29 Friday
March 2024
2024 March 29
1445 Ramadân 19

ദാനധര്‍മങ്ങള്‍ മുഖമുദ്രയാക്കിയ സമുദായം

പ്രൊഫ. എമി സിംഗര്‍


ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇസ്‌ലാമിക സമൂഹങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒരു ജനപ്രിയ മാധ്യമ വിഷയമായി മാറിയിരിക്കുന്നു. ഖേദകരമെന്നു പറയട്ടെ, അവിടത്തെ ചര്‍ച്ചകള്‍ മിക്കപ്പോഴും ഉപരിപ്ലവവും ചാരിറ്റി ഫണ്ടുകളുടെ ദുരുപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. ഇസ്‌ലാമിക ചരിത്രത്തിന്റെ ആരംഭം മുതല്‍ ഇന്നുവരെ തുടരുന്ന, മുസ്‌ലിം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഒരു പ്രധാന വശമാണ്, ഖുര്‍ആനിലും ഹദീസുകളിലും വന്നിട്ടുള്ള ദാനധര്‍മങ്ങള്‍.
നൂറ്റാണ്ടുകള്‍ക്കു മുമ്പേ മുസ്‌ലിം പണ്ഡിതന്മാരുടെ വ്യാഖ്യാന രചനകള്‍ സ്വദഖയുടെ കാര്യത്തിലുള്ള സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും വിശദാംശങ്ങള്‍ അപഗ്രഥനം നടത്തുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പുണ്ടായിരുന്ന യഹൂദ-ക്രിസ്ത്യന്‍ വിജ്ഞാനങ്ങളെ പ്രതിധ്വനിക്കുന്നതോടൊപ്പം, ഇസ്‌ലാമിനു മുമ്പുള്ള അറേബ്യന്‍ പാരമ്പര്യങ്ങളുടെ ചില പുനര്‍വ്യാഖ്യാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ഇസ്‌ലാമിക സമൂഹങ്ങളെയും സംസ്‌കാരങ്ങളെയും രൂപപ്പെടുത്തുന്നതില്‍ ദാനധര്‍മം ഒരു പ്രധാന ഘടകമാണ്.
ഇസ്‌ലാമിന്റെ ഈ മൗലിക വശത്തെ കണക്കിലെടുക്കാതെ, ഭൂതകാലത്തിലോ വര്‍ത്തമാനകാലത്തിലോ ഉള്ള ഇസ്‌ലാമിക സമൂഹങ്ങളെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കാന്‍ പ്രയാസമാണ്. വൈവിധ്യമാര്‍ന്ന ചരിത്രപരവും സമകാലികവുമായ സ്രോതസുകള്‍ അവലംബിച്ചുകൊണ്ട്, മുസ്‌ലിംകള്‍ അനുഷ്ഠിക്കുന്ന ജീവകാരുണ്യത്തിന്റെ സമ്പന്നവും സങ്കീര്‍ണവുമായ ഒരു ചിത്രം ഒരാള്‍ക്ക് വരച്ചെടുക്കാന്‍ സാധിക്കും.
സാമൂഹികമായി, നിര്‍ബന്ധിത സകാത്തും സ്വമേധയാ ഉള്ള സ്വദഖയും മുസ്‌ലിം സമൂഹത്തിന്റെ (ഉമ്മത്ത്) ഐക്യത്തിന് സഹായകരമായി വര്‍ത്തിക്കുന്നു. മാത്രമല്ല, വിവിധ കൂട്ടായ്മകളെയും അവരുടെ കൂട്ടായ ക്ഷേമത്തെയും (മസ്‌ലഹ) ശക്തിപ്പെടുത്തുന്നതിനു കാരണമാകുന്നു. ആദ്യകാല മുസ്‌ലിംകളുടെ ഉപയോഗത്തില്‍ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം കൃത്യമായി സ്ഥാപിക്കുന്നുണ്ട്. ഖുര്‍ആനില്‍ ഇക്കാര്യം പ്രസ്താവിക്കുന്നുണ്ട്: ”അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദഗ്രന്ഥത്തിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കനും ചോദിച്ചുവരുന്നവര്‍ക്കും അടിമമോചനത്തിനും നല്‍കുകയും പ്രാര്‍ഥന (നമസ്‌കാരം) മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും കരാറില്‍ ഏര്‍പ്പെട്ടാല്‍ അത് നിറവേറ്റുകയും വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍” (വി.ഖു 2:177).
സകാത്തും സദഖയും ഇസ്‌ലാമിനു മുമ്പുള്ള അറേബ്യന്‍ സമൂഹത്തില്‍ വിലമതിക്കപ്പെട്ടിരുന്ന ഉദാരതയുടെ രൂപങ്ങളായിരുന്നുവെന്ന് അഭിപ്രായമുണ്ട്. പസഫിക് തദ്ദേശീയരായ അമേരിക്കക്കാരുടെ പോട്ട്‌ലാച്ച് സമ്പ്രദായങ്ങള്‍ എന്നു വിളിക്കപ്പെടുന്നതുപോലെ, അറേബ്യയില്‍ അനുയായികളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമായി ഒട്ടകങ്ങളെ കശാപ്പ് ചെയ്തും മാംസം വിതരണം ചെയ്തും സമ്പത്ത് ഒരു പ്രദര്‍ശനമാര്‍ഗമാക്കി മാറ്റിയിരുന്നു. സമ്മാനത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള സാമൂഹിക ശാസ്ത്രജ്ഞനായ മാര്‍സെല്‍ മൗസിന്റെ ചര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന വിധം, വിട്ടുകൊടുക്കേണ്ട മിച്ചം ഉള്‍ക്കൊള്ളുന്നതാണ് സ്വത്ത് എന്ന ആശയത്തിലാണ് പ്രീഅറേബ്യന്‍ സമ്പ്രദായം നിലനിന്നിരുന്നത്. ഇസ്‌ലാമില്‍, ഈ സമ്മാനം സ്വീകരിക്കുന്നവര്‍, ഒരു ലോയല്‍റ്റി ഗ്രൂപ്പ് എന്നതില്‍ നിന്ന് ദരിദ്രര്‍ എന്നതിലേക്ക് മാറി, ഏതൊരു സമ്പത്തിന്റെയും ഒരു ഭാഗത്തില്‍ അവര്‍ക്ക് ന്യായമായ അവകാശം (ഹഖ്) ഉണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
റമദാന്‍ പൊതുവേ മുസ്‌ലിംകള്‍ക്കിടയില്‍ ദാനധര്‍മങ്ങളുടെ കാലമാണ്. ഈ സമയത്ത് നിരവധി ആളുകള്‍ അവരുടെ വാര്‍ഷിക സകാത്ത് നല്‍കുന്നതിനാല്‍ ഔദാര്യത്തിന്റെ അന്തരീക്ഷം വ്യാപകമാണ്. ഉദാഹരണത്തിന്, വ്യക്തികളും കോര്‍പറേറ്റുകളും നോമ്പ് തുറക്കാന്‍ ദിവസേനയുള്ള ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യുന്നു. വ്യക്തിഗത ബുദ്ധിമുട്ടുകള്‍ വിവരിക്കുന്നതും പ്രത്യേക ഔദാര്യത്തിന്റെ പ്രവൃത്തികള്‍ വിവരിക്കുന്നതുമായ വാര്‍ത്തകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. പ്രാദേശികവും അന്തര്‍ദേശീയവുമായ മുസ്‌ലിം സഹായ ഏജന്‍സികള്‍ റമദാനില്‍ സംഭാവനകള്‍ അഭ്യര്‍ഥിക്കാന്‍ സാധാരണയായി വലിയ പ്രചാരണങ്ങള്‍ നടത്താറുണ്ട്. മുസ്‌ലിം സുഹൃത്തുക്കളുമായുള്ള എന്റെ വ്യക്തിപരമായ അനുഭവം വെച്ചുനോക്കുമ്പോള്‍, വര്‍ഷം മുഴുവനും ഒരു തരത്തിലും ശ്രദ്ധിക്കാത്തവരും, റമദാനില്‍ സ്ഥിരമായി വ്രതം അനുഷ്ഠിക്കാത്തവരും പോലും ഈ പുണ്യമാസത്തില്‍ എന്തെങ്കിലും തരത്തിലുള്ള ചാരിറ്റി സംഭാവനകള്‍ നല്‍കാറുണ്ട്.
സകാത്ത് അതിന്റെ ആദ്യ രൂപത്തിലുള്ള മുസ്‌ലിം സമൂഹത്തില്‍ കര്‍ശനമായി നടപ്പാക്കപ്പെടുകയും ശേഖരണ-വിതരണം വ്യവസ്ഥാപിതമാക്കുകയും ചെയ്തു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ വികാസത്തിനു ശേഷം എല്ലായിടത്തും സകാത്തിന്റെ സംഘടിത ശേഖരണം വ്യവസ്ഥാപിതമായി നിലനിന്നതായി തോന്നുന്നില്ല. സകാത്ത് നല്‍കലിന്റെയും വിതരണത്തിന്റെയും ചരിത്രപരമായ ഒരു വിവരണം സ്ഥാപിക്കുക പ്രയാസമാണ്. വിശദമായ ഫിഖ്ഹ് നിയമ ഗ്രന്ഥങ്ങളെ പരിശോധിക്കുമ്പോള്‍, 19-ാം നൂറ്റാണ്ടിലുടനീളം മുസ്‌ലിം രാജ്യങ്ങളിലും സാമ്രാജ്യങ്ങളിലും സകാത്തിന്റെ ഔപചാരികവും സ്ഥാപനപരവുമായ ഘടനയ്ക്ക് ചിതറിക്കിടക്കുന്ന തെളിവുകള്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ. എന്നാല്‍ 20-ാം നൂറ്റാണ്ടില്‍ സുഊദി അറേബ്യ, ലിബിയ, മലേഷ്യ, പാകിസ്താന്‍, കുവൈത്ത്, സുഡാന്‍, യമന്‍ തുടങ്ങിയ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ സകാത്ത് ശേഖരണം സ്ഥാപിച്ചു. എന്നിരുന്നാലും, സകാത്ത് ഔദ്യോഗികമായി ശേഖരിക്കാത്തതും അല്ലാത്തതുമായ സ്ഥലങ്ങളില്‍ പോലും മുസ്‌ലിംകള്‍ ഇപ്പോഴും അത് പതിവായി നല്‍കുന്നുണ്ട്.
സകാത്തിന്റെ ചരിത്രം
ചരിത്രപരമായി, സകാത്ത് ശേഖരണവും വിതരണവും എങ്ങനെ തികച്ചും വ്യക്തിഗത ഇടപെടലുകളുടെ തലത്തിലേക്ക് വികസിച്ചുവന്നു എന്നത് തുറന്ന ചോദ്യമായി അവശേഷിക്കുന്നു. വാസ്തവത്തില്‍, ഇത് ഖുര്‍ആനിലും വിവിധ മുസ്‌ലിം പണ്ഡിതന്മാരുടെ തുടര്‍ന്നുള്ള രചനകളിലും കാണുന്ന സകാത്ത് നല്‍കുന്നതിനുള്ള കല്‍പനകള്‍ക്ക് പൂര്‍ണമായും വിരുദ്ധമല്ല. ഈ ഗ്രന്ഥങ്ങള്‍ സ്വീകര്‍ത്താവിന്റെയും ദാതാവിന്റെയും പ്രയോജനത്തിനായി സകാത്തും സ്വദഖയും രഹസ്യമായി നല്‍കുന്നതിന്റെ ഗുണങ്ങളെ ഊന്നിപ്പറയുന്നു. (ഖുര്‍ആന്‍ 2:271)
മറുവശത്ത്, സമുദായ നേതാക്കളില്‍ നിന്നുള്ള ഉപദേശവും സാധാരണയായി ലഭ്യമാണ്. കൂടാതെ ഭരണകൂട അധികാരികളും ഇടപെട്ടേക്കാം. സകാത്ത് പേയ്‌മെന്റുകള്‍ എങ്ങനെയാണ് നടത്തിയിരുന്നത് എന്നതിന് ഉസ്മാനിയാ ഭരണകൂടത്തില്‍ നിന്നുള്ള ഒരു ഉദാഹരണം പരിശോധിക്കാം. നാവികസേനയ്ക്കുള്ള ഒരു വിശ്വാസിയുടെ സംഭാവന അവന്റെ സകാത്ത് പേയ്‌മെന്റായി പരിഗണിക്കപ്പെടുമോ എന്നതിനെ സംബന്ധിച്ച് നിയമജ്ഞനായ അബുസ്സഊദ് അഫന്‍ദി ഒരു ഫത്‌വ പ്രസിദ്ധീകരിച്ചു. അബുസ്സഊദ് അതിന് സ്ഥിരീകരണം നല്‍കുകയാണ് ചെയ്തത്. അതിനാല്‍, മതപരമായ ബാധ്യതയില്‍ വ്യക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഔദ്യോഗിക സംവിധാനത്തിന്റെ അഭാവത്തില്‍ പോലും പല തരത്തിലുള്ള ഔദ്യോഗിക നികുതികളും ഫീസുകളും സകാത്തായി പരിഗണിക്കപ്പെടുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത്തരം നികുതികള്‍ക്ക് ആവശ്യമായ വ്യവസ്ഥ, അവ ഇസ്‌ലാമിക നിയമങ്ങള്‍ക്കു വിരുദ്ധമല്ലാത്ത ഒരു ലക്ഷ്യമാണ് നിറവേറ്റുന്നത് എന്നതും, ദാതാവ് അവ അടയ്ക്കുന്ന സമയത്ത് സകാത്തിന്റെ നിയ്യത്ത് കരുതണം എന്നതുമാണ്. എല്ലാ ദാനങ്ങളുടെയും ഒരു പ്രധാന വശമാണ് ഉദ്ദേശ്യം (നിയ്യത്ത്). അതില്ലാതെയുള്ള ഒരു സംഭാവന, ആവശ്യമുള്ള ഒരാള്‍ക്ക് ഭൗതിക സഹായം നല്‍കിയേക്കാം, എന്നാല്‍ ദാതാവിന് മതപരമായി ഒരു പ്രയോജനവുമില്ല.
ഇന്ന്, പല മുസ്‌ലിം ചാരിറ്റബിള്‍ സംഘടനകളുടെയും പേരില്‍ സകാത്ത് എന്ന വാക്കുണ്ട്. അവര്‍ക്കുള്ള സംഭാവനകള്‍ സകാത്ത് പേയ്‌മെന്റായി പരിഗണിക്കാമെന്നും അതോടൊപ്പം അവരുടെ സ്വീകര്‍ത്താക്കള്‍ ഖുര്‍ആന്‍ പറഞ്ഞ അവകാശികള്‍ തന്നെയാണെന്നതിലേക്കും ഇത് സൂചന നല്‍കുന്നു. ആദായ നികുതി കണക്കാക്കുന്നതിനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ നിലവിലുള്ളതുപോലെ തന്നെ, ഈ സംഘടനകളില്‍ ചിലത് സകാത്ത് കണക്കു കൂട്ടുന്നതിനുള്ള ഓണ്‍ലൈന്‍ സഹായവും നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, സകാത്ത് ഫൗണ്ടേഷന്‍ ഓഫ് അമേരിക്കയുടെ (ഇസെഡ് എഫ് എ) വെബ്‌സൈറ്റില്‍, ഏതു തരത്തിലുള്ള വരുമാനവും സ്വത്തുക്കളും സകാത്തിനു ബാധ്യതയാകുന്നു എന്നതിന്റെ നിര്‍വചനങ്ങളും വിശദീകരണങ്ങളും മൂല്യനിര്‍ണയവും ഉള്‍പ്പെടുന്ന വിപുലമായ ഒരു ഭാഗം അടങ്ങിയിരിക്കുന്നു. ഇസെഡ് എഫ് എ സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രോഗ്രാമുകളിലൊന്നിലേക്ക് സംഭാവന നല്‍കുക വഴി സകാത്ത് ബാധ്യത തീര്‍ക്കാനുള്ള അവസരവും നല്‍കുന്നു.
സദഖയുടെ ചരിത്രം കണ്ടെത്തുന്നത് പലപ്പോഴും സകാത്തിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു നിസ്സാരനായ വ്യക്തിയുടെ അനുഗ്രഹമോ ദയയോ നിറഞ്ഞ വാക്കു പോലെ, സ്വമേധയാ ഉള്ള ദാനത്തിന് എണ്ണമറ്റ വ്യത്യസ്ത രൂപങ്ങള്‍ കണ്ടെടുക്കാന്‍ കഴിയും. ഒരു യാചകനു ലഭിക്കുന്ന നാണയം, രോഗിയോ അല്ലെങ്കില്‍ നിര്‍ധനനോ ആയ അയല്‍വാസിക്ക് നല്‍കുന്ന ഭക്ഷണം, ആത്മാര്‍ഥമായ ഉദ്ദേശ്യത്തോടെയുള്ള ഉദാരമായ പ്രവൃത്തി അല്ലെങ്കില്‍ വാക്ക് തുടങ്ങിയ കാര്യങ്ങളെല്ലാം ദാനമായി കണക്കാക്കുന്നു.
ഒരു ഹദീസ് ഇപ്രകാരമാണ്: ‘സത്യസന്ധമായി സമ്പാദിച്ച പണത്തില്‍ നിന്ന് ഒരു ഈന്തപ്പഴത്തിനു തുല്യമായത് ഒരാള്‍ ധര്‍മമായി നല്‍കിയാല്‍ -സത്യസന്ധമായി സമ്പാദിച്ച പണം മാത്രമാണ് അല്ലാഹു സ്വീകരിക്കുക- അല്ലാഹു അത് അവന്റെ വലത് (കൈയില്‍) എടുക്കുകയും ആ വ്യക്തിക്ക് അതിന്റെ പ്രതിഫലം വര്‍ധിപ്പിക്കുകയും, തന്റെ കുട്ടിക്കുതിരയെ വളര്‍ത്തുന്നതുപോലെ, അത് ഒരു പര്‍വതത്തോളം വലുതായിത്തീരുകയും ചെയ്യും” (ബുഖാരി, അധ്യായം സകാത്ത്: 491). സ്വമേധയാ ഉള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള മിക്ക തെളിവുകളും ഉപാഖ്യാനപരവും വ്യവസ്ഥാപിതമല്ലാത്തതുമാണ്. അത് നരവംശശാസ്ത്രപരമോ നാടോടിക്കഥയോ അല്ല എന്നതുകൊണ്ട്, വ്യത്യസ്ത പണ്ഡിതന്മാരുടെ വിവരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക സമൂഹങ്ങളുടെ സാഹിത്യ സ്രോതസ്സുകളില്‍ നിന്നാണ് അതിന്റെ ചരിത്രം മനസ്സിലാക്കാന്‍ സാധിക്കുക.
ലോകത്തിലെ വിവിധ മുസ്‌ലിം സമൂഹങ്ങളില്‍ ചാരിറ്റി പ്രാക്ടീസിന് എണ്ണമറ്റ രൂപങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഖുര്‍ആനിന്റെ തത്വങ്ങള്‍ക്ക് അനുസൃതമായി പ്രാദേശിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും പ്രാദേശിക ആചാരങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ദാനധര്‍മങ്ങള്‍ക്കായുള്ള മതകല്‍പനകള്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ തന്നെ, നിര്‍ബന്ധിതവും സ്വമേധയാ നല്‍കുന്നതുമായ ദാനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ വൈവിധ്യവത്കരിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപ്രചോദിതമായ ദാനത്തിന്റെ പരമ്പരാഗത രൂപങ്ങളുടെ വര്‍ധന മനുഷ്യസ്‌നേഹത്തിനായുള്ള സമകാലിക ക്രമീകരണങ്ങളോട് വിവിധ രൂപത്തില്‍ ഇടപഴകുന്നു. ചുരുക്കത്തില്‍, ഭരണകൂട പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സകാത്തിന് 20-ാം നൂറ്റാണ്ടിലെ മുസ്‌ലിം ചിന്തകര്‍ക്കിടയില്‍ വലിയ സ്ഥാനം ലഭിച്ചു. ഒരു ഇസ്‌ലാമിക സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക നീതിയും പൊതുക്ഷേമവും വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗമായി അവര്‍ അതിനെ മനസ്സിലാക്കി.
(സോഷ്യല്‍ റിസര്‍ച്ച് ജേണല്‍ പ്രസിദ്ധീകരിച്ച ലേഖകന്റെ Giving Practices in Islamic Societies എന്ന ഗവേഷണ പ്രബന്ധത്തില്‍ നിന്നുള്ള ഒരു ഭാഗം)
വിവ. നാദിര്‍ ജമാല്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x