23 Thursday
September 2021
2021 September 23
1443 Safar 15

സ്ത്രീകളോട് അമാന്യത കാണിക്കുന്നവര്‍ കാരുണ്യം അര്‍ഹിക്കുന്നില്ല


അന്തസ്സും ആഭിജാത്യവുമുള്ള ജീവിതം ഏതൊരു മനുഷ്യന്റേയും അഭിലാഷവും അടിസ്ഥാനപരമായ അവകാശവുമാണ്. ജാതി, മത, ലിംഗ, വര്‍ഗ, വര്‍ണ വിവേചനങ്ങള്‍ കൊണ്ട് ഇതിനെ ഒരിക്കലും മുറിവേല്‍പ്പിച്ചുകൂടാ. എന്നാലിന്ന് സ്ത്രീകള്‍ക്കെതിരെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളും ഭൂഷണമല്ലാത്ത പെരുമാറ്റങ്ങളും കേരളം പോലെ സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഉന്നതി കൈവരിച്ച ഒരു സമൂഹത്തിന് ചീത്തപ്പേരാണ്.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അടക്കമുള്ള കടുത്ത അനാചാരങ്ങള്‍ നിലനിന്ന കേരളം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കൈവരിച്ച പരിവര്‍ത്തനം വിപ്ലവാത്മകമാണ്. ജാതീയ ചിന്തകള്‍ ഇപ്പോഴും സമൂഹത്തില്‍ ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വലിയ തോതില്‍ കുറവു വന്നിട്ടുണ്ട്. ജാതി ചിന്തകള്‍ക്കെതിരെ കേരളക്കരയില്‍നിന്നു തന്നെ ഉയര്‍ന്നുവന്ന എതിര്‍പ്പുകളും പ്രതിഷേധങ്ങളും എല്ലാവരേയും സമഭാവനയോടെ കാണാന്‍ പഠിപ്പിക്കുന്ന ഇസ്്‌ലാമിന്റെ കേരളത്തിലേക്കുള്ള കടന്നുവരവും ഈ പരിവര്‍ത്തനത്തില്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്.
തൊട്ടുകൂടാത്തവര്‍
തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍ പെട്ടാലും
ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍
തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍
എന്നാണ് അന്നത്തെ അയിത്തവ്യവസ്ഥിതിയെ മഹാകവി കുമാരനാശാന്‍ തന്റെ ദുരവസ്ഥയില്‍ കോറിയിടുന്നത്.
എത്രയോ ദൂരം വഴിതെറ്റി
നില്‍ക്കേണ്ടോ-
രേഴച്ചെറുമന്‍ പോയി
തൊപ്പിയിട്ടാല്‍
ചുറ്റും അവനെത്തിച്ചാരന്നിരുന്നിടാം
ചെറ്റും പേടിക്കേണ്ട തമ്പുരാരേ
എന്നും ഇതിന്റെ തുടര്‍ച്ചയായി കവി പറഞ്ഞുവെക്കുന്നുണ്ട്. ഇസ്്‌ലാം മുന്നോട്ടുവെക്കുന്ന സമഭാവനയുടെ മഹത്തായ വര്‍ണനയാണ് കവിയുടെ ഈ വാക്കുകളിലുള്ളത്.
‘മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്്ടിച്ചതെന്നും പല വര്‍ഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നും’ വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ആരും ആര്‍ക്കും മുകളിലോ താഴെയോ അല്ലെന്ന മഹത്തായ മനുഷ്യാവകാശ പ്രഖ്യാപനമാണ് വിശുദ്ധ ഖുര്‍ആനിന്റെ ഈ അധ്യാപനം.
രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള പുരോഗതി ഇതിന് തെളിവാണ്. ഒരു പ്യൂണിനെയെങ്കിലും തന്റെ സമുദായത്തില്‍ നിന്ന് സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ച അയ്യങ്കാളിയുടെ സമുദായത്തില്‍നിന്ന് ഇന്ന് നൂറു കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. നിര്‍ണായക പദവികളില്‍ വരെ അവരുണ്ട്. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലും അവരുടെ പ്രതിനിധികള്‍ ഉണ്ട്. എന്നാല്‍ ഇന്നും വേണ്ടത്ര മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്തത് സ്ത്രീകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിലാണ്.
സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മറ്റും സ്ത്രീ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. പഞ്ചായത്തീരാജ് സംവിധാനത്തില്‍ ആദ്യം 33-ഉം പിന്നീട് 50-ഉം ശതമാനമായി സ്ത്രീ സംവരണം വര്‍ധിപ്പിച്ചതോടെ താഴെ തട്ടിലുള്ള അധികാര പങ്കാളിത്തത്തിലും സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ട്. ആയിരത്തിലധികം വരുന്ന കേരളത്തിലെ തദ്ദേശ ഭരണകൂടങ്ങളില്‍ പകുതിയിലധികവും നയിക്കപ്പെടുന്നത് വനിതകളാലാണ് എന്ന യാഥാര്‍ഥ്യവും വിസ്മരിക്കുന്നില്ല. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന അമാന്യമായ പെരുമാറ്റം പരിശോധിച്ചാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുഷിച്ച മന:സ്ഥിതി ബോധ്യപ്പെടും.
സ്ത്രീ ഇപ്പോഴും മുഖ്യാധാരാ സമൂഹത്തിന്റെ ഓരം ചേര്‍ത്ത് നിര്‍ത്തപ്പെടേണ്ടവളാണെന്ന ബോധം ഉള്ളില്‍ കൊണ്ടു നടക്കുന്ന വലിയൊരു വിഭാഗം നമുക്കു ചുറ്റിലുമുണ്ട്. അധികാര പങ്കാളിത്തത്തിലേക്കും നേതൃസ്ഥാനത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവിനെ അധികപ്പറ്റായാണ് ഇക്കൂട്ടര്‍ കാണുന്നത്. വാക്കുകളില്‍ പുറത്തുവരുന്ന സ്ത്രീവിരുദ്ധ വിസര്‍ജ്യങ്ങള്‍ ഈ മനോഭാവമാണ് വെളിപ്പെടുത്തുന്നത്. ഇത്തരക്കാര്‍ സ്വന്തം അന്തസ്സ് തന്നെയാണ് ഇകഴ്ത്തിക്കാണിക്കുന്നത്.
സാമൂഹിക ജീവിതത്തില്‍ മാത്രമല്ല, കുടുംബത്തിലും വീട്ടകങ്ങളിലും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍, സ്ത്രീധന പീഡനങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയിലെല്ലാം സമീപ കാലങ്ങളിലുണ്ടായിട്ടുള്ള വര്‍ധന ആശങ്കപ്പെടുത്തുന്നതാണ്. സമൂഹിക ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള സ്ത്രീ – പുരുഷ സമപങ്കാളിത്തം ഒരു സമൂഹം കൈവരിച്ചിട്ടുള്ള പുരോഗതിയുടെ അടയാളമാണ്. ആ അന്തസ്സിനെയാണ് സ്ത്രീകളോടുള്ള അമാന്യമായ പെരുമാറ്റത്തിലൂടെ ചിലര്‍ ഇടിച്ചുനിരപ്പാക്കുന്നത്.
എല്ലാറ്റിനും മേലെയാണ് വ്യക്തിയുടെ അന്തസ്സും അഭിമാനവും. അതില്‍ സ്ത്രീ പുരുഷ വിവേചനമേയില്ല. അവസര സമത്വം ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശമാണെന്ന് കൂടി നാം ഓര്‍ക്കേണ്ടതുണ്ട്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x