28 Thursday
March 2024
2024 March 28
1445 Ramadân 18

പ്രവാചകത്വത്തിന്റെ അനിവാര്യത മുന്‍വേദങ്ങളില്‍

മുഹമ്മദ് എല്‍ഷിനാവി വിവ. റാഫിദ് ചെറവന്നൂര്‍


ആറാം നൂറ്റാണ്ടിലെ ആകുലമായ മനുഷ്യാവസ്ഥ മാത്രമല്ലായിരുന്നു പ്രവാചകത്വത്തെ അനിവാര്യമാക്കിയ ഘടകം. ഒരു വാഗ്ദത്ത പ്രവാചകനെക്കുറിച്ചുള്ള മുന്‍വേദ പരാമര്‍ശങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ആ പ്രവാചകനെ കാത്തിരിക്കുന്ന കുറേ മനുഷ്യരും അവിടെയുണ്ടായിരുന്നു. അല്ലാഹു ഖുര്‍ആനെയും ആ ഖുര്‍ആനെ നമ്മിലേക്ക് എത്തിച്ച പ്രവാചകനെയും കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ”ഇസ്രാഈല്‍ സന്തതികളിലെ പണ്ഡിതന്മാര്‍ക്ക് അത് അറിയാമെന്ന കാര്യം (അവിശ്വാസികള്‍ക്ക്) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ?” (26:197).
മുഹമ്മദ് നബിയുടെ സമകാലികരായിരുന്ന പലര്‍ക്കും വ്യക്തിവൈരാഗ്യവും മുന്‍ധാരണകളും സത്യവിശ്വാസം പുല്‍കുന്നതിന് വിലങ്ങുതടിയായി എങ്കിലും ബൈബിളില്‍ അവഗാഹമുണ്ടായിരുന്ന പണ്ഡിതര്‍ വിശ്വസിക്കാന്‍ മടി കാണിച്ചില്ല. എന്നാല്‍ ബഹുദൈവ വിശ്വാസികളായ ആ സമയത്തെ അറബികളാകട്ടെ നിരക്ഷരരും ഏകീകൃതമായ ഒരു വിശ്വാസസംഹിത ഇല്ലാത്തവരും അതിനാല്‍ തന്നെ ജൂതന്മാരെ തങ്ങളേക്കാള്‍ ഉന്നതരായി ഗണിച്ചിരുന്നവരുമായിരുന്നു. ഈ സാഹചര്യത്തില്‍ ഒരു വാഗ്ദത്ത പ്രവാചകന് പ്രാധാന്യമേറുന്നുണ്ടല്ലോ.
മുന്‍കാല വേദഗ്രന്ഥങ്ങള്‍ ഒട്ടനേകം മാറ്റത്തിരുത്തലുകള്‍ക്കു വിധേയമായിട്ടു പോലും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു തെളിവായി നില്‍ക്കുന്ന ഒരുപാട് വചനങ്ങള്‍ കാണാനാവും. ചില ഉദാഹരണങ്ങള്‍ നോക്കാം: ”നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പിച്ച് എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും” (ആവര്‍ത്തന പുസ്തകം 18:18).
ഈ വചനത്തില്‍ ദൈവം ഇസ്രായേല്യരിലേക്ക് മറ്റൊരു പ്രവാചകനെ അയക്കുമെന്നും ആ പ്രവാചകന്‍ അവരുടെ സഹോദരന്മാര്‍ക്കിടയില്‍ നിന്നുതന്നെയായിരിക്കുമെന്നും പറയുന്നു. ഈ വചനത്തിന്റെ പരിഭാഷയില്‍ കിങ് ജയിംസ് ബൈബിളും ന്യൂ ഇന്റര്‍നാഷനല്‍ ബൈബിളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. കിങ് ജയിംസ് ബൈബിളില്‍ നിന്ന് വ്യത്യസ്തമായി ‘ഇസ്രായേല്യരുടെ ഇടയില്‍ നിന്നുതന്നെയുള്ള സഹോദരന്‍’ എന്നാണ് പുതിയ പ്രവാചകനെക്കുറിച്ച് ന്യൂ ഇന്റര്‍നാഷനല്‍ ബൈബിള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബൈബിള്‍ തന്നെ ഇസ്രായേല്യര്‍ അല്ലാത്തവരെക്കുറിച്ചും ‘അവരുടെ സഹോദരന്മാര്‍’ എന്നു പ്രയോഗിച്ചിട്ടുണ്ട്.
ഒരു ഉദാഹരണമെടുത്താല്‍ ആവര്‍ത്തന പുസ്തകം രണ്ടാം അധ്യായം നാലാം വചനത്തില്‍ ദൈവം പറയുന്നു: ”ജനത്തോടു കല്‍പിക്കുക: സെയിറില്‍ താമസിക്കുന്ന ഏസാവിന്റെ മക്കളായ നിങ്ങളുടെ സഹോദരരുടെ അതിര്‍ത്തിയിലൂടെ നിങ്ങള്‍ കടന്നുപോകാന്‍ തുടങ്ങുകയാണ്. അവര്‍ക്കു നിങ്ങളെ ഭയമായിരിക്കും. എങ്കിലും നിങ്ങള്‍ വളരെ ജാഗരൂകരായിരിക്കണം. അവരുമായി കലഹിക്കരുത്.”
ഈ വചനം ഉദ്ധരിച്ച് ചില ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ നേരത്തെ പറഞ്ഞ വചനത്തില്‍ ഉദ്ദേശിക്കുന്നത് ഇസ്രായേല്യരല്ലാത്ത ഒരു പ്രവാചകനെക്കുറിച്ചാവാം എന്നു സൂചിപ്പിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇസ്രാഈല്യരുടെ സഹോദരന്‍ എന്ന രീതിയില്‍ എഡൊമൈറ്റുകളെയും ഇശ്മയേലൈറ്റുകളെയും പരിഗണിക്കാം. മാത്രവുമല്ല, ഈ പ്രവചനത്തെ ഇസ്രായേല്യരിലേക്ക് ചുരുക്കി വായിക്കുന്നത് ഈ പ്രവചനം പുലര്‍ന്നില്ല എന്നു പറയുന്നതിനു തുല്യമാണുതാനും. ബൈബിള്‍ തന്നെ ഇസ്രായേല്യരില്‍ നിന്ന് മറ്റൊരു പ്രവാചകന്‍ വന്നിട്ടില്ല എന്നു വ്യക്തമാക്കുന്നു: ”കര്‍ത്താവ് മുഖാഭിമുഖം സംസാരിച്ച മോശെയെപ്പോലെ മറ്റൊരു പ്രവാചകന്‍ പിന്നീട് ഇസ്രായേലില്‍ ഉണ്ടായിട്ടില്ല” (ആവര്‍ത്തന പുസ്തകം 34:10).
ആവര്‍ത്തന പുസ്തകം 18ാം അധ്യായം 18ാം വചനത്തില്‍ വാഗ്ദത്ത പ്രവാചകനു മൂസാ നബിയുമായുള്ള സാദൃശ്യത്തെക്കുറിച്ചു വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈസാ നബിയില്‍ നിന്ന് വ്യത്യസ്തരായി മുഹമ്മദ് നബി(സ)യും മൂസാ നബി(അ)യും പിതാവിലും മാതാവിലുമായി ജനിച്ച പ്രവാചകനായിരുന്നു. മുഹമ്മദ് നബി(സ)യും മൂസാ നബി (അ)യും വിവാഹിതരായിരുന്നു, മക്കള്‍ ഉണ്ടായിരുന്നു, നിരന്തരമായ പീഡനങ്ങള്‍ക്കൊടുവില്‍ സ്വദേശം വിട്ട് പോകാന്‍ നിര്‍ബന്ധിതരായ പ്രവാചകന്മാരും ആയിരുന്നു. രണ്ടു പേരും സ്വദേശത്തേക്ക് മടങ്ങിവരുകയും അക്രമികളില്‍ നിന്ന് സ്വജനതയെ വിമോചിപ്പിക്കുകയും ചെയ്തു. രണ്ടുപേരും സ്വാഭാവിക മരണത്തിനു വിധേയരായ പ്രവാചകന്മാരുമാണ്. അബ്രഹാമിക പ്രവാചക പരമ്പരയില്‍ ഇത്രയേറെ പരസ്പര സാമ്യതകളുള്ള മറ്റു രണ്ടു പ്രവാചകന്മാരില്ല.
ആവര്‍ത്തന പുസ്തകം 18ാം അധ്യായം 17ാം വചനം വാഗ്ദത്ത പ്രവാചകനെ കുറിച്ച് കൂടുതല്‍ വിവരിക്കുന്നുണ്ട്. ദൈവം പറഞ്ഞതു മാത്രം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ഉപാധിയായി ആ പ്രവാചകന്‍ സ്വയം വര്‍ത്തിക്കുമെന്ന് ബൈബിള്‍ പറയുന്നു. ഒരു ഖുര്‍ആനിക വചനം പോലും സ്വന്തം പേരില്‍ രേഖപ്പെടുത്തപ്പെടരുതെന്ന കണിശത മുഹമ്മദ് നബി(സ) പുലര്‍ത്തിയിരുന്നതായി കാണാം. ”നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണേ സത്യം. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല, ദുര്‍മാര്‍ഗിയായിട്ടുമില്ല, അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിനു ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉദ്‌ബോധനം മാത്രമാകുന്നു” (53:14).
സ്‌നാപക യോഹന്നാനും
വാഗ്ദത്ത പ്രവാചകനും

”നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യഹൂദന്മാര്‍ യെരൂശലേമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍: അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു; ഞാന്‍ ക്രിസ്തുവല്ല എന്നു ഏറ്റുപറഞ്ഞു. പിന്നെ എന്ത്? നീ ഏലിയാവോ എന്നു അവനോടു ചോദിച്ചതിന്ന് അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്ന് അല്ല എന്ന് അവന്‍ ഉത്തരം പറഞ്ഞു” (John 1:19-21 – Open Bible in Indian Languages).
ഇവിടെ സ്‌നാപക യോഹന്നാനോട് ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് ‘നീ ആ പ്രവാചകനാണോ’ എന്നാണ്. ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത് യേശുക്രിസ്തുവിന്റെ വരവിനു ശേഷവും ചില ജൂതന്മാര്‍ ഒരു പ്രത്യേക പ്രവാചകന്റെ വരവിനായി കാത്തിരുന്നിരുന്നു എന്നാണ്. യേശുവും ഏലിയാവും അല്ലാത്ത എന്നാല്‍ അവര്‍ ആവേശത്തോടെ കാത്തിരുന്ന പ്രത്യേക പ്രവാചകന്‍ ആരായിരുന്നു? തീര്‍ച്ചയായും അത് മുഹമ്മദ് നബിയാണ്. മനുഷ്യവംശത്തിനുള്ള സ്രഷ്ടാവിന്റെ സന്ദേശത്തിന്റെ പൂര്‍ണിമയായി അവതരിച്ച അന്ത്യപ്രവാചകന്‍! അല്ലാഹു ഖുര്‍ആനില്‍ പറയുന്നു: ”നാം വേദം നല്‍കിയിട്ടുള്ളവര്‍ക്ക് സ്വന്തം മക്കളെ അറിയാവുന്നതുപോലെ അദ്ദേഹത്തെ (റസൂലിനെ) അറിയാവുന്നതാണ്. തീര്‍ച്ചയായും അവരില്‍ ഒരു വിഭാഗം അറിഞ്ഞുകൊണ്ടുതന്നെ സത്യം മറച്ചുവെക്കുകയായിരുന്നു” (2:146).
കേദാര്‍ പാര്‍ക്കുന്നിടത്തെ ദൈവദാസന്‍
”ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വ്രതന്‍; ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും. അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയുമില്ല. ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയില്‍ ന്യായം സ്ഥാപിക്കും വരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിനായി ദ്വീപുകള്‍ കാത്തിരിക്കുന്നു” (Isaiah 42:1-4).
സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതിലുള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്ന് അവനു സ്തുതിയും പാടുവിന്‍. മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള്‍ ഘോഷിച്ചുല്ലസിക്കയും മലമുകളില്‍ നിന്ന് ആര്‍ക്കുകയും ചെയ്യട്ടെ” (Isaiah 42:10-11).
യെശയ്യാവ് 42ാം അധ്യായത്തിലെ ദൈവദാസനെ കുറിച്ചുള്ള പ്രവചനം പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് തീര്‍ത്തും അനുയോജ്യമാണ്. ദൈവദാസന്‍ എന്ന പ്രയോഗം ഖുര്‍ആനില്‍ മുഹമ്മദ് നബിയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മുഹമ്മദ് നബി ജീവിച്ച അറേബ്യയാവട്ടെ കേദാറുകാരുടെ നാടാണുതാനും. ബൈബിള്‍ പറയുന്നത് കേദാര്‍ ഇസ്മാഈല്‍ നബിയുടെ മകനായിരുന്നു എന്നാണ്. മുഹമ്മദ് നബിക്ക് കീഴിലാണ് ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയായ അറബികള്‍ ഒരുമിച്ച് ഒരു ദേശമായി മാറിയത്. ഇത് ഇബ്‌റാഹീം നബിക്ക് അല്ലാഹു നല്‍കിയ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ്. അങ്ങനെ യശയ്യാ 42-ാം അധ്യായം 4ാം വചനത്തില്‍ പറയുന്നപോലെ അവര്‍ ദൈവികമായ നീതി പുലര്‍ത്തുന്ന ഒരു ദേശമായി മാറുകയും ചെയ്തു.
എന്നാല്‍ ഈസാ നബി ഈ വചനത്തില്‍ പറയുന്ന വാഗ്ദത്ത പ്രവാചകനെക്കുറിച്ച വിവരണവുമായി യോജിക്കുന്നില്ല. കാരണം അദ്ദേഹം ഒരു രാഷ്ട്രീയ സംവിധാനമോ നിയമവ്യവസ്ഥയോ സ്ഥാപിച്ചതായി ചരിത്രത്തില്‍ കാണാന്‍ സാധിക്കില്ല. സമാനമായ കാരണം കൊണ്ടുതന്നെ ഈ വചനത്തില്‍ പറയുന്ന വാഗ്ദത്ത പ്രവാചകന്‍ മൂസാ നബിയുമല്ല. ബൈബിള്‍ പറയുന്നത് അനുസരിച്ച് 40 വര്‍ഷത്തെ മരുഭൂവാസത്തിനു ശേഷം വാഗ്ദത്ത ഭൂമിക്ക് പുറത്തു നെബോ പര്‍വതത്തിനരികിലാണ് അദ്ദേഹം മരണമടയുന്നത്. അതുപോലെത്തന്നെ യെശയ്യാ അധ്യായം 42:17 വചനം പറയുന്ന ”കേദാര്‍ നിവാസികള്‍ക്കിടയില്‍ വിഗ്രഹാരാധന നിരോധിക്കും” എന്ന പ്രവചനവും മൂസാ നബിയുമായി യോജിക്കുന്നില്ല. എന്നാല്‍ മുഹമ്മദ് നബിയുമായി തീര്‍ത്തും യോജിക്കുന്നുണ്ട് താനും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x