20 Saturday
April 2024
2024 April 20
1445 Chawwâl 11

ലളിതസുന്ദരമായ വിശുദ്ധ ഖുര്‍ആന്‍ മലയാള സാരം

ഹാസില്‍ മുട്ടില്‍


കേരളക്കരയില്‍ വിവിധ കാലഘട്ടങ്ങളില്‍ ഖുര്‍ആന്‍ പരിഭാഷകളും തഫ്‌സീറുകളും ഉടലെടുത്തിട്ടുണ്ട്. 19ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് വിശുദ്ധ ഖുര്‍ആന്‍ അറബിമലയാള പരിഭാഷയുണ്ടാകുന്നത്. ‘തര്‍ജമതു തഫ്‌സീരില്‍ ഖുര്‍ആന്‍’ എന്ന പേരില്‍ മായന്‍കുട്ടി എളയയാണ് ഈ പരിഭാഷ തയ്യാറാക്കിയത്. വിശുദ്ധ ഖുര്‍ആന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്നതിനുള്ള ശ്രമത്തിനു തുടക്കം കുറിച്ചത് നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി. 1931 ജനുവരിയില്‍ ആരംഭിച്ച ദീപികയിലാണ് അദ്ദേഹം ഖുര്‍ആന്‍ പരിഭാഷ ആരംഭിച്ചതെന്നു ചരിത്രം പറയുന്നു. തുടര്‍ന്ന് ചെറുതും വലുതുമായ ഖുര്‍ആന്‍ വിവര്‍ത്തന-വ്യാഖ്യാന ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
കേരളക്കരയില്‍ ഏറ്റവും കൂടുതല്‍ പ്രചരിക്കപ്പെട്ട ഖുര്‍ആന്‍ പരിഭാഷയാണ് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും കുഞ്ഞുമുഹമ്മദ് പറപ്പൂരും ചേര്‍ന്ന് തയ്യാറാക്കിയ ‘വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ മലയാള പരിഭാഷ.’ ലോകത്തെ വിവിധ ഭാഷകളിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്ന മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സ് സൗജന്യമായി അച്ചടിച്ചു വിതരണം ചെയ്യുന്ന മലയാള പരിഭാഷ ഇതാണ്. ‘വിശുദ്ധ ഖുര്‍ആന്‍ വിശദീകരണവും വ്യാഖ്യാനവും’ എന്ന പേരിലുള്ള അമാനി മൗലവിയുടെ തഫ്‌സീറും മലയാളക്കരയില്‍ പ്രചുര പ്രചാരം നേടിയ ഗ്രന്ഥമാണ്.
വിവിധ സന്ദര്‍ഭങ്ങളിലായി പുറത്തിറങ്ങിയ ഖുര്‍ആന്‍ തര്‍ജമകളില്‍ സരളമായ ഭാഷ കൊണ്ടും ലളിതമായ വിവരണശൈലി കൊണ്ടും ശ്രദ്ധേയമാണ് അധ്യാപകനും എഴുത്തുകാരനും മുന്‍ പാളയം ഇമാമുമായിരുന്ന ഡോ. യൂസഫ് മുഹമ്മദ് നദ്‌വി തയ്യാറാക്കിയ ‘വിശുദ്ധ ഖുര്‍ആന്‍ മലയാള സാരം.’ ദുര്‍ഗ്രാഹ്യമായ വാക്കുകളില്‍ നിന്നും കെട്ടിക്കുടുക്കുള്ള ശൈലികളില്‍ നിന്നും മുക്തമായ ഖുര്‍ആന്‍ മലയാള സാരം എല്ലാ വിഭാഗം വായനക്കാര്‍ക്കും എളുപ്പത്തില്‍ വായിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. സാധാരണ ഖുര്‍ആന്‍ പരിഭാഷകളില്‍ കാണാറുള്ള ബ്രാക്കറ്റുകള്‍ പരിഭാഷകന്‍ പരമാവധി കുറച്ചിട്ടുണ്ട്.
ഖുര്‍ആന്‍ മലയാള സാരത്തിനു പിന്നിലുള്ള പ്രചോദനത്തെക്കുറിച്ച് പരിഭാഷകന്‍ ആമുഖത്തില്‍ സൂചിപ്പിക്കുന്നുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ഖുര്‍ആന്‍ അധ്യാപനത്തോടുള്ള പ്രണയമാണ് വിശുദ്ധ ഖുര്‍ആന്‍ മലയാള സാരത്തിനു പിന്നിലെ പ്രചോദനം. ഇബ്‌നു കസീര്‍, ത്വബ്‌രി, റാസി, ജലാലൈനി തുടങ്ങിയ പ്രാമാണിക ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളാണ് അവലംബം. 2012ല്‍ പൂര്‍ത്തിയായ ഈ കൃതി പല പ്രാവശ്യം മാറ്റിയെഴുതിയിട്ടുണ്ട്. സുഗമമായ ഖുര്‍ആന്‍ പാരായണത്തോടൊപ്പം ഓരോ സൂക്തത്തിന്റെയും സാരാംശം ഗ്രഹിക്കാന്‍ സാധ്യമാകുന്ന വിധമാണ് ഇതിന്റെ ക്രമീകരണം. ബ്രാക്കറ്റുകളും അടിക്കുറിപ്പുകളും പരമാവധി ഒഴിവാക്കി, ലളിതസുന്ദരമായൊരു ആശയസാരമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വലതുഭാഗത്ത് ഖുര്‍ആന്‍ ആയത്തുകളും ഇടതുഭാഗത്ത് അതിന്റെ പരിഭാഷയും നല്‍കിയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
ഈ കൃതിയുടെ അവസാനഭാഗത്ത് വിഷയസൂചികയും ചേര്‍ത്തിട്ടുണ്ട്. ചുരുക്കത്തില്‍ ലളിതസുന്ദരമാണ് വിശുദ്ധ ഖുര്‍ആന്‍ മലയാള സാരം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x