29 Friday
March 2024
2024 March 29
1445 Ramadân 19

വിശുദ്ധ റമദാനിനെ പ്രാര്‍ഥന കൊണ്ട് ചൈതന്യവത്താക്കാം

സി കെ റജീഷ്‌


ആംഗലേയ സാഹിത്യത്തിലെ ശ്രദ്ധേയനായ കവി ജോണ്‍ മില്‍ട്ടന്റെ വിഖ്യാതമായ ഒരു കവിതയുണ്ട്. ‘നഷ്ടപ്പെട്ട പറുദീസ’ (ദ പാരഡൈസ് ലോസ്റ്റ്) എന്ന തലക്കെട്ടിലുള്ള പ്രസ്തുത കവിതയില്‍ ഇങ്ങനെയൊരു വരിയുണ്ട്: ”ഓരോ കാര്‍മേഘത്തിനും ഒരു വെള്ളിവരയുണ്ട്.” ഇരുണ്ട മാനവും ഇരുള്‍ നിറയുന്ന രാത്രിയും ഇലപൊഴിഞ്ഞ മരങ്ങളും അവസാനമല്ലെന്നും പുതിയ പ്രഭാതത്തിലേക്കുള്ള പ്രതീക്ഷകളുടെ കിരണങ്ങളാണെന്നും കവി ജീവിതാനുഭവങ്ങളിലൂടെ ഈ കവിതയില്‍ സമര്‍ഥിക്കുന്നു.
മനുഷ്യജീവിതം എന്നത് പ്രതീക്ഷകളുടെയും അനിശ്ചിതത്വങ്ങളുടെയും ഇടയിലുള്ള ഓട്ടപ്പാച്ചിലുകളാണ്. പ്രതീക്ഷകള്‍ ജീവിതത്തിന്റെ ചാലകശക്തിയായി തീരുമ്പോഴാണ് ഓരോ ദിനവും മനുഷ്യനു പുനര്‍ജന്മമായി മാറുന്നത്. സങ്കടങ്ങളും സന്തോഷങ്ങളും ഇഴചേര്‍ന്ന ജീവിതത്തില്‍ പ്രതീക്ഷകള്‍ മനുഷ്യന് കൂടെ കൂട്ടാന്‍ കഴിയുന്നത് എപ്പോഴാണ്? പ്രാര്‍ഥന ജീവിതത്തിന്റെ ആന്തരിക ഊര്‍ജസ്രോതസ്സായി വര്‍ത്തിക്കുമ്പോഴാണ് പ്രതീക്ഷ നിറഞ്ഞ മനസും സ്ഥായിയായ സമാധാനവും നിലനിര്‍ത്താനാവുന്നത്. സങ്കീര്‍ണമായ ജീവിത പ്രശ്‌നങ്ങളിലൂടെ കടന്നുപോവുമ്പോള്‍ പ്രാര്‍ഥനയാകുന്ന ഊന്നുവടി തളര്‍ച്ചകളില്ലാതെ മനുഷ്യനെ താങ്ങിനിര്‍ത്തുന്നു.
പ്രാര്‍ഥനയുടെ പൊരുള്‍
ഭൗതിക കാര്യങ്ങളില്‍ നിന്നു മുക്തമായി പ്രതീക്ഷയോടെ പരമകാരുണികനില്‍ ഭാരങ്ങളെല്ലാം ഇറക്കിവെക്കുന്ന വേളയാണ് പ്രാര്‍ഥന. അല്ലാഹു തന്റെ അടിമകളോട് സമീപസ്ഥനും സ്വീകാര്യ സന്നദ്ധനുമായിരിക്കുന്ന രാത്രിയുടെ അന്ത്യയാമങ്ങളാണ് പ്രാര്‍ഥനയ്ക്ക് ഏറെ അഭികാമ്യമായത് എന്നു ഖുര്‍ആന്‍ (73:6) പഠിപ്പിക്കുന്നുണ്ട്. ഏതൊരു അടിമയ്ക്കും അല്ലാഹുവോട് മാത്രം വെളിപ്പെടുത്താവുന്ന ആത്മരഹസ്യങ്ങളുണ്ട്. അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനയാന്വിതരായി സ്രഷ്ടാവിനോട് മനസ്സു തുറക്കുന്ന പ്രാര്‍ഥനകളിലൂടെ അവന്റെയടുക്കല്‍ പരിഗണനയ്ക്ക് അര്‍ഹരായി മാറുന്നു. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയെല്ലാം സര്‍വശക്തനില്‍ ഇറക്കിവെച്ച് അര്‍പ്പണബോധത്തോടെ മുന്നേറാനുള്ള അകബലമാണ് പ്രാര്‍ഥന പ്രദാനം ചെയ്യുന്നത്. പ്രാര്‍ഥന പതിവാക്കുന്നതിലൂടെ സ്രഷ്ടാവിനോടുള്ള സൃഷ്ടികളുടെ ബന്ധം സുശക്തമാവുകയും അചഞ്ചല വിശ്വാസത്തിന്റെ ഉടമകളായിത്തീരുകയും ചെയ്യുന്നു.
പ്രാര്‍ഥന എന്ന പോംവഴി
ശാന്തമായ കടലിലൂടെ കപ്പല്‍ സുഗമമായി സഞ്ചരിക്കുന്നു. യാത്രക്കാര്‍ ഏറെ ആഹ്ലാദഭരിതര്‍. പെട്ടെന്ന് ശക്തമായ കാറ്റും കോളും വന്ന് കപ്പല്‍ ആടിയുലയുന്നു. എല്ലാവരും കടലില്‍ മുങ്ങിപ്പോവുമെന്ന അവസ്ഥ. ഭയവിഹ്വലരായി കരുണാവാരിധിയായ അല്ലാഹുവോട് അവര്‍ പ്രാര്‍ഥിച്ചു: ”നീ ഞങ്ങളെ ഇതില്‍ നിന്ന് രക്ഷപ്പെടുത്തിയാല്‍ ഞങ്ങള്‍ നിനക്ക് നന്ദിയുള്ളവരായി ജീവിക്കാം.” ദയാനിധിയായ അല്ലാഹു അവരുടെ പ്രാര്‍ഥന സ്വീകരിച്ചു. അവര്‍ സുരക്ഷിതരായി കരയിലെത്തി. ഖുര്‍ആന്‍ വിവരിച്ച ഒരു സംഭവമാണിത്.
ഇതുപോലെ പ്രതിസന്ധികളുടെ നടുക്കടലില്‍ ആശ്വാസത്തിന്റെ തുരുത്ത് തേടി അലയുന്ന അവസ്ഥ മനുഷ്യജീവിതത്തിലുണ്ടാവും. മനുഷ്യസാധ്യമായ എല്ലാ ആശ്വാസവഴികളും അടയുമ്പോള്‍ പ്രാര്‍ഥന മാത്രമാണ് ഏക രക്ഷാമാര്‍ഗം. മനുഷ്യന്റെ നിസ്സഹായതയും ദൗര്‍ബല്യവും പ്രകടമാവുന്ന രംഗങ്ങളില്‍ അവന്റെ ഉള്ളുരുകിയുള്ള തേട്ടത്തിന് ഉത്തരം നല്‍കാന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. പ്രയാസങ്ങളില്‍ അകപ്പെട്ടുപോയവന് പ്രാര്‍ഥന ഒരു പോംവഴി കാണിച്ചുകൊടുക്കുന്നു. പ്രാര്‍ഥന കൊണ്ട് പ്രയാസങ്ങള്‍ നീങ്ങുകയും ആഗ്രഹങ്ങള്‍ സഫലീകരിക്കുകയും ചെയ്തതിന് ധാരാളം ഉദാഹരണങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സര്‍വശക്തനായ അല്ലാഹു ഓരോ വഴികള്‍ തെരഞ്ഞെടുക്കുന്നു. അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയായിരുന്നു പ്രവാചകന്മാര്‍ക്കു പോലും അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളില്‍ നിന്ന് പോംവഴികള്‍ തുറന്നുകൊടുത്തത്. അയ്യൂബ് നബി(അ), യൂനുസ് നബി(അ), ഇബ്‌റാഹീം നബി(അ), സകരിയ്യാ നബി(അ) തുടങ്ങിയ പ്രവാചകന്മാര്‍ക്ക് പരീക്ഷണങ്ങള്‍ നിറഞ്ഞ ജീവിതത്തിലും പ്രതീക്ഷകളോടെ മുന്നോട്ടുപോകാനുള്ള ഉള്‍ക്കരുത്തേകിയത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അവനോട് മാത്രമുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയുമായിരുന്നു.
പ്രാര്‍ഥനയുടെ ചൈതന്യം
പ്രാര്‍ഥന ആരാധനയാണ്. അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവരെ മാത്രമേ അവന്റെ കാരുണ്യത്തിനു പരിഗണിക്കുന്നുള്ളൂ. പ്രാര്‍ഥന ദൈവസ്മരണയുടെ ഭാഗം കൂടിയാണ്. പ്രാര്‍ഥനയില്‍ അലംഭാവം വരുത്താതിരിക്കുമ്പോള്‍ മാത്രമേ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിര്‍ത്തി ഭക്തിയോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അബൂഹുറയ്‌റ(റ) പറയുന്നു: ”നബി(സ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ഞാന്‍ എന്നെക്കുറിച്ച എന്റെ ദാസന്റെ വിചാരഗതിയോടൊപ്പമാണ്. അവന്‍ എന്നോട് പ്രാര്‍ഥിക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമാണ്” (സ്വഹീഹുല്‍ ജാമിഅ്: 8130). അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് നിര്‍വഹിക്കുന്ന പ്രാര്‍ഥനയെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും അത് നേടിത്തരുന്ന ആത്മവിശ്വാസവുമാണ്.
വിനയത്തോടെ അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ഥിക്കുന്ന അടിമ സ്വയം ശുദ്ധീകരണത്തിന്റെ വഴികൂടിയാണ് തെരഞ്ഞെടുക്കുന്നത്. അല്ലാഹുവിന്റെ സഹായത്തിലും കാരുണ്യത്തിലും പ്രതീക്ഷയര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ശുഭപ്രതീക്ഷയും ആത്മവിശ്വാസവും മനഃശക്തിയുമുണ്ടാവുന്നു. അല്ലാഹുവിലുള്ള ആശ്രിതത്വവും അവനോടുള്ള കീഴ്‌വണക്കവും ജീവിതത്തിന്റെ സമസ്ത രംഗങ്ങളിലും കാത്തുസൂക്ഷിക്കാന്‍ പ്രാര്‍ഥന പ്രചോദനമാവുകയും ചെയ്യുന്നു.
വിശുദ്ധ റമദാനും
പ്രാര്‍ഥനയും

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആണ്ടിലൊരിക്കല്‍ വന്നുചേരുന്ന അനുഗ്രഹങ്ങളുടെ അസുലഭ അവസരമാണ് വിശുദ്ധ റമദാന്‍. മനസ്സിനെ വിമലീകരിക്കാനും ജീവിതത്തെ പുതുക്കിപ്പണിയാനും വിശ്വാസികള്‍ ബദ്ധശ്രദ്ധരാകുന്ന കാലം. അനേകം മനുഷ്യായുസ്സ് സമയമെടുത്ത് നേടാവുന്നത്ര പ്രതിഫലജന്യമായ സന്ദര്‍ഭങ്ങളാണ് റമദാന്‍ സമ്മാനിക്കുന്നത്. ആത്മാവിന്റെ മൗനരോദനങ്ങളെ ശമിപ്പിക്കുന്ന പ്രാര്‍ഥനകള്‍ കൊണ്ട് മനസിന് സായൂജ്യമടയാന്‍ കഴിയുന്ന ധന്യവേളയാണ് റമദാന്‍. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്ന പുണ്യമാസത്തെ വിശ്വാസികള്‍ വരവേല്‍ക്കുന്നത് പ്രാര്‍ഥനയോടു കൂടിയാണ്.
”അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവേ, നിര്‍ഭയത്വവും വിശ്വാസവും സമാധാനവും നീ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവ പ്രവര്‍ത്തിക്കാനുള്ള ഉതവി കൊണ്ട് ഈ മാസത്തെ ഞങ്ങളില്‍ ഉദിപ്പിക്കേണമേ” എന്ന പ്രാര്‍ഥനയാണ് മാസപ്പിറവി ദൃശ്യമായാല്‍ ചൊല്ലേണ്ടതായി നബി (സ) പഠിപ്പിച്ചത്. പ്രാര്‍ഥനകളാല്‍ ധന്യമാക്കേണ്ട ശ്രേഷ്ഠ മാസമാണ് റമദാന്‍. നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്‍പനയും നോമ്പിന്റെ വിധികളും പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടാണ് ഖുര്‍ആനില്‍ (2:186) പ്രാര്‍ഥനയെക്കുറിച്ച് പ്രസ്താവിക്കുന്നത്. നോമ്പും പ്രാര്‍ഥനയും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
അല്ലാഹു പറയുന്നു: ”നിന്നോട് എന്റെ ദാസന്മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അവരോട് ഏറ്റവും അടുത്തുള്ളവനാണെന്നു പറയുക. പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്തുകൊള്ളട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണത്” (2:186).
അല്ലാഹു ഒരാളുടെയും പ്രാര്‍ഥന നിഷ്ഫലമാക്കുന്നില്ല. പ്രാര്‍ഥിക്കുന്നവനെ അല്ലാഹു ഏതൊക്കെ വിധത്തിലാണ് പരിഗണിക്കുന്നതെന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. അബൂസഈദില്‍ ഖുദ്‌രി(റ)യില്‍ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ”കുറ്റമില്ലാത്തതോ ചാര്‍ച്ചാബന്ധം വിച്ഛേദിക്കുന്നതോ അല്ലാത്ത വല്ല പ്രാര്‍ഥനയും ഒരു മുസ്‌ലിം നിര്‍വഹിക്കുന്നതായാല്‍ അല്ലാഹു അവനു മൂന്നിലൊരു കാര്യം ചെയ്തുകൊടുക്കാതിരിക്കുകയില്ല. ഒന്നുകില്‍ അവന്‍ പ്രാര്‍ഥിച്ച കാര്യം അവനു വേഗമാക്കിക്കൊടുക്കും. അല്ലെങ്കില്‍ അതിനെ അവനു വേണ്ടി പരലോകത്തേക്ക് സൂക്ഷിച്ചുവെക്കും. അല്ലെങ്കില്‍ അവനില്‍ നിന്ന് അതിന്റെയത്ര തിന്മയെ തിരിച്ചുകളയും. അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു: എന്നാല്‍ നമുക്ക് പ്രാര്‍ഥന അധികരിപ്പിക്കാമല്ലേ. നബി(സ) പറഞ്ഞു: അല്ലാഹു കൂടുതല്‍ അധികം നല്‍കുന്നവനാകുന്നു.”
അല്ലാഹുവിന്റെ കാരുണ്യം പെയ്തിറങ്ങുന്ന പുണ്യറമദാനില്‍ പരമകാരുണികനോട് നമുക്ക് തേടാനുള്ളതും അവന്റെ കാരുണ്യം ജീവിതത്തില്‍ സദാ വര്‍ഷിപ്പിക്കാനാണ്. പാപമുക്തിക്കായി ഉദാരമായ അവസരങ്ങള്‍ പരമകാരുണികന്‍ റമദാനില്‍ തുറന്നിട്ടുതന്നിരിക്കുന്നത് വിശ്വാസികള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
പ്രാര്‍ഥന കൊണ്ട് ഏറെ ധന്യമാക്കേണ്ട പുണ്യമാസമാണ് റമദാന്‍. ഈ പുണ്യമാസത്തെ വരവേല്‍ക്കുന്നതു മുതല്‍ റമദാനില്‍ ഉടനീളം പ്രാര്‍ഥനാനിരതമാണ് വിശ്വാസിയുടെ ജീവിതം. ഖിയാമു റമദാന്‍, ലൈലത്തുല്‍ ഖദ്ര്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലൊക്കെ പ്രാര്‍ഥന കൊണ്ട് പാപമുക്തി നേടിയെടുക്കാന്‍ വിശ്വാസികള്‍ ജാഗ്രത്താകുന്നു. നബി(സ) പറഞ്ഞു: ”മൂന്നു പേരുടെ പ്രാര്‍ഥന നിരസിക്കപ്പെടുകയില്ല. ഒന്ന്, നോമ്പുകാരന്‍ നോമ്പ് തുറക്കുമ്പോള്‍. രണ്ട്, നീതിമാനായ ഭരണാധികാരി. മൂന്ന്, മര്‍ദിതന്റെ പ്രാര്‍ഥന.
വിശ്വാസദൗര്‍ബല്യം കാരണമോ വിവേകശൂന്യത കൊണ്ടോ തെറ്റുകള്‍ സംഭവിച്ചേക്കാം. ചില ദുര്‍ബല നിമിഷങ്ങളില്‍ സംഭവിച്ചുപോയ തെറ്റിനെ ഓര്‍ത്ത് ഏറെ നാള്‍ മനസ്സ് നീറിക്കഴിയുന്നവരുണ്ടാകും. പാപം സംഭവിച്ചുപോയതില്‍ വ്രണിതഹൃദയരായി കഴിയുന്നവര്‍ക്ക് അല്ലാഹു കാണിച്ചുതന്ന പാപപരിഹാര മാര്‍ഗമത്രേ തൗബ അഥവാ പശ്ചാത്താപം. തെറ്റ് സംഭവിച്ചുപോയതില്‍ ഖേദപ്രകടനത്തോടെ, ഇനിയൊരിക്കലും ആ തെറ്റുകളിലേക്ക് തിരിച്ചുപോകില്ലെന്ന ദൃഢനിശ്ചയത്തോടെ, ആത്മാര്‍ഥമായി അല്ലാഹുവിനോട് മാപ്പിന്നപേക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കൈവന്നിരിക്കുന്ന സുവര്‍ണാവസരമാണ് റമദാന്‍.
വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടിയുള്ള വ്രതം തന്നെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ നിമിത്തമായിത്തീരുന്നു. തെറ്റുകള്‍ സംഭവിച്ച് മനസ് നീറിക്കഴിയുന്നവര്‍ക്ക് വിശുദ്ധ റമദാന്‍ പശ്ചാത്താപത്തിലൂടെ മനസിനെ വിമലീകരിക്കാനുള്ള വിരുന്നൊരുക്കുകയാണ്. പ്രാര്‍ഥന വിശ്വാസിയുടെ ജീവിതചര്യയാണ്. പ്രാര്‍ഥനാനിരതമായ ജീവിതത്തിനുള്ള പരിശീലനമാണ് വിശ്വാസി വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയും വിനയചിന്തയും ആത്മവിശുദ്ധി നിലനിര്‍ത്താനുള്ള നിതാന്ത ജാഗ്രതയുമാണ് പ്രാര്‍ഥന പ്രദാനം ചെയ്യുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x