20 Saturday
April 2024
2024 April 20
1445 Chawwâl 11

സഭാ തര്‍ക്കം ഉചിതമാവില്ല


കേരളത്തിലെ പ്രബല ന്യൂനപക്ഷ വിഭാഗമായ ക്രൈസ്ത സമൂഹത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് പള്ളികളുടെ അവകാശതര്‍ക്കവുമായി ബന്ധപ്പെട്ട സഭാ തര്‍ക്കം. കേരളീയ പൊതുസമൂഹത്തിനും ക്രൈസ്തവ സമൂഹത്തിനും ഒട്ടും ഗുണകരമല്ലാത്തതും എന്നാല്‍ അതിവൈകാരികതയുടെ തട്ടിലേക്ക് എത്തിപ്പെട്ടതിനാല്‍ തന്നെ വേഗത്തില്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്തതുമായ ഒന്നായി സഭാ തര്‍ക്കം മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നെലെയാണ് ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട തര്‍ക്കം കൂടി സഭാതലങ്ങളില്‍ ചൂടു പിടിക്കുന്നത്. സാഹചര്യങ്ങളെ കലുഷിതമാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെറിയൊരു വിഭാഗത്തിന്റെ കൈകളിലേക്ക് ആയുധം വച്ചുകൊടുക്കുന്ന സാഹചര്യം ഇക്കാര്യത്തില്‍ സഭകളുടെ ഭാഗത്തുനിന്ന് ഉണ്ടായിക്കൂടാ. കരുതലോടെയും അതിലേറെ സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ട വിഷയമാണ് കേരളത്തിലെ സഭാ തര്‍ക്കം എന്നാണ് ഇതുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ബോധ്യപ്പെടുന്നത്.
എറണാകുളം വടവുകോട് സെന്റ് മേരീസ് പള്ളിയിലേത് ഉള്‍പ്പെടെ സഭാ തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതി വിധി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ ഇതുവരെ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് വിധി നടപ്പാക്കുന്നില്ലെന്ന് കോടതി തന്നെ പലതവണ ചോദിച്ചതാണെങ്കിലും സര്‍ക്കാറിനു മുന്നിലും കാര്യങ്ങള്‍ എളുപ്പമല്ല എന്നതാണ് ഇതിനു കാരണം. അതിവൈകാരികത ആഴത്തില്‍ വേരോടിക്കഴിഞ്ഞതിനാല്‍ ബലപ്രയോഗത്തിലൂടെ വിധി നടപ്പാക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും എന്നതാണ് സര്‍ക്കാറിനെ പിന്തിരിപ്പിക്കുന്നത്. സഭാ മേലധ്യക്ഷന്മാരെ മധ്യസ്ഥ സാന്നിധ്യത്തില്‍ ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തിയാല്‍ പോലും പരിഹരിക്കാന്‍ കഴിയാത്ത വിധം അതിവൈകാരികത സാധാരണക്കാരായ വിശ്വാസികളടങ്ങുന്ന താഴെ തട്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
സുപ്രീംകോടതി വിധി പ്രകാരം കേരളത്തില്‍ ഒരു ക്രൈസ്തവ സഭയും ഒരു ഭരണഘടനയും മാത്രമാണുള്ളത്. രാജ്യത്ത് ക്രൈസ്തവ സഭ രൂപീകരിക്കപ്പെട്ട സാഹചര്യവും പശ്ചാത്തലവും കണക്കിലെടുത്താണ് കോടതി പിന്നീട് പറയുന്നത്. വിശ്വാസത്തിലും ആചാരത്തിലും യാതൊരു വ്യത്യാസവും പുലര്‍ത്തുന്നില്ല എന്നതുകൊണ്ടുതന്നെ രണ്ടു പക്ഷങ്ങള്‍ എന്നുപോലും വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ 1934-ലെ ഭരണഘടന അനുസരിച്ച് വേണം സഭാ സ്ഥാപനങ്ങള്‍ ഭരിക്കപ്പെടാനെന്നുമാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്.
1934-ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികളോ വികാരിമാരോ പള്ളികളില്‍ പ്രവേശിക്കുന്നത് തടയാന്‍ മറ്റൊരു വിഭാഗത്തിന് കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളില്‍ പ്രവേശിക്കാന്‍ സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. അതേസമയം ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും മറുപക്ഷം.
എന്നാല്‍ ക്രമസമാധാന പ്രശ്‌നത്തിന്റെ സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഇത്തരം സാഹചര്യങ്ങളില്‍ കാഴ്ചക്കാരാകുന്നത് ഒട്ടും ഭൂഷണമല്ല. കാരണം അതിവൈകാരികമായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം സാഹചര്യങ്ങള്‍ ഏതെങ്കിലും കൈവിട്ടു പോകുന്ന സാഹചര്യമുണ്ടായാല്‍ അന്ന് ഇപ്പോള്‍ കണക്കു കൂട്ടിയതിനേക്കാള്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കാകും കേരളം വേദിയാവുക. തര്‍ക്കം നിലനില്‍ക്കുന്ന സഭാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ അതത് ഇടവകകളിലെ പ്രായപൂര്‍ത്തി എത്തിയ ആളുകള്‍ക്കിടയില്‍ ഹിത പരിശോധന നടത്തി ഭൂരിപക്ഷം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ മുന്നോട്ടു വച്ചിട്ടുള്ള പോംവഴി.
ഇതിനായി റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിക്ക് രൂപം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ ക്യാന്‍വാസില്‍ കൈകാര്യം ചെയ്യാന്‍ ക്ലേശകരമായ വിഷയത്തെ താഴെ തട്ടില്‍ തന്നെ പരിഹരിക്കപ്പെടുന്നതിനുള്ള ശ്രമം എന്ന നിലയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിര്‍ദേശം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കേണ്ടതാണ്. സഭാ തര്‍ക്ക വിഷയത്തിലെ ശാശ്വത പരിഹാരത്തിലേക്ക് ഇതുവഴി എത്താനാകുമെന്ന് കരുതുന്നില്ല.
ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയുന്ന പരുവത്തിലേക്ക് ഓരോ ഇടവകയിലേയും ന്യൂനപക്ഷത്തെ എത്തിക്കുക എന്നതും ന്യൂനപക്ഷത്തെക്കൂടി ഉള്‍കൊണ്ട് മുന്നോട്ടു പോകാന്‍ കഴിയുന്ന തരത്തിലേക്ക് ഓരോ ഇടവകയിലേയും ഭൂരിപക്ഷത്തെ പരുവപ്പെടുത്തുക എന്നതും അതത് സഭാ മേലധ്യക്ഷന്‍മാര്‍ നിര്‍വഹിക്കേണ്ട ദൗത്യമാണ്. ഇക്കാര്യത്തില്‍ സമചിത്തതയോടെയുള്ള പെരുമാറ്റമാണ് എല്ലാ കോണുകളില്‍ നിന്നും ഉണ്ടാകേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x