സംസാരം എന്ന കല
എം കെ ശാക്കിര്‍ ആലുവ
‘പ്രസാദം വദനത്തിങ്കല്‍ കാരുണ്യം ദര്‍ശനത്തിലും മാധുര്യം വാക്കിലും ചേര്‍ന്നുള്ളവനേ പുരുഷോത്തമന്‍’ – കെ സി കേശവ പിള്ളയുടെ വരികളാണിവ. ഉത്തമനായ ഒരാളില്‍ ഉണ്ടാകേണ്ട മൗലികമായ ചില ഗുണങ്ങള്‍ ഈ വരികളില്‍ അടങ്ങിയിരിക്കുന്നു. സംസാരം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മനുഷ്യനോളം പഴക്കമുണ്ട്. സംസാരിച്ചാല്‍ പിഴക്കുമെന്ന് കരുതി മൗനിയായിരിക്കുക എന്നത് ഭൂഷണമല്ല. ഒരാളെ നരകത്തിലേക്കെത്തിക്കുന്നതില്‍ നാവിനോളം പങ്കുള്ള മറ്റൊരു അവയവവുമില്ല. അതിനാല്‍ നിയന്ത്രണം ഉണ്ടാകേണ്ടിയിരിക്കുന്നു. ‘നിങ്ങളുടെ സംസാരങ്ങളെ നാം പരീക്ഷണമാക്കിയിരിക്കുന്നതായി’ ഖുര്‍ആന്‍ (47:31) പറയുന്നു.
സംസാരം കൃത്യമായ വിവേകത്തോടെ ആയിരിക്കണമെന്ന് വ്യക്തം. നല്ല പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചതിന് പ്രവാചകന്‍ നല്‍കിയ മറുപടി സൗമ്യമായ ഭാഷണം എന്നാണ്. പ്രവാചകനോടൊപ്പം അനുയായികള്‍ കൂടാനുള്ള കാരണമായി അല്ലാഹു പറയുന്നത് ദൈവാനുഗ്രഹം കൊണ്ട് താങ്കള്‍ അവരോട് സൗമ്യനായിരിക്കുന്നുവെന്നാണ്. (3:159)
നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ കേള്‍ക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലുമെല്ലാം എന്തുമാത്രം കരുതലുണ്ടാവണം. ഈ പ്രിപറേഷന്റെ ഭാഗമാണല്ലോ മൂസാ നബിയുടെ പ്രാര്‍ഥനയില്‍ (20:25) അടങ്ങിയിരിക്കുന്നത്. നമ്മള്‍ സംവദിക്കുന്നവരെ ഉള്‍ക്കൊള്ളാനാവുക എന്നത് സംസാരത്തിലെ പ്രധാന സംഗതിയാണ്. അവര്‍ കടന്നുവന്ന സാഹചര്യങ്ങള്‍, ജീവിത നിലവാരം, മാനസികാവസ്ഥ ഇതെല്ലാം നമ്മില്‍ എത്ര പേര്‍ മനസിലാക്കുന്നുണ്ട്. ഇതെല്ലാം ഉള്‍ക്കൊള്ളുമ്പോഴല്ലേ നമ്മുടെ സംസാരം ലക്ഷ്യ പ്രാപ്തിയിലെത്തുകയുള്ളൂ.
സംസാരം ഒരു കലയാണ്. കൂടുതല്‍ ആകര്‍ഷണീയമായി നമുക്കത് മാറ്റാനാകും. ചിലരോട് സംസാരിക്കുമ്പോള്‍ സമയം പോകുന്നതറിയില്ല, എന്നാല്‍ മറ്റ് ചിലരാകുമ്പോള്‍ ഒന്ന് നിര്‍ത്തിയാല്‍ മതിയെന്നും തോന്നും. ചില സംസാരത്തില്‍ മാസ്മരികതയുണ്ടെന്ന് പ്രവാചകന്‍ അരുളുന്നു. അന്യായത്തെ ന്യായമാക്കാനും ന്യായത്തെ അന്യായമാക്കാനും അവര്‍ക്ക് കഴിഞ്ഞെന്ന് വരാം. തന്റെ സഹോദരന്റെ അവകാശം അനര്‍ഹമായി നേടിയെടുക്കാന്‍ തങ്ങളുടെ വാക്‌സാമര്‍ഥ്യം ഉപയോഗിക്കരുതെന്നും അങ്ങനെ നേടുന്നത് നരകത്തിന്റെ അംശമായിരിക്കുമെന്നും അവിടുന്ന് താക്കീത് ചെയ്യുന്നു. ജര്‍മ്മന്‍ ജനതയെ ദശാബ്ദങ്ങളോളം തന്റെ ശബ്ദവും നോട്ടവും ചേഷ്ടയും കൊണ്ട് മൂക്കുകയറിട്ട ഹിറ്റ്‌ലര്‍ ഈ വിഷയത്തിലെ ഒന്നാന്തരം ഉദാഹരണമാണ്.
വിമര്‍ശനങ്ങളാണ് അധിക പേര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത്. വിമര്‍ശനങ്ങള്‍ തന്നെ നേര്‍വഴിക്ക് നടത്തുമെന്ന് കരുതുന്നിടത്താണ് വിജയം. താന്‍ ശരിയെന്നു കരുതുന്നതിലെ അപാകതകള്‍ മറ്റൊരാളുടെ വീക്ഷണത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നു എന്നതാണതിലെ പ്രത്യേകത. ഖലീഫ ഉമര്‍(റ) തന്നെ വിമര്‍ശിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാതെ അത്തരം സന്ദര്‍ഭങ്ങളിലൂടെ കഴിഞ്ഞു പോയിട്ടില്ല. എന്നാല്‍, ഒരു മനുഷ്യനിലെ 99 നന്മകളും കാണാന്‍ കഴിയാതെ ഒരു തിന്മയെ മാത്രം കാണുന്ന സമീപനം നല്ല സംവേദനത്തിന് ഭൂഷണമല്ല. ജുമുഅ ദിവസം താമസിച്ചെത്തിയ വ്യക്തിയെ തിരുത്തുന്ന പ്രവാചകന്‍ അദ്ദേഹത്തിന്റെ നന്മയെ മുന്‍നിറുത്തിയാണ് ഉപദേശിക്കുന്നത്.
സംസാരം നന്നാവണമെങ്കില്‍ ഏതു കാര്യത്തിലുമെന്നപോലെ ആത്മാര്‍ഥതയുണ്ടാകണം. സുകുമാര്‍ അഴീക്കോട് ഇന്ത്യയും ചിന്തയും എന്ന കൃതിയില്‍, ഗ്രീസിലെ ലോകജേതാവായ അലക്‌സാണ്ടറുടെ പിതാവ് ഫിലിപ്പിന്റെ അക്രമ ഭരണത്തിനെതിരെ പ്രസംഗിച്ച മറ്റൊരു ലോക ജേതാവായ സമോസ്തനിസിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഒരു വിക്കനായിരുന്നിട്ടും അദ്ദേഹം ഉപയോഗിച്ച ശക്തവും സുന്ദരവുമായ വാക്കുകള്‍ പ്രയോഗിക്കാന്‍ വിക്കില്ലാത്തവര്‍ക്ക് പോലും അക്കാലത്തോ പിന്നീടോ സാധിച്ചിട്ടില്ലത്രെ. ഒരാളുടെ സംസാരം കഴിയുമ്പോള്‍ സംസാരത്തിലെ ശൈലിയും ഫലിതവുമൊക്കെയാണ് അധികപേരും തിരയുക. എന്നാല്‍ സമോസ്തനിസിന്റെ പ്രഭാഷണം കഴിഞ്ഞാല്‍ ആ പ്രഭാഷണത്തില്‍ ആവശ്യപ്പെട്ട പ്രവൃത്തികളിലേക്ക് ആളുകള്‍ തിരിയുമത്രേ. എന്തായിരിക്കും ആ വാക്കുകളുടെ സ്വാധീനം!
വിഷയത്തിലേക്ക് കടന്ന് തന്നിലേക്ക് വിഷയത്തെയും കടത്തിവിട്ടു കൊണ്ടായിരിക്കണം പ്രഭാഷകന്‍ ഒരു കാര്യം സമര്‍ഥിക്കേണ്ടതെന്ന് അഴീക്കോട് വിവരിക്കുന്നുണ്ട്. മിതഭാഷികളാകാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. പിന്നീട് പറഞ്ഞുപോയതിനെപ്പറ്റി വിലപിക്കാതിരിക്കാന്‍ അതായിരിക്കും ഗുണകരം. ‘അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കില്ല’ (50: 18) എന്ന വചനം നമ്മുടെ സംസാരങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണമുണ്ടാക്കാന്‍ പ്രചോദനമാകട്ടെ.