ഖാദിയാനിസമെന്ന ദുര്‍ഭൂതം
അബ്ദുല്‍അലി മദനി
നുബുവ്വത്ത് വാദവുമായി പ്രത്യക്ഷപ്പെടുകയും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ കല്‍ക്കിയും കൃഷ്ണനും ബുദ്ധനുമൊക്കെ താന്‍ തന്നെയാണെന്ന് അവകാശപ്പെടുകയും ഗത്യന്തരമില്ലാതായപ്പോള്‍ വാഗ്ദത്ത മസീഹായി സ്വയം ചമയുകയും ചെയ്ത വ്യാജ നുബുവ്വത്ത് വാദിയാണ് മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി. മുഹമ്മദ് നബി(സ) ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ മസീഹ് ഈസാ(അ)യുടെ പുനരാഗമനം സംഭവിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സവിശേഷ ഗുണങ്ങളായി വിശദമാക്കിയതില്‍ പെട്ട ഒന്നാണ് മഹ്ദി എന്നത്. സന്മാര്‍ഗം സിദ്ധിക്കപ്പെട്ടയാള്‍ എന്നാണ് ഇതിന്റെ അര്‍ഥം. എന്നാല്‍ വാഗ്ദത്ത മസീഹ് താനാണെന്നാണ് മീര്‍സയുടെ വാദം.
മുഹമ്മദ് നബി(സ)യിലൂടെ അല്ലാഹു അവതരിപ്പിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍. അതിന്റെ വിശദീകരണമായി നബി(സ) ജീവിച്ചു കാണിച്ചുതന്ന മാതൃകകളാണ് സുന്നത്ത് (നബിചര്യ) എന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് ഒട്ടേറെ പരിഷ്‌കര്‍ത്താക്കള്‍ ഉണ്ടായിട്ടുണ്ട്. അവരാരും തന്നെ ഒരിക്കലും നുബുവ്വത്ത് (പ്രവാചകത്വം) വാദിച്ചിട്ടില്ല. മീര്‍സ അത്തരമൊരു പരിഷ്‌കര്‍ത്താവായിരുന്നെങ്കില്‍ അയാള്‍ക്കു പ്രത്യേകം വഹ്‌യിന്റെ ആവശ്യമൊന്നുമില്ല.
എന്നാല്‍, മീര്‍സ നുബുവ്വത്ത് വാദിക്കുകയും വഹ്‌യ് നിലച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്മൂലം ഒരു പരിഷ്‌കര്‍ത്താവ് മാത്രമായിട്ടല്ല, പ്രവാചകനായിട്ടാണ് അദ്ദേഹം അറിയപ്പെടാന്‍ ആഗ്രഹിച്ചത്. എന്നാല്‍ താന്‍ നബിയാണെന്ന് സ്ഥാപിക്കാന്‍ തനിക്ക് ലഭിച്ചതായി അവകാശപ്പെടുന്ന വഹ്‌യ് ആയിരുന്നില്ല അദ്ദേഹം തെളിവാക്കിയത്. ഖുര്‍ആനും ഹദീസും വളച്ചൊടിക്കുകയായിരുന്നു. ഖുര്‍ആനും സുന്നത്തും മീര്‍സയുടെ പ്രവാചകത്വം സ്ഥിരീകരിക്കാന്‍ അവതരിച്ചതാണെന്ന നിലയ്ക്കാണ് ഖാദിയാനികള്‍ പറഞ്ഞുനടക്കുന്നത്. അപ്പോള്‍ മീര്‍സക്ക് ലഭിച്ചതെന്ന് അവകാശപ്പെടുന്ന വഹ്‌യുകളൊന്നും അയാളുടെ പ്രവാചകത്വവാദത്തിന് ശക്തി പകരുന്നില്ലെന്നു ചുരുക്കം.
മീര്‍സാക്കു മുമ്പ് നിയുക്തരായ നബിമാര്‍ ആരെന്ന് പ്രവാചകന്‍ അറിയിച്ചതില്‍ മാത്രം വിശ്വസിച്ചിരിക്കുന്ന ഒരു മുസ്‌ലിമിന് വേദഗ്രന്ഥങ്ങളില്‍ അവര്‍ക്കെല്ലാം അവതരിച്ച വഹ്‌യ് വേണമെന്നില്ല. മറിച്ച് അവരെല്ലാം പ്രവാചകന്മാരായിരുന്നു എന്ന് മുഹമ്മദ് നബി വ്യക്തമാക്കിയാല്‍ മതിയാകും. എന്നാല്‍ പ്രവാചകനു ശേഷം ഒരു നബി വരുമ്പോള്‍ അത് ഉറപ്പാക്കാന്‍ ഖുര്‍ആനല്ലാത്ത പുതിയ വഹ്‌യും അതിലൂടെ അവതരിച്ച നിയമങ്ങളും കാണിച്ചുതരികയും വേണം. അതിന് ഖാദിയാനികള്‍ക്കു സാധിച്ചിട്ടില്ല. അവസാനം അവര്‍ക്ക് കിട്ടിയ പുല്‍ക്കൊടിയാണ് വാഗ്ദത്ത മസീഹ് വാദം. കൂടാതെ, മുബാഹലക്കുള്ള (ശാപപ്രാര്‍ഥന) വെല്ലുവിളിയും. ഖാദിയാനികളുടെ മതപ്രബോധനം മീര്‍സ വാഗ്ദത്ത മസീഹാണെന്ന വാദം മാത്രമാണ്. മുഹമ്മദ് നബിയിലൂടെ അവതരിച്ച വാക്കുകളും വചനങ്ങളും വളച്ചൊടിച്ചുകൊണ്ടാണ് ഖാദിയാനിസം വളര്‍ന്നത്.
അറബി ഭാഷ അറിയുന്നവരാരും ഉള്‍ക്കൊള്ളാത്തതും അവര്‍ക്കൊന്നും മനസ്സിലാകാത്തതുമായ ആശയങ്ങളാണ് ഖാദിയാനികള്‍ പറഞ്ഞുനടക്കുന്നത്. ഒരു ഭാഷയില്‍ അതിലെ വാക്കുകള്‍ക്കും പദങ്ങള്‍ക്കും എന്തൊക്കെ അര്‍ഥം നല്‍കാം, നല്‍കിക്കൂടാ എന്ന സാമാന്യ അറിവെങ്കിലും ഉള്ളവര്‍ ഖാദിയാനികളുടെ പിന്നാലെ പോകില്ല.
മീര്‍സാ ഗുലാം അഹ്മദ് ഇത്തരമൊരു വാദഗതി തൊടുത്തുവിടുമ്പോള്‍ അയാള്‍ക്കും അനുയായികള്‍ക്കും പറ്റിയ ഏറ്റവും വലിയ അമളി, അയാള്‍ ജനിച്ചു വളര്‍ന്ന് യുവാവാകും വരെ താന്‍ വാഗ്ദത്ത മസീഹാണെന്നുള്ള ഒരു സൂചന പോലും നല്‍കിയിട്ടില്ലെന്നുള്ളതാണ്. യഥാര്‍ഥ മസീഹ് ഈസാ(അ) തൊട്ടിലില്‍ കിടന്നു സംസാരിച്ചവനും മുഹമ്മദ് നബി അല്‍അമീനായി അവര്‍ക്കിടയില്‍ വളര്‍ന്നവനുമായിരുന്നല്ലോ. യഥാര്‍ഥ മസീഹ് ഈസാ(അ) ഒട്ടേറെ അസാധാരണ സംഭവങ്ങളിലൂടെ തന്റെ പ്രവാചകത്വത്തെ ബോധ്യപ്പെടുത്തിയ വ്യക്തിയാണ്. അത്തരമൊരാളുടെ പുനരാഗമനം സംഭവിക്കുമ്പോള്‍ അതുവഴി ഉണ്ടാവേണ്ട നേട്ടങ്ങളൊന്നും മീര്‍സാ ഗുലാമിന് കാണിക്കാനാവാതെയാണ് അയാള്‍ കാലഗതി പ്രാപിച്ചത്.
മീര്‍സാ ഗുലാം വാഗ്ദത്ത മസീഹാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ, അയാള്‍ മരിച്ചു മണ്ണായിട്ടും ലോകാവസാനം സംഭവിച്ചുവോ? അതെന്നു സംഭവിക്കുമെന്ന് പറയാനും ദജ്ജാലിനെ വധിക്കാനും അയാള്‍ക്ക് സാധിച്ചുവോ? ലോകത്ത് നിയുക്തരായ ലക്ഷക്കണക്കിനു നബിമാരില്‍ ആരെങ്കിലും പ്രതിപുരുഷവാദം ഉന്നയിച്ചുവോ? ഒരിക്കലുമില്ല.
ലോകാവസാനത്തില്‍ വീണ്ടും വരുമെന്ന് മുഹമ്മദ് നബി(സ) പ്രവചിച്ച ഈസാ നബി പോലും പ്രതിപുരുഷ രൂപം പൂണ്ട് വരില്ല. അഥവാ യഥാര്‍ഥ ഈസാ നബിയെ പോലും അംഗീകരിക്കാത്ത ജൂതരുണ്ടോ പ്രതിപുരുഷനെ അംഗീകരിക്കുന്നു! ഈസാ നബി ദൈവമോ ദൈവാംശമോ ദൈവപുത്രനോ ആണെന്ന് വിശ്വസിച്ചു പ്രതിമയുണ്ടാക്കി സ്ഥാപിച്ച് ആരാധിക്കുന്ന ക്രിസ്ത്യാനികള്‍ക്കു മുന്നില്‍ താന്‍ ഈസാ നബിയുടെ പ്രതിപുരുഷനാണെന്ന് പറഞ്ഞു ചെന്നാല്‍ അവര്‍ സ്വീകരിക്കുമോ? ഏതെങ്കിലുമൊരു ക്രിസ്ത്യാനി മീര്‍സായെ വാഗ്ദത്ത മസീഹായി അംഗീകരിച്ചിട്ടുണ്ടോ? എങ്കില്‍ പിന്നെ മുസ്‌ലിംകള്‍ അത് അംഗീകരിക്കണമെന്ന് ശാഠ്യം പിടിക്കുന്നതെന്തിന്?
മുസ്‌ലിംകളെ ബ്രിട്ടീഷുകാര്‍ക്കെതിരിലുള്ള സമരമുഖത്തു നിന്ന് പിന്തിരിപ്പിക്കാനായി ബ്രിട്ടീഷുകാര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു ചിന്തയാണ് ഖാദിയാനീ ആശയം. ബ്രിട്ടീഷുകാരെ അനുകൂലിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് പ്രത്യേകം ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കിയാണ് തങ്ങളുടെ കുതന്ത്രങ്ങള്‍ അവര്‍ പ്രചരിപ്പിച്ചത്. ഇത്തരം ബ്രിട്ടീഷ് അനുകൂലികളില്‍പെട്ട ഒരു കുടുംബമായിരുന്നു മീര്‍സാ ഗുലാമിന്റേത്. മീര്‍സായുടെ പിതാവ് മീര്‍സാ ഗുലാം മുര്‍തള എന്നയാള്‍ 50ഓളം യോദ്ധാക്കളുമായി ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നതിനാല്‍ മീര്‍സായുെട കുടുംബത്തെ ബ്രിട്ടീഷുകാര്‍ പ്രത്യേകം പരിഗണിച്ചിരുന്നു. പിതാവിന്റെ കാലശേഷം മീര്‍സാ ഗുലാം അഹ്മദിന്റെ സംരക്ഷണച്ചുമതല ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.
മീര്‍സാ ഗുലാം അഹ്മദ് പഞ്ചാബിലെ ഖാദിയാനില്‍ 1830-ലാണ് ജനിച്ചത്. 1880 മുതല്‍ 1888 വരെ ഒരു മതപ്രബോധകന്റെ വേഷമായിരുന്നു അയാള്‍ക്ക്. 1889ല്‍ വാഗ്ദത്ത മസീഹ്, മഹ്ദീ വാദവുമായി രംഗത്തുവന്നു. തനിക്ക് ബൈഅത്ത് (ഉടമ്പടി) ചെയ്യാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. 1900ല്‍ പ്രവാചകത്വം വാദിച്ചു. 1901ല്‍ വിശ്വാസത്തില്‍ മാറ്റം വരുത്തി. താന്‍ ആദ്യം പറഞ്ഞതെല്ലാം ദുര്‍ബലമെന്ന് പ്രഖ്യാപിച്ചു. ശേഷം 1904ല്‍ നേരത്തെയുണ്ടായിരുന്ന വാദങ്ങള്‍ക്കൊപ്പം താന്‍ തന്നെയാണ് കൃഷ്ണന്‍ എന്ന് പറഞ്ഞു. അവിവേകം പറയാന്‍ തുടങ്ങിയ ഇയാളെ അനുയായികള്‍ ദൈവിക സ്ഥാനം നല്‍കി പ്രോത്സാഹിപ്പിച്ചു. ഇന്ന് ചിലര്‍ സ്വബോധം നഷ്ടപ്പെട്ടവരെ വലിയ്യായി കണക്കാക്കുന്നതു പോലെയാണിത്.
മീര്‍സ സ്വബോധമില്ലാത്തവനെപ്പോലെ ചിലപ്പോള്‍ മുഹമ്മദ് നബിക്ക് ശേഷം ഒരു നബിയും വരില്ലെന്നും അങ്ങനെ വന്നാല്‍ അവന്‍ കാഫിറാണെന്നും പറയും (ഇസാലത്തുല്‍ ഔഹാം, പേജ് 577, മീര്‍സ). അതായത് താന്‍ തന്നെ കാഫിറാണെന്ന് സ്വയം സമ്മതിക്കുക. മറ്റു ചിലപ്പോള്‍ തന്നെ നബിയായി നിയോഗിച്ചിട്ടുണ്ടെന്നും പറയുമായിരുന്നു. അല്ലാഹു തന്നെ വാഗ്ദത്ത മസീഹ് എന്ന് വിളിച്ചിട്ടുണ്ടെന്നും തനിക്ക് മൂന്നു ലക്ഷത്തോളം ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അയാള്‍ പറയും (ഹഖീഖത്തുല്‍ വഹ്‌യ്, മീര്‍സ, പേജ് 68).
മീര്‍സ പറയുന്നു: എന്റെ പ്രവാചകത്വം സ്ഥാപിക്കാന്‍ വേണ്ടി അല്ലാഹു ഇറക്കിയ ദൃഷ്ടാന്തങ്ങള്‍ ആയിരത്തോളം നബിമാരുടെ പ്രവാചകത്വം സ്ഥാപിക്കാന്‍ മതിയായതാണ്. പക്ഷേ ജനങ്ങളിലെ പിശാചുക്കള്‍ അതൊന്നും സത്യപ്പെടുത്തുന്നില്ല (ഐനുല്‍ മഅ്‌രിഫ, മീര്‍സ, പേജ് 317).
മീര്‍സയുടെ മാത്രം നുബുവ്വത്ത് സ്ഥാപിക്കാന്‍ ഇതൊന്നും മതിയായില്ല. എന്നിട്ടല്ലേ ആയിരം നബിമാര്‍! ഖുര്‍ആന്‍ പോലെയും എനിക്കു മുമ്പ് ഇറങ്ങിയ ഗ്രന്ഥങ്ങള്‍ പോലെയുമാണ് എനിക്ക് വന്നുകിട്ടിയ വഹ്‌യ് (ഹഖീഖത്തുല്‍ വഹ്‌യ്, മീര്‍സ, പേജ് 211). ഇനിയും ഒരായിരം നബിമാര്‍ വരും (അന്‍വാറുല്‍ ഖലീഫ, മീര്‍സാ ബഷീര്‍, പേജ് 62).
മീര്‍സയെയും അയാളുടെ അനുയായികളെയും മുസ്‌ലിംകള്‍ പുറംതള്ളുന്നത് അയാളുടെ വാദഗതികള്‍ മുസ്‌ലിംകള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതുകൊണ്ടാണ്. ഇതാണ് ആ വാദങ്ങള്‍:
(1) നുബുവ്വത്ത് നിലച്ചിട്ടില്ലെന്ന വാദം. (2) ഇസ്‌ലാം അനുവദിച്ച ജിഹാദിനെ ദുര്‍ബലപ്പെടുത്തല്‍. (3) മീര്‍സയെ അംഗീകരിക്കാത്തവരെ കാഫിറാക്കല്‍. (4) ഹജ്ജ് ചെയ്യാന്‍ ഖാദിയാനില്‍ പോയാല്‍ മതി എന്ന വാദം. (5) ബ്രിട്ടീഷുകാര്‍ക്ക് മുസ്‌ലിംകള്‍ സേവനവും അനുസരണവും കാണിക്കണം. (6). അല്ലാഹു മനുഷ്യനെപ്പോലെ തന്നെ നമസ്‌കാരം, നോമ്പ്, ഉറക്കം, ഉണര്‍ച്ച എന്നിവയുള്ളവനാണ്. (7). അവതാരവാദം. (8). മീര്‍സായോട് അല്ലാഹു നീ കൃഷ്ണനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മകനേ നീയാണ് സൂര്യന്‍, നീയാണ് ചന്ദ്രന്‍, നീ എന്നില്‍ നിന്നും ഞാന്‍ നിന്നില്‍ നിന്നുമാണെന്ന് പറഞ്ഞിട്ടുണ്ടെന്നുള്ള വാദം. (9). അല്ലാഹുവിന്റെ വിശേഷണങ്ങള്‍ തനിക്കും ഉണ്ടെന്ന വാദം. (10). ഖാദിയാന്‍ പ്രദേശം മക്ക, മദീന പ്രദേശത്തേക്കാള്‍ ശ്രേഷ്ഠമാണ്. ഖാദിയാന്‍ എന്നാല്‍ ദാറുല്‍ അമാന്‍ (നിര്‍ഭയമായ വീട്) ആണെന്ന വാദം. (11). മദീന പള്ളിയിലെ പച്ചനിറത്തിലുള്ള ഖുബ്ബ ദര്‍ശിച്ചിട്ടുള്ള ബര്‍കത്ത് ഖാദിയാനിലെ വെള്ള നിറമുള്ള ഖുബ്ബ സന്ദര്‍ശിച്ചാലും കിട്ടും. (12). മുസ്‌ലിം, സിഖ്, ഹിന്ദു എന്നിവരില്‍ നിന്ന് ഖാദിയാനികള്‍ക്ക് വിവാഹം ചെയ്യാം; ഖാദിയാനിപ്പെണ്ണിനെ മറ്റുള്ളവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ പാടില്ല.
ഇതെല്ലാം മീര്‍സാ ഗുലാമിന് ലഭിച്ച വഹ്‌യുകളാണത്രെ. മുസ്‌ലിമായ ഒരാള്‍ക്ക് മയ്യിത്ത് നമസ്‌കരിക്കരുതെന്നും മുസ്‌ലിം കുട്ടികള്‍ ജൂത-ക്രിസ്തീയ-ഹിന്ദുക്കളെപ്പോലെയാണെന്നും അയാള്‍ വാദിച്ചിരുന്നു. ഖാത്തമുന്നബിയ്യീന്‍ എന്നതിന് പ്രവാചകരില്‍ ശ്രേഷ്ഠന്‍ എന്ന് അര്‍ഥം നല്‍കിയതിലൂടെയാണയാള്‍ പ്രവാചകത്വവാദത്തിന് തുടക്കമിട്ടത്. ഖുര്‍ആന്‍ അവതീര്‍ണമാകുന്ന കാലത്തും മീര്‍സ വരുന്നതുവരെയുള്ള കാലഘട്ടങ്ങളിലും ജീവിച്ച അറബി സാഹിത്യകാരന്മാരൊന്നും പറയാത്ത ഒരാശയമാണത്.
മീര്‍സ കൃഷ്ണനാണെന്നു പറഞ്ഞത് ഹിന്ദുക്കള്‍ അംഗീകരിച്ചില്ല. മീര്‍സ വാഗ്ദത്ത മസീഹാണ് എന്നു പറഞ്ഞത് ക്രിസ്ത്യാനികളും അംഗീകരിക്കുന്നില്ല. മീര്‍സ ബുദ്ധനാണെന്നത് ബുദ്ധമതക്കാരും അംഗീകരിക്കുന്നില്ല. മീര്‍സക്ക് വാഗ്ദത്ത മസീഹായി പ്രത്യക്ഷപ്പെടണമെങ്കില്‍ ഈസാ(അ) മരിച്ചിരിക്കണം. അതുകൊണ്ടാണ് ഈസാ മരിച്ചിട്ടുണ്ടെന്നും താന്‍ വാഗ്ദത്ത മസീഹിന്റെ പ്രതിപുരുഷനായിട്ടാണ് വന്നതെന്നും അയാള്‍ പറയുന്നത്.
മീര്‍സ ജനിച്ചു, ജീവിച്ചു, പ്രവാചകത്വം വാദിച്ചു, വാഗ്ദത്ത മസീഹാണെന്ന് പറഞ്ഞു. വാഗ്ദത്ത മസീഹ് നിര്‍വഹിക്കേണ്ടിയിരുന്നതൊന്നും പൂര്‍ത്തിയാക്കാതെ കോളറ ബാധിച്ച് മരണപ്പെട്ടു. ലോകാവസാനം സംഭവിച്ചില്ല. ദജ്ജാല്‍ വധിക്കപ്പെട്ടില്ല. എന്നിട്ടും ഇപ്പോഴും മീര്‍സ വാഗ്ദത്ത മസീഹാണെന്ന് പറഞ്ഞു നടക്കുന്നവന്റെ തൊലിക്കട്ടി അപാരം തന്നെ. മീര്‍സയുടെ കൈയില്‍ മുസ്‌ലിംകളെ വെട്ടിനുറുക്കാന്‍ ബ്രിട്ടീഷുകാര്‍ നല്‍കിയ മഴുവാണ് അയാളുടെ നുബുവ്വത്ത് വാദം.
ഖാദിയാനികളോട് ‘മീര്‍സക്ക് പഞ്ചാബി ഭാഷയിലല്ലല്ലോ വഹ്‌യുണ്ടായത്’ എന്നു പറഞ്ഞാല്‍ അവര്‍ പറയുക ‘ഒരു പ്രവാചകന്റെ കാലത്ത് അന്നുള്ള ജനങ്ങള്‍ സംസാരിക്കുന്ന ഏത് ഭാഷയിലും വഹ്‌യുണ്ടാകു’മെന്നാണ്. അതിലൊന്നും പ്രശ്‌നമില്ലത്രേ. ഇത്തരമൊരവസ്ഥ മീര്‍സക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂ. അഥവാ ഭാഷമാറ്റം. മറ്റൊരു അത്ഭുതമുള്ളത് ഈസാ നബിക്ക് ഇംഗ്ലീഷും പഞ്ചാബി ഭാഷയും അറിയില്ല. പ്രതിപുരുഷനായി വരുന്ന മീര്‍സക്ക് ഈസാ നബിയുടെ ഭാഷയും അറിയില്ല. ബൈബിള്‍ പാരായണം ചെയ്യുകയോ അത് വ്യാഖ്യാനിക്കുകയോ അതിന്റെ ഭാഷ പോലും അറിയുകയോ ചെയ്യാത്ത ഒരു പ്രതിപുരുഷന്‍!