3 Sunday
December 2023
2023 December 3
1445 Joumada I 20

സാഹിത്യ ഭൂപടത്തിലെ കോഴിക്കോട്

റിഹാന്‍ റാഷിദ്


നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കോഴിക്കോട് നഗരം. കോസ്‌മോസ് ഇന്‍ഡി കൊല്യൂസ്തസിന്റെ കാലഘട്ടം, അതായത് എഡി 522-547 മുതല്‍ എഡി പതിനൊന്നോ പന്ത്രണ്ടോ നൂറ്റാണ്ടു വരെ ഇന്ത്യന്‍ പശ്ചിമതീരത്തെ അറേബ്യന്‍ സമുദ്രസഞ്ചാരികള്‍ പറഞ്ഞിരുന്നത് മലെ എന്ന പേരിലാണ്. പിന്നീട് ഈ ഭാഗത്തേക്ക് കടല്‍ വഴി എത്തിച്ചേര്‍ന്ന അറേബ്യന്‍, ചൈനീസ് നാവികരും മറ്റ് വ്യാപാരികളും പശ്ചിമതീരത്തെ മലിബാര്‍, മണിബാര്‍, മുലിബാര്‍, മുനിമാര്‍ എന്നെല്ലാം വിളിക്കാന്‍ ആരംഭിച്ചു. പിന്നീട് മാര്‍കോപോളോ മെലിബാറിയ, മലാബ്രിയ തുടങ്ങിയ പേരുകളില്‍ വിളിച്ചു.
അക്കാലംതൊട്ടേ കോഴിക്കോടിന് വിദേശ രാജ്യങ്ങളുമായി വ്യാപാരബന്ധം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. സ്വാഭാവികമായും ഇവിടേക്ക് എത്തിയിരുന്ന പല ദേശക്കാരുടെയും സാംസ്‌കാരിക-സാഹിത്യ വിനിമയങ്ങളും നടന്നിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയത്തിന് ഇടയില്ല. അത്തരത്തില്‍ പല ദേശ-സാംസ്‌കാരിക-സാഹിത്യ കൈമാറ്റങ്ങളിലൂടെ കോഴിക്കോടിന്റെ തനതായ ഒരു സാഹിത്യ ഭൂപടം ഉയിര്‍കൊണ്ടിട്ടുണ്ട്.
അതിന്റെ തുടര്‍ച്ചയില്‍ പലവിധ കഥകളും ചരിത്രങ്ങളും ഇവിടെ സംഭവിച്ചിട്ടുമുണ്ട്. ഈ നിദാന്തമായ തുടര്‍ച്ച ഇങ്ങേത്തലയ്ക്കലും തുടരുന്നുണ്ട്. ഇത്തരം രേഖീയവും വാമൊഴി ചരിത്രവും ചേര്‍ന്നതാണ് കോഴിക്കോടിന്റെ സാഹിത്യ ഭൂമിക. അതിലൊരു കഥയാണ് സ്പാനിഷ് പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നു പറയപ്പെടുന്ന ആയിഷയുടെ കഥ. വേറൊന്ന് പറങ്കികളുടെ അക്രമത്തെ ശക്തിയുക്തം പ്രതിരോധിച്ച മരക്കാര്‍മാരുടെ ചരിത്രകഥകളാണ്.
ഇത്തരം അനേകം കഥകളും സംഭവങ്ങളും അറബിക്കടലിന്റെ തിരകളെന്നോണം പല നൂറ്റാണ്ടുകള്‍ പിന്നിട്ട് ഇപ്പോഴും നിലനില്‍ക്കുന്നു. പില്‍ക്കാലത്ത് ബഷീറും തിക്കോടിയനും എം ടിയും യുഎ ഖാദറും പൊറ്റെക്കാടും തുടങ്ങി മലയാള സാഹിത്യത്തിന്റെ നെറുകയില്‍ നിലയുറപ്പിച്ച അനേകരിലൂടെ സ്വച്ഛന്ദം ഒഴുകി.

ടി ദാമോദരന്‍, അക്ബര്‍ കക്കട്ടില്‍, ടി പി രാജീവന്‍, കെ ടി മുഹമ്മദ്, വിക്രമന്‍ നായര്‍, മാമുക്കോയ, ബാബുരാജ് തുടങ്ങി മറ്റൊരു നിര എഴുത്ത്-സിനിമാ-നാടക-സംഗീത പ്രവര്‍ത്തകരും ഉദിച്ചുയര്‍ന്നു. മേല്‍പ്പറഞ്ഞവരിലൂടെ കോഴിക്കോടിന്റെ പെരുമ പല ദേശങ്ങളിലും രാജ്യങ്ങളിലും പടര്‍ന്നു. അവര്‍ക്കു ശേഷം വന്നവരും മോശക്കാരല്ല. പേരെടുത്തു പറഞ്ഞാല്‍ തീരാത്തത്രയും പ്രമുഖരും അല്ലാത്തവരുമുണ്ട്. കോഴിക്കോടന്‍ ഭക്ഷണത്തിനൊപ്പം അല്ലെങ്കില്‍ അതിനു മുകളില്‍ നില്‍ക്കുന്നതാണ് സാഹിത്യലോകം. കോഴിക്കോട് നഗരത്തിലെ പലയിടങ്ങളിലും ചെറുതും വലുതുമായ അനേകം സാഹിത്യ കൂട്ടായ്മകള്‍ ഉദയം ചെയ്യുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴും ചെവിയോര്‍ത്താല്‍ അതിന്റെ അലയൊലികള്‍ കേള്‍ക്കാനാവും. പഴയ ഗുദാമുകളും നിരപ്പലകയിട്ട പീടികമുറികളും തേക്കില്‍ പണിത തട്ടിന്‍പുറങ്ങളിലും ഗതകാലത്തിന്റെ ഓര്‍മകളുണ്ട്. ഒന്ന് കൈ നീട്ടിയാല്‍ തൊടാനാവുന്ന അകലമേ ഇക്കണ്ട കാലങ്ങളത്രയും കഴിഞ്ഞിട്ടും അതിനുള്ളൂ. പലവിധ കലര്‍പ്പുകളുടെയും കലഹങ്ങളുടെയും ശ്രവ്യ-ദൃശ്യാനുഭവങ്ങള്‍. മനുഷ്യരെ ചേര്‍ത്തുനിര്‍ത്തിയിരുന്ന കലാ-സാംസ്‌കാരിക-സാഹിത്യ മേഖലകള്‍.
കല്യാണവീടുകളില്‍ കത്തിച്ചുവെച്ചിരുന്ന മാന്റില്‍ ലൈറ്റിന്റെ ഇളംമഞ്ഞ നിറത്തിന്റെ പശ്ചാത്തലത്തില്‍ കേട്ട പാട്ടുകളുടെ ഈരടികള്‍, ഒപ്പനയുടെയും കോല്‍ക്കളിയുടെയും ശബ്ദവീചികള്‍, മെയ്യനക്കങ്ങള്‍.
അതിരാണിപ്പാടത്തിന്റെയും മിഠായിത്തെരുവിന്റെയും കടപ്പുറത്തിന്റെയും ഓരോ ശ്വാസത്തിലും നിറഞ്ഞു തെളിഞ്ഞു നില്‍ക്കുന്ന അനേകം കഥകള്‍. ഖലാസികളുടെ പാട്ടിന്റെ താളം. വലിയങ്ങാടിയിലെ ഗുദാമുകളില്‍ അധ്വാനിക്കുന്നവരുടെ നേരംപോക്കിനായി പറഞ്ഞ പലവിധ കഥകള്‍. പ്രണയവും ഗസലും ഇഴചേര്‍ന്ന ശാന്തസന്ധ്യകള്‍. എത്ര പറഞ്ഞാലും തീരാത്തത്രയും കഥകളുമായി എല്ലാത്തിനും സാക്ഷിയായി അറബിക്കടല്‍.

അതിലേക്കാണ് യുനെസ്‌കോയുടെ സാഹിത്യ നഗരമെന്ന പൊന്‍തൂവല്‍ തുന്നിച്ചേര്‍ക്കുന്നത്. കഴിഞ്ഞ തലമുറകളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളില്‍ വിരിഞ്ഞ ഒട്ടനേകം കഥാഖ്യാനങ്ങള്‍. അതില്‍ എഴുതി സൂക്ഷിച്ചതിന്റെ ആയിരക്കണക്കിന് ഇരട്ടിയുണ്ടാവും വായ്പ്പാട്ടുകളായും വാമൊഴികളായും ഇപ്പോഴും ചെവിയില്‍ നിന്നു ചെവികളിലേക്ക് സഞ്ചരിക്കുന്നവ.
മറ്റൊന്ന് കലകള്‍ ഉന്നതകുലങ്ങള്‍ക്ക് മാത്രമാണെന്നു കരുതിയിരുന്ന കാലം മുതല്‍ ഏറ്റവും താഴേത്തട്ടില്‍ നില്‍ക്കുന്നവരിലും യാതൊരു തടസ്സവുമില്ലാതെ ഒഴുകിപ്പരക്കാന്‍ ഈ നഗരത്തിന് മടിയുണ്ടായിരുന്നില്ലെന്നതാണ്.

ഇത് എഴുതുമ്പോഴും നഗരത്തിന്റെ ഏതെങ്കിലും ഒരിടത്ത് സാഹിത്യത്തിന്റെ ഏതെങ്കിലുമൊരു രൂപം സംഭവിക്കുന്നുണ്ടാവുമെന്ന് ഉറപ്പാണ്. അതു ചിലപ്പോള്‍ മിഠായിത്തെരുവിലോ മാനാഞ്ചിറയിലോ കടപ്പുറത്തോ അതല്ലെങ്കില്‍ മീന്‍ മാര്‍ക്കറ്റിലോ ആയിരിക്കും.
കോഴിക്കോടന്‍ കലാസ്വാദകര്‍ക്ക് റഫിയും തെരുവില്‍ പാടുന്നവരും ഒരേപോലെയാണ്. മാര്‍ക്വേസിനെ വായിച്ച് കണ്ണുനിറഞ്ഞവര്‍ കല്‍പ്പറ്റയെയും ഇങ്ങേയറ്റത്തുള്ള മുഖ്താര്‍ ഉദരംപൊയിലിനെയും സാബി തെക്കേപ്പുറത്തിനെയും ഒരേപോലെ സ്വീകരിക്കുന്നു. എന്തും മുന്‍വിധികളില്ലാതെ തങ്ങളിലേക്കും കലരാന്‍ അനുവദിക്കുന്ന കോഴിക്കോടന്‍ മനസ്സുകള്‍ അങ്ങനെയാണ്.

കുറച്ച് വര്‍ഷങ്ങളായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന കെഎല്‍എഫിലെ ജനപങ്കാളിത്തം ഇതിന് അടിവരയിടുന്നുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും ഇതുപോലൊരു സാഹിത്യ പരിപാടിക്ക് ജനസമുദ്രമുണ്ടാവില്ലെന്നാണ് വ്യക്തിപരമായി വിശ്വസിക്കുന്നത്. അതിന്റെ തുടര്‍ച്ചയെന്നോണം മറ്റ് പലരും സാഹിത്യ ഫെസ്റ്റുകള്‍ സംഘടിപ്പിക്കുന്നത് മേല്‍പ്പറഞ്ഞ വിശ്വാസത്തിന്റെ ഉറപ്പിലാണ്.
ഇതോടൊപ്പം ചേര്‍ത്തുകാണേണ്ടതാണ് കുറ്റിച്ചിറയുടെയും തളിയുടെയും പ്രാധാന്യവും പ്രശസ്തിയും. നഗരത്തിനുള്ളില്‍ നില്‍ക്കുമ്പോഴും നൂറ്റാണ്ടുകളുടെ പ്രൗഢപാരമ്പര്യമുള്ള പ്രദേശങ്ങളാണിത്. പറങ്കിപ്പടയുടെ ആക്രമണത്തില്‍ ഏഴാം നൂറ്റാണ്ടില്‍ പണിത പള്ളിയിലുണ്ടായിരുന്ന അനേകം ഗ്രന്ഥങ്ങള്‍ തീവെച്ചു നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നുണ്ട്. നഗരത്തിന് ലഭിച്ച പുതിയ അംഗീകാരത്തിന്റെ ഒരു പങ്ക് തീര്‍ച്ചയായും ഈ പ്രദേശങ്ങളുടെ ചെറുത്തുനില്‍പിന്റെ ചരിത്രത്തിനു കൂടിയുള്ളതാണ്.
ഇതെല്ലാംകൊണ്ട് കോഴിക്കോട് നഗരത്തിന് ലഭിച്ച യുനെസ്‌കോയുടെ പ്രഖ്യാപനത്തില്‍ വലിയ അദ്ഭുതമില്ല. ഇനിയീ പദവി ഉപയോഗപ്രദമായ രീതിയില്‍ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ്ആവശ്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x