25 Thursday
April 2024
2024 April 25
1445 Chawwâl 16

ഖുര്‍ആനിക സൂക്തങ്ങളിലെ ശാസ്ത്ര വിജ്ഞാനീയങ്ങള്‍

നദീര്‍ കടവത്തൂര്‍

പ്രപഞ്ചചിത്രം
ഖുര്‍ആന്‍ വര്‍ണങ്ങളില്‍
ടി പി എം റാഫി
യുവത ബുക് ഹൗസ്
വില: 210 രൂപ


അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. ജീവിതത്തില്‍ ആരാണ് ഏറ്റവും കൂടുതല്‍ നന്മ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കുമെന്ന് അവനെ അറിയിച്ചു. ജീവിത ലക്ഷ്യമായി അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നത് നിശ്ചയിച്ചു നല്കി. അവന്റെ വിശ്വാസത്തെ രൂപീകരിക്കുന്നതിനും ദൃഢതയുള്ളതാക്കുന്നതിനും അവനു ചുറ്റും ദൃഷ്ടാന്തങ്ങള്‍ ഒരുക്കിവെച്ചു. ദൃഷ്ടാന്തങ്ങള്‍ കണ്ടെത്തുവാനും അവയെപ്പറ്റി ചിന്തിച്ച് സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുവാനും മനുഷ്യന്‍ അവന്റെ ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
ബുദ്ധിയും ചിന്തയും ഉപയോഗപ്പെടുത്തി ശാസ്ത്ര പഠനത്തിലൂടെ മനുഷ്യന്‍ കണ്ടെത്തുന്ന പ്രാപഞ്ചിക വസ്തുതകള്‍ വിശുദ്ധ ഖുര്‍ആനിന്റെ പരാമര്‍ശങ്ങളുമായി ചേര്‍ന്നു വരാം. അത് വിശുദ്ധ ഖുര്‍ആനിന്റെ ദൈവികതയെ വിളിച്ചോതുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ ഖുര്‍ആനിക സൂക്തങ്ങളില്‍ നിറയുന്ന ശാസ്ത്ര വിജ്ഞാനീയങ്ങള്‍ ആധുനിക കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ അപഗ്രഥിക്കുന്ന ശ്രദ്ധേയമായ പഠനങ്ങളുടെ സമാഹാരമാണ് യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ച ടി പി എം റാഫിയുടെ പ്രപഞ്ചചിത്രം ഖുര്‍ആന്‍ വര്‍ണങ്ങളില്‍ എന്ന പുസ്തകം.
ഏറെ സങ്കീര്‍ണമായ പ്രകാശ പ്രവേഗത്തിന്റെ സമവാക്യങ്ങള്‍ പോലുള്ളവ ഖുര്‍ആനിക പരാമര്‍ശങ്ങളുമായി താരതമ്യം ചെയ്യുന്നതോടൊപ്പം തന്നെ ഉയര്‍ന്ന ഭൂപ്രദേശങ്ങളിലെ ഫലവൃക്ഷങ്ങളെ ഖുര്‍ആന്‍ ഉപമയായി അവതരിപ്പിച്ചതും അവയുമായി ബന്ധപ്പെട്ട ശാസ്ത്രീയ നിരീക്ഷണങ്ങളും പോലെ ഏവര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന പഠനങ്ങളും ഗ്രന്ഥകര്‍ത്താവ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആരോഗ്യം, ജ്യോതിശാസ്ത്രം, ഭൗമശാസ്ത്രം, പരിസ്ഥിതി, ഊര്‍ജതന്ത്രം, ചരിത്രം തുടങ്ങി വിവിധ ശാസ്ത്രീയ വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട ഖുര്‍ആനിക പരാമര്‍ശങ്ങളെ ആധുനിക ശാസ്ത്ര കണ്ടെത്തലുകളുമായി ചേര്‍ത്ത് ഗവേഷണാത്മകമായി സമീപിക്കുകയാണ് ടി പി എം റാഫി.
ഖുര്‍ആനിന്റെ ശാസ്ത്ര പരാമര്‍ശങ്ങളും ചിന്തയ്ക്കും പഠനത്തിനും ഖുര്‍ആന്‍ നല്കിയ പ്രോത്സാഹനവും ശാസ്ത്ര രംഗത്ത് കൂടുതല്‍ സജീവരാവാന്‍ മുസ്ലിം പ്രതിഭകള്‍ക്ക് ഏറെ പ്രചോദനം നല്കിയിട്ടുണ്ട്. അന്തരീക്ഷ മധ്യത്തിലൂടെ പറക്കുന്ന പക്ഷികളെക്കുറിച്ച ഖുര്‍ആനിന്റെ സൂചനയാണ് വിമാനത്തിന്റെ കണ്ടുപിടിക്കലിലേക്ക് നയിച്ച ഇബ്നു ഫിര്‍ണാസിന്റെ കണ്ടെത്തലുകള്‍ക്ക് നിദാനമെന്ന് ഗ്രന്ഥകാരന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ഖുര്‍ആനും ശാസ്ത്രവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നിലവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമായതിനാല്‍ തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുതകള്‍ക്കെതിരായി ഖുര്‍ആനില്‍ പരാമര്‍ശങ്ങളുണ്ടാവില്ല. എന്നാല്‍ അതോടൊപ്പം തന്നെ ഖുര്‍ആന്‍ ശാസ്ത്ര ഗ്രന്ഥമല്ലെന്നും ശാസ്ത്രം പഠിപ്പിക്കല്‍ ഖുര്‍ആനിന്റെയോ ദൈവദൂതരുടെയോ ലക്ഷ്യമല്ലെന്നും വിശ്വാസപരമായ കാര്യങ്ങളില്‍ സ്രഷ്ടാവിനെ പരിചയപ്പെടുത്തുമ്പോള്‍ പ്രപഞ്ച യാഥാര്‍ഥ്യങ്ങളിലേക്ക് മനുഷ്യന്റെ ബുദ്ധിയെയും ചിന്തയെയും ക്ഷണിക്കുകയും അതുവഴി സ്രഷ്ടാവിനെ അവന് ബോധ്യപ്പെടാന്‍ അവസരമൊരുക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത് എന്ന് മനസിലാക്കേണ്ടതുണ്ട്.
ശാസ്ത്ര ഭാഷയുടെയും വേദഭാഷയുടെയും തനതുശൈലികളില്‍ നിന്ന് വ്യത്യസ്തമായി ഖുര്‍ആന്‍ സ്വീകരിച്ചിട്ടുള്ള ആധികാരിക ഭാവവും ആത്മവിശ്വാസവും ഖുര്‍ആനിന്റെ അമാനുഷികതക്കുള്ള തെളിവായി ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. അതോടൊപ്പം ഖുര്‍ആനിലെ ശാസ്ത്രീയ പരാമര്‍ശങ്ങളടക്കമുള്ള തത്ത്വങ്ങള്‍ വളച്ചുകെട്ടില്ലാതെ ഏവര്‍ക്കും മനസ്സിലാവുന്ന രൂപത്തില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചതിനു പിന്നില്‍ ശാസ്ത്രീയ വിജ്ഞാനീയങ്ങളെ ജനകീയവത്കരിക്കുക എന്ന ലക്ഷ്യമാണെന്ന് ധാരാളം ഉദാഹരണങ്ങള്‍ നിരത്തി സ്ഥാപിക്കുകയും ചെയ്യുന്നു.
കൊറോണക്ക് ശേഷം ലോകമെങ്ങും ശുചിത്വത്തെയും ആരോഗ്യസംരക്ഷണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറിക്കൊണ്ടിരിക്കെ ഇസ്ലാമിക ശുചിത്വ സംസ്‌കാരത്തിന്റെ കാലിക പ്രസക്തി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ പ്രളയവും ആമസോണ്‍ കാടുകളിലെ വനനശീകരണവും തുടങ്ങി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കുകയും ആ മേഖലകളിലെ ഇസ്ലാമിക നിലപാടുകളുടെ പ്രാധാന്യം വായനക്കാരന് സുവ്യക്തമാക്കിക്കൊടുക്കുകയും ചെയ്യുന്നു.
ഫാറൂഖ് കോളെജ് ഊര്‍ജതന്ത്രം വിഭാഗം മുന്‍ മേധാവി പ്രൊഫ. അഹ്മദ് അഷ്റഫാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. 210 രൂപയാണ് പുസ്തകത്തിന്റെ വില.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x