28 Thursday
March 2024
2024 March 28
1445 Ramadân 18

എന്റെ പ്രിയപ്പെട്ട ഡോക്ടര്‍

കെ എം ഹുസൈന്‍ മഞ്ചേരി


എന്റെ ജീവിതത്തെ ഡോ. കെ അബ്ദുറഹ്മാനെ പോലെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല, യുവത്വത്തിന്റെ ആരംഭത്തില്‍ കൂടെ കൂടിയതാണ്. പറഞ്ഞാല്‍ തീരാത്ത അനുഭവങ്ങളുണ്ട്. എല്ലാം പ്രോജ്വലിക്കുന്ന ഓര്‍മകള്‍.
ഡോക്ടറുടെ ഭൗതികശരീരം അരീക്കോട് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനിലെ ആറടി മണ്ണിലേക്ക് ഇറക്കിയപ്പോള്‍, ഇനിയെന്ത് എന്നൊരു ചോദ്യം എന്നോടൊപ്പമുള്ളത് പോലെ തോന്നി. കൂരിട്ടുള്ള രാത്രിയില്‍ വെളിച്ചമില്ലാതെ പകച്ച് നില്‍ക്കുന്ന ഒരു യാത്രക്കാരനായിട്ടാണ് ഖബര്‍സ്ഥാനില്‍ നിന്ന് മടങ്ങിയത്.
എല്ലാ ദിവസങ്ങളിലും അതിരാവിലെ ഒരു ഫോണ്‍കാളുണ്ടാവും. എന്റെ അന്നത്തെ അജണ്ട നിശ്ചയിക്കുന്നത് ആ വിളിയായിരിക്കും. അതില്‍ സ്‌കൂള്‍ മാറ്ററുണ്ടാവും, മത, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലെല്ലാം ചോദ്യങ്ങളും നിര്‍ദേശങ്ങളുമുണ്ടാവും. ഉച്ചക്കും വൈകുന്നേരവുമൊക്കെ അതിന്റെ ഫോളോഅപ്പുമുണ്ടാവും. അതായിരുന്നു എന്റെ പ്രവര്‍ത്തനങ്ങളുടെ കരുത്തും ഇന്ധനവും. ഇനി അങ്ങനെ ഒരു ഫോണ്‍കാള്‍ വരാനില്ല, അജണ്ട നിശ്ചയിച്ച് തരാന്‍ ഒരാളുമില്ല, അതാണ് എന്റെ ഭാവിജീവിതത്തിലെ ഇരുട്ടും.
വഴി കാണിക്കാനും ഗുണദോഷിക്കാനും ഒരാള്‍ കൂടെയുണ്ടാവുന്നതിലേറെ ഭാഗ്യമെന്താണ്? ഇങ്ങനെ ഒരു ദിവസം വരുമെന്ന് ഉറപ്പുണ്ടായിട്ടും ഉള്‍ക്കൊള്ളാനാവാത്ത തരത്തില്‍ എനിക്ക് മാറാനൊക്കുമോ? ഈ സന്ദര്‍ഭത്തില്‍ പതറാനല്ലല്ലോ അദ്ദേഹം എന്നെ ശീലിപ്പിച്ചത്. ഉള്‍ക്കരുത്ത് കാണിക്കാന്‍ തയ്യാറാവേണ്ട സമയമല്ലേ. ഏത് പ്രതീകൂല സാഹചര്യത്തിലും പിടിച്ച് നില്‍ക്കാന്‍ ഡോക്ടര്‍ നല്‍കിയ പാഥേയമാണ് എന്റെ സിരകളിലോടുന്ന ചുടു രക്തമെന്നത് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സഹയാത്രികരുടെ പ്രാര്‍ഥനയും പിന്തുണയുമുണ്ടെങ്കില്‍ അദ്ദേഹം ബാക്കിവെച്ചതൊക്കെ നിറവേറ്റാമെന്ന ആത്മവിശ്വാസം ഇന്നെനിക്കുണ്ട്.
അസാധാരണമായ ഇച്ഛാശക്തിയുടേയും ആത്മവിശ്വാസത്തിന്റെയും ഉടമയായിരുന്നു ഡോക്ടര്‍. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു അതിനുള്ള കരുത്ത്. മതവിഷയങ്ങളിലും സംസ്‌കാരത്തിലും ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആദര്‍ശത്തെ ആശ്രയിക്കുക എന്നതായിരുന്നു രീതി, അതിന് വിരുദ്ധമായതൊക്കെ മനുഷ്യ അഭിപ്രായമാണെന്നും അല്ലാഹുവിന്റെ കലാമും മനുഷ്യ വചനങ്ങളും വേര്‍തിരിച്ച് മനസ്സിലാക്കണമെന്നും ആവര്‍ത്തിച്ച് കൊണ്ടാണ് അദ്ദേഹം മത വിഷയങ്ങളില്‍ നിലപാട് പറഞ്ഞിരുന്നത്.
സാമ്പത്തികമായ സത്യസന്ധത, വിവേചനമില്ലാതെ നീതി നടപ്പാക്കല്‍, വിട്ട് വീഴ്ചയില്ലാത്ത ധാര്‍മികത എന്നിങ്ങനെ അദ്ദേഹത്തിന്റെ വ്യക്തിത്വം തികച്ചും വ്യത്യസ്തമായിരുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ദഅ്‌വത്ത് എന്നിവ ഒരേ സമയം കൈകാര്യം ചെയ്തു എന്ന് മാത്രമല്ല, എല്ലാറ്റിലും പുതുമയും ക്വാളിറ്റിയും നിലനിര്‍ത്താനായി എന്നത് ശ്രദ്ധേയമാണ്. സല്‍ക്കര്‍മങ്ങളെന്നത് മതത്തിലെ കര്‍മശാസ്ത്രങ്ങളിലൊതുക്കാതെ, വിശാലമായ ജീവകാരുണ്യ മേഖലയിലേക്ക് വിരല്‍ചൂണ്ടിയതും എടുത്ത് പറയേണ്ട പ്രത്യേകത തന്നെയാണ്.
1980-കളില്‍ മഞ്ചേരി മേലാക്കം പള്ളിയില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടാണ് അദ്ദേഹം പൊതു പ്രവര്‍ത്തനങ്ങളേറ്റെടുക്കുന്നത്. അക്കാലത്ത് തന്നെ നിച്ച് ഓഫ് ട്രൂത്ത് എന്ന ദഅ്‌വാ സംഘം രൂപീകരിക്കാന്‍ നേതൃത്വം നല്‍കുകയും മുജാഹിദ് രംഗത്ത് സജീവമാവുകയും ചെയ്തു. 1987-ല്‍ ഐ എം ബി എന്ന മെഡിക്കല്‍ വിംഗ് സ്ഥാപിച്ചു. പാവപ്പെട്ട രോഗികള്‍ക്കുള്ള സൗജന്യ ചികിത്സയും പരിചരണവുമായിരുന്നു ഐ എം ബിയുടെ തുടക്കമെങ്കിലും സര്‍ക്കാറേതര പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്ന ആശയത്തിന് ഡോക്ടര്‍ തുടക്കമിട്ടത് അക്കാലത്താണ്. ആതുര സേവന രംഗത്ത് വിപ്ലവം സൃഷ്ടിച്ച് കൊണ്ടുള്ള വൈപുല്യമാണ് ഈ രംഗത്ത് പിന്നീട് നാം കാണുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കെയര്‍ ഹോമിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഡോക്ടറുടെ പങ്ക് ചെറുതല്ല.
1991-ല്‍ മഞ്ചേരിയില്‍ സ്ഥാപിച്ച ഇസ്‌ലാഹീ കാംപസ് ഡോക്ടറുടെ ഭാവനയായിരുന്നു. 1996-ല്‍ സ്ഥാപിതമായ നോബിള്‍ പബ്ലിക് സ്‌കൂള്‍, 2006-ല്‍ സ്ഥാപിതമായ എയ്‌സ് പബ്ലിക് സ്‌കൂള്‍ എന്നിവ അബ്ദുറഹ്മാന്‍ ഡോക്ടറുടെ വിദ്യാഭ്യാസ അജണ്ടയുടെ സാക്ഷാല്‍ക്കാരമാണ്. 36 വര്‍ഷത്തെ അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ അടയാളങ്ങളെല്ലാം ഒട്ടും സ്വാര്‍ഥതയില്ലാത്തതും പരലോകത്ത് അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് കൊണ്ടുള്ളതുമായിരുന്നു, എന്നത് കൂടെ നിഴല്‍പോലെ പിന്തുടര്‍ന്ന ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും.
ഭൗതികമായി ഒന്നും സമ്പാദിക്കാതെ യാത്രയായ ഡോക്ടര്‍ കുടുംബം, കുട്ടികള്‍, ആഘോഷ ദിനങ്ങള്‍ എന്നിവയോടൊക്കെ കോംപ്രമൈസ് ചെയ്ത് ജീവിത ലക്ഷ്യവും നിയോഗവും പൊതുപ്രവര്‍ത്തനങ്ങളാണെന്ന് ജീവിച്ച് കാണിക്കുകയായിരുന്നു. പ്രതിസന്ധികളെ നേരിടാന്‍ ധൈര്യവും ഇച്ഛാശക്തിയും കാണിച്ചുള്ള ആ മുന്നേറ്റം കൈവെക്കുന്ന മേഖലകളെല്ലാം പുഷ്പിക്കുകയും കായ്ക്കുകയും ചെയ്തു. കായ്ഫലം അനുഭവിക്കാന്‍ കാത്ത് നില്‍ക്കാതെ അടുത്ത കൃഷിക്ക് മണ്ണൊരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ദുനിയാവിലെ പദവികള്‍ നിസ്സാരമായി കണ്ട്, എത്ര പേര്‍ കൂടെയുണ്ടെന്നോ ആരൊക്കെ കൂടെയുണ്ടെന്നോ നോക്കാതെ എല്ലാം അല്ലാഹുവിലര്‍പ്പിച്ച് ആദര്‍ശ ബന്ധിതമായി മുന്നേറി എന്നതാണ് സമകാലിക സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ നിന്ന് ഡോക്ടറെ വ്യത്യസ്തനാക്കിയത്.
നിയമവും നീതിയും സമത്വവും നടപ്പാക്കുന്നതില്‍ അല്‍പം പരുക്കനായി തന്നെ അദ്ദേഹം ഇടപെട്ടു. എന്നാല്‍ കാര്‍ക്കശ്യത്തിനപ്പുറം കരുണയുള്ള ഒരു മനസ്സിന്റെ ഉടമ കൂടിയാണ് അദ്ദേഹമെന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യമാണ്. സഹജീവികളുടെ കണ്ണീരൊപ്പാന്‍ ഏര്‍പ്പെടുത്തുന്ന ഏത് പരിപാടിക്കും ജാതി മത വിവേചനമില്ലാതെ, സംഘടനാ സങ്കുചിതത്വമില്ലാതെ നിര്‍ലോഭമായി സഹായിച്ചു. പബ്ലിസിറ്റിയോടും പദവികളോടും പുറം തിരിഞ്ഞ് നിന്നത് കൊണ്ട് തന്നെ അദ്ദേഹം തുടങ്ങിയ പല പദ്ധതികളും മറ്റ് പലരുടേയും പേരിലാണ് അറിയപ്പെട്ടത്.
മുജാഹിദ് സംഘടനാ രംഗത്ത് എന്നും ഒറ്റപ്പെട്ട വിപ്ലവ നായകനായി അറിയപ്പെട്ട ഡോക്ടര്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ള സത്യവും നീതിയും നടപ്പാക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ സര്‍ക്കാര്‍ സര്‍വീസ് അടക്കം പല ഉന്നത പദവികളും വിട്ടൊഴിഞ്ഞു. മെഴുകുതിരി കണക്കെ എരിഞ്ഞ് തീര്‍ന്ന ജീവിതം കൊണ്ട് കെട്ടിപ്പടുത്ത സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ആരോടും പരിഭവമില്ലാതെ സങ്കുചിതമായ സംഘടനാ താല്‍പര്യങ്ങള്‍ക്കപ്പുറം നന്മക്കു വേണ്ടി നിലകൊണ്ടു.
ജാതി, മതം, ലിംഗം, സമ്പന്നത എന്നിങ്ങനെ സര്‍വ വിവേചനങ്ങളേയും ശക്തമായി എതിര്‍ത്ത അദ്ദേഹം സമ്പന്നരോടും സമൂഹത്തില്‍ ഉന്നതരാണെന്ന് സ്വയം ഗണിക്കുന്നവരോടും അകലം പാലിക്കുകയും, സാധാരണക്കാരായ രോഗികള്‍, മത വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകര്‍ എന്നീ ജനവിഭാഗങ്ങളുടെ ഇഷ്ട പാത്രമാവുകയും ചെയ്തു. ഡോക്ടര്‍ ആശുപത്രിയില്‍ അഡ്മിറ്റായതിന് ശേഷവും എന്നോട് ദീര്‍ഘമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരുപാട് വസിയ്യത്ത് പറഞ്ഞിട്ടുണ്ട്. എല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും മരണശേഷം പ്രാവര്‍ത്തികമാക്കാനുമുള്ളതായിരുന്നു.
ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം രോഗം കടുത്തപ്പോള്‍, ഡോക്ടര്‍മാരോട് നിരന്തരം ആവശ്യപ്പെട്ടത് ”ഹുസൈനെ ഒന്ന് കാണണം, ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്” എന്നാണത്രെ. അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്ത് ആദ്യമൊന്നും അതിന് തയ്യാറാവാത്ത ആശുപത്രി അധികൃതര്‍ അദ്ദേഹം ഇത് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഇഖ്‌റ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. പി സി അന്‍വര്‍ എന്നെ വിളിച്ചു. ”കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ അടുത്തേക്കാണ് പോകുന്നത്” -ഡോക്ടര്‍മാര്‍ വീണ്ടും ഓര്‍മപ്പെടുത്തിയപ്പോള്‍ എന്തും നേരിടാനുള്ള കരുത്തുമായാണ് വന്നതെന്ന് അറിയിച്ച് പി പി ഇ കിറ്റും ധരിച്ച് ഐ സി യു വില്‍ കയറി.
പക്ഷേ, ഡോക്ടര്‍ അപ്പോഴേക്കും ഒരു മയക്കത്തിലേക്കമര്‍ന്നിരുന്നു, ആ മയക്കത്തില്‍ നിന്ന് പിന്നീടദ്ദേഹം പൂര്‍ണമായി മുക്തി നേടിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നോട് പറയാനുള്ളതെന്തോ ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങിയതെന്ന സങ്കടം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു, പക്ഷേ, അതെന്തായിരിക്കും എന്ന ഒരു ഊഹം എനിക്കുണ്ട്. അത് നിറവേറ്റാന്‍ ഞാന്‍ ബാധ്യസ്ഥനാണെന്ന ബോധ്യവും.
ഇന്‍ശാ അല്ലാഹ്, സ്വര്‍ഗത്തില്‍ വെച്ച് ഡോക്ടറെ കണ്ട് മുട്ടുമ്പോള്‍ നിങ്ങളേല്‍പ്പിച്ച കാര്യങ്ങളൊക്കെ നിര്‍വഹിച്ചിട്ടാണ് ഞാന്‍ മടങ്ങിയതെന്ന് പറയാന്‍ സാധിക്കണമേ എന്ന പ്രാര്‍ഥനയാണ് മനസ്സ് നിറയെ. അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീന്‍

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x