19 Friday
April 2024
2024 April 19
1445 Chawwâl 10

പ്രവാചകന്‍ ജനിച്ചത് റബീഉല്‍ അവ്വല്‍ 12നോ?

കെ പി സകരിയ്യ

മുഹമ്മദ് നബി(സ)യുടെ ജനന വര്‍ഷം, മാസം, തിയ്യതി എന്നിവ സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. ആധുനിക പണ്ഡിതരും ഗവേഷകരുമായ മൗലാനാ സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി, മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍, ശൈഖ് സ്വഫിയുറഹ്മാന്‍ മുബാറക്പൂരി എന്നിവര്‍ അവരുടെ നബിചരിത്ര ഗ്രന്ഥങ്ങളില്‍ ഈ ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മൗലാനാ അബുല്‍ഹസന്‍ അലി നദ്‌വി അസ്സീറത്തുനബവിയ്യ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്:

”ആനക്കലഹ വര്‍ഷം റബീഉല്‍ അവ്വല്‍ 12നാണ് (ക്രിസ്താബ്ദം 570) നബിയുടെ ജനനം.” (അസ്സീറത്തുന്നബവിയ്യ, പേജ് 99)
മുഹമ്മദ് ഹുസൈന്‍ ഹൈക്കല്‍ ഹയാത്തു മുഹമ്മദ് എന്ന കൃതിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം രേഖപ്പെടുത്തിയതില്‍ ശ്രദ്ധേയമായ ഭാഗങ്ങള്‍ ഇവയാണ്:

”മുഹമ്മദ് നബി(സ)യുടെ ജനനവര്‍ഷത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. ആനക്കലഹ വര്‍ഷമാണ് ഭൂരിപക്ഷവും കണക്കാക്കുന്നത് (ക്രിസ്താബ്ദം 570). …… ജന്മദിനത്തെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം പണ്ഡിതന്മാരും സ്വീകരിച്ചത് റബീഉല്‍ അവ്വല്‍ 12 ആണ്.” (പേജ് 127-128)
ശൈഖ് സ്വഫിയുറഹ്മാന്‍ മുബാറക്പൂരി അര്‍റഹീഖുല്‍ മഖ്തൂം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു:

”പ്രവാചകപ്രഭു മുഹമ്മദ് നബി(സ) മക്കയിലെ ഹാശിം വംശത്തില്‍ റബീഉല്‍ അവ്വല്‍ 9ന് തിങ്കളാഴ്ച കാലത്ത് ഭൂജാതനായി. ആനക്കലഹ സംഭവത്തിന്റെ 1-ാം വര്‍ഷവും കിസ്‌റാ അനുശര്‍വാന്റെ ആധിപത്യത്തിന്റെ 40-ാം വര്‍ഷവുമാണത്. പ്രഗത്ഭ പണ്ഡിതനായ മുഹമ്മദ് സുലൈമാന്‍ മന്‍സൂര്‍പൂരിയുടെയും ഗോളശാസ്ത്രജ്ഞന്‍ മഹ്മൂദ് പാഷയുടെയും വീക്ഷണത്തില്‍ ഇത് ക്രിസ്താബ്ദം 571 ഏപ്രില്‍ ഇരുപതോ ഇരുപത്തിരണ്ടോ ആണ്.” (പേജ് 54)
ഗോളശാസ്ത്രജ്ഞനായ അബ്ദുല്ലാഹിബ്‌നു ഇബ്‌റാഹീമിബിനു മുഹമ്മദ് സലിം തഖ്‌വീമുല്‍ അസ്മാന്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു:

”ഹിജ്‌റയുടെ 53 വര്‍ഷം മുമ്പ് റബീഉല്‍ അവ്വല്‍ 9 തിങ്കളാഴ്ചയാണ് നബി(സ)യുടെ ജനനം. ക്രിസ്താബ്ദം 571 ഏപ്രില്‍ 20 ആണ് ഇതിന് സമാനമായ തിയ്യതി.’ (പേജ് 143)
ആധുനിക അറബി പണ്ഡിതനായ ശൈഖ് മുഹമ്മദ് ബ്‌നു ഉസൈമീന്‍ അല്‍ ഖൗലുല്‍ മുഫീദ് അലാ കിതാബി തൗഹീദ് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു:

”പില്‍ക്കാലക്കാരായ ചില ഗോളശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചതനുസരിച്ച് നബി(സ)യുടെ ജനനതിയ്യതി റബീഉല്‍ അവ്വല്‍ 9 ആണ്; 12 അല്ല.” (വാള്യം 1, പേജ് 491)
അല്ലാമാ ഡോ. സാനി സ്വാലിഹ് മുസ്തഫ മുഹമ്മദ് റസൂലുല്ലാഹ് ആന്റ് പ്യൂപ്ള്‍ ഓഫ് ദ ബുക്ക് എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതിന്റെ വിവര്‍ത്തനം ഇങ്ങനെയാണ്: ”ചില മുസ്‌ലിം ചരിത്രകാരന്മാരുടെ അഭിപ്രായമനുസരിച്ച് മുഹമ്മദ് നബി(സ)യുടെ ജനനം റബീഉല്‍ അവ്വല്‍ 12-നാണ്. വിഖ്യാതനായ ഗോളശാസ്ത്രജ്ഞന്‍ ഈജിപ്തിലെ മഹ്മൂദ് പാഷ നബി(സ)യുടെ ജനനം ആനക്കലഹവര്‍ഷം 1 (Elephant Era ) റബീഉല്‍ അവ്വല്‍ 9 തിങ്കള്‍ ആണെന്നും അതിനു സമാനമായ ക്രിസ്താബ്ദവര്‍ഷം 571 ഏപ്രില്‍ 20 ആണെന്നും വ്യക്തമാക്കുന്നു. ഈ ഗണനയോട് ഡോ. മന്‍സൂറും യോജിക്കുന്നുണ്ട്. എന്നാല്‍ ചില ചരിത്രകാരന്മാര്‍ സമാന തിയ്യതി 570 ആഗസത് 20 ആണെന്ന് പ്രസ്താവിക്കുന്നുണ്ട്.” (പേജ് 148)

ചിത്രം-1

ചിത്രം-2


നബി(സ)യുടെ ജനനദിവസം തിങ്കളാഴ്ചയാണെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ട്. തദ്‌വിഷയകമായി ഇമാം മുസ്‌ലിം നിവേദനം ചെയ്ത ഒരു നബിവചനത്തില്‍ പ്രസ്തുത കാര്യം സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്:

”നബി(സ)യോട് തിങ്കളാഴ്ച നോമ്പിനെപ്പറ്റി ചോദിക്കപ്പെട്ടു. നബി(സ) പറഞ്ഞു: ‘അന്നാണ് ഞാന്‍ ജനിച്ചത്. ആ ദിവസം തന്നെയാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അഥവാ എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടത്.” (മുസ്‌ലിം 1984)
രണ്ടാമത്തെ വസ്തുത ക്രിസ്താബ്ദമനുസരിച്ച് ജന്മദിനം ഏപ്രില്‍ 20നാണ് എന്ന കാര്യവും സൂക്ഷ്മമായ വിശകലനത്തില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അത് ക്രിസ്താബ്ദം 570 ആണോ 571 ആണോ എന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായമുള്ളത്. ഈ വസ്തുതയുടെ കൃത്യമായ സ്ഥിരീകരണത്തിന് ഏറ്റവും അവലംബനീയമായ ആധുനിക ശാസ്ത്രീയ വെബ്‌സൈറ്റാണ് timeanddate.com. പ്രസ്തുത സൈറ്റില്‍ കാലഗണനയുടെ എല്ലാ വസ്തുതകളും ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സെറ്റ് ചെയ്തുവെച്ചിട്ടുണ്ട്. ഈ ശാസ്ത്രീയഗണനാ സൈറ്റില്‍നിന്ന് ക്രിസ്താബ്ദം 570, 571 വര്‍ഷങ്ങളുടെ കലണ്ടറുകള്‍ എടുത്തുപരിശോധിച്ചാല്‍ 570 ഏപ്രില്‍ 20 ഞായറാഴ്ചയാണെന്നും 571 ഏപ്രില്‍ 20 തിങ്കളാഴ്ചയാണെന്നും കാണാം. (ചിത്രം 1,2 എന്നിവ ഈ കാര്യം വ്യക്തമാക്കുന്നതാണ്). ഇതില്‍ നിന്ന് നബി(സ) ജനിച്ച ദിവസം തിങ്കളാഴ്ചയാണെന്ന് സ്ഥിരപ്പെട്ട നബിവചനത്തോട് യോജിക്കുന്നത് ക്രിസ്താബ്ദം 571 ഏപ്രില്‍ 20 ആണ് എന്ന കാര്യം വ്യക്തമാകുന്നു.
ഇതില്‍നിന്ന് ക്രിസ്താബ്ദമനുസരിച്ച് നബിയുടെ ജനനവര്‍ഷം, മാസം, തിയ്യതി, ദിവസം എന്നിവ വ്യക്തമായി. 571 ഏപ്രില്‍ 20 തിങ്കളാഴ്ചയാണ് അത്. ഈ വസ്തുത മുന്‍നിര്‍ത്തി സമാനമായ ഹിജ്‌റ തിയ്യതി കൃത്യമായി കണ്ടുപിടിക്കാവുന്നതാണ്. timeanddate.com എന്ന ശാസ്ത്രീയ ഗണനാസൈറ്റില്‍നിന്നും വിവിധ വര്‍ഷങ്ങളിലെ അമാവാസി (New moon), പൗര്‍ണമി (Full moon) എന്നിവയുടെ തിയ്യതിയും സമയവും കണ്ടെത്താവുന്നതാണ്. ഇതനുസരിച്ച് ക്രിസ്താബ്ദം 571 ഏപ്രില്‍ മാസം 10-ാം തിയ്യതി സഊദിയിലെ പ്രാദേശിക സമയമനുസരിച്ച് രാവിലെ 10 മണിക്കാണ് അമാവാസിയുടെ സമയം. ഇതനുസരിച്ച് ഏപ്രില്‍ 10, 11 തിയ്യതികളിലെ മക്കയിലെ ഹിലാല്‍ പിറയുടെ സാന്നിധ്യം ശാസ്ത്രീയമായി ഗണിച്ചുനോക്കാന്‍ സാധിക്കും. കിലേൃിമശേീിമഹ അേെൃീിീാശരമഹ ഇലിേൃല ന്റെ Accurate Times എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇത് കണക്കുകൂട്ടാവുന്നതാണ്.
അതനുസരിച്ച് 571 ഏപ്രില്‍ 10 വെള്ളിയാഴ്ച സൂര്യാസ്തമയം 6:41നും ചന്ദ്രാസ്തമയം 6:56നുമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ചന്ദ്രന്‍ ചക്രവാളത്തില്‍ അവശേഷിക്കുന്ന സമയം (Moon Lag Time) 15 മിനുട്ടാണെന്നു കാണാം. പ്രസ്തുത ദിവസം നഗ്നദൃഷ്ടികൊണ്ട് ഹിലാല്‍ പിറ കാണാന്‍ സാധ്യമല്ല. അക്കാലത്ത് ഹിലാല്‍പിറയുടെ സാന്നിധ്യം കണക്കുകൂട്ടാനോ ഉപകരണങ്ങള്‍ ഉപയോഗിച്ചു കണക്കാക്കാനോ ഉള്ള സംവിധാനം വികസിച്ചിരുന്നില്ല.
അതിനാല്‍തന്നെ ഏപ്രില്‍ 11-നായിരിക്കും അവര്‍ ഹിലാല്‍പിറ കണ്ടിരിക്കുക. ഏപ്രില്‍ 11-ന് അവിടുത്തെ സൂര്യാസ്തമയം 6:41നും ചന്ദ്രാസ്തമയം 7:49നുമാണ്. ചന്ദ്രന്‍ ചക്രവാളത്തില്‍ അവശേഷിക്കുന്ന സമയം 68 മിനുട്ടാണ്. അന്ന് സുഗമമായി നഗ്നദൃഷ്ടികൊണ്ട് തന്നെ ഹിലാല്‍ പിറ കാണാന്‍ സാധിക്കും. അതിനാല്‍ ഏപ്രില്‍ 12 ഞായര്‍ റബീഉല്‍ അവ്വല്‍ 1-ഉം ഏപ്രില്‍ 20 തിങ്കള്‍ റബീഉല്‍ അവ്വല്‍ 9-ഉം ആണെന്ന കാര്യം വ്യക്തമാണ്. റബീഉല്‍ അവ്വല്‍ 12 തിങ്കള്‍ അല്ല വ്യാഴമാണെന്നും മനസ്സിലാക്കാന്‍ സാധിക്കും. പട്ടിക-1 ഉപയോഗിച്ച് ഈ കാര്യങ്ങള്‍ ഗ്രഹിക്കാവുന്നതാണ്.
ഈ കാര്യങ്ങള്‍ മുഖവിലക്കെടുത്ത് നബിയുടെ ജനനതിയ്യതി കണക്കാക്കിയാല്‍ ഹിജ്‌റാബ്ദമനുസരിച്ച് ആനക്കലഹവര്‍ഷം (Elephant Era) ഒന്ന് (Before Hijra 52) റബീഉല്‍ അവ്വല്‍ 9 തിങ്കളാഴ്ചയാണെന്ന വസ്തുത വ്യക്തമാണ് (അല്ലാഹു അഅ്‌ലം).
നബിചരിത്രത്തില്‍ അതിസൂക്ഷ്്മ പഠനം നടത്തിയിട്ടുള്ള അല്ലാമാ ശിബ്‌ലി നുഅ്മാനിയും അദ്ദേഹത്തിന്റെ ശിഷ്യനും പ്രശസ്ത പണ്ഡിതനുമായ സയ്യിദ് സുലൈമാന്‍ നദ്‌വിയും ചേര്‍ന്ന് രചിച്ച പ്രസിദ്ധ നബിചരിത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുത ഈ കാര്യത്തിന് അടിവരയിടുന്നതാണ്.

”നബി(സ)യുടെ ജനനതിയ്യതി സംബന്ധിച്ച് പ്രശസ്ത ഈജിപ്ഷ്യന്‍ ഗോളശാസ്ത്രജ്ഞനും ഭൗമശാസ്ത്രജ്ഞനുമായ മഹ്മൂദ് പാഷ എഴുതിയ ഒരു പ്രബന്ധത്തില്‍ ഗണിതശാസ്ത്ര തെളിവുകള്‍ സഹിതം സ്ഥാപിച്ചിട്ടുള്ളത് പ്രവാചകന്റെ ജനനം 571 ഏപ്രില്‍ 20 തിങ്കളാഴ്ച റബീഉല്‍ അവ്വല്‍ 9ന് ആയിരുന്നുവെന്നാണ്.” (ദാഇറതുല്‍ മആരിഫ് ഫീ സീറതുന്നബീ 147).

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x