28 Sunday
February 2021
2021 February 28
1442 Rajab 15

സ്ത്രീ സൗഹൃദപരമാണ് ഇസ്‌ലാമിലെ കുടുംബ സംവിധാനം

എ ജമീല ടീച്ചര്‍


വായു, വെള്ളം, ഭക്ഷണം മുതലായവ മനുഷ്യന്റെ നിലനില്പിന്നത്യാവശ്യമാണ്. ഇവ മാറ്റി നിര്‍ത്തിയാല്‍ മനുഷ്യജീവിതത്തിന്റെ ഏറ്റവും സുന്ദരമായ വര്‍ണമാണ് സ്ത്രീ പുരുഷ ആകര്‍ഷണീയത. ജന്തുസഹജമായ മൈഥുനങ്ങള്‍ക്കപ്പുറമാണ് മനുഷ്യനിലെ സ്ത്രീപുരുഷ ആകര്‍ഷണീയത. ജന്തുക്കളുടെ പരസ്പരാകര്‍ഷണം കേവലം ഇണചേരലില്‍ അവസാനിക്കുന്നു. ഇണയുമായി തന്റെ സുഖദു:ഖങ്ങള്‍ പങ്കുവെക്കണമെന്നുള്ള ആഗ്രഹം ജന്തുക്കള്‍ക്കില്ല. മറിച്ച് ഇണയുമായി തന്റെ ജീവിതം പങ്കുവെക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. മൈഥുന വാസനകള്‍ക്കപ്പുറം മനുഷ്യനില്‍ ഇങ്ങനെയൊരു വാസന കൂടിയുള്ളതുകൊണ്ടാണ് മനുഷ്യരില്‍ വിവാഹം, ദാമ്പത്യജീവിതം, കുടുംബം എന്നിവ ഉള്‍ത്തിരിഞ്ഞുവരുന്നത്. വംശം, ഗോത്രം, സമുദായം, സാര്‍വലൗകിക സമൂഹം എന്നിവ അതിന്റെ വികാസങ്ങളുമാണ്.
ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസരിച്ച് വിവാഹം എന്ന സംവിധാനത്തിലൂടെ മാത്രമേ കുടുംബം എന്ന സ്ഥാപനം കെട്ടിപ്പടുക്കാനാവൂ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നു തന്നെയുള്ള ഇണകളെ സൃഷ്ടിച്ച് തന്നത് അല്ലാഹുവാണ്. നിങ്ങള്‍ പരസ്പരം ചേര്‍ന്ന് ശാന്തി കൈവരുന്നതിനുവേണ്ടി നിങ്ങള്‍ക്കിടയില്‍ അവന്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിയിരിക്കുന്നു. ഇതെല്ലാം അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.” (അര്‍റൂം 21)
വിവാഹം എന്നുള്ള തിരഞ്ഞെടുപ്പില്‍ പുരുഷനെപ്പോലെ തന്നെയുള്ള അവകാശങ്ങള്‍ പെണ്ണിനും ഇസ്‌ലാം നല്കുന്നുണ്ട്. പരസ്പരമുള്ള ഇഷ്ട സമ്മതമാണ് ഇതില്‍ പ്രധാനം. ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഒരു നബിവചനത്തില്‍ ഇപ്രകാരം പറയുന്നു: അബൂഹുറയ്‌റ(റ) പറയുന്നു: തിരുമേനി(സ) അരുളി: വിധവയെ അവളുമായി ആലോചിച്ചിട്ടല്ലാതെ വിവാഹം ചെയ്ത് കൊടുക്കരുത്. കന്യകയെയും അവളുടെ സമ്മതം വാങ്ങിയ ശേഷമല്ലാതെ വിവാഹം ചെയ്ത് കൊടുക്കരുത്. അനുചരന്മാര്‍ ചോദിച്ചു: ദൈവദൂതരേ, അവളുടെ സമ്മതം എങ്ങനെ ഗ്രഹിക്കും? തിരുമേനി അരുളി: അവളുടെ സമ്മതം മൗനം തന്നെ.”
വിവാഹം സാധൂകരിക്കപ്പെടണമെങ്കില്‍ സ്ത്രീയുടെ സമ്മതം അത്യാവശ്യമാണ് എന്നത് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസില്‍ ഇപ്രകാരം ഒരു സംഭവം കാണാം: ”അന്‍സാരിക്കാരിയായ ഖന്‍സാഅ്(റ) പറയുന്നു: വിധവയായിരിക്കുമ്പോള്‍ എന്നെ പിതാവ് വിവാഹം ചെയ്തുകൊടുത്തു. ഞാനാകട്ടെ ആ വിവാഹം ഇഷ്ടപ്പെട്ടില്ല. ഞാന്‍ തിരുമേനി(സ)യുടെ അടുക്കല്‍ ചെന്ന് ആവലാതിപ്പെട്ടപ്പോള്‍ അവിടുന്ന് ആ വിവാഹം അസാധുവാക്കി തള്ളിക്കളഞ്ഞു.”
ദാമ്പത്യ ജീവിതത്തിലുമുണ്ട് പെണ്ണിന് അവളുടേതായ അവകാശങ്ങള്‍. ഭാര്യയും ഭര്‍ത്താവും ഒരുപോലെ മനസ്സ് വെച്ചെങ്കിലേ ദാമ്പത്യ ജീവിതം മനോഹരമാകൂ. ഭാര്യയോട് മാന്യമായി പെരുമാറാന്‍ ഭര്‍ത്താവും ഭര്‍ത്താവിനോട് മാന്യമായി പെരുമാറാന്‍ ഭാര്യയും കടപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ”നിങ്ങള്‍ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുക.” (വി.ഖു 4:19)
ആണ്‍ പെണ്‍ സൗഹൃദ കുടുംബങ്ങളിലേ ദാമ്പത്യ ജീവിതത്തിന്റെ ഏറ്റവും പ്രധാന മാനദണ്ഡമായ സമാധാനം നിലനില്ക്കുകയുള്ളൂ. അബൂ സഈദില്‍ ഖുദ്‌രിയില്‍ നിന്ന് ഇപ്രകാരം നിവേദനം ചെയ്യുന്നുണ്ട്. നബി(സ) പറഞ്ഞു: ഒരു പുരുഷന്‍ ഭാര്യയെയും അവള്‍ അയാളെയും പരസ്പരം നോക്കിയാല്‍ അവരിരുവരെയും കാരുണ്യപൂര്‍വം അല്ലാഹു കടാക്ഷിക്കും. ഇനി അയാള്‍ തന്റെ ഭാര്യയെ ഹസ്തദാനം ചെയ്താല്‍ അവര്‍ ചെയ്ത പാപങ്ങള്‍ അവരുടെ കൈവിരലുകളിലൂടെ ഊര്‍ന്നുവീഴും.” (ഇമാം സുയൂതി)

ദാമ്പത്യ ജീവിതത്തില്‍ ഭാര്യയും ഭര്‍ത്താവും പുലര്‍ത്തേണ്ട കാരുണ്യ വികാരങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന നബിവചനമാണിത്. ദാമ്പത്യത്തേക്കാള്‍ വിശുദ്ധവും ആനന്ദകരവുമായ മറ്റൊരു ബന്ധവും മനുഷ്യജീവിതത്തിലില്ല. മനുഷ്യര്‍ക്കുവേണ്ടി പ്രപഞ്ച സ്രഷ്ടാവ് ഒരുക്കിവെച്ചിട്ടുള്ള ഒരു തേന്‍കനിയാണത്. ഹജ്ജത്തുല്‍ വദാഇലെ പ്രസംഗത്തില്‍ പ്രവാചകന്‍(സ) ഇപ്രകാരം ഓര്‍മപ്പെടുത്തുകയുണ്ടായി: ”അറിയുക, ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കാനുള്ള എന്റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുവിന്‍. അവര്‍ നിങ്ങളോടൊപ്പമുള്ള നിങ്ങളുടെ ആശ്രിതരാണ് എന്നേയുള്ളൂ. അറിയുക: നിങ്ങള്‍ക്ക് സ്ത്രീകളുടെ മേല്‍ ചില അവകാശങ്ങളുണ്ട്. ഒരാള്‍ പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ ഭാര്യമാര്‍ക്ക് ഞങ്ങളില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങളെന്തൊക്കെയാണ്? അവിടുന്നു പറഞ്ഞു: നീ ആഹരിച്ചാല്‍ അവളെയും ആഹരിപ്പിക്കുക. നീ വസ്ത്രം ധരിച്ചാല്‍ അവളെയും വസ്ത്രം ധരിപ്പിക്കുക. മുഖത്തടിക്കുകയോ അസഭ്യം പറയുകയോ ചെയ്യരുത്. വീട്ടില്‍ വെച്ചല്ലാതെ അവളോട് പിണങ്ങി നില്ക്കുകയുമരുത്.”
മുസ്‌ലിം കുടുംബ സംവിധാനത്തിലെ സ്ത്രീ സൗഹൃദ പങ്കാളിത്തത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഭാര്യമാരോടുള്ള പ്രവാചകന്റെ പെരുമാറ്റം ഏറ്റവും ഹൃദ്യമായിരുന്നു. ”നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠന്‍ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവനാകുന്നു. ഞാന്‍ എന്റെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവനത്രെ.”
പത്‌നിമാരുടെ ആവശ്യങ്ങളും താല്പര്യങ്ങളും കണ്ടറിഞ്ഞ് അവര്‍ക്ക് കണ്‍കുളിര്‍മയുണ്ടാകുന്ന സാഹചര്യങ്ങളുണ്ടാക്കാന്‍ തിരുമേനി(സ) ശ്രദ്ധിക്കാറുണ്ടായിരുന്നു. ഭാര്യമാരോടൊപ്പമിരിക്കുമ്പോള്‍ അവരുടെ മാനസികാവസ്ഥയിലേക്ക് തിരുമേനി(സ) ഇറങ്ങി വരും. തമാശകള്‍ പറഞ്ഞ് ചിരിച്ചുല്ലസിക്കുവാന്‍ അവിടുന്ന് സന്ദര്‍ഭങ്ങള്‍ കണ്ടെത്തും. അനസ്(റ) പറയുന്നത് കാണുക: ”ജനങ്ങളില്‍ ഭാര്യമാരോട് ഏറ്റവുമധികം തമാശ പറയുന്ന ആളായിരുന്നു നബി(സ). ആയിശ(റ)യുടെ കൂടെ പലപ്പോഴും ഓട്ടമത്സരം നടത്താറുണ്ടായിരുന്നു പ്രവാചകന്‍. ചിലപ്പോള്‍ ആയിശ(റ) ജയിക്കും. മറ്റു ചിലപ്പോള്‍ നബി(സ) ജയിക്കും. ഒരിക്കല്‍ എത്യോപ്യയില്‍ നിന്നുള്ള ചിലര്‍ മദീനയിലെ പള്ളിയില്‍ വെച്ച് ആയോധന കലാപ്രകടനങ്ങള്‍ നടത്തിയപ്പോള്‍ അത് വീക്ഷിക്കാന്‍ പ്രവാചകന്‍(സ) ആയിശ(റ)ക്ക് അനുവാദം കൊടുത്തു. തന്റെ കവിള്‍ പ്രവാചകന്റെ ചുമലില്‍ ചേര്‍ത്ത് വെച്ച് ആയിശ(റ) മതിയാവോളം ആ കളി കണ്ടുനിന്നു. പില്‍ക്കാലത്ത് ആയിശ(റ) അതിനെക്കുറിച്ച് വാചാലയാകാറുണ്ടായിരുന്നു. ഈ സംഭവം വിവരിച്ചുകൊണ്ട് അവര്‍ ഇങ്ങനെ ഓര്‍മിക്കുന്നു: ”അതിനാല്‍ കൗമാര പ്രായക്കാരും വിനോദപ്രിയരുമായ സ്ത്രീകള്‍ക്ക് അര്‍ഹമായത് നിങ്ങള്‍ വകവെച്ചു കൊടുക്കുക.”
കളികളിലും വിനോദങ്ങളിലും പങ്കുകൊള്ളാനും ആസ്വദിക്കാനും ഭാര്യമാരെ അനുവദിക്കുക എന്നത് ദാമ്പത്യത്തിന്റെ ഭദ്രതയും ഊഷ്മളതയും നിലനിര്‍ത്താന്‍ സഹായകമാണ്. ഒരിക്കല്‍ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: ”പുരുഷന്‍ തന്റെ ഭാര്യാസന്താനങ്ങളുടെ അടുത്തെത്തിയാല്‍ ഒരു ശിശുവിനെപ്പോലെ പെരുമാറട്ടെ. എന്നാല്‍ അവന്റെ പക്കലുള്ള പൗരുഷം എന്താണെന്ന് അവര്‍ തേടുമ്പോള്‍ അവന്‍ ഒരു പുരുഷനായി തന്നെ നിലകൊള്ളുകയും ചെയ്യട്ടെ.”
തന്നെ വിമര്‍ശിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യം പോലും നബി(സ) ഭാര്യമാര്‍ക്ക് വകവെച്ചു കൊടുത്തിരുന്നു. ഏകപക്ഷീയമായി കല്പനകള്‍ പുറപ്പെടുവിക്കുകയും അതനുസരിക്കാന്‍ ഭാര്യമാരെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നില്ല തിരുമേനിയുടേത്. ഒരിക്കല്‍ ആയിശ(റ)യും പ്രവാചകനും തമ്മില്‍ പിണങ്ങി. ദേഷ്യത്തോടെ ആയിശ(റ) പറഞ്ഞു: ”നിങ്ങളാണോ അല്ലാഹുവിന്റെ റസൂലെന്ന് വാദിക്കുന്ന വ്യക്തി?” ഇതുകേട്ട് അങ്ങേയറ്റത്തെ ഔദാര്യത്തോടും വിവേകത്തോടും കൂടി പുഞ്ചിരിക്കുക മാത്രമാണ് നബി(സ) ചെയ്തത്.
ആയിശ(റ)യോട് അവിടുന്ന് ഇങ്ങനെ പറയാറുണ്ടായിരുന്നു: ആയിശാ, എനിക്കറിയാം നീ എപ്പോഴാണ് എന്നോട് ദേഷ്യപ്പെടുന്നതെന്നും എപ്പോഴാണ് എന്നെ ഇഷ്ടപ്പെടുന്നതെന്നും. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അതെങ്ങനെയാണ്? നബി(സ) പറഞ്ഞു: എന്നെ ഇഷ്ടമാണെങ്കില്‍ നീ പറയും മുഹമ്മദിന്റെ നാഥനാണ് സത്യം എന്ന്. എന്നോട് ദേഷ്യമുള്ള സമയത്താണെങ്കില്‍ നീ പറയുക ഇബ്‌റാഹീമിന്റെ നാഥനാണ് സത്യം എന്നായിരിക്കും. ആയിശ(റ) ചിരിച്ചുകൊണ്ട് പറഞ്ഞു: ശരിയാണ് എങ്കിലും നിങ്ങളുടെ പേരിലല്ലാതെ ഞാന്‍ പിണങ്ങാറില്ല.
ഭര്‍ത്താവിന് ഭാര്യയോടെന്ന പോലെ ഭാര്യക്ക് ഭര്‍ത്താവിനോടും ചില കടപ്പാടുകളുണ്ട്. നബി(സ) പറഞ്ഞു: ”അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വഹിക്കുകയും റമദാനില്‍ നോമ്പെടുക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും പാതിവ്രത്യം സംരക്ഷിക്കുകയും ചെയ്താല്‍ സ്ത്രീയോട് അന്ത്യനാളില്‍ ഇപ്രകാരം പറയപ്പെടും: ഇഷ്ടമുള്ള കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളൂ.” (അഹ്മദ്)
നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് വരെ ദാമ്പത്യജീവിതത്തില്‍ പ്രാധാന്യമുണ്ട്. ആര്‍ദ്രമായ ഒരു നോട്ടം, സ്‌നേഹപൂര്‍ണമായ ഒരു തലോടല്‍, ഇത്തിരി നല്ല വാക്കുകള്‍ ഇവയെല്ലാം ദാമ്പത്യ ജീവിതത്തെ ഊഷ്മളവും ആനന്ദപൂര്‍ണവുമാക്കും. ഇതിലെല്ലാം സ്ത്രീക്കും പുരുഷനും ഒരുപോലെ ബാധ്യതയും കടപ്പാടുമുണ്ട് താനും. മനുഷ്യന്റെ ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ദീര്‍ഘമായ ഒരു ഹദീസില്‍ നബി(സ) ഇപ്രകാരം പറയുകയുണ്ടായി: ”പുരുഷന്‍ അവന്റെ വീട്ടിലെ ഭരണകര്‍ത്താവാണ്. ഭരണീയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവനാണ്. സ്ത്രീ അവളുടെ ഭര്‍തൃഗൃഹത്തിലെ ഭരണാധിപധിയാണ്. അവളുടെ അണിയരെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവളാണ്.”
പരിശുദ്ധ ഖുര്‍ആനും പ്രവാചക ജീവിതവും പരിശോധിച്ചാല്‍ ഒരു കാര്യം ഉറപ്പാണ്. ഇസ്‌ലാമിലെ ദാമ്പത്യജീവിതം ഏകപക്ഷീയമായ പുരുഷാധിപത്യമല്ല. മറിച്ച് ക്രിയാത്മകമായ സ്ത്രീസൗഹൃദത്തിലധിഷ്ഠിതമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x