15 Monday
April 2024
2024 April 15
1445 Chawwâl 6

കുടുംബത്തില്‍ പുരുഷാധിപത്യമോ?

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


ആധിപത്യം എന്ന പദപ്രയോഗത്തിന് നല്‍കുന്ന വിശേഷണങ്ങള്‍ വിവാദമാകുന്നത് പുരുഷാധിപത്യം എന്ന് കേള്‍ക്കുമ്പോഴാണ്. അതും ഇസ്‌ലാമിക നിയമ സംവിധാനത്തില്‍ രൂപപ്പെടുത്തുന്ന മുസ്ലിം കുടുംബത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍. ഈ പദപ്രയോഗത്തിനുള്ള അര്‍ഥ കല്‍പനയെക്കാള്‍ പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കുന്ന കുടുംബ സംവിധാനങ്ങള്‍ ലോകത്തുണ്ട്. ഇസ്‌ലാമാകട്ടെ, കുടുംബത്തിന്റെ സുരക്ഷിതത്വം, പരിപാലനം, കാര്യനിര്‍വഹണം തുടങ്ങിയ മേഖലകള്‍ അപകടരഹിതമായി മുന്നോട്ട് പോകാനുള്ള സംവിധാനമാണ് കുടുംബ ഘടനക്ക് നല്‍കിയിരിക്കുന്നത്. പുരുഷന് അതില്‍ കൂടുതല്‍ പങ്കാളിത്തമുണ്ട് എന്ന് മാത്രം.
ആണിനെയും പെണ്ണിനെയും വ്യത്യസ്ത പ്രകൃതത്തിലാണ് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. ശാരീരിക മാനസിക ജൈവ പ്രവര്‍ത്തനങ്ങളില്‍ ഒരുപോലെ ഈ വൈവിധ്യം നിലനില്‍ക്കുന്നു. രക്തത്തില്‍ പോലും വിവിധ ഘടകങ്ങളുടെ സാന്നിധ്യവും ആവശ്യകതയും അനുപാതവും രണ്ടു പേരിലും വ്യത്യസ്തമാണ്. അതുമായി ബന്ധപ്പെട്ട സൂക്ഷ്മജ്ഞാനം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. ”സൃഷ്ടിച്ചവനല്ലേ എല്ലാം അറിയുന്നവന്‍” (വി.ഖു 67:14) എന്ന ദൈവിക വചനം ഇവിടെ ശ്രദ്ധേയമാണ്.
ഈ തലത്തില്‍ നിന്നാണ് മതം രണ്ട് പേര്‍ക്കും നിശ്ചയിച്ചിരിക്കുന്ന ഉത്തരവാദിത്വ ബാധ്യതകളെ വിലയിരുത്തേണ്ടത്. മനശ്ശക്തി, ധൈര്യം, നിര്‍വഹണ ശേഷി, ഔചിത്യബോധം തുടങ്ങിയവയില്‍ പുരുഷനാണ് മുന്നിട്ട് നില്‍ക്കുന്നത്. അതിന് അനുസൃതമായ ശാരീരിക, മാനസിക ഘടനയാണ് അല്ലാഹു അവന് നല്‍കിയിരിക്കുന്നത്. സ്‌നേഹം, ആര്‍ദ്രത, സഹനശീലം, സമര്‍പ്പണ ബോധം എന്നിവയില്‍ സ്ത്രീയാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ട് പേരുടെയും ഗുണശീലങ്ങളുടെ മികവിലാണ് ഫാമിലി മാനേജ്‌മെന്റ് അന്യൂനമായി നടക്കുന്നത്. ആ നിലക്ക് ചിന്തിക്കുമ്പോള്‍ പുരുഷന്‍ നിര്‍വഹിക്കുന്ന ദൗത്യം പുരുഷാധിപത്യമായി വ്യാഖ്യാനിക്കേണ്ടതില്ല. സ്ത്രീയുടെ പ്രവര്‍ത്തന പരിമിതി പരിഗണിക്കുന്നത്, ലിംഗ വിവേചനമോ അടിച്ചമര്‍ത്തലോ ആകുന്നുമില്ല.
സൗജിയ്യത്ത്
ആധിപത്യം, അടിച്ചമര്‍ത്തല്‍ എന്നീ സൗഹൃദരഹിത അര്‍ഥകല്‍പനകളെക്കാള്‍ സ്ത്രീ-പുരുഷ പാരസ്പര്യമാണ് കുടുംബ നിര്‍മിതിക്ക് ആവശ്യം. ഇതിന്റെ ഖുര്‍ആന്‍ ആവിഷ്‌ക്കാരം ഇണകള്‍ (സൗജ്) എന്നാണ്. സ്ത്രീ പുരുഷന്നും പുരുഷന്‍ സ്ത്രീക്കും ഇണയും തുണയുമാണ്. മരണാനന്തര ജീവിതത്തിലും ഈ സൗജിയത്ത് നിലനില്‍ക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. കുടുംബത്തില്‍ ഒരാള്‍ മാത്രം മേധാവിയും രണ്ടാമന്‍ കീഴാളനുമാകുന്ന അര്‍ഥതലം മതം നല്‍കുന്നില്ല. ദമ്പതിമാര്‍ക്കിടയില്‍ വാക്കിലും പ്രവര്‍ത്തനത്തിലും പെരുമാറ്റത്തിലും ഉണ്ടായേക്കാവുന്ന അത്തരം മനോഭാവത്തെ നബി(സ)യും ഗൗരവത്തോടെയാണ് കാണുന്നത്. മനുഷ്യന് അല്ലാഹു ഏര്‍പ്പെടുത്തിയ ഇണ വ്യവസ്ഥക്ക് സമാനമായ സൃഷ്ടിസംവിധാനം തന്നെയാണ് മനുഷ്യേതര ജീവജാലങ്ങളിലും നിലനില്‍ക്കുന്നത്. ”എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു” (വി.ഖു 51:49) എന്ന വചനം ഇതാണ് വ്യക്തമാക്കുന്നത്.

സ്‌നേഹ കാരുണ്യബന്ധം
ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ പാരസ്പര്യം നിലനില്‍ക്കുന്നത് രണ്ട് ഘടകങ്ങളിലാണ്. സ്‌നേഹ, കാരുണ്യ ബോധമാണത്. ഖുര്‍ആന്‍ അത് പരിചയപ്പെടുത്തുന്നത് മവദ്ദത്ത്, റഹ്മത്ത് എന്നീ പ്രയോഗങ്ങളിലാണ് (30:21). ഇതിന് പകരംവെക്കാന്‍ പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ല. സമാധാനപൂര്‍ണമായ ജീവിതത്തിലേക്ക് വഴിയൊരുക്കുന്ന ഘടകങ്ങളാണിവ. കാരുണ്യ ചിന്ത എല്ലാവരിലുമുണ്ട്. സ്‌നേഹവും പങ്ക് വെക്കാറുണ്ട്. എന്നാല്‍ സ്‌നേഹ കാരുണ്യ വികാരങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്ന ഏകരംഗം ഇസ്‌ലാം നിര്‍മിച്ചിരിക്കുന്ന ദാമ്പത്യത്തില്‍ മാത്രമാണ്. ഈ വികാരങ്ങളുടെ ഊഷ്മളതയില്‍ മേധാവിത്വം സഹാനുഭൂതിയായി മാറുന്നു. മറ്റു ബാധ്യതകളും എളുപ്പമായിത്തീരുന്നു. സ്ത്രീക്ക് സുരക്ഷിതത്വ ബോധവും സനാഥത്വവും ലഭിക്കുന്നതും അപ്പോള്‍ മാത്രമായിരിക്കും.
പുരുഷന്റെ പ്രവര്‍ത്തന തലങ്ങള്‍
ഏതൊരു വിഷയത്തെയും വിലയിരുത്തേണ്ടത് അതിന് നിശ്ചയിച്ച രീതിശാസ്ത്രത്തിനകത്ത് നിന്ന് കൊണ്ടായിരിക്കണം. ഇസ്‌ലാം നിശ്ചയിക്കുന്ന മൗലിക തത്വങ്ങള്‍ മനസ്സിലാക്കാതെ മുസ്‌ലിം കുടുംബത്തെ പഠിക്കുന്നത് വസ്തുനിഷ്ഠമായിരിക്കുകയില്ല. ധര്‍മചിന്ത, മൂല്യബോധം, സാമൂഹ്യക്ഷേമം എന്നിവയാണ് ഈ രംഗത്ത് മതം കാണുന്ന മൗലിക തത്വങ്ങള്‍. മതത്തിന്റെ സ്വാധീന വലയത്തില്‍ നിന്ന് ജനങ്ങളെ പുറത്തെടുക്കുകയെന്നതാണ് ദൈവ നിഷേധികളുടെ മുഖ്യ അജണ്ട. അതാവട്ടെ കൂടുതല്‍ അരാജകത്വവും സംഘര്‍ഷവും മാത്രമേ സൃഷ്ടിക്കുകയുള്ളൂ. മാര്‍ക്‌സിസം ഉള്‍പ്പെടെ ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ സ്വീകരിച്ചതിനേക്കാള്‍ പ്രായോഗികവും ഭദ്രവുമാണ് അല്ലാഹു ഏര്‍പ്പെടുത്തിയ കുടുംബ സംവിധാനം.
സ്ത്രീയെ പുരുഷ സഹായിയാക്കിയതും അവന്റെ താല്‍പര്യങ്ങളില്‍ ജീവിക്കേണ്ടവളാണെന്ന് വരുത്തിയതും മതത്തെ കൂട്ടുപിടിച്ചു കൊണ്ടുള്ള പുരുഷ മേധാവിത്വമാണെന്നാണ് മൂലധന സാമൂഹ്യശാസ്ത്രം പറയുന്നത്. ഇതില്‍ നിന്നുള്ള മോചനത്തിന് നിര്‍ദേശിക്കുന്ന പരിഹാരങ്ങളാകട്ടെ, സ്ത്രീയെ അനാഥത്വത്തിന്റെ പെരുവഴിയിലെത്തിക്കുകയാണ് ചെയ്യുന്നത്. സ്ത്രീവാദ പക്ഷത്തുള്ളവരും കുടുംബത്തിലെ പുരുഷ സാന്നിധ്യത്തെ അപലപിക്കുന്നു. പുരുഷനെ മതം ഏല്‍പിച്ചിരിക്കുന്ന ബാധ്യതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരം ജല്‍പനങ്ങള്‍ നടത്തുന്നത്. ”പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ അല്ലാഹു കഴിവ് നല്‍കിയത് കൊണ്ടും, അവരാണ് ധനം ചിലവഴിക്കേണ്ടത് എന്നത് കൊണ്ടുമാണ് ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നത്” (4:34). പുരുഷാധിപത്യ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായി ഖുര്‍ആന്‍ നല്‍കുന്ന മറുപടിയാണിത്.

ഫാമിലി മാനേജ്‌മെന്റിന് ആവശ്യമായ രണ്ട് യോഗ്യതകളാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. ഇതിന് വീട്ടിനകത്തുള്ളതിനെക്കാള്‍, പുരുഷന്റെ സമയവും അധ്വാനവും വേണ്ടത് പുറത്താണ്. ഈ രംഗത്ത് സ്ത്രീയുടെ പരിമിതി ആര്‍ക്കും ബോധ്യപ്പെടുന്നതേയുള്ളൂ. തൊഴിലിടങ്ങളില്‍ സ്ത്രീ പുരുഷ സമത്വത്തിന് വാദിക്കുന്നവര്‍ പോലും കാര്യത്തോട് അടുക്കുമ്പോള്‍ ഈ പരിമിതി കണ്ടറിയാറുണ്ട്. മനുഷ്യ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന മതം അക്കാര്യം നേരത്തെ തന്നെ പറഞ്ഞുവെന്നേയുള്ളൂ. മറു ഭാഗത്ത് സ്ത്രീ നിര്‍വഹിച്ചിരിക്കേണ്ട ബാധ്യതയും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മതവീക്ഷണത്തില്‍ സ്വതന്ത്ര സ്വത്വമുള്ളവളാണ് സ്ത്രീ. സ്ത്രീത്വം പവിത്രമാണ്. ഈ പവിത്രത സൂക്ഷിക്കാന്‍ കഴിയുന്ന തലങ്ങളിലാണ് അവളുടെ പ്രവര്‍ത്തനങ്ങളെ മതം നിശ്ചയിച്ചിരിക്കുന്നത്. സമൂഹത്തില്‍ അവള്‍ ഒരിടത്തും വിവേചനത്തിനും അനീതിക്കും ഇരയാവാതിരിക്കാന്‍ അത് ആവശ്യവുമാണ്.
”പുരുഷന്‍ തന്റെ വീട്ടിലെ ചുമതലക്കാരനാണ്, തന്റെ ആശ്രിതരെപ്പറ്റി അവനോട് ചോദിക്കപ്പെടും” (ബുഖാരി) എന്ന നബിവചനം ഇവിടെ ശ്രദ്ധേയമാണ്. സാമ്പത്തിക ഉത്തരവാദിത്വത്തേക്കാള്‍ ഭാരിച്ച ബാധ്യതകളാണ് അവനുള്ളത്. അതില്‍ പ്രധാനം മക്കളുടെ തര്‍ബിയത്ത് തന്നെയാണ്. മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ ഇടപെടല്‍ അനിവാര്യമാണ്. അതില്‍ നേതൃപരമായ പങ്ക് പുരുഷന് തന്നെ. ‘മക്കള്‍ക്ക്, സ്വല്‍സഭാവത്തെക്കാള്‍ ഉല്‍കൃഷ്ടമായ ഒരു ഉപഹാരം ഒരു പിതാവിനും നല്‍കാനില്ല” (തിര്‍മുദി) എന്ന ഹദീസ് തര്‍ബിയത്തിലെ പിതൃസാന്നിധ്യം അടയാളപ്പെടുത്തുന്നു.
പുരുഷന്റെ കുടുംബ ചുമതല സൂചിപ്പിക്കാന്‍ ഹദീസില്‍ ഉപയോഗിച്ചത് റാഇ എന്ന പദമാണ്. ആട്ടിടയന്‍ എന്നാണതിന്റെ ബാഹ്യാര്‍ഥം. ആടുകളുടെ സുരക്ഷിതത്വം പൂര്‍ണമായും നിക്ഷിപ്തമായിരിക്കുന്നത് ഇടയന്റെ കൈകളിലാണ്. കണ്ണും കാതും ഖല്‍ബും ഒരുപോലെ ജാഗ്രതയോടെ ഉണര്‍ന്നിരുന്നാല്‍ മാത്രമേ അവയ്ക്ക് സുരക്ഷിതത്വം ലഭിക്കുകയുള്ളൂ. സമാനമായ ജാഗ്രതാബോധമാണ് കുടുംബ രൂപീകരണത്തില്‍ പുരുഷന് മതം നിശ്ചയിച്ചിരിക്കുന്നത്. കുടുംബം തകരാനിടയാകുന്ന ഒട്ടുമിക്ക സന്ദര്‍ഭങ്ങളെയും പരിശോധിച്ചാല്‍ പുരുഷന്റെ അലംഭാവവും തര്‍ബിയത്തിലെ പരാജയവും കാണാന്‍ കഴിയും.
”അവരില്‍ നിന്ന് ശിക്ഷണം മാറ്റി നിര്‍ത്തരുത്, അവരില്‍ ദൈവഭയം ഉണ്ടാക്കുക” (അഹ്മദ്) എന്ന നബിവചനം പുരുഷന്‍ തര്‍ബിയത്തില്‍ സ്വീകരിക്കേണ്ട ജഗ്രതാബോധം ആവര്‍ത്തിക്കുന്നു. ബാധ്യതാ നിര്‍വഹണത്തില്‍ ഖുര്‍ആന്‍ പറഞ്ഞ സ്‌നേഹ കാരുണ്യ മനോഭാവം തന്നെയാണ് പുരുഷന്റെ കുടുംബ സാരഥ്യത്തിന്റെ തിളക്കം കൂട്ടുന്നത്. ഭാര്യയുടെ സ്ത്രീസഹജ ന്യൂനതകളെ ഇതിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. ”അവളില്‍ എന്തെങ്കിലും ഇഷ്ടക്കേട് നിങ്ങള്‍ക്ക് തോന്നിയേക്കാം, എന്നാലും മറുഭാഗത്ത് നിങ്ങളെ സന്തോഷിപ്പിക്കുന്ന നിരവധി ഗുണങ്ങളും അവളിലുണ്ട്” (മുസ്ലിം) എന്ന നബിവചനം സ്‌നേഹാധിഷ്ടിത പെരുമാറ്റത്തിന്റെ മനശ്ശാസ്ത്ര വശത്തിനാണ് ഊന്നല്‍ നല്‍കുന്നത്. സ്‌നേഹരാഹിത്യം മനസ്സിനെ വരണ്ടതാക്കും. അപ്പോള്‍ ഉണ്ടാകുന്ന കടുംപിടുത്ത അടിച്ചമര്‍ത്തല്‍ ഭാവമാണ് വെറുക്കപ്പെട്ട പുരുഷ മേധാവിത്വത്തിന് കാരണമാകുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x