ശിരോവസ്ത്രം വേണമെങ്കില്‍ ധരിച്ചാല്‍ മതിയെന്ന് മതം പറയുന്നില്ല
എ ജമീല ടീച്ചര്‍
കുറ്റ്യാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ റിസ നഹാന്‍ എന്ന പെണ്‍കുട്ടി കേരള ജനതയ്ക്ക് മുമ്പില്‍ പ്രസക്തമായ ഒരു പ്രശ്‌നമുന്നയിച്ച് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയാണിന്ന്. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റായി (എസ് പി സി) പ്രവര്‍ത്തിക്കുന്ന റിസ തന്റെ ടീച്ചറുടെ ആവശ്യപ്രകാരം അയച്ചുകൊടുത്ത യൂണിഫോം ഫോട്ടോയില്‍ ശിരോവസ്ത്രവും ഫുള്‍സ്ലീവ് ഷര്‍ട്ടും ധരിച്ചിരുന്നു. ഇത് ഡ്രസ്‌കോഡിന് എതിരാണെന്നും അനുവദിക്കാനാവില്ലെന്നും ടീച്ചര്‍ അറിയിച്ചു. മതപരമായ തന്റെ ബാധ്യത നിര്‍വഹിക്കാന്‍ ഭരണഘടനയുടെ 25-ാം വകുപ്പ് നല്‍കുന്ന അവകാശത്തിന്റെ നിഷേധമാണിതെന്നും ഇത് എസ് പി സിയുടെ അച്ചടക്കത്തെയോ മറ്റുള്ളവയെയോ ബാധിക്കുന്നില്ലെന്നും ഈ അവകാശം നീതിനിഷേധമാണെന്നും കാണിച്ച് വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ നിര്‍ദേശം, കേരള സര്‍ക്കാറിനെ സമീപിക്കാനായിരുന്നു. അത് പ്രകാരം സമര്‍പ്പിച്ച ഹരജിയിലാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് ശിരോവസ്ത്രവും ഫുള്‍സ്ലീവ് ഡ്രസും പാടില്ലെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. സമാനമായ രൂപത്തില്‍ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു സ്‌കൂളില്‍ 10 മുസ്‌ലിം പെണ്‍കുട്ടികളെ മതപരമായ വസ്ത്ര ധാരണത്തിന്റെ പേരില്‍ ക്ലാസില്‍ കയറ്റാത്ത അവസ്ഥയുമുണ്ട് ഇപ്പോള്‍.
സര്‍ക്കാറിന് പറയാനുള്ള
ന്യായങ്ങള്‍
പോലീസിലേതു പോലുള്ള പരിശീലനവും യൂണിഫോമുമാണ് എസ് പി സിയിലും നല്‍കുന്നതെന്നും മതചിഹ്നങ്ങള്‍ പോലീസ് യൂണിഫോമില്‍ പാടില്ലാത്തതുപോലെ എസ് പി സിയിലും അനുവദനീയമല്ല എന്നുമാണ് സംസ്ഥാന പോലീസ് മേധാവി സര്‍ക്കാറിന് നല്‍കിയ ഉപദേശം. മതപരമായ ബാധ്യതകളൊന്നുമില്ലാത്ത ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് എസ് പി സിയുടേത്. ഇതേ സംവിധാനത്തിലാണ് കഴിഞ്ഞകാലങ്ങളിലെല്ലാം എസ് പി സി മുന്നോട്ട് പോയിരുന്നത്. ഇതില്‍ കേഡറ്റുകളായ 12 ശതമാനം മുസ്‌ലിം പെണ്‍കുട്ടികളില്‍ ആരും ഇന്നേവരെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടു വെച്ചിട്ടില്ലാത്തതിനാല്‍ ഇനിയും അത് അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ ശാഠ്യം പിടിക്കുന്നു. ഇങ്ങനെ പോയാല്‍ സമാനമായ ആവശ്യങ്ങള്‍ ഇനിയും ഉന്നയിച്ചേക്കുമെന്നും അത് എസ് പി സിയുടെ സെക്കുലര്‍ സ്വഭാവത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ ന്യായം പറയുന്നു. ഇതനുസരിച്ചാണ് ജനുവരി 21ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
സെക്കുലറിസത്തില്‍ നിന്ന്
മതനിഷേധത്തിലേക്ക്
ഭരണകൂടം ഏതെങ്കിലുമൊരു മതവിഭാഗങ്ങളിലേക്ക് ചാഞ്ഞുനില്ക്കുക എന്നുള്ളതല്ല സെക്കുലറിസം. ഇന്ത്യാ രാജ്യത്തെ ഒരു സ്റ്റേറ്റിലും അതുണ്ടാവാനും പാടില്ല. പൗരന്മാര്‍ക്ക് അവനവനിഷ്ടമുള്ള മതം സ്വീകരിക്കാനും അതേ മത ചിഹ്നങ്ങള്‍ക്കനുസരിച്ച് വേഷം ധരിക്കുവാനും അവനവന്റെ മതവിശ്വാസമനുസരിച്ച് ജീവിക്കുവാനുമുള്ള സ്വാതന്ത്ര്യമുണ്ടാകുക. ഇതാണ് സെക്കുലറിസം. സ്വന്തം മതം പ്രബോധനം ചെയ്യാനുള്ള അവകാശവും പൗരന്മാര്‍ക്കുണ്ട്. മതചിഹ്നങ്ങള്‍ പ്രകടിപ്പിക്കുകയുമാവാം. ഭരണഘടനയുടെ 25ാം വകുപ്പ് നല്‍കുന്ന അവകാശങ്ങളാണല്ലോ ഇതൊക്കെ. അതനുസരിച്ച് റിസാ നഹാന്‍ എന്ന മുസ്‌ലിം പെണ്‍കുട്ടി കോടതിയില്‍ ഉന്നയിച്ച ആവശ്യം സ്വാഭാവികമാണ്.
കുട്ടി പോലീസ് കേഡറ്റായിക്കൊണ്ട് തന്നെ അവള്‍ക്ക് തന്റെ മതവിശ്വാസപ്രകാരമുള്ള വസ്ത്രധാരണ രീതി സ്വീകരിക്കണം. ഇതായിരുന്നുവല്ലോ അവളുടെ അപേക്ഷ. പക്ഷേ അത് അനുവദിക്കാനാവുകയില്ലെന്ന ഇടതു സര്‍ക്കാറിന്റെ അനാവശ്യ ദുശ്ശാഠ്യം ഒരു നിലക്ക് മതനിരപേക്ഷതയില്‍ നിന്ന് മാറി മതരാഹിത്യത്തിലേക്കുള്ള ചുവടുവെപ്പായിട്ട് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വരുമ്പോള്‍ എസ് പി സിയിലെന്ന് മാത്രമല്ല, മറ്റേതൊരു സര്‍ക്കാര്‍ സര്‍വീസിലും ജോലി ചെയ്യുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ ക്രമേണ മതചിഹ്നങ്ങളനുസരിച്ചുള്ള വേഷങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുമല്ലോ. തികച്ചും പെണ്ണിന്റെ ശിരോവസ്ത്രമെന്നതല്ല, രാജ്യത്തെ ഭരണഘടന തന്നെ പിച്ചിച്ചീന്തി വലിച്ചെറിയലായിരിക്കുമത്.
ഇസ്‌ലാമോഫോബിയ
കേരളത്തിലെ കാക്കിക്കുപ്പായത്തിനുള്ളില്‍ എന്ന് മാത്രമല്ല, എവിടെയൊക്കെ ഇസ്‌ലാമോഫോബിയ വളര്‍ന്നു വന്നിരുന്നുവോ അവിടെയൊക്കെയും പെണ്ണിന്റെ ശിരോവസ്ത്രം വലിച്ചുകീറിയെറിയാറുണ്ട്. 1924 മാര്‍ച്ച് മാസത്തിലായിരുന്നു തുര്‍ക്കി എന്നുപേരുള്ള ഇസ്‌ലാമിക രാജ്യം മുസ്തഫ കമാല്‍ എന്ന ദൈവനിഷേധിയുടെ കൈകളിലമര്‍ന്നത്. അന്ന് മുതല്‍ അവിടെ ഇസ്‌ലാമിക ഖിലാഫത്ത് ഭരണം അവസാനിപ്പിച്ചു. ഭൗതികവാദിയും മതവിരുദ്ധനുമായ അയാള്‍ നാട്ടില്‍ പുതിയ വ്യവസ്ഥ നടപ്പിലാക്കി. പള്ളികള്‍ കാഴ്ച ബംഗ്ലാവുകളാക്കി. ബാങ്ക് വിളി നിര്‍ത്തി വെച്ചു. മതപാഠശാലകള്‍ അടച്ചുപൂട്ടി. പണ്ഡിതന്മാരെ ജയിലിലടച്ചു, സ്ത്രീകള്‍ ഇസ്‌ലാമിക വേഷമണിയുന്നത് വിലക്കി.
അന്ന് ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടയായിരുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടിയായിരുന്നു ഖദീജ ബാബാ ജാന്‍. ശരീഅത്തുല്‍ ഇലാഹിയ എന്ന കോളജിലായിരുന്നു അവള്‍ പഠിച്ചിരുന്നത്. പുറംലോകത്ത് മുസ്‌ലിം സ്ഥാപനമായിരുന്നുവെങ്കിലും ജൂത രഹസ്യവിഭാഗത്തിന്റെ തുര്‍ക്കിയിലെ ആസ്ഥാനമായിരുന്നു അത്. ശിരോവസ്ത്രം ധരിച്ചുകൊണ്ടായിരുന്നു ഖദീജ കോളെജില്‍ വന്നിരുന്നത്. ഇവ്വിധം ഭൂതത്തിന്റെ വേഷം ധരിച്ചുകൊണ്ട് ഇനി മുതല്‍ ക്ലാസില്‍ വരാന്‍ പാടില്ല എന്ന് പ്രിന്‍സിപ്പല്‍ അവളെ വിലക്കി. അവള്‍ പറഞ്ഞു: ഞാനൊരു മുസ്‌ലിം പെണ്ണാണ്. ഖുര്‍ആന്‍ വിശ്വസിക്കുന്നവള്‍. അതാവശ്യപ്പെട്ടതനുസരിച്ചു കൊണ്ടാണ് ഞാനീ വേഷമണിഞ്ഞു കൊണ്ടിരിക്കുന്നത്- ഖദീജ വിനയപൂര്‍വം അവതരിപ്പിച്ചു. ‘ഖുര്‍ആന്‍ അങ്ങിനെ പറയുന്നില്ലല്ലോ?’ – അധ്യാപകര്‍ തര്‍ക്കിച്ചു. അവള്‍ പറഞ്ഞു: ഉണ്ട്. സൂറത്ത് നൂറിലെ 31ാം വചനത്തില്‍ ഇങ്ങനെ കാണാം: വിശ്വാസിനികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തട്ടെ. ലൈംഗിക അവയവങ്ങള്‍ കാത്തുസൂക്ഷിക്കട്ടെ. തങ്ങളുടെ സൗന്ദര്യം വെളിപ്പെടുത്താതെയുമിരിക്കട്ടെ – സ്വയം വെളിവായതൊഴികെ – തങ്ങളുടെ ശിരോവസ്ത്രം താഴ്ത്തിയിട്ട് മാറുമറക്കട്ടെ.
സൂറത്തുല്‍ അഹ്‌സാബിലെ 59ാം വചനവും അതാണാവശ്യപ്പെടുന്നത്. ‘നബിയേ, സ്വപത്‌നിമാരോടും പെണ്‍മക്കളോടും വിശ്വാസിനികളോടും പറയുക. അവര്‍ തങ്ങളുടെ ജില്‍ബാബുകള്‍ താഴ്ത്തിയിടട്ടെ. ഇതത്രെ അവര്‍ തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും ഏറ്റവും പറ്റിയ മാര്‍ഗം. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു’
ഖദീജ ബാബാ ജാന്‍ ഖുര്‍ആന്‍ വാക്യങ്ങളുദ്ധരിച്ചതോടെ പ്രിന്‍സിപ്പല്‍ നിശ്ശബ്ദനായി. അദ്ദേഹം പുറത്തുപോകാനാവശ്യപ്പെട്ടു. അടുത്ത ദിവസവും ഖദീജ ശിരോവസ്ത്രം ധരിച്ചു കൊണ്ട് തന്നെ ക്ലാസില്‍ വന്നു. പ്രിന്‍സിപ്പല്‍ ക്ലാസില്‍ കയറി വന്നു. പഴഞ്ചനാശയങ്ങള്‍ പുറംതള്ളേണ്ടതിന്റെയും പുരോഗമനവും പരിഷ്‌കാരവും പിന്തുടരേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി അദ്ദേഹം വാചാലമായി സംസാരിച്ചു. ഖുര്‍ആന്‍ മാറും തലയും മറക്കാന്‍ പറഞ്ഞത് വിവാഹിതരോടാണ്. തുടര്‍ന്ന് ഖദീജയുടെ നേരെ തിരിഞ്ഞ് ചോദിച്ചു: നീ വിവാഹിതയാണോ? അവള്‍ പറഞ്ഞു: അല്ല. എങ്കില്‍ എന്തിനാണ് ഇവ്വിധം തല മൂടിക്കെട്ടിയത്? ‘ഖുര്‍ആനിലെ നിയമം മുഴുവന്‍ വിശ്വാസികള്‍ക്കുമുള്ളതാണ്, വിവാഹിതര്‍ക്ക് മാത്രമല്ല’ -ഖദീജ തറപ്പിച്ചു പറഞ്ഞു
‘അല്ലാഹുവിനെ അനുസരിക്കുന്നതു പോലെ നീ അധ്യാപകരെയും അനുസരിക്കണം’ -അധ്യാപകന്‍ പറഞ്ഞു. ‘ഇല്ല. അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് ഞാന്‍ ആരെ അനുസരിക്കണം? ശിരോവസ്ത്രം ഉപേക്ഷിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം എന്റെ ശിരസ്സ് ഛേദിച്ചുകളയുന്നതാണ്. അവസാനം ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ഖദീജ കോളെജില്‍ നിന്ന് പുറത്താക്കപ്പെട്ടു.
ഇങ്ങനെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട പെണ്‍കുട്ടികള്‍ പല സ്ഥലങ്ങളിലുമുണ്ട്. ഒരര്‍ഥത്തില്‍ ഇസ്‌ലാമോഫോബിയ തലയില്‍ കയറിയ കുടുസ്സായ മനസ്സുകളാണ് ഇതിന്റെ പിറകിലുള്ളത്. കേരളത്തിലും കാക്കിക്കുള്ളിലൂടെ അതാണ് പുറത്തുചാടിയത് എന്നുമാത്രം.
അന്ന് ഖദീജ ഓതിക്കേള്‍പ്പിച്ച ഖുര്‍ആന്‍ വചനങ്ങള്‍ തന്നെയാണ് ഇന്നും വിശുദ്ധ ഖുര്‍ആന്‍ സൂറത്തുന്നൂര്‍ 31ാം വചനത്തിലും സൂറത്തുല്‍ അഹ്‌സാബ് 59ാം വചനത്തിലും തിളങ്ങിനില്‍ക്കുന്നത്. പ്രവാചകന്‍(സ)യുടെ ഒരു വചനംകൂടി ഇതിനോട് ചേര്‍ത്ത് വായിക്കാം. ‘ഒരു സ്ത്രീ അവള്‍ക്ക് പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞാല്‍ ഇതും ഇതുമൊഴികെ അവള്‍ വെളിവാക്കാന്‍ പാടില്ല. ശേഷം അവിടുന്ന് തന്റെ മുഖത്തേക്കും രണ്ട് കൈപത്തിയിലേക്കും ചൂണ്ടിക്കാണിച്ചു. ‘ഈ വേഷം ധരിച്ചുകൊണ്ട് യുദ്ധരംഗങ്ങളില്‍ വെര പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ അന്നുണ്ടായിരുന്നു. ആഇശ(റ)യെപ്പോലെ വൈജ്ഞാനിക മേഖലയില്‍ തിളങ്ങി നിന്നിരുന്ന സ്ത്രീകളും ഒട്ടും കുറവല്ലായിരുന്നു. ശിരോവസ്ത്രം ധരിച്ചു കൊണ്ടുതന്നെയാണ് അവരെല്ലാം ഉയരങ്ങള്‍ കീഴടക്കിയത്.