സംവരണ പട്ടിക പുതുക്കണം
കേരളത്തില്‍ സംവരണ പട്ടിക പുതുക്കണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേരള ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വി കെ ബീരാന്‍ നല്‍കിയ ഹരജിയിലാണ് 2020 ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സാമൂഹിക സാമ്പത്തിക സര്‍വേ നടത്താനുള്ള യാതൊരു നീക്കവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഇതിനെത്തുടര്‍ന്ന് പല തവണ കോടതിയലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും അപ്പോഴെല്ലാം ആറ് മാസത്തെ സമയം നീട്ടി നല്‍കുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍, സര്‍വേ നടത്തുന്നതിനുള്ള യാതൊരു മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ നടത്തുന്നില്ല എന്ന് ബോധ്യപ്പെട്ട കോടതി ഇത്തവണ രൂക്ഷമായ ഭാഷയിലാണ് സംസ്ഥാന സര്‍ക്കാറിനും പിന്നാക്ക കമ്മീഷനും നോട്ടീസ് നല്‍കിയിരിക്കുന്നത്.
പതിറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സംവരണം കൊണ്ട് യഥാര്‍ഥത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് എത്രത്തോളം ഗുണം ലഭിച്ചിട്ടുണ്ട് എന്നറിയാനാണ് എല്ലാ 10 വര്‍ഷം കൂടുമ്പോഴും സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംവരണം പുനഃപരിശോധിക്കേണ്ടത്. ജനസംഖ്യാനുപാതികമായി സംവരണം ലഭിച്ച വിഭാഗങ്ങളെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. അതിന് കൃത്യമായ ഡാറ്റയും പ്രാതിനിധ്യസ്വഭാവവും നിര്‍ണയിക്കാന്‍ സാധിക്കണം. സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് കൊണ്ട് അത് സാധ്യമാകും. ഇതിനായി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നിയമം നിര്‍മിക്കണമെന്നും കമ്മിഷന്‍ പോലുള്ള സ്ഥിരം സംവിധാനമുണ്ടാക്കണമെന്നും ഈ സംവിധാനമായിരിക്കണം സംവരണം പുനഃപരിശോധിക്കാന്‍ നേതൃത്വം നല്‍കേണ്ടതെന്നും മണ്ഡല്‍ കേസിന്റെ വിധിയില്‍ സുപ്രിം കോടതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് 1993 ല്‍ കേരള സംസ്ഥാന പിന്നാക്ക കമ്മിഷന്‍ ആക്ട് നടപ്പാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തില്‍ നിയമം പാസാക്കിയിട്ടുണ്ട്. നിയമത്തിലെ 11(ഒന്ന്) വകുപ്പു പ്രകാരം 10 വര്‍ഷം കൂടുമ്പോള്‍ പട്ടിക പുതുക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇക്കാര്യത്തില്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ ബോധപൂര്‍വമായ അവഗണനയാണ് കാണിച്ചത്. സംവരണത്തിന്റെ യഥാര്‍ഥ ഗുണം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു നടപടിയും ഉണ്ടായില്ല. അതിനെത്തുടര്‍ന്നാണ് മൈനോറിറ്റി ഇന്ത്യന്‍സ് എന്ന സംഘടന ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാല്‍ പല തവണ കോടതി ഉത്തരവുണ്ടായിട്ടും സര്‍വേ നടത്തുന്നതില്‍ നിന്ന് ഒളിച്ചു കളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഒടുവില്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.
മുസ്ലിംകള്‍ – ആദിവാസികള്‍ ഉള്‍പ്പെടെയുള്ള എഴുപതിലധികം വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ല. ജനസംഖ്യാനുപാതികമായി സംവരണം ലഭിക്കുന്ന വിധത്തില്‍ സംവരണ നിരക്ക് ഉയര്‍ത്തണമെങ്കില്‍ എത്രയാണ് കുറവെന്ന് കണ്ടെത്തണം. ഏതെങ്കിലും വിഭാഗങ്ങള്‍ സംവരണത്തിലൂടെ ജനസംഖ്യാനുപാതികമായ നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത്തരം വിഭാഗങ്ങളെ സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യണം.
ഇതിന് രണ്ട് തരത്തിലുള്ള ഡാറ്റയാണ് വേണ്ടത്. ഒന്ന്, കേരളത്തിലെ വിവിധ ജാതി വിഭാഗങ്ങളുടെ യഥാര്‍ഥ ജനസംഖ്യ. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സെന്‍സസ് ഡാറ്റ ഉപയോഗിച്ചുള്ള പോപുലേഷന്‍ പ്രൊജക്ഷനിലൂടെ ലഭിക്കുന്ന ഏകദേശ കണക്ക് മതിയാകില്ല. മറിച്ച്, കൃത്യമായ ജാതി സെന്‍സസ് നടക്കണം. സംവരണ പട്ടിക പുതുക്കുക എന്ന ഉദ്ദേശ്യത്തില്‍ സര്‍ക്കാറിന് അത് ചെയ്യാവുന്നതേയുള്ളൂ.
രണ്ടാമതായി, നിലവിലെ സര്‍ക്കാര്‍ സര്‍വീസില്‍ വിവിധ ജാതി വിഭാഗങ്ങള്‍ക്ക് എത്ര പ്രാതിനിധ്യമുണ്ടെന്ന് അറിയലാണ്. അത് ഒറ്റ ക്ലിക്കില്‍ അറിയാവുന്ന കാര്യമാണ്. കേരളത്തിലെ ഖജനാവില്‍ നിന്ന് ശമ്പളം പറ്റുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ സ്പാര്‍ക്ക് സോഫ്റ്റ് വെയറില്‍ ലഭ്യമാണ്. അതില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ജാതി വിവരം കണ്ടെത്താന്‍ ഒറ്റ ക്ലിക്കിലൂടെ സാധിക്കും. അതുവഴി സര്‍ക്കാര്‍ സര്‍വീസിലെ ജാതി പ്രാതിനിധ്യം അറിയാനാവും. അതുകൊണ്ട് തന്നെ ഇച്ഛാശക്തിയുണ്ടെങ്കില്‍ സര്‍ക്കാറിന് മുന്നില്‍ വഴികളുണ്ട്. അതല്ല, ജാതി തിരിച്ചുള്ള ഡാറ്റ അദൃശ്യമായി നിര്‍ത്തി പുകമറ സൃഷ്ടിച്ച് സംവരണത്തിന്റെ ഫലം ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍, അക്കാര്യം ന്യൂനപക്ഷ പിന്നാക്ക സമൂഹം തിരിച്ചറിയുന്നുണ്ട് എന്ന് മാത്രമേ പറയാനുള്ളൂ.