളെ നാം കാണാറില്ലാത്തപോലെ.
ഇസ്‌ലാമിക ശരീഅത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് പരിശോധിച്ചാല്‍ പരമാവധി നമുക്ക് മനസ്സിലാവുക ‘ദൈവസ്മരണ കൊണ്ടാണ് ഹൃദയങ്ങള്‍ക്ക് സമാധാനമുണ്ടാവുന്നത്’ എന്ന വചനത്തിന്റെ ആശയമാണ്. മനുഷ്യരുടെ സങ്കീര്‍ണതകള്‍ക്ക് ഒരളവോളം പരിഹാരമുണ്ടാക്കുന്നത് ദൈവസ്മരണ തന്നെയാണ്. പക്ഷേ, അവന്‍ എല്ലാം മറന്ന് ഭയചകിതനായി ലഹരി ബാധിച്ചവനെപ്പോലെ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിയല്ലാത്ത നിലയില്‍ വര്‍ത്തിക്കുന്ന വിതാനത്തോളം ഉയരുകയെന്നത് സാമാന്യമായി പറഞ്ഞാല്‍ ഭ്രാന്താണ്. ഈ മനോവിഭ്രാന്തിയെയാണ് സൂഫി ത്വരീഖത്തുകാര്‍ ‘ഫനാഅ്’ (ദൈവത്തില്‍ ലയിക്കുക) എന്നു പറയുന്നത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവെപ്പോലെ ഒന്നും തന്നെയില്ലെന്നും അവന്‍ ഏകനാണെന്നും അവനു തുല്യമായി ഒന്നും തന്നെയില്ലെന്നുമുള്ള ഇസ്‌ലാമിക വിശ്വാസങ്ങളുടെ അടിത്തറ പൊളിക്കുകയാണവര്‍ ഇതുവഴി ചെയ്തിട്ടുള്ളത്.
മൂസാ നബി(അ) അല്ലാഹുവുമായി അഭിമുഖ സംഭാഷണം നടത്തുമ്പോള്‍ അല്ലാഹുവെ ഒന്നു നോക്കി സായൂജ്യമടയാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പോലും പ്രവാചകനായ മൂസാക്ക്(അ) അതിനു സാധിച്ചില്ലെങ്കില്‍ അവിവേകിയായ ഒരു പാമരന്‍ അനാചാരങ്ങളുടെ കപ്പലില്‍ സഞ്ചരിച്ചു ബിദ്അത്തുകള്‍ പ്രവര്‍ത്തിച്ച് വിഭ്രാന്തി ബാധിച്ച് എങ്ങനെയാണ് ദൈവത്തില്‍ അലിഞ്ഞുചേരുന്നത് എന്ന് നമുക്ക് അറിയില്ല. ആശ്ചര്യകരം തന്നെ!
അവസാനം, ‘ഞാന്‍ തന്നെയാണ് ദൈവം’ എന്നോ ‘ഞാനാണ് പരമയാഥാര്‍ഥ്യ’മെന്നോ പറയുന്നിടത്തേക്കാണ് അവര്‍ എത്തുന്നത്. ഇത് വ്യാജമായ സ്‌നേഹപ്രകടനത്തിലൂടെ പിശാച് അവരെ എത്തിക്കുന്ന ഊഹാപോഹങ്ങളുടെ തടവറയുടെ അവസ്ഥയാണ്. ജൂതരും അഗ്നിയാരാധകരും മനുഷ്യപ്പിശാചുക്കളും മുസ്‌ലിംകളെ വഞ്ചിക്കാന്‍ വേണ്ടി അതിസമര്‍ഥമായി പടച്ചുണ്ടാക്കിയ സൂഫിസത്തിന്റെയും ത്വരീഖത്തിന്റെയും നിലയാണിത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x