24 Wednesday
April 2024
2024 April 24
1445 Chawwâl 15

ഖുര്‍ആന്‍: ധിഷണയെ തൊട്ടുണര്‍ത്തുന്ന ദൈവഭാഷണം

ടി പി എം റാഫി

ഇഅ്ജാസുല്‍ ഖുര്‍ആന്‍
, ഡോ. ഇ കെ അഹ്മദ്കുട്ടി
, യുവത ബുക്ഹൗസ്
, കോഴിക്കോട്‌


ആധുനിക കാലത്തും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥമായ ഖുര്‍ആന്റെ ഉപജ്ഞാതാവ് ആരാണ്? ആയിരത്തിനാനൂറ് വര്‍ഷം മുമ്പ് അറേബ്യയില്‍ ജീവിച്ച മുഹമ്മദ് എന്ന വ്യക്തിയാണോ, അതോ, അദ്ദേഹം അവകാശപ്പെടുന്നതു പോലെ, പ്രപഞ്ച സ്രഷ്ടാവാണോ? അന്വേഷണത്തിന്റെ പല പരിപ്രേക്ഷ്യങ്ങളിലൂടെയും പരന്നൊഴുകുന്ന ഗവേഷണാത്മകമായ രചനയാണ് ‘യുവത’ ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച ഡോ. ഇ കെ അഹ്മദ് കുട്ടിയുടെ ‘ഇഅ്ജാസുല്‍ ഖുര്‍ആന്‍’.
ഭൗമ ജൈവലോകത്തെ ഏക പ്രതിഭാധനനായ ജീവിയാണ് മനുഷ്യന്‍. ഏഴാം നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ എത്തുമ്പോഴേക്കും മനുഷ്യന്‍ ബൗദ്ധികമായും മാനസികമായും പൂര്‍ണ വളര്‍ച്ച പ്രാപിക്കാന്‍ തുടങ്ങിയിരുന്നുവെന്ന് നരവംശ ശാസ്ത്രം ബോധ്യപ്പെടുത്തുന്നുണ്ട്. അവിടുന്നിങ്ങോട്ട് മനുഷ്യന്റെ മേധാശക്തി അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കും വികാസത്തിനും വിധേയമായെന്ന് ശാസ്ത്ര ചരിത്രകാരന്മാരും അടയാളപ്പെടുത്തുന്നു. അറബികളില്‍ മാത്രമല്ല, മാനവരാശിയില്‍ മുഴുവനും ധിഷണയുടെ അന്യാദൃശമായ തിളക്കം കണ്ടുവന്നതും ഈ കാലഘട്ടം തൊട്ടാണ്.
അതുകൊണ്ടു തന്നെ മറ്റു പ്രവാചകരില്‍ നിന്നു വ്യത്യസ്തമായി, ധൈഷണികമേഖലയില്‍ സംവദിക്കുന്ന, നിരുപമ വായനാനുഭവം പകര്‍ന്നുനല്‍കുന്ന വിശുദ്ധ ഖുര്‍ആന്‍ എന്ന കാലാതിവര്‍ത്തിയായ ഗ്രന്ഥമാണ് മുഹമ്മദ് നബിയുടെ ഏറ്റവും ശ്രേഷ്ഠമായ ദൃഷ്ടാന്തമായി വര്‍ത്തിച്ചതെന്ന് ഡോ. ഇ കെ അഹ്മദ്കുട്ടി നിരീക്ഷിക്കുന്നുണ്ട്.
”മനുഷ്യരില്‍ വിശ്വാസം ജനിപ്പിക്കാന്‍ ഉപയുക്തമായ ഒരു അമാനുഷ അടയാളവും വെളിപ്പെടുത്തിയിട്ടില്ലാത്ത പ്രവാചകന്മാരില്ല. എനിക്കു ലഭിച്ച സത്യസാക്ഷ്യം അല്ലാഹുവില്‍ നിന്നുള്ള ഖുര്‍ആന്‍ എന്ന ദിവ്യബോധനമത്രെ.” (നബിവചനം)
വായനയുടെ വിസ്മയാനുഭവമാണ് ഖുര്‍ആനെന്ന് അതിന്റെ അവതീര്‍ണാരംഭം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ”വായിക്കുക: സൃഷ്ടിച്ച നിന്റെ റബ്ബിന്റെ നാമത്തില്‍. മനുഷ്യനെ അവന്‍ ‘അലഖി’ല്‍ നിന്നു സൃഷ്ടിച്ചു. നീ വായിക്കുക: നിന്റെ റബ്ബ് അത്യുദാരനാകുന്നു-പേനകൊണ്ടു പഠിപ്പിച്ചവന്‍. മനുഷ്യന് അറിവില്ലാത്തത് അവന്‍ പഠിപ്പിക്കുന്നു.” (അലഖ് 1-5)
ആദ്യസൂക്തം തുടങ്ങുന്നത് വായന കൊണ്ടാണെന്നതു മാത്രമല്ല, വായനയും പഠനവും ഈ അഞ്ചു വചനങ്ങളില്‍ ആവര്‍ത്തിക്കുന്നതും കാണാം. കേന്ദ്ര കഥാപാത്രമായ മനുഷ്യന്‍ എന്ന പദം രണ്ടു തവണ കടന്നുവരുന്നുണ്ട്. ദൈവത്തിന്റെ അറബിയിലുള്ള സാങ്കേതിക സംജ്ഞയായ ‘അല്ലാഹു’വിനെ ആദ്യവചനങ്ങളില്‍ പരിചയപ്പെടുത്തുന്നില്ലെങ്കിലും, അവന്റെ ഗുണവിശേഷണമായ ‘റബ്ബ്’ എന്ന പദവും ‘സൃഷ്ടികര്‍മം’ എന്ന പദവും രണ്ടു പ്രാവശ്യം പ്രയോഗിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തില്‍ മനുഷ്യന്‍ പിന്നിട്ട ഒരു നിര്‍ണായകഘട്ടം എന്ന നിലയ്ക്ക് ‘അലഖ്’ എന്ന പദം ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതാകട്ടെ വായനയുടെ പുതിയ അനുഭൂതി പകര്‍ന്നാണ്.
റബ്ബ് മനുഷ്യനോട് അത്യുദാരനാണ് എന്നു വ്യക്തമാക്കുന്നേടത്താണ് ഖുര്‍ആന്‍ വേറിട്ടു നില്‍ക്കുന്നത്. സര്‍ഗാത്മകതയുടെ ആയുധമായ ‘പേന’യിലൂടെ മനുഷ്യന്‍ നിര്‍വഹിക്കുന്ന ആവിഷ്‌കാരമാണ് അതിനു തെളിവായി ഖുര്‍ആന്‍ എടുത്തു പറയുന്നത്!
മനുഷ്യനെ ഇതര ജീവികളില്‍ നിന്ന് വ്യതിരിക്തമാക്കുന്നതും ധിഷണയുടെ പ്രാണനായ പേനയാണ്. ‘അല്ലമഹുല്‍ ബയാന്‍’ എന്ന് ഖുര്‍ആന്‍ വേറൊരിടത്ത് വിശേഷിപ്പിക്കുന്നുമുണ്ട്. ഈ ബയാനാണ്, ദൈവത്തില്‍ നിന്നു മനുഷ്യനു മാത്രം കൈവന്ന നിരുപമ വരദാനമായ ആവിഷ്‌കാര വൈഭവമാണ് ഖുര്‍ആന്‍ ‘പേന’യില്‍ ചേതോഹരമായി ചിത്രീകരിക്കുന്നത്.
വലിയ കാന്‍വാസില്‍ നിന്നാണ് ഖുര്‍ആന്‍ വസ്തുതകളെ നോക്കിക്കാണുന്നത്. അതിന്റെ അനിതരസാധാരണമായ ഭാഷ, വശ്യമായ ശൈലി, യുക്തിഭദ്രമായ പ്രതിപാദന കല, അതു ഗര്‍ഭം ധരിക്കുന്ന ആശയലോകം, അതു പ്രസരിപ്പിക്കുന്ന വൈജ്ഞാനിക-സാംസ്‌കാരിക-ചരിത്രാംശങ്ങള്‍, അത് അനാവരണം ചെയ്യുന്ന പ്രപഞ്ച വീക്ഷണവും ജീവിത വീക്ഷണവും എന്നു തുടങ്ങി ഖുര്‍ആന്‍ മുദ്ര പതിപ്പിക്കാത്ത മേഖലകള്‍ കാണാവതല്ലെന്ന് ഡോ. ഇ കെ അഹ്മദ്കുട്ടി പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
പ്രൊഫ. ഫിലിപ്പ് കെ ഹിറ്റി എഴുതുന്നു: ”ഖുര്‍ആന്‍ ആസ്വദിക്കണമെങ്കില്‍ മൂലരൂപത്തില്‍ കേള്‍ക്കണം. അതിന്റെ ശക്തിയും സൗന്ദര്യവും പ്രാസ നിബദ്ധതയിലും ഭാഷാ ചമല്‍ക്കാരത്തിലും സ്വരമാധുരിയിലും ആവേഗത്തിലുമാണ് കൂടുതല്‍ അന്തര്‍ലീനമായിക്കിടക്കുന്നത്. ഇവയൊന്നും ചോര്‍ന്നു പോകാതെ മൊഴിമാറ്റം നടത്തി പുനഃസൃഷ്ടിക്കാന്‍ പ്രയാസമാണ്.”
റൊമാന്‍സ് (ഞീാമിരല) ഭാഷകള്‍ക്ക് (ലാറ്റിന്‍ ഭാഷയില്‍നിന്നു രൂപംകൊണ്ട ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, പോര്‍ത്തുഗീസ്, റുമാനിയന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രാദേശിക ഭാഷകള്‍) സംഭവിച്ചതു പോലെ അറബിഭാഷ സംസാരിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാദേശിക ഭാഷാരീതികള്‍ വിഭിന്നങ്ങളായ സ്വതന്ത്ര ഭാഷകളായി സ്വാഭാവികമായും വേര്‍പിരിഞ്ഞു പോകുന്നതിനെ തടഞ്ഞത് ഖുര്‍ആന്റെ പ്രോജ്വലിച്ചു നില്‍ക്കുന്ന സാര്‍വത്രികമായ സാഹിത്യ മൂല്യവും അതിന്റെ സര്‍ഗശക്തിയുമാണെന്നുമുള്ള യാഥാര്‍ഥ്യം ഗ്രന്ഥകാരന്‍ ചരിത്രത്തിന്റെ ഇടനാഴികളില്‍ നിന്ന് കണ്ടെടുക്കുന്നുണ്ട്.
പ്രപഞ്ചത്തിന് ഒരു നാഥനുണ്ടെന്ന പരമമായ സത്യത്തിലേക്ക് മനുഷ്യരെ ക്ഷണിക്കാന്‍ വൈവിധ്യമാര്‍ന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളെ എടുത്തുകാട്ടി ചിന്തയെ തൊട്ടുണര്‍ത്തുന്ന ശൈലി ഖുര്‍ആനിലുടനീളം കാണാമെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. ചിലപ്പോള്‍ വാനലോകത്തിന്റെ സൃഷ്ടിപ്പും സംവിധാനത്തെയും കുറിച്ച്, മറ്റു ചിലപ്പോള്‍ ജന്തുലോകത്തെയും സസ്യലോകത്തെയും കുറിച്ച്, വേറെ ചിലപ്പോള്‍ ഭൂമിയെയും പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും കുറിച്ച്….. ഖുര്‍ആന്‍ കൈവെക്കാത്ത വിജ്ഞാന നഭസ്സുകള്‍ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു.
മനുഷ്യന്റെ സ്വത്വത്തെക്കുറിച്ചും അവന്റെ സൃഷ്ടിപ്പിലെ വ്യത്യസ്തതയെക്കുറിച്ചും ഗര്‍ഭാവസ്ഥയില്‍ അവന്‍ പിന്നിട്ട ജീവിത ഘട്ടങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട് വസ്തുതകള്‍ ഖുര്‍ആന്‍ വെളിപ്പെടുത്തുന്നത് പുസ്തകത്തില്‍ ആകര്‍ഷകമായി അവതരിപ്പിക്കുന്നുണ്ട്.
‘അറബിഭാഷയില്‍ ഖുര്‍ആന്‍ സ്വാധീനം ചെലുത്തിയതു പോലെ ഒരു മതഗ്രന്ഥവും മറ്റു ഭാഷകളില്‍ സ്വാധീനം ചെലുത്തിയിട്ടില്ലെ’ന്ന പ്രശസ്ത സാഹിത്യകാരനും സാഹിത്യചരിത്രകാരനുമായ ജൂര്‍ജി സൈദാന്റെ വാക്കുകള്‍ എടുത്തുദ്ധരിച്ച്, ഭാഷയിലും സാഹിത്യ-വൈജ്ഞാനിക മണ്ഡലങ്ങളിലും ഇത്രമേല്‍ അഗാധവും ചിരസ്ഥായിയുമായ കൈമുദ്ര ചാര്‍ത്തിയ ഖുര്‍ആനെന്ന അതുല്യമായ ഗ്രന്ഥം രചിക്കാന്‍ നിരക്ഷരനായ മുഹമ്മദിനെന്നല്ല, എത്ര പ്രതിഭാധനരായാലും മനുഷ്യര്‍ക്കാവില്ലെന്ന അസന്ദിഗ്ധമായ നിരീക്ഷണവും ഗ്രന്ഥകാരന്‍ നടത്തുന്നുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x