3 Saturday
December 2022
2022 December 3
1444 Joumada I 9

പ്രവാചകത്വം ചരിത്രപരമായ ഒരു തേട്ടം

മുഹമ്മദ് എല്‍ഷിനാവി/ വിവ. റാഫിദ് ചെറവന്നൂര്‍


പ്രവാചകന്‍ മുഹമ്മദ് നബി(സ) ഒരിക്കല്‍ പറയുകയുണ്ടായി: ”തീര്‍ച്ചയായും അല്ലാഹു മാലോകരെ മുഴുവന്‍ നോക്കുകയും അറബികളെയും അനറബികളെയും കുറിച്ച് ഒരുപോലെ അതൃപ്തനാവുകയും ചെയ്തു, അഹ്‌ലുകിതാബില്‍ നിന്നുള്ള കുറച്ചു പേരെക്കുറിച്ചൊഴികെ. എന്നിട്ട് അല്ലാഹു പറഞ്ഞു: ”ഞാന്‍ താങ്കളെ (മുഹമ്മദ് നബി) അയച്ചിട്ടുള്ളത് താങ്കളെ പരീക്ഷിക്കാനും താങ്കളിലൂടെ മറ്റുള്ളവരെ പരീക്ഷിക്കാനായുമാണ്. ഒരു കുത്തൊഴുക്കിനും മാറ്റിക്കളയാനാവാത്ത ഒരു ഗ്രന്ഥവും നാം ഇറക്കിയിരിക്കുന്നു” (മുസ്‌ലിം 4:2197).
മനുഷ്യജീവിതം ഏറ്റവും ദുസ്സഹമായ കാലഘട്ടം ഏതെന്ന ചോദ്യത്തിന് പല ചരിത്രകാരന്‍മാരും നല്‍കുന്ന ഉത്തരം ആറാം നൂറ്റാണ്ട് എന്നാണ്. യൂറോപ്പിലെ ആകെ ജനസംഖ്യയുടെ പകുതിയെയും കൊന്നൊടുക്കിയ പ്ലേഗിന്റെ കാലഘട്ടം (1346-1353) അത്രതന്നെ ഭീകരമായിരുന്നില്ല. 1520ല്‍ അമേരിക്കയിലെ തദ്ദേശീയരായ മനുഷ്യരില്‍ 60-90 ശതമാനം മനുഷ്യരെയും സ്‌മോള്‍ പോക്‌സ് ഇല്ലാതാക്കിയതും ആറാം നൂറ്റാണ്ടിനോളം ദുസ്സഹമായ ഒരവസ്ഥയായിരുന്നില്ല. അതുപോലെ 1918ല്‍ 50 മില്യണ്‍ മനുഷ്യനെ മരണത്തിലേക്കു നയിച്ച സ്പാനിഷ് ഫ്‌ളൂ ഉണ്ടാക്കിയ ആഘാതവും താരതമ്യേന ചെറുതായിരുന്നു. ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലെ മൈക്കല്‍ മക്‌കോര്‍മിക് പറയുന്നതനുസരിച്ച് 536 എന്ന വര്‍ഷം മാനവ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയ ഒരു വര്‍ഷമായിരുന്നു. പുസ്തകങ്ങളും റിസര്‍ച്ചുകളുമെല്ലാം ഈ കാലയളവിലെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്‌നങ്ങളെയാണ് വിശകലനം ചെയ്യുന്നത്. എന്നാല്‍ മനുഷ്യരില്‍ ധാര്‍മികമായി ഇക്കാലഘട്ടത്തിലുണ്ടായ അധഃപതനം ശ്രദ്ധേയമായിരുന്നു. നാനാദിക്കുകളെയും ഇരുട്ട് മൂടിയിരുന്നു. റോമിലെ കൊളോസിയത്തില്‍ ക്രുദ്ധനായ സിംഹത്തിനു മുന്നില്‍ ജീവനു വേണ്ടി നിലവിളിക്കുന്ന മനുഷ്യനെ നോക്കി കുറേയേറെ മനുഷ്യര്‍ പൊട്ടിച്ചിരിക്കാറുണ്ടായിരുന്നു.
പേര്‍ഷ്യയിലെ രാജകുടുംബത്തില്‍ പോലും ഇന്‍സെസ്റ്റ് വ്യാപകമായിരുന്നു. സാസാനിയന്‍ കാലഘട്ടത്തിന്റെ അവസാനത്തില്‍ സൊരാസ്ട്രിയന്‍ നിയമമനുസരിച്ച് കുടുംബത്തിനുള്ളില്‍ തന്നെയുള്ള വിവാഹം സാധാരണമായിരുന്നു. ഏകരൂപകമായ ആരാധനാരീതികള്‍ നടപ്പാക്കുന്നതിനു സാസാനിയന്‍സ് കണ്ട പോംവഴി വൈവിധ്യമാര്‍ന്ന ആചാരരീതികള്‍ പിന്തുടരുന്നവരെയെല്ലാം കൊന്നൊടുക്കുക എന്നതായിരുന്നു. ഇന്ത്യയിലാവട്ടെ അക്കാലത്ത് ജാതിയുടെ ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യര്‍ അവരുടെ അവകാശങ്ങളിലും സാമൂഹിക നിലവാരത്തിലും പുഴുക്കള്‍ക്കും ക്ഷുദ്രജീവികള്‍ക്കും സമാനരായിരുന്നു. അറേബ്യയിലാവട്ടെ തന്റെ കുഞ്ഞുമകളെ ജീവനോടെ കുഴിച്ചുമൂടുന്ന ഒരുപാട് പിതാക്കന്‍മാരെ നിങ്ങള്‍ക്ക് കാണാം. ക്രൈസ്തവതയിലാവട്ടെ വിവിധ വിഭാഗങ്ങള്‍ ആരാണ് യേശുക്രിസ്തു എന്ന വിഷയത്തില്‍ കലഹത്തിലായിരുന്നു.
ചിലര്‍ക്ക് അദ്ദേഹം ദൈവാവതാരമായിരുന്നെങ്കില്‍ മറ്റു ചിലര്‍ക്ക് അദ്ദേഹം വ്യാജ പ്രവാചകനായിരുന്നു. കുറേക്കൂടി കിഴക്കോട്ട് പോയാല്‍ നിങ്ങള്‍ക്ക് സ്രഷ്ടാവിനെ വിട്ട് മറ്റു പലതിനെയും ആരാധിക്കുന്നവരെ കാണാം- അഗ്നിയെ, വെള്ളത്തെ, ആയുധങ്ങളെ, എന്തിന് ലൈംഗികാവയവങ്ങളെപ്പോലും ആരാധിക്കുന്ന മനുഷ്യര്‍. ഒരുപാട് സമൂഹങ്ങള്‍ പെണ്ണിനെ ആത്മാവില്ലാത്തവളായി കണക്കാക്കി, അല്ലെങ്കില്‍ ആണിന്റെ അടിമയായി സൃഷ്ടിക്കപ്പെട്ടവളായി, ചൂതാട്ടത്തിലെ പണയവസ്തുവായും ഭര്‍ത്താവിന്റെ ചിതയില്‍ എരിയേണ്ടവളായുമൊക്കെ അവളെ ഗണിച്ചു. ഒരുപാട് കുട്ടികള്‍ ജനനത്തില്‍ തന്നെ മരണപ്പെട്ടു. ഇതില്‍ ഭാഗ്യവാന്‍മാരില്‍ തന്നെ പ്രായപൂര്‍ത്തി വരെ ജീവിക്കുന്നവര്‍ വിരളമായിരുന്നു.
അടിമത്തത്തിലേക്ക് ജനിച്ചുവീണ മനുഷ്യര്‍ക്ക് അതില്‍ നിന്ന് കരകയറാന്‍ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. കണക്കുകള്‍ പ്രകാരം അക്കാലഘട്ടത്തില്‍ ലോക ജനസംഖ്യയുടെ 75 ശതമാനം അടിമകളായിരുന്നു. ഇത്രമേല്‍ പ്രയാസങ്ങളിലൂടെ മനുഷ്യരാശി കടന്നുപോവുമ്പോള്‍ എങ്ങനെയാണ് ജഗന്നിയന്താവിന് പ്രതീക്ഷയുടെ കാരണമായി ഒരു പ്രവാചകനെ അയക്കാതിരിക്കാനാവുക. തന്റെ സൃഷ്ടികളോട് അതിയായ ഇഷ്ടമുള്ള ആ സ്രഷ്ടാവ് തന്റെ സൃഷ്ടികളെ ഉപേക്ഷിച്ചില്ല. അവരിലേക്ക് ഒരിക്കല്‍ കൂടി മാര്‍ഗദര്‍ശനത്തിന്റെ വേദഗ്രന്ഥം അവതരിപ്പിച്ചു. ”…നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് മരിക്കാനും ജീവിക്കുന്നവര്‍ വ്യക്തമായ തെളിവു കണ്ടുകൊണ്ട് ജീവിക്കാനും വേണ്ടി” (8:42). അങ്ങനെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യിലൂടെ മാനവരാശി സ്‌നേഹനിധിയായ സ്രഷ്ടാവിലുള്ള പ്രതീക്ഷ പുതുക്കുകയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x