7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

പ്രപഞ്ചവായനയുടെ പ്രസക്തി

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നാം കാണിച്ചുകൊടുക്കുന്നതാണ്. അങ്ങനെ ഈ ഖുര്‍ആന്‍ പൂര്‍ണമായും സത്യമാണെന്ന് അവര്‍ക്ക് ബോധ്യപ്പെടും. ഏത് കാര്യത്തിനും സാക്ഷിയായി നിന്റെ റബ്ബ് തന്നെ മതി. (ഫുസ്സിലത്ത് 53)
മനുഷ്യന്‍ നിരന്തരം നടത്തിയിരിക്കേണ്ട പ്രപഞ്ചവായനയാണ് ഈ ദിവ്യവചനത്തിന്റെ ഉള്ളടക്കം. അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസം ബലപ്പെടുത്താന്‍ പാകത്തില്‍ അദ്ഭുത വിസ്മയങ്ങളാണ് അതിലുള്ളത്.
ശരാശരി ബുദ്ധിയും തിരിച്ചറിവുമുള്ള ഏതൊരാള്‍ക്കും പ്രപഞ്ചവിസ്മയങ്ങളിലെ കരവിരുത് പ്രാഥമിക നിരീക്ഷണത്തില്‍ തന്നെ ബോധ്യപ്പെടും. മറ്റു സമ്മര്‍ദങ്ങള്‍ക്ക് ഇരയാവാതെ അന്വേഷണം തുടര്‍ന്നാല്‍ അത് അവനെ വിശ്വാസത്തിലേക്ക് എത്തിക്കും. ശഹാദത്ത് പ്രഖ്യാപിച്ച് മുസ്‌ലിമാകുന്ന വ്യക്തിയില്‍ ഈമാന്‍ കൂടുതല്‍ ശക്തിപ്പെടാനും സ്വയം പഠന അന്വേഷണങ്ങള്‍ ആവശ്യമാണ്. ഖുര്‍ആന്‍ കേന്ദ്രീകൃതമായ പഠനമാണ് ഫലപ്രാപ്തിയിലെത്തുക. അകക്കാമ്പുള്ള അറിവ് നേടാന്‍ കഴിയുന്നതും അപ്പോഴാണ്.
പുസ്തകങ്ങളില്‍ നിന്നും അധ്യാപകരില്‍ നിന്നും ലഭിക്കുന്നത് ആര്‍ജിത വിജ്ഞാനത്തിന്റെ ചെറിയൊരു ഭാഗമാണ്. അതിന് പൂര്‍ണത നല്‍കുന്നത് നമ്മുടേതായ അനുഭവങ്ങള്‍ അതിലേക്കു ചേര്‍ത്തുവെക്കുമ്പോള്‍ മാത്രമാണ്. ജ്ഞാനനിര്‍മിതിയെന്ന ആധുനിക വിദ്യാഭ്യാസ സങ്കല്‍പവും ഇതാണ് ആവശ്യപ്പെടുന്നത്. കണ്ണും കാതും ഖല്‍ബും തുറന്നുവെച്ചാല്‍ തന്നെ ധാരാളം അനുഭവജ്ഞാനങ്ങള്‍ ഈ പ്രപഞ്ചം നമുക്ക് നല്‍കും. പ്രപഞ്ചവിസ്മയങ്ങള്‍ക്കു മുമ്പില്‍ രണ്ടു സമീപനമാണ് മനുഷ്യന്‍ സ്വീകരിക്കുന്നത്. നിഷേധാത്മകതയാണ് പലരിലും പ്രകടമാകുന്നത്.
ബുദ്ധിയുടെ പരിമിതി സമ്മതിക്കുന്നതിനേക്കാള്‍ ആര്‍ജിത ജ്ഞാനങ്ങളില്‍ അഹങ്കരിക്കുന്നവരാണ് അവര്‍. ”സപ്തസാഗരങ്ങളിലെയും ജലം മഷിയാക്കി എഴുതിയാലും തീരാത്ത ജ്ഞാനശേഖരമാണ് അല്ലാഹു പ്രപഞ്ചത്തില്‍ നിറച്ചിരിക്കുന്നത്” (31:27). അവയെല്ലാം സൂക്ഷ്മവും സമഗ്രവുമാണ്. അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങാന്‍ കഴിയാത്ത മനുഷ്യനു വേണ്ടത് നിഷേധമോ അഹങ്കാരമോ അല്ല, വിനയവും വിശാല മനസ്സുമാണ്. അതിന് അധികം പഠിക്കേണ്ടതില്ല. നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങള്‍ മൂല്യനിര്‍ണയം നടത്തിയാല്‍ മതി. ഈ അനുഗ്രഹങ്ങള്‍ക്കു പകരം എന്ത് ചെയ്യണമെന്നു പറയാന്‍ ശാസ്ത്രത്തിനു കഴിയില്ല.
ഉപകാരം ചെയ്തവനോട് നന്ദി കാണിക്കുക എന്ന മനുഷ്യസഹജ ബോധം മതി വിശ്വാസത്തിലേക്കെത്താന്‍. ”അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവര്‍ മനസ്സിലാക്കുന്നു. എന്നിട്ട് അവരത് നിഷേധിക്കുന്നു. അവരില്‍ അധികം പേരും സത്യനിഷേധികളാണ്” (16:83). പ്രപഞ്ചവിസ്മയങ്ങള്‍ക്കു പിന്നിലുള്ള ദൈവസാന്നിധ്യം അംഗീകരിക്കാതെ ഭൂമിയില്‍ ആര്‍ത്തുല്ലസിച്ചു ജീവിക്കുന്ന നിഷേധ മനോഭാവമാണ് ഈ വചനം അടയാളപ്പെടുത്തുന്നത്.
ഈമാന്‍ നല്‍കുന്ന ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ സമീപനം ഉണ്ടാകേണ്ടത്. അഷ്ടദിക്കുകളിലെയും ദൈവിക വിസ്മയങ്ങളുടെ അകംപൊരുള്‍ കണ്ടെത്താന്‍ ഈമാന്‍ കൂടിയേ തീരൂ. ശാസ്ത്രജ്ഞാനങ്ങളിലെ അനിശ്ചിതത്വം മനുഷ്യന്റെ മുമ്പില്‍ ഇരുട്ട് പരത്തുമ്പോള്‍ ഈമാന്‍ മനസ്സിനെ പ്രകാശിപ്പിക്കും.
പ്രപഞ്ചത്തിലെ പ്രവര്‍ത്തന വൈവിധ്യത്തെ ഖുര്‍ആനുമായി അല്ലാഹു ബന്ധിപ്പിക്കുന്നു. പ്രപഞ്ചവായന കൃത്യമായി നടത്തിയാല്‍ ഖുര്‍ആനും എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ. ശാസ്ത്രം അറിഞ്ഞതും അറിയാനിരിക്കുന്നതുമായ കാര്യങ്ങള്‍ ഈമാനിന്റെ ഭാഗത്തുനിന്ന് കണ്ടെത്തുക എന്നതാണ് ലളിതവും പ്രായോഗികവും. അവിടെ തര്‍ക്കങ്ങള്‍ക്ക് ഇടമില്ല. സംശയങ്ങള്‍ ബാക്കിനില്‍ക്കുകയുമില്ല. അതുകൊണ്ടും തൃപ്തിയാവാത്തവരോട് സ്വന്തത്തെപ്പറ്റി പഠിക്കാനാണ് അല്ലാഹു പറയുന്നത്. മനുഷ്യനിര്‍മിതമായ അതിസങ്കീര്‍ണമായ യന്ത്രത്തേക്കാളും സൂക്ഷ്മവും സന്തുലിതവുമാണ് മനുഷ്യന്റെ ശരീരഘടന. ഇനിയും സത്യം ബോധ്യപ്പെടുന്നില്ലെങ്കില്‍ ‘അല്ലാഹുവിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല’ എന്നാണ് അവര്‍ക്ക് ഖുര്‍ആന്‍ നല്‍കുന്ന മറുപടി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x