1 Friday
December 2023
2023 December 1
1445 Joumada I 18

എസ് പി സി & ഉഡുപ്പി: ഹിജാബ് മതേതരത്വത്തിന് അകത്തോ പുറത്തോ?

സി പി അബ്ദുസ്സമദ്‌


കേരളത്തിലെ വിദ്യാലയങ്ങളില്‍ സജീവമായി രംഗത്തുള്ള ഒന്നാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ് പി സി). എസ് പി സിയില്‍ അംഗത്വമെടുക്കുക എന്നത് വലിയ ആഗ്രഹമായി കൊണ്ടുനടക്കുന്ന ഒരുപറ്റം വിദ്യാര്‍ഥികള്‍ ഇന്നുണ്ട്. അവരില്‍ പെട്ട ഒരു മുസ്ലിം വിദ്യാര്‍ഥിനി എസ് പി സി യൂനിഫോമില്‍ ശിരോവസ്ത്രമണിയാനുള്ള സ്വാതന്ത്ര്യമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുണ്ടായി. കോടതി അത് സര്‍ക്കാറിനു വിടുകയും സര്‍ക്കാര്‍ അത്തരമൊരാവശ്യം മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തുമെന്ന വിചിത്ര ന്യായമുന്നയിച്ച് തള്ളിക്കളയുകയും ചെയ്തിരിക്കുന്നു. അതുപോലെ തന്നെ, കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ മുസ്്്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് കോളജില്‍ പ്രവേശനം നിഷേധിക്കുന്ന സംഭവവുമുണ്ടായി.
ഒരു മതത്തിന്റെ എസെന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസ് ഏതു ഘട്ടത്തിലും അനുവര്‍ത്തിക്കാന്‍ ഭരണഘടന പൗരന് അവകാശം നല്‍കുന്നുണ്ട്. 2016-ല്‍ സമാന വിഷയത്തിലെ വിധിയില്‍ ശിരോവസ്ത്രം മുസ്ലിംകളുടെ ‘എസെന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസ്’ ആണ് എന്ന ഹൈക്കോടതിയുടെ വിധി നമ്മുടെ മുന്നിലുണ്ട്.
എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുകയും, ഒരു മതത്തിനും മറ്റൊന്നിനു മുകളില്‍ സ്ഥാനം ഇല്ലാത്ത വിധം അവ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം പൗരന് നല്‍കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ സെക്കുലറിസം. സമീപ കാലത്ത് ഏറെ ചര്‍ച്ച ചെയ്ത ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന് പേരിട്ടു വിളിച്ച്, വൈവിധ്യങ്ങളെയും അവകാശങ്ങളെയും അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയായാണ് ഹിജാബ് നിരോധനത്തെയും കാണേണ്ടത്. വിവിധ തുറകളിലുള്ള സ്ത്രീ സാമൂഹിക പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നു.

സാംസ്‌കാരിക പൈതൃകങ്ങളെ
റദ്ദ് ചെയ്യാനുള്ള ശ്രമം ചെറുക്കണം


ഫാത്തിമ തഹ്ലിയ
(എം എസ് എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ്)

സിഖുകാര്‍ ധരിക്കുന്ന തലപ്പാവും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ മറ്റു സമുദായത്തില്‍ പെട്ട ആളുകള്‍ ധരിക്കുന്ന ശിരോവസ്ത്രവും ഒരു നോര്‍മല്‍ വസ്ത്രമായി പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. പക്ഷേ മുസ്ലിം സ്ത്രീ ഹിജാബ് ധരിക്കുന്നത് നമ്മുടെ പൊതുസമൂഹത്തിന് ഒരു സ്വാഭാവിക കാര്യമായി അംഗീകരിക്കാന്‍ ഇന്നും പറ്റിയിട്ടില്ല. അവരിപ്പോഴും അടിച്ചമര്‍ത്തപ്പെട്ട സ്ത്രീയുടെ പ്രതീകമാണ് ശിരോവസ്ത്രം എന്നുള്ള കാഴ്ചപ്പാടിലാണ്. പെണ്‍കുട്ടികള്‍ ഈ വസ്ത്രം ധരിക്കുന്നത് നിര്‍ബന്ധപൂര്‍വമോ അവരുടെ ഇഷ്ടത്തിനു വിരുദ്ധമായോ മാതാപിതാക്കളുടെയോ മറ്റോ നിര്‍ബന്ധത്തിലോ ആണെന്നുള്ള ചിന്തയിലാണ് ഇപ്പോഴും ഈ പക്ഷക്കാര്‍. ലിബറല്‍ സ്വാധീനം അടക്കം പല സ്വാധീനങ്ങളും ഈ ചിന്താഗതിയില്‍ ഉണ്ട്. യഥാര്‍ഥത്തില്‍ മുസ്ലിം സമൂഹത്തിന്റെ മതകീയ അവകാശങ്ങളേയും സാംസ്‌കാരിക പൈതൃകങ്ങളേയും എല്ലാം റദ്ദ് ചെയ്യാനുള്ള ശ്രമമാണ് ഇവിടത്തെ ഫാസിസ്റ്റുകള്‍ നടത്തുന്നത്. അതിനൊത്ത് താളത്തില്‍ നിന്നു കൊടുക്കുകയാണ് ചില ലിബറലുകളും.
ഹിജാബ് പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരു സ്വാഭാവിക കാര്യം ആണെന്നും, അതൊരു ജനാധിപത്യ അവകാശം ആണെന്നും, അതൊരു സ്ത്രീയുടെ നിര്‍ണായക തിരഞ്ഞെടുപ്പാണ് എന്നും, പൊതുസമൂഹവും ഭരണകൂടവും അതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല എന്നും അവര്‍ മനസ്സിലാക്കുന്നേയില്ല. ഇന്നിപ്പോള്‍ സമൂഹത്തിലെ സോ കാള്‍ഡ് ലിബറലുകള്‍ സ്ത്രീകളുടെ ഏജന്‍സി ഏറ്റെടുത്ത് ഓരോ സ്ത്രീയേയും നോക്കി ‘നീ നിന്റെ ഇഷ്ടപ്രകാരമാണോ ശിരോവസ്ത്രം അണിയുന്നത്?’ എന്നു ചോദിക്കുകയാണ്. ആ ചോദ്യം തന്നെ മാനസിക പീഡനമാണ്.
ബാലുശ്ശേരി സ്‌കൂളില്‍ കൊണ്ടുവന്നിട്ടുള്ള യൂണിഫോം സമ്പ്രദായവും എസ് പി സി കേഡറ്റുകളുടെ യൂണിഫോമും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആണ് എന്നുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി അല്ല, നമ്മള്‍ക്ക് വേണ്ടത് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ ആണ് എന്ന് പലവുരു കേന്ദ്ര ഏജന്‍സികളും, വിദ്യാഭ്യാസ നിരീക്ഷകരും, കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളും കൃത്യമായി പരാമര്‍ശിച്ചതാണ്. യുജിസിയുടെ സാക്ഷം കമ്മിറ്റി റിപ്പോര്‍ട്ടിലും, കേരള ഹയര്‍ എജുക്കേഷണല്‍ കൗണ്‍സില്‍ ഇന്ത്യ സമാഗതി കമ്മിറ്റി റിപ്പോര്‍ട്ടിലും ഇത് ചൂണ്ടിക്കാണിക്കുന്നു ണ്ട്. എല്ലാ ലിംഗങ്ങളെയും മാറ്റിനിര്‍ത്തി ഒരു പൊതു ലിംഗമെന്നുള്ള മനോഭാവത്തിലേക്ക് നമ്മുടെ സ്‌കൂളുകളെയും നമ്മുടെ സംവിധാനങ്ങളെയും കൊണ്ടുവരുന്നത് ആപത്താണ് എന്നുള്ളത് സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെയും വിശുദ്ധ ഖുര്‍ആനിന്റെയും പണ്ഡിതാഭിപ്രായങ്ങളുടേയും വെളിച്ചത്തിലാണ് ശിരോവസ്ത്രം ഒരു എസെന്‍ഷ്യല്‍ റിലീജ്യസ് പ്രാക്ടീസ് ആണ് എന്ന് നീതിപീഠം കണ്ടെത്തുന്നത്. മാത്രമല്ല ശിരോവസ്ത്രം ധരിക്കുന്ന വ്യക്തി അത് ധരിക്കുന്നതിലൂടെ മറ്റൊരാളുടെയും മൗലിക അവകാശത്തെ ലംഘിക്കുന്നില്ല എന്നൊരു പരാമര്‍ശം കൂടി കോടതി നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 25 ആണ് ഒരു വ്യക്തിയുടെ വിശ്വാസപരമായിട്ടുള്ള അവകാശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നത്.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഇപ്പോഴും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ സ്‌കൂളിന് പുറത്ത് നിന്നാണ് പഠിക്കുന്നത്. അവര്‍ക്ക് അനുകൂലമായി കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് വിധി വന്നെങ്കിലും അത് അംഗീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികാരികള്‍ തയ്യാറായിട്ടില്ല. ഇത് തീര്‍ച്ചയായും ഒരു അജണ്ടയുടെ ഭാഗമായാണ് വായിക്കപ്പെടേണ്ടത്. കേവലം മുസ്ലിം വനിതാ സംഘടനകള്‍ മാത്രമല്ല, ഈ ജനാധിപത്യ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന ഓരോ പൗരനും ഈ വിഷയത്തില്‍ സംസാരിക്കാനും അവരുടേതായ അഭിപ്രായം രേഖപ്പെടുത്താനും ബാധ്യതയുണ്ട്.

മുസ്്‌ലിം സ്ത്രീകളുടെ വേഷം
ചിലര്‍ക്ക് അസഹനീയമാവുന്നു


ഫാത്തിമ ഹിബ
(ജന.സെക്രട്ടറി, ഐ ജി എം കേരള)

മുസ്ലിം പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി എന്തുകൊണ്ട് വിവാദമാവുന്നു എന്നതിന്റെ ഉത്തരം ഈ സമൂഹത്തില്‍ തന്നെയുണ്ട്. മുസ്ലിംകള്‍ അപകടകാരികളും വ്യത്യസ്തരുമാണ്, അവരെ ഭയക്കേണ്ടതുണ്ട് എന്നെല്ലാം പറഞ്ഞു പരത്തുന്ന, മുസ്ലിംകളെ അരികുവത്കരിക്കുന്ന ഇസ്ലാമോഫോബിക് ചിന്തകളാണ് അതിന്റെ പ്രധാന കാരണം. ഹലാല്‍ വിവാദങ്ങളെ പോലെയുള്ള അനാവശ്യ ചര്‍ച്ചകള്‍ പൊതു മണ്ഡലത്തില്‍ കൊണ്ടുവരുന്നതും അതിന് ന്യൂനപക്ഷത്തിന്റെയെങ്കിലും പിന്തുണ ലഭിക്കുന്നതുമെല്ലാം ഈ ചിന്താഗതിയുടെ പ്രതിഫലനമാണ്. മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണത്തെ പറ്റിയുള്ള വിമര്‍ശനാത്മക ചര്‍ച്ചകളും ഈ പശ്ചാത്തലത്തില്‍ നിന്ന് ഭിന്നമല്ല. മുന്‍കാലങ്ങളില്‍ തന്നെ നിലനിന്നിരുന്ന ഇത്തരം വിവാദങ്ങള്‍ ഇന്ന് കൂടുതല്‍ ഊര്‍ജിതമാവാനുള്ള കാരണം, ചിലര്‍ക്ക് അസഹ്യമായിത്തോന്നുന്ന ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച മുസ്ലിം സ്ത്രീകള്‍ സമൂഹത്തില്‍ കൂടുതല്‍ ഇടപെടാന്‍ തുടങ്ങി എന്നതാണ്. സി എ എ, എന്‍ ആര്‍ സി അടക്കമുള്ള സുപ്രധാന സമരങ്ങളുടെ നേതൃനിരയിലും പോരാട്ടങ്ങളിലും തട്ടത്തിനുണ്ടായിരുന്ന അനുപാതം വളരെ വലുതാണ്. ഇത്തരം സമരമുഖങ്ങളിലും മത്സരപരീക്ഷകളുടെ ആദ്യ റാങ്കുകളിലും മറ്റും ഈ വസ്ത്രധാരികള്‍ വരുന്നത് ഈ എതിര്‍പ്പ് കൂട്ടിയിട്ടുണ്ടാവാം.
എസ് പി സി യൂണിഫോം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആണെന്ന സര്‍ക്കാര്‍ പ്രസ്താവനയിലൂടെ കേരളത്തിന്റെ സംവാദ മണ്ഡലത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന മറ്റൊരു വിഷയത്തില്‍ കൂടി കൂടുതല്‍ വ്യക്തത ലഭിക്കുകയാണ്. മതമനുശാസിക്കുന്ന വസ്ത്രങ്ങള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ സംവിധാനത്തില്‍ ഒരു ഇടവും ഇല്ലെന്നാണ് ഇവിടെ പറയാതെ പറഞ്ഞുവെക്കുന്നത്.
ഇത്തരം വിഷയങ്ങളില്‍ മുസ്ലിം വനിതാ സംഘടനകള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യം മുസ്ലിം പെണ്‍കുട്ടികളെ കൂടുതല്‍ ശക്തരാക്കുക എന്നതാണ്. സമൂഹത്തെ പറ്റി തീരുമാനങ്ങളെടുക്കുന്ന, ഈ സമൂഹം എങ്ങനെയാവണം എന്ന് പ്ലാന്‍ ചെയ്യുന്ന വിവിധ ടീമുകളുടെ ഭാഗമാവാന്‍ അവര്‍ക്ക് സാധിക്കണം.

അല്‍പനേരത്തേക്ക്
മാറ്റിവെക്കാവുന്നതല്ല ശിരോവസ്ത്രം


സല്‍മ അന്‍വാരിയ്യ
(ജന.സെക്രട്ടറി, എം ജി എം കേരള)

ശിരോവസ്ത്രം അല്‍പ നേരത്തേക്കെങ്കിലും മാറ്റിവെച്ചുകൂടേ എന്നാണ് ചിലര്‍ ചോദിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിനാലാം അധ്യായത്തില്‍ ആരുടെയെല്ലാം മുന്നിലാണ് ശിരോവസ്ത്രം മാറ്റിവെക്കാവുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവിന്റെയും പ്രവാചകന്റെയും വ്യക്തമായ കല്പന ലഭിച്ച വിഷയങ്ങളില്‍ സ്വതന്ത്രമായ തീരുമാനം വ്യക്തികള്‍ക്ക് ഇസ്ലാം വിലക്കുന്നുണ്ട്. ആ വിഷയങ്ങളിലെ ശരികള്‍ മനുഷ്യന്റെ പരിമിതമായ യുക്തിക്കും ഇഷ്ടങ്ങള്‍ക്കുമപ്പുറമാവും. മതപരമായ ഈ വിശ്വാസം ഉള്‍ക്കൊള്ളുന്നവരും ഇഷ്ടത്തോടെ പ്രതിഫലേച്ഛയാല്‍ അവ അനുഷ്ഠിക്കുന്നവരും തന്നെയാണ് ഓരോ മുസ്ലിമും.
എസ് പി സിയെ പോലെയുള്ള സംവിധാനത്തിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയെ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന നമ്മെ സംബന്ധിച്ച് സാധ്യമാവും വിധം നിയമ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുക എന്നതു തന്നെയാണതിനുത്തരം. ശിരോവസ്ത്രം മതേതരത്വത്തിന് യോജിച്ചതല്ല എന്ന സര്‍ക്കാര്‍ പ്രസ്താവന ഖേദകരമാണ്. കേരളത്തിന്റെ പൊതു സദാചാര ബോധത്തിന് യോജിക്കാത്ത പല ആരാധനാ കര്‍മങ്ങളും ചെയ്യുന്നവര്‍ ഈ സമൂഹത്തിലുണ്ട്. അവയെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മതേതരത്വത്തിന്, എന്താണ് തികച്ചും മാന്യവും ന്യായവുമായ മുസ്ലിം ആവശ്യങ്ങളെ പരിഗണിക്കാന്‍ തടസ്സം? സിഖ് മതസ്ഥര്‍ അവരുടെ വിശ്വാസാചാരങ്ങള്‍ എവിടെയും മുറുകെ പിടിക്കുന്നവരാണ്. തലപ്പാവും താടിയുമടങ്ങുന്ന അവരുടെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണസംവിധാനങ്ങള്‍ വിശാലമാണ് താനും. പക്ഷെ അതേ സമൂഹത്തിന് ഇസ്ലാം മത വിശ്വാസികളുടെ വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
സമൂഹത്തില്‍ ഇത്തരം ചിന്തകള്‍ ഉടലെടുക്കാനുള്ള മറ്റൊരു കാരണം ചില മുസ്ലിംകളുടെ മതാനുഷ്ഠാനങ്ങളിലുള്ള ഉദാസീനത കൂടിയാണ് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ശിരോവസ്ത്രം യഥാവിധി ധരിക്കുന്നതിന് ചിലരെങ്കിലും വിമുഖത കാണിക്കുന്നു. ഇത് കാണുന്ന പൊതുസമൂഹം, മുസ്ലിംകളിലും ശിരോവസ്ത്രം ധരിക്കാത്തവരുണ്ടല്ലോ, പിന്നെ എന്തിന് ഇത്ര വാശിയെന്നു ചോദിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു.

പൊതുബോധത്തെ മുസ്്‌ലിംകള്‍ക്കെതിരെ
തിരിക്കാനുള്ള ശ്രമം


മുഫീദ തസ്‌നി
(ചെയര്‍പേഴ്‌സണ്‍, ഷീറോ)

മത സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടന അനുവദിച്ച ഇന്ത്യയില്‍ ഹിജാബും ഫുള്‍സ്ലീവുമുള്ള വസ്ത്രം എസ് പി സി യൂണിഫോമില്‍ ഉള്‍പ്പെടുത്താതെ, മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്ന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഒരു വ്യക്തിയുടെ മൗലിക അവകാശങ്ങളുടെ ലംഘനമായും സര്‍ക്കാരിന്റെ കപട മതേതരത്വമായും വിലയിരുത്താം. അതേസമയം പോലീസ് സേനയിലടക്കം മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ മറ്റു വിഭാഗങ്ങള്‍ക്ക് അനുമതിയുണ്ട് എന്നതാണ് യാഥാ ര്‍ഥ്യം.
ഇന്ത്യന്‍ സെക്യുലറിസത്തെ കുറിച്ചുള്ള സംവാദങ്ങളില്‍ ഇടതുപക്ഷ ഭരണകൂടത്തിനു മതചിഹ്നങ്ങള്‍ മതേതരത്വത്തിനു ഭീഷണിയാണ് എന്ന നിലപാടുണ്ടാവുന്നത് അത്യന്തം അപകടകരമാണ്. എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും മതേതര (എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന) വിദ്യാഭ്യാസം ഉറപ്പ് വരുത്തേണ്ട സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു തന്നെ ഇത്തരത്തിലുള്ള ഒരു നിലപാട് പൊതു സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ്. പൊതുബോധ നിര്‍മിതി മുസ്ലിംകള്‍ക്കെതിരായി സാധ്യമാക്കുന്ന തിരക്കിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. മുസ്ലിം മതവിശ്വാസികളെ നിരന്തരമായി വര്‍ഗീയവാദിയും തീവ്രവാദിയുമായി മുദ്രകുത്തുന്നതിലൂടെ മുസ്ലിം പേടി വളര്‍ത്തി എടുക്കുന്നതിന് ബി ജെ പി ഗവണ്‍മെന്റിന് ഉത്തരേന്ത്യയില്‍ സാധിച്ചിട്ടുണ്ട്. എല്ലാ വൈവിധ്യങ്ങളെയും അംഗീകരിച്ചു, ബഹുസ്വരത മുഖമുദ്രയായി സ്വീകരിച്ച അവസ്ഥയില്‍ നിന്ന് ഒരു വിഭാഗത്തെ സംശയാസ്പദമായി കാണേണ്ടതുണ്ട് എന്ന ചിലരുടെ അജണ്ടകള്‍ വിജയിച്ചു കൊണ്ടിരിക്കുന്നു. മുസ്ലിം സമുദായത്തെ ഉള്‍ക്കൊള്ളാന്‍ പറ്റാത്തവരായി നമ്മുടെ ചിന്തകളെ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ് നവ ലിബറലിസ്റ്റുകള്‍.
മതേതരത്വത്തിന്റെ മാതൃകകളില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ മാതൃകകള്‍ വ്യത്യസ്തമായിരുന്നു. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കാന്‍ സാധിച്ചിരുന്നു. എന്നാലിപ്പോള്‍ വിശാലമായി ചിന്തിക്കാനും എല്ലാവരെയും ഉള്‍ക്കൊള്ളാനുമുള്ള ഇന്ത്യക്കാരുടെ സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തിലും സ്ഥിതി വിഭിന്നമല്ല. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ കുറിച്ചു വാചാലമാകുന്നവര്‍ ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന പരിരക്ഷയുടെ പരിധിയില്‍ വരുമെന്നറിഞ്ഞിട്ടും അതിനെ അന്ധമായി എതിര്‍ക്കുകയാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനായി കാലം സാമുദായിക ഐക്യം ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമോഫോബിക് ആയ സമൂഹം രൂപപ്പെട്ടു വരുന്ന സാഹചര്യത്തില്‍, ഇന്ന് മുസ്ലിം സ്ത്രീകളുടെ വസ്ത്രം എന്നത് പോലെ നാളെ അത് ചരിത്രപരമായി ഇസ്ലാം പ്രതിനിധീകരിക്കുന്നതിനെയൊക്കെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും എന്നുള്ളതാണ്.

മതങ്ങളിലെ വൈവിധ്യം ഉള്‍ക്കൊള്ളണം

നൂര്‍ജഹാന്‍ കെ
(ഗവേഷക, ടിസ്സ് മുംബൈ)

എസ് പി സി യൂണിഫോം വിവാദം മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് നേരെയുള്ള അവകാശ ലംഘനം എന്നുള്ളതിനേക്കാള്‍, ഫുള്‍സ്ലീവും ഹിജാബും ഇടാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും നേരെയുള്ള അവകാശ ലംഘനമാണ്. മതത്തിന്റെ പേരിലല്ലാതെയും, ഫുള്‍ സ്ലീവ് ഇടാന്‍ താല്പര്യപ്പെടുന്ന സ്ത്രീകള്‍ ഇവിടെയുണ്ട്. ആര്‍ട്ടിക്കിള്‍ (19)1 മുന്നോട്ട് വെക്കുന്ന ഫ്രീഡം ഓഫ് എക്സ്പ്രഷനില്‍ വസ്ത്രസ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുന്നുണ്ട്. ഒരു പൊതു സംവിധാനത്തില്‍ ഒരു പ്രത്യേക മതപ്രകാരമുള്ള അല്ലെങ്കില്‍ ഇഷ്ടപ്രകാരം ഉള്ള വേഷവിധാനം സ്വീകരിക്കുന്നത് തടയുന്നതു അവകാശ ലംഘനം തന്നെയാണ്. സര്‍ക്കാര്‍ ഉത്തരവില്‍ ‘വ്യവസ്ഥയുടെ അന്തസ്സിനു ചേര്‍ന്നതല്ലാത്ത വേഷം’ എന്നൊരു പ്രസ്താവന കൂടിയുള്ളതു കൊണ്ട്, എങ്ങനെയാണ് ഹിജാബും ഫുള്‍സ്ലീവും അന്തസ്സില്ലായ്മ ആവുന്നത് എന്നത് കൂടി അവര്‍ പറയേണ്ടതുണ്ട്.
ഞാനടക്കമുള്ള, സ്ത്രീകളുടെ ചെറുപ്പകാലത്ത് ഹിജാബ് അനുവദിക്കില്ല എന്ന ഒരൊറ്റ കാരണത്താല്‍, എന്‍ സി സിയില്‍ ചേരാന്‍ വിസമ്മതിച്ച കുടുംബങ്ങളും ആ കുടുംബങ്ങള്‍ വിശ്വസിക്കുന്ന മതവ്യവസ്ഥയും ഇവിടെ ഇന്നും നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍, വേഷവിധാനത്തിന്റെ പേരില്‍ പല പെണ്‍കുട്ടികള്‍ക്കും, ഈ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നത് തന്നെയാണ് വാസ്തവം. അതേസമയം, എന്‍ സി സിയില്‍ നിലനില്‍ക്കുന്ന വേഷം അനിസ്ലാമികമല്ല എന്നും, വിശ്വാസത്തിന് എതിരല്ല, എന്നുമുള്ള വാദം നിലനില്‍ക്കുന്നുണ്ട്. ഹിജാബിനെ അതേപടി പിന്തുടരുന്ന, അങ്ങനെ പിന്തുടരാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്കും, ഇവിടെ പൊതു സംവിധാനത്തില്‍ ഭരണഘടന അനുശാസിക്കുന്ന വിധം അവസരം ഉണ്ടാവേണ്ടതുണ്ട്.
എന്റെ ഈ അഭിപ്രായം ഉണ്ടാവുന്നത് മതേതര രാജ്യത്ത് മുസ്ലിം സ്ത്രീ പൂര്‍ണമായും (പഴയതു പോലെ) സ്വാതന്ത്ര്യം അനുഭവിക്കുന്ന അവസ്ഥയില്‍ അല്ല സ്ഥിതി ചെയ്യുന്നത് എന്ന ബോധ്യത്തില്‍ നിന്ന് തന്നെയാണ്. അതായത് ഈ ഉത്തരവിന്റെ സാമൂഹിക പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീയെന്ന സ്വത്വവും മുസ്ലിം എന്ന സ്വത്വവും കൂടി ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു പൊതു സ്വത്വം നിരന്തരം, രാഷ്ട്രീയമായും സാമൂഹികമായും ഒരേ സമയം വേട്ടയാടപ്പെടുന്നു.
എന്നാല്‍ അതേസമയം, ഇര എന്ന അവസ്ഥയില്‍ നിര്‍വചിക്കപ്പെട്ടു, രാഷ്ട്രീയപരമായി ഉപയോഗിക്കപ്പെടുന്ന അവസ്ഥയും നമ്മള്‍ കാണുന്നുണ്ട്. മുസ്ലിം പുരുഷനില്‍ നിന്ന് വളരെ വ്യത്യസ്തമാണ്, മുസ്ലിം സ്ത്രീയുടെ ജീവിത അനുഭവങ്ങള്‍. പൊതു ഇടങ്ങളില്‍ പല വിധ ചോദ്യങ്ങള്‍ക്കും, മറുപടി പറഞ്ഞു കൊണ്ടേയിരിക്കേണ്ട അവസ്ഥ കൂടിയുണ്ട്. അതിനു കാരണം മുസ്ലിം എന്ന ഐഡന്റിറ്റി തന്നെയാണ്. മതനിരപേക്ഷം എന്നതിനേക്കാള്‍, മതങ്ങളുടെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുക എന്നത് കൂടിയാണ് ഇന്ത്യയുടെ മതേതരത്വം.

ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്‌

അഫ്‌നിദ പുളിക്കല്‍
(പ്രസിഡന്റ്, ഐ ജി എം കേരള)

മതചിഹ്നങ്ങള്‍ മതേതര വിരുദ്ധമാണെന്ന വാദം യഥാര്‍ഥത്തില്‍ ഭരണഘടനാ വിരുദ്ധമാണ്. ഹിജാബും ഫുള്‍സ്ലീവും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇത് കൃത്യമായ അജണ്ടകള്‍ ഒളിപ്പിച്ചുകൊണ്ടുള്ള നടപടിയാണെന്നാണ് മനസിലാകുന്നത്. ഓരോ വ്യക്തിക്കും ഓരോ മതങ്ങള്‍ക്കും വ്യത്യസ്ത ഐഡന്റിറ്റികളുണ്ട്. ഈ വ്യത്യസ്തതകള്‍ കൊണ്ടാണ് അവര്‍ തിരിച്ചറിയപ്പെടുന്നത്. സിഖ് വിഭാഗക്കാരുടെ തലപ്പാവ് അവരുടെ ഐഡന്റിറ്റി ആണ്. അതൊരു നിശ്ചിത സമയത്തേക്ക് അവര്‍ മാറ്റി വെക്കുന്നതായി കാണാറില്ല. മുസ്ലിംകള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ഇസ്ലാം മതം നല്‍കുന്ന ചില ഐഡന്റിറ്റികളുണ്ട്. തല മറക്കുക എന്നുള്ളത് മുസ്ലിം സ്ത്രീയുടെ ഐഡന്റിറ്റിയാണ്. അതൊരു നിശ്ചിത സമയത്തേക്ക് മാറ്റി വെക്കാന്‍ സാധിക്കുന്ന ഒന്നല്ല. നിരന്തരമായുള്ള ഈ അവകാശ ലംഘനങ്ങള്‍ക്കെതിരെ മുസ്ലിം സംഘടനകള്‍ വളരെ ശക്തമായി മുന്നോട്ട് വരേണ്ടതുണ്ട്. ഏത് മേഖലയിലും ശിരോവസ്ത്രം ധരിക്കാന്‍ മുസ്ലിം സ്ത്രീക്ക് അനുവാദമുണ്ടെന്ന നിലക്ക് സര്‍ക്കാരിന്റെ ഈ നിലപാട് തിരുത്തേണ്ടതാണ്.

ഹിജാബ് ഞങ്ങളുടെ വിശ്വാസമാണ്

അസ്‌ന നാസര്‍ വി പി
(ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി)

മതത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാട്ടുന്നതിനെതിരെയുള്ള തത്വശാസ്ത്രമാണ് മതേതരത്വം. മുസ്ലിം സ്ത്രീക്ക് അവളുടെ വ്യക്തിത്വം തിരിച്ചറിയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി മതം നിഷ്‌കര്‍ഷിച്ച ഒന്നാണ് ശിരോവസ്ത്രം. വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ ഉള്‍പ്പെടുന്ന കാമ്പസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിനി എന്ന നിലയില്‍ ഹിജാബ് മതേതരത്വത്തിന് എതിരാണെന്നോ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നത് കൊണ്ട് മതേതരത്വവും സാഹോദര്യവും നഷ്ടപ്പെടുമെന്നോ അനുഭവപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ പുറത്ത് വിട്ട ഈ ഉത്തരവ് ഒരു മുസ്ലിം വിദ്യാര്‍ഥിനി എന്ന നിലയില്‍ അംഗീകരിക്കാനാകില്ല.
‘എസ് പി സി പൂര്‍ണമായും വ്യവസ്ഥാപിതമായ നിയമങ്ങളും, നിര്‍ദേശങ്ങളും പിന്തുടര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ആ രീതികളും ചിട്ടകളും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയല്ലേ വേണ്ടത്?’ എന്ന് വളരെ ലാഘവത്തോട് കൂടി പറയുന്നത് കേള്‍ക്കുമ്പോള്‍ ഖേദം തോന്നുന്നു. ഹിജാബിടുന്നു എന്നതിനാല്‍ അവസരം നഷ്ടപ്പടുന്നത് മതപരമായ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണെന്നറിയാത്തവരാണോ ഇവര്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വസ്ത്രധാരണത്തെ കുറിച്ച് ഇസ്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഹിജാബിന് വളരെയധികം പ്രാധാന്യമുണ്ട്. ഹിജാബെന്നാല്‍ സ്ത്രീ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കുവാനും അവളുടെ സുരക്ഷ ഉറപ്പ് വരുത്തുവാനുമുള്ള ഉത്തമ മാര്‍ഗമാണ്. സ്ത്രീയോട് ഹിജാബ് ധരിക്കാന്‍ പറഞ്ഞ പോലെ പുരുഷനോട് അവന്റെ ദൃഷ്ടി താഴ്ത്തുവാനും ഇസ്ലാം കല്‍പ്പിക്കുന്നുണ്ട്. ഏതൊരാള്‍ക്കും അയാളുടെ സൗകര്യത്തിനും, താല്പര്യത്തിനുമനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുമ്പോള്‍ ഹിജാബ് ധരിക്കുക എന്ന ഞങ്ങളുടെ ചോയ്‌സും ബഹുമാനമര്‍ഹിക്കുന്നത് തന്നെയാണ്.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x