12 Friday
April 2024
2024 April 12
1445 Chawwâl 3

ഷാര്‍ജ: വായനയെ ഉത്സവമാക്കിയ നാട്‌

ഹാറൂന്‍ കക്കാട്‌


വായന മനുഷ്യനു മാത്രം ലഭിച്ച അത്ഭുതസിദ്ധിയാണ്. ഗുഹാമനുഷ്യന്‍ മുതല്‍ ആധുനിക മനുഷ്യന്‍ വരെ ആശയവിനിമയത്തിന് സ്വീകരിക്കുന്ന മാധ്യമങ്ങള്‍ കൗതുകകരമാണ്. കല്ലിലും മണ്ണിലും എഴുതി വായിച്ചിരുന്ന മനുഷ്യന്‍ താളിയോലകളിലൂടെ സഞ്ചരിച്ച് കടലാസിലും പിന്നീട് മോണിറ്ററിലും ടാബുകളിലും ഉള്ളംകൈയിലെ മൊബൈല്‍ സ്‌ക്രീനിലുമായി വായന എന്ന പ്രക്രിയ തുടരുന്നു. ജീവിതത്തിലെ പെരുമ്പാതകള്‍ മുറിച്ചുകടക്കാനുള്ള സീബ്രാ ക്രോസിങുകളാണ് വായന. ചീറിപ്പായുന്ന വാഹനങ്ങളുടെ വേഗതകളില്‍ കുടുങ്ങി മരിക്കാത അപ്പുറം കടക്കാനുള്ള വഴിയൊരുക്കും അത്. വായനക്കാരും എഴുത്തുകാരും മരിക്കുമ്പോഴും പുസ്തകങ്ങള്‍ക്ക് മരണമില്ല.
1982-ല്‍ എളിയ രീതിയില്‍ ആരംഭിച്ച ഷാര്‍ജ പുസ്തകോല്‍സവം ഒരു പതിറ്റാണ്ട് കൊണ്ടുതന്നെ അഭൂതപൂര്‍വമായ വളര്‍ച്ച നേടിയിരുന്നു. കല്ലച്ചിനും അച്ചടിക്കും മുമ്പ് ഹക്കാവത്തികളുടെ കഥ പറച്ചിലിലൂടെ മാത്രം പ്രപഞ്ചത്തെയും ലോകത്തെയും മനുഷ്യനെയും കേട്ടറിഞ്ഞിരുന്ന അറബ് നാടുകളിലെ ജനതയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ വിസ്മയ കഥയാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടേത്.
40 വര്‍ഷം മുമ്പ് ആരംഭിച്ച മേള പ്രാദേശിക സമൂഹത്തെ മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നു. സംഘാടകരുടെ കഠിനാധ്വാനത്തിലൂടെ പിന്നീടത് ലോകത്താകെ വ്യാപിച്ച്, ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ രാജ്യാന്തര പുസ്തകമേളയായി മാറി. 2021-ല്‍ നടന്ന നാല്‍പതാമത് മേളയോടുകൂടി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായി. കഴിഞ്ഞ വര്‍ഷം 83 രാജ്യങ്ങളില്‍ നിന്നുള്ള 1576 പ്രസാധകരുടെ ഒന്നര കോടി പുസ്തകങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.
വേള്‍ഡ് ക്ലാസിക്‌സ്, അറബ് സാഹിത്യം, വിവിധ ഭാഷയിലുള്ള പരിഭാഷകള്‍, പേര്‍ഷ്യന്‍-ഉര്‍ദു സാഹിത്യം, മറ്റു വിപണികളില്‍ ലഭ്യമാകാത്ത അപൂര്‍വ പുരാതന കൃതികള്‍ തുടങ്ങിയ അറിവിന്റെ മുത്തുകള്‍ തേടി ഓരോ വര്‍ഷവും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിജ്ഞാനദാഹികള്‍ ഷാര്‍ജയിലേക്കൊഴുകുന്നു. കടുത്ത ചൂടില്‍ നിന്നു തണുപ്പിലേക്കു മാറുന്ന നവംബര്‍ മാസത്തിലെ 11 ദിവസങ്ങളിലാണ് എല്ലാ വര്‍ഷവും പുസ്തകമേള നടക്കുക.
എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് വരുന്ന കപ്പലുകളിലും വിമാനങ്ങളിലും കൂടുതല്‍ എത്തുന്നത് പുസ്തകങ്ങളായിരിക്കും. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു പുസ്തകങ്ങള്‍. ഇവയ്ക്ക് കസ്റ്റംസ് പരിശോധനകളോ സെന്‍സറിങോ ഒന്നുമില്ല. പുസ്തകോത്സവം നടക്കുന്ന എക്‌സ്‌പോ സെന്റര്‍ നഗരിയിലെ പവലിയനില്‍ പുസ്തകം എത്തിച്ചുകൊടുക്കുന്നതു വരെയുള്ള എല്ലാ നടപടികളും പൂര്‍ണമായും സൗജന്യമാണ്. ലാഭേച്ഛ ഇല്ലാതെ തികച്ചും സൗജന്യമായി അറിവിന്റെ ലോകത്തേക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കുന്ന ലോകത്തിലെ ഏക അന്താരാഷ്ട്ര പുസ്തകോത്സവമാണിത്. 25 ശതമാനം വിലക്കുറവിലാണ് പുസ്തകങ്ങള്‍ വില്‍ക്കുന്നത്.
പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലൈബ്രറി സമ്മേളനവും പ്രസാധക സമ്മേളനവും ഏറെ മാതൃകാപരമാണ്. അന്താരാഷ്ട്ര പ്രസാധക സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രസാധക സമ്മേളനത്തില്‍ ഈ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രധാനമായും ചര്‍ച്ചയാവാറുള്ളത്. ലോകസാഹിത്യത്തിനും സമൂഹത്തിനും വേറിട്ട സംഭാവനകള്‍ നല്‍കുന്ന മികച്ച വ്യക്തിത്വങ്ങളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി ഓരോ വര്‍ഷവും പുസ്തകോത്സവത്തില്‍ ലോകരാജ്യങ്ങളിലെ സാംസ്‌കാരിക വ്യക്തിത്വങ്ങളെ പുരസ്‌കാരം നല്‍കി ആദരിക്കാറുണ്ട്.
ഒരു രാജ്യത്തിന്റെ
പുസ്തകച്ചങ്ങാത്തം

അറബ് മേഖലയില്‍ ആദ്യമായി വായനയെ പ്രോത്സാഹിപ്പിക്കാന്‍ ദേശീയ വായനാ നയം പ്രഖ്യാപിച്ച് ചരിത്രം കുറിച്ച രാജ്യമാണ് യു എ ഇ. രാജ്യത്തെ എഴുത്തുകാര്‍ക്കും പത്രാധിപന്മാര്‍ക്കും പ്രസാധകര്‍ക്കും പിന്തുണ നല്‍കുന്നതാണ് 2017ല്‍ യു എ ഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബ്ന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച ദേശീയ വായനാ നിയമം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും അക്ഷരജ്ഞാനം എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ നിയമം.
ചരിത്രാതീതകാലം മുതല്‍ പുസ്തകങ്ങള്‍ നിരോധിക്കുകയും ഗ്രന്ഥശാലകള്‍ക്ക് തീയിടുകയും പുസ്തക രചയിതാക്കളെയും ചിന്തകരെയും തടവിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുള്ള അക്ഷരവിരോധികളായ ഭരണാധികാരികളെ നമുക്ക് പരിചയമുണ്ട്. ഇക്കാലത്തും ഇത്തരം ചിന്താഗതികളുള്ള ഭരണാധികാരികള്‍ വിരളമല്ല. എന്നാല്‍ അതില്‍ നിന്നു തികച്ചും വ്യത്യസ്തമായി വായനയും വിജ്ഞാനവുമാണ് ഒരു നാടിന്റെ വികസനത്തിലേക്കുള്ള യഥാര്‍ഥ ചവിട്ടുപടിയെന്ന് ബോധ്യമുള്ള ഭരണാധികാരിയാണ് ഷാര്‍ജ പുസ്തകമേളയുടെ ജീവനാഡിയായ ശൈഖ് സുല്‍ത്താന്‍ ബ്ന്‍ മുഹമ്മദ് ആല്‍ ഖാസിമി.
എല്ലാ വര്‍ഷവും പുസ്തകമേള ഉദ്ഘാടനം ചെയ്യുന്നത് ഇദ്ദേഹമാണ്. തന്റെ രക്ഷാകര്‍തൃത്വത്തിലുള്ള ഷാര്‍ജ ബുക് അതോറിറ്റി സംഘടിപ്പിക്കുന്ന മേള തുടങ്ങുന്നതിന് തലേദിവസം സ്ഥലത്തെത്തി ഓരോ ഹാളും അദ്ദേഹം നടന്നു കാണും. ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കും. പിറ്റേന്ന് ഉദ്ഘാടനത്തിനു ശേഷവും ഓരോ പവലിയനുകളിലും അദ്ദേഹം എത്തിച്ചേരും. മേളയിലെത്തുന്ന അതിഥികളുടെ പ്രസംഗം കേള്‍ക്കാനും അദ്ദേഹമുണ്ടാകും. നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും അതിന് യാതൊരു മാറ്റവുമില്ല.
പുസ്തകോത്സവത്തെ കൂടാതെ രാജ്യത്തെ പൗരന്മാരില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഷാര്‍ജ ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമെന്ന നിലയില്‍ 2019ലെ ലോക പുസ്തക തലസ്ഥാനമായി ഷാര്‍ജയെ യുനെസ്‌കോ തെരഞ്ഞെടുത്തിരുന്നു. യു എ ഇയുടെയും ജി സി സിയുടെയും സാംസ്‌കാരിക തലസ്ഥാനമായും ഷാര്‍ജ ഖ്യാതി നേടി.
2018 ഡിസംബറില്‍ ഷാര്‍ജയില്‍ ആരംഭിച്ച ഹൗസ് ഓഫ് വിസ്ഡം എന്ന വിപുലമായ പുസ്തകശാല ഷാര്‍ജ എമിറേറ്റിന്റെ മറ്റൊരു നേട്ടമാണ്. ഗിീംഹലറഴല ംശവേീൗ േയീൃറലൃ െഎന്ന പേരില്‍ ഷാര്‍ജ എമിറേറ്റിലെ എല്ലാ സ്വദേശി ഭവനങ്ങള്‍ക്കും 50 പുസ്തകം വീതം ഓരോ വര്‍ഷവും സൗജന്യമായി നല്‍കുന്ന ഹോം ലൈബ്രറി സ്‌കീം ഷാര്‍ജ ഭരണകൂടം നടപ്പാക്കിയിട്ടുണ്ട്. വിവര്‍ത്തകര്‍ക്കും പ്രസാധകര്‍ക്കും ഗുണകരമായ നിരവധി പദ്ധതികള്‍ ഷാര്‍ജ പുസ്തകമേളയില്‍ ആവിഷ്‌കരിക്കാറുണ്ട്. 2011ല്‍ ആരംഭിച്ച മൂന്നു ലക്ഷം ഡോളറിന്റെ ഷാര്‍ജ ബുക് ഫെയര്‍ ഗ്രാന്റ് ഫണ്ട് വലിയ ഉണര്‍വാണ് വിവര്‍ത്തന മേഖലയ്ക്ക് നല്‍കിയത്. വിവിധ സാഹിത്യകൃതികളും തലക്കെട്ടുകളും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് അറബ്-വിദേശ പ്രസാധകര്‍ക്ക് ധനസഹായം നല്‍കിവരുന്നു.
പ്രസാധകലോകത്തെ ആദ്യത്തെ ഫ്രീസോണ്‍ പബ്ലിഷിങ് സിറ്റി എന്ന ചരിത്രനേട്ടവും ഷാര്‍ജ സ്വന്തമാക്കിയിട്ടുണ്ട്. ലോകത്തെ എല്ലാ പ്രസാധകര്‍ക്കും നികുതിരഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സ്വതന്ത്ര ഉടമസ്ഥാവകാശമുള്ള അച്ചടി പ്രസിദ്ധീകരണ കേന്ദ്രമായാണ് പബ്ലിഷിങ് സിറ്റി ഷാര്‍ജ ഫ്രീസോണില്‍ പ്രവര്‍ത്തിക്കുന്നത്.

ശൈഖ് സുല്‍ത്താനും അക്ഷരപ്രേമവും
അക്ഷരധ്യാനം ജീവിതസപര്യയാക്കിയ ഒരു ഭരണാധികാരിയുടെ വിസ്മയ കഥ കൂടി ഉള്‍ച്ചേര്‍ന്നതാണ് ഷാര്‍ജ പുസ്തകോത്സവത്തിന്റേത്. 1971ല്‍ യു എ ഇ രൂപീകൃതമായപ്പോള്‍ രാജ്യത്തിന്റെ വിദ്യാഭ്യാസമന്ത്രിയായാണ് ശൈഖ് സുല്‍ത്താന്‍ ചുമതലയേറ്റത്. രാജ്യത്തെ വിദ്യാഭ്യാസരംഗത്തിന് ശാസ്ത്ര സാങ്കേതിക വൈദഗ്ധ്യത്തിലും സാംസ്‌കാരിക നിലവാരത്തിലുമെല്ലാം കുതിക്കാനുള്ള അടിത്തറ പാകിയത് അദ്ദേഹമാണ്. വിദ്യാഭ്യാസമന്ത്രിയായിരിക്കെ 1972ലാണ് ഷാര്‍ജ ഭരണാധികാരിയായി അദ്ദേഹം ചുമതലയേറ്റത്. യു എ ഇയുടെ ഭരണസാന്നിധ്യം വഹിക്കുന്ന സുപ്രീം കൗണ്‍സില്‍ അംഗം കൂടിയാണ് ശൈഖ് സുല്‍ത്താന്‍. 1939ല്‍ ശൈഖ് മുഹമ്മദ് ബിന്‍ സഖര്‍ ബിന്‍ ഖാലിദ് ആല്‍ ഖാസിമിയുടെയും ശൈഖ മര്‍യം ബിന്‍ത് ഗാനേം ബ്ന്‍ സലീം ആല്‍ ശംസിയുടെയും മകനായി ജനിച്ച ശൈഖ് സുല്‍ത്താന്‍ ഷാര്‍ജ ഖാസിമിയ്യ അല്‍ ഇസ്‌ലാഹ് സ്‌കൂളിലാണ് പഠനം ആരംഭിച്ചത്. അവിടെ നിന്നാണ് ലോകശ്രദ്ധ നേടിയ ഒരു ഭരണാധികാരി രൂപം കൊണ്ടത്.
ശൈഖ് സുല്‍ത്താന്റെ ആദ്യ പുസ്തകമായ ‘ദ മിത്ത് ഓഫ് അറബ് പൈറസി ഇന്‍ ഗള്‍ഫി’ന്റെ വിവരശേഖരണത്തിന് കുറച്ചു കാലം അദ്ദേഹം മുംബൈയില്‍ താമസിച്ചിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ശക്തമായിരുന്ന അറബ് കടല്‍ക്കൊള്ളയെ അടിച്ചമര്‍ത്തുന്നതിന് ബ്രിട്ടീഷ് സാമ്രാജ്യത്വ വികാസം എന്ന പരമ്പരാഗത വാദത്തെ അദ്ദേഹം ഈ പുസ്തകത്തിലൂടെ ഖണ്ഡിച്ചു. ചരിത്രം, സാഹിത്യം, ഫിക്ഷന്‍, നാടകം, ആത്മകഥ തുടങ്ങിയ വിഷയങ്ങളില്‍ ഇരുനൂറോളം പുസ്തകങ്ങള്‍ ശൈഖ് സുല്‍ത്താന്‍ ബ്ന്‍ മുഹമ്മദ് ആല്‍ ഖാസിമി ഇതിനകം രചിച്ചിട്ടുണ്ട്. ഇവയില്‍ 60ലേറെ ഗ്രന്ഥങ്ങള്‍ അറബി ഭാഷയിലും 140ഓളം പുസ്തകങ്ങള്‍ 15 അന്താരാഷ്ട്ര ഭാഷകളിലുമാണ് രചിച്ചത്. ഇവയുടെ വില്‍പനയില്‍ നിന്ന് കിട്ടുന്ന വരുമാനം ജീവകാരുണ്യ മേഖലയ്ക്കാണ് ഉപയോഗിക്കുന്നത്. ശൈഖ് സുല്‍ത്താന്റെ കൃതികളില്‍ മിക്കതും ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, ചൈനീസ്, തുര്‍ക്കി, സ്പാനിഷ്, ജര്‍മന്‍, റഷ്യന്‍, ഉര്‍ദു, ഹിന്ദി, മലയാളം, റുമാനിയന്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
അതിജീവനത്തിന്റെ
വായനക്കാലം

ലോകം ഒന്നടങ്കം വിറങ്ങലിച്ചുനിന്ന കോവിഡ് 19 മഹാമാരിക്കാലത്ത്, 2020ലും പുസ്തകമേള വന്‍വിജയമായി നടത്താന്‍ ഷാര്‍ജ ഗവണ്‍മെന്റിന് സാധിച്ചത് ചരിത്രനേട്ടമായിരുന്നു. മഹാമാരിക്കാലത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പരിപാടിയായിരുന്നു ഈ പുസ്തകമേള. കോവിഡ് ആശങ്കകളെയും പ്രയാസങ്ങളെയും അതിജീവിച്ച് അക്ഷരനഗരിയിലെത്തിയ പുസ്തക പ്രസാധകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു ഷാര്‍ജ സുല്‍ത്താന്‍. പങ്കെടുത്ത മുഴുവന്‍ പ്രസാധകര്‍ക്കും മേളയുടെ രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും അദ്ദേഹം തിരിച്ചുനല്‍കി. ഒരു സ്റ്റാളിന് ഏകദേശം 1,19,000 രൂപയോളമാണ് ഫീസ്. മാത്രമല്ല, ഷാര്‍ജ പബ്ലിക് ലൈബ്രറിക്കു വേണ്ടി ഒരു കോടി ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ പ്രസാധകരില്‍ നിന്ന് വില കൊടുത്ത് അദ്ദേഹം വാങ്ങി. ഓരോ പ്രസാധകരുടെയും മുഴുവന്‍ പുസ്തകങ്ങളുടെയും രണ്ടു കോപ്പികള്‍ വീതം ഇങ്ങനെ ലോകപ്രശസ്തമായ ഷാര്‍ജ ലൈബ്രറിയിലെ അക്ഷരനിധിയില്‍ ഇടം നേടി. ഈ ഇനത്തിലും നല്ലൊരു തുക ലഭിച്ചത് പ്രസാധകര്‍ക്ക് കോവിഡ് കാലത്ത് വലിയ ആശ്വാസമായി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാരീസ്, മോസ്‌കോ, മാഡ്രിഡ്, ഡല്‍ഹി, സാവോപോളോ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര പുസ്തകമേളകളില്‍ ഗസ്റ്റ് ഓഫ് ഓണര്‍ പദവി ലഭിച്ചിരുന്നു.
അക്ഷരപ്പൂരത്തില്‍
മലയാളികളുടെ കൈയൊപ്പ്
ഷാര്‍ജ ഗവണ്‍മെന്റ് കള്‍ചറല്‍ ആന്റ് ടൂറിസം ഡിപാര്‍ട്ട്‌മെന്റ് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍കുമാര്‍ 40 വര്‍ഷത്തെയും പുസ്തകമേളയിലെ സജീവ സാന്നിധ്യമാണ്. ലോകം മുഴുവന്‍ സഞ്ചരിച്ച് പ്രശസ്ത പുസ്തകമേളകളെക്കുറിച്ചു പഠിച്ച് ലോകരാജ്യങ്ങളുടെ പുസ്തകങ്ങള്‍ ഷാര്‍ജയിലെ പുസ്തകോത്സവത്തിലേക്ക് എത്തിക്കുന്ന ഈ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി പുസ്തകമേളയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ്.
കേരളത്തിനു പുറത്ത് ഏറ്റവുമധികം മലയാളം എഴുത്തുകാരും പ്രസാധകരും വായനക്കാരും ഒത്തുചേരുന്ന മേള എന്ന നിലയില്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് വിവിധ രാജ്യക്കാര്‍ക്കിടയില്‍ വലിയ ഖ്യാതിയാണ്. യു എ ഇയിലെ ഏഴ് എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന കേരളീയരില്‍ മിക്കവരും പുസ്തകമേളയുടെ ഭാഗമാവും. പ്രവാസലോകത്തെ വലിയ തിരക്കിനിടയിലും മലയാളികള്‍ പുസ്തകമേള സന്ദര്‍ശിക്കാന്‍ അത്യുത്സാഹത്തോടെ സമയം കണ്ടെത്തുന്നു.
യു എ ഇയില്‍ ഏറ്റവും കൂടുതലുള്ള പ്രവാസി സമൂഹമായ മലയാളികളുടെ സാംസ്‌കാരിക ആഘോഷം കൂടിയാണ് ഷാര്‍ജ പുസ്തകമേള. സാംസ്‌കാരിക സംഗമങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, സെമിനാറുകള്‍, പെര്‍ഫോമന്‍സുകള്‍, വര്‍ക്‌ഷോപ്പുകള്‍ തുടങ്ങിയ വൈജ്ഞാനിക പരിപാടികളിലെല്ലാം മലയാളി സാന്നിധ്യം കൂടുതലായി കാണാം.

യുവത ബുക്‌സിന്റെ ജൈത്രയാത്ര
ഓരോ 25 മിനിറ്റിലും ഓരോ പുതിയ പുസ്തകങ്ങളാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കഴിഞ്ഞ വര്‍ഷം പിറന്നുവീണത്. 150ലേറെ മലയാള പുസ്തകങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്തപ്പോള്‍ അതില്‍ 40 പുതിയ പുസ്തകങ്ങള്‍ ‘യുവത’ ബുക്‌സിന്റേതായിരുന്നു. നാല്‍പതാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാല്‍പത് ശ്രദ്ധേയമായ പുസ്തകങ്ങള്‍ പ്രകാശനം ചെയ്ത് അക്ഷരവിഭവമൊരുക്കിയ യുവത ബുക്‌സ് പുസ്തകമേളയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു.
1987ല്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച യുവത ബുക്‌സ് മത-സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ പ്രൗഢമായ രചനകളുമായാണ് ഓരോ വര്‍ഷവും ഷാര്‍ജ പുസ്തകമേളയില്‍ വിരുന്നെത്തുന്നത്. 1998 മുതലാണ് യുവത ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായത്. ഈ ഐതിഹാസിക പുസ്തകോത്സവത്തില്‍ തുടര്‍ച്ചയായി 24 വര്‍ഷമായി യുവത പങ്കെടുത്തുവരുന്നു. മലയാളത്തിലെ പല പ്രമുഖ പ്രസാധകരുടെയും പുസ്തകങ്ങള്‍ ആദ്യമായി ഷാര്‍ജ മേളയില്‍ പരിചയപ്പെടുത്തിയതും വിപണനം നടത്തിയതും യുവതയാണ്. പുസ്തക പ്രകാശനം, പുസ്തക ചര്‍ച്ച, സാഹിത്യ-സാംസ്‌കാരിക സംവാദം, ഓഥേഴ്‌സ് മീറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഷാര്‍ജ ബുക് അതോറിറ്റിയുമായി സഹകരിച്ച് ഓരോ പുസ്തകമേളകളിലും യുവത സംഘടിപ്പിക്കാറുണ്ട്.
ഭൂലോകത്തെ പല ഭാഷകളിലുള്ള വായന ഒരേ സമയത്ത് ഒരു കുടക്കീഴില്‍ വസന്തോത്സവം തീര്‍ക്കുന്ന അപൂര്‍വ അനുഭവങ്ങളും കാഴ്ചകളുമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ലോകജനതയ്ക്ക് സമ്മാനിച്ചുകൊണ്ടേയിരിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x