22 Wednesday
September 2021
2021 September 22
1443 Safar 14

സൗമ്യഭാവവും സന്മനോഭാവവും


സത്യവിശ്വാസികള്‍ പൊതുവെയും സത്യപ്രബോധകര്‍ വിശേഷിച്ചും സൗമ്യഭാവമുള്ളവരായിരിക്കണമെന്ന് പല ഖുര്‍ആന്‍ വചനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. വാക്കിലും പ്രവൃത്തിയിലും സൗമ്യഭാവമായിരിക്കും ദൈവിക വചനങ്ങള്‍ ഉള്‍ക്കൊണ്ട വ്യക്തിയുടെ മുഖമുദ്രയെന്ന് ഖുര്‍ആന്‍ (39:23) വ്യക്തമാക്കുന്നു.
ക്രൂരരും ദുഷ്ടരുമായ മനുഷ്യരുമായി ഇടപെടുമ്പോഴും സത്യവിശ്വാസികള്‍ സൗമ്യഭാവം കൈവെടിയരുതെന്നത്രെ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഫിര്‍ഔന്‍ സ്വയം ദൈവം ചമയുന്നവനും സ്വേച്ഛാധിപതിയും മര്‍ദകവീരനും ആയിരുന്നിട്ടും അവന്റെയടുത്തേക്ക് നിയോഗിച്ച മൂസാ(അ), ഹാറൂന്‍ (അ) എന്നീ പ്രവാചകന്മാരോട് അല്ലാഹു കല്പിച്ചത് അവനോട് സൗമ്യമായ ശൈലിയില്‍ സംസാരിക്കാനാണ്. മുഹമ്മദ് നബി(സ)യോട് അല്ലാഹു പറഞ്ഞു: ”അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷ സ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുഭാഗത്ത് നിന്നും അവര്‍ വേര്‍പിരിഞ്ഞു പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക.” (വി. ഖു. 3:159). പ്രബോധിതരോട് പൊതുവെയും സത്യവിശ്വാസികളോട് പ്രത്യേകിച്ചും സൗമ്യമായി പെരുമാറുക എന്നത് പ്രവാചക വ്യക്തിത്വത്തിന്റെ ശ്‌ളാഘനീയമായ ഭാവങ്ങളിലൊന്നായിരുന്നു എന്നതത്രെ ഈ വചനം നമുക്ക് മനസ്സിലാക്കിത്തരുന്നത്. അവരുടെ ഭാഗത്ത് നിന്ന് അപരാധങ്ങള്‍ ഉണ്ടാകുമ്പോള്‍ രോഷാകുലനാകാതെ, കാര്‍ക്കശ്യം കാണിക്കാതെ അവര്‍ക്ക് മാപ്പ് നല്‍കാനും അവര്‍ക്ക് വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിക്കാനും ഈ വചനത്തിലൂടെ നബി(സ)യോട് കല്പിക്കുകയും ചെയ്യുന്നു.
വിശുദ്ധ ഖുര്‍ആനിലേക്കും പ്രവാചകചര്യയിലേക്കും ജനങ്ങളെ ക്ഷണിക്കുക എന്ന ദൗത്യം ഈ കാലഘട്ടത്തില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന എല്ലാ സഹോദരന്മാരും ഉപര്യുക്തത ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്; തങ്ങളുടെ വാക്കുകളിലും സ്വഭാവ സമീപനങ്ങളിലും സൗമ്യഭാവം തന്നെയാണോ തെളിഞ്ഞുനില്‍ക്കുന്നതെന്ന്. അതല്ല, അക്ഷമയോ പാരുഷ്യമോ കാര്‍ക്കശ്യമോ വാശിയോ ശാഠ്യമോ തങ്ങളുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നുണ്ടോ എന്ന്. നിര്‍ഭാഗ്യവശാല്‍ സൗമ്യഭാവം നമ്മില്‍ പലര്‍ക്കും കൈമോശം വന്നുകൊണ്ടിരിക്കുന്നുവെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്നതുപോയിട്ട് ആദര്‍ശബന്ധുക്കളായ മുവഹ്ഹിദുകളോട് മുഴുവന്‍ സൗമ്യഭാവത്തില്‍ വര്‍ത്തിക്കാന്‍ പോലും സന്നദ്ധത കുറയുന്ന അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കണിശമായ ഏകദൈവവിശ്വാസം സകല വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യരെ സാഹോദര്യത്തിലേക്കും സ്‌നേഹസൗഹൃദത്തിലേക്കും നയിക്കുമെന്ന അവകാശവാദം പൊള്ളയാണെന്ന് സമര്‍ഥിക്കുന്ന അവിശ്വാസികളും പിശാചും മാത്രമേ ഈ ദുരവസ്ഥയില്‍ സംതൃപ്തരാവുകയുള്ളൂ.
സൗമ്യമായി പെരുമാറാനോ അപരാധങ്ങള്‍ ക്ഷമിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ സാധിക്കാത്ത വിധം മനസ്സ് കടുത്തുപോവുക എന്നത് മഹാനിര്‍ഭാഗ്യമാകുന്നു. വിശ്വാസികളെ ബാധിക്കാനേ പാടില്ലാത്ത ഒരു ദുര്‍ഗുണമായാണ് കഠിനമനസ്‌കതയെ വിശുദ്ധ ഖുര്‍ആന്‍ വിലയിരുത്തുന്നത്. സത്യവിശ്വാസത്താല്‍ മനസ്സ് ആര്‍ദ്രവും സൗമ്യവുമാകാത്ത ഒരു ജനവിഭാഗത്തോട് അല്ലാഹു പറഞ്ഞു: ”പിന്നീട് അതിനുശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. ” (വി. ഖു. 2:74) വേദഗ്രന്ഥം ലഭിച്ചതിന് ശേഷം കാലം ഏറെക്കഴിഞ്ഞപ്പോള്‍ മനസ്സ് കടുത്തുപോയ പൂര്‍വവേദക്കാരെ പോലെ സത്യവിശ്വാസികള്‍ ആകാന്‍ പാടില്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.
‘മനസ്സ് കടുത്തുപോവുക എന്നതിന് മനസ്സില്‍ നിന്ന് വിശ്വാസം നീങ്ങിപ്പോവുക എന്നര്‍ഥമില്ല. വിശ്വാസത്തിന്റെ താല്പര്യം ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ നിറവേറ്റുന്നതിന് അത്യാവശ്യമായ അലിവും കനിവും ആര്‍ദ്രതയും സൗമ്യഭാവവും മനസ്സില്‍ നിന്ന് ചോര്‍ന്നുപോകുന്നതിനാണ് മനസ്സ് കടുത്തുപോവുക എന്ന് പറയുന്നത്. ഈ അവസ്ഥയ്ക്ക് പല കാരണങ്ങളുണ്ടാകും. അതിന് ഇടവരുത്തുന്ന സാഹചര്യങ്ങളുമുണ്ടാകും. സ്വന്തം തെറ്റ് പരിശോധിക്കാനും തിരുത്താനും തയ്യാറാകാതിരിക്കുന്നതും അന്യരുടെ നിസ്സാര തെറ്റുകള്‍ പോലും പര്‍വതീകരിച്ചു കാണിച്ച് അവരെ തേജോവധം ചെയ്യുന്നതുമാണ് കാരണങ്ങളില്‍ മുഖ്യമായിട്ടുള്ളത്. വാക്കിലോ പ്രവൃത്തിയിലോ വീക്ഷണത്തിലോ തെറ്റു സംഭവിക്കുക മനുഷ്യസഹജമാണ്. അതിന്റെ പേരില്‍ മനസ്സ് കടുത്തുപോവുകയോ കനിവിന്റെ കവാടങ്ങള്‍ അടഞ്ഞുപോവുകയോ ഇല്ല. ‘എന്റെ ആശയാദര്‍ശങ്ങള്‍ തികച്ചും ശരിയാണ്. അതിനാല്‍ എന്നില്‍ നിന്ന് തെറ്റുകുറ്റങ്ങള്‍ സംഭവിക്കുകയില്ല. ഇനി സംഭവിച്ചാലും അത് നിസ്സാരമായത് മാത്രമായിരിക്കും. മറ്റുള്ളവര്‍ ഇതിനെക്കാള്‍ എത്രയോ ഗുരുതരമായ തെറ്റുകള്‍ ചെയ്യുന്നുണ്ട്. അവര്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ യാതൊരവകാശവുമില്ല’- ഈ നിലയില്‍ ചിന്തിക്കുമ്പോഴാണ് മനസ്സിന് കടുപ്പം കൂടുകയും ആര്‍ദ്രത നഷ്ടപ്പെടുകയും ചെയ്യുന്നത്.
‘ഞാനൊരു മനുഷ്യനാണ്. തെറ്റുപറ്റാന്‍ സാധ്യതയുണ്ട്. ഒരു തെറ്റും ഞാന്‍ നിസ്സാരമായി ഗണിക്കുകയില്ല. അത് തിരുത്താന്‍ പരമാവധി ശ്രമിക്കും. എന്റെ ചില തെറ്റുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് വരാം. അതിനാല്‍ തെറ്റുകള്‍ ആര് ചൂണ്ടിക്കാണിച്ചാലും അതൊരു സേവനമായി ഞാന്‍ ഗണിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യും’- ഇങ്ങനെയായിരിക്കും സ്വന്തം തെറ്റുകളെ സംബന്ധിച്ച് നല്ല മനുഷ്യരുടെ നിലപാട്. ആത്മപരിശോധനയിലും തെറ്റുതിരുത്തലിലും പശ്ചാത്താപത്തിലും മുഴുകുന്നതിനാല്‍ ഇത്തരക്കാര്‍ക്ക് അന്യരുടെ തെറ്റുകുറ്റങ്ങള്‍ ചുഴിഞ്ഞുനോക്കാനോ പുറത്തുകൊണ്ടുവരാനോ ഒഴിവും താല്പര്യവും ഉണ്ടാവില്ല. സന്മനോഭാവമുള്ള ഒരു വ്യക്തിക്ക് സ്വന്തം തെറ്റുകുറ്റങ്ങളുടെ കാര്യത്തില്‍ എന്തായിരിക്കും നിലപാടെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. (വി.ഖു 12:53)
ഗുണകാംക്ഷയോടെ ഉപദേശിച്ച് തെറ്റുതിരുത്തേണ്ടതിനെ സംബന്ധിച്ച് ഖുര്‍ആന്‍ സൂക്തങ്ങളിലും ഹദീസുകളിലും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. നെറികെട്ട വിമര്‍ശനമോ അവഹേളനമോ തേജോവധ ശ്രമങ്ങളോ ഗുണകാംക്ഷാനിര്‍ഭരമായ തിരുത്തല്‍ ശ്രമങ്ങളുടെ ഭാഗമായി ഗണിക്കപ്പെടാവുന്നതല്ല. നാം നമ്മുടെയും ഇതരരുടെയും തെറ്റുകുറ്റങ്ങളുടെ കാര്യത്തില്‍ ന്യായമായി ചെയ്യേണ്ടത് ചെയ്തുകഴിഞ്ഞാല്‍ നമ്മുടെ ബാധ്യത തീര്‍ന്നു. കുറ്റവിചാരണ നാം ചെയ്യാതിരിക്കുക. അത് അല്ലാഹു ചെയ്തുകൊള്ളും.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x