29 Friday
March 2024
2024 March 29
1445 Ramadân 19

കോവിഡാനന്തര സാധ്യതകള്‍ കോവിഡ് കാലം അനന്തര ലോകം എഡി. മുജീബ്‌റഹ്മാന്‍ കിനാലൂര്‍ യുവത ബുക് ഹൗസ്

മുബാറക് മുഹമ്മദ്

പ്രതീക്ഷകള്‍ പൂട്ടിപ്പോയ കാലമാണ് മുന്നില്‍ നില്‍ക്കുന്നത്. ജീവിതത്തിന്റെ ഇഴകളിലൂടെ കയറിയിറങ്ങിപ്പോയ സൂക്ഷ്മജീവി മനുഷ്യരാശിയുടെ മിടിപ്പിനുമേല്‍ മുള്ളുകൊണ്ട് പോറലേല്പിച്ചു. സോപ്പു കൊണ്ട് കഴുകിയാല്‍ പ്രതലങ്ങളില്‍ പിടിച്ചു നില്‍ക്കാനാവാത്ത കൊറോണ വൈറസാണ് ലോകത്തെ ലോക്കിട്ടു നിറുത്തിയത്.
ചരിത്രത്തില്‍ അനവധി പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് കോവിഡ് എന്ന മഹാമാരി അന്റാര്‍ട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ യാത്ര നടത്തുന്നത്. എല്ലാ രാജ്യങ്ങളിലും യുദ്ധസമാനമായ സാഹചര്യങ്ങളുണ്ടായി. അവരവരുടെ മൂക്കിന്‍തുമ്പില്‍ അണു എത്തുന്നതുവരെ മനുഷ്യന്‍ ഇത്തരം സാഹചര്യങ്ങളെ അവിശ്വസനീയതയോടെ അവഗണിച്ചു. ആളുകളുടെ വലിപ്പച്ചെറുപ്പം നോക്കാതെ വൈറസ് പടര്‍ന്നു കയറുകയുണ്ടായി.
എന്നാല്‍, മുന്‍കാലങ്ങളെ അപേക്ഷിച്ച് മഹാമാരികളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യമുണ്ടായി എന്നതാണ് കോവിഡ് കാലത്തിന്റെ പ്രത്യേകത. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഏതാണ്ടെല്ലാ മനുഷ്യരെയും തൊട്ടുപോയ പ്രതിസന്ധി എന്ന നിലയില്‍ ഇത് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. ലോകം കോവിഡിന് മുമ്പും ശേഷവും എന്ന നിലയിലേക്ക് ചരിത്രം വിഭജിക്കപ്പെടുന്നത് നാം അറിഞ്ഞു. മനുഷ്യകുലത്തിന്റെ സ്വാര്‍ഥമായ ചൂഷണ ചരിത്രങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് പുതുജീവന്‍ വെച്ചു.
‘നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സാപിയന്‍സിന്റെ ഭൂമിയിലെ വാഴ്ച ഇതുവരെ നമുക്ക് അഭിമാനിക്കാവുന്ന യാതൊന്നും സൃഷ്ടിച്ചില്ല’ എന്നു പറഞ്ഞത് യുവാല്‍ നോവ ഹരാരിയാണ്. ‘സാപിയന്‍സ്: മനുഷ്യരാശിയുടെ ഹ്രസ്വചരിത്രം’ എന്ന തന്റെ ഗ്രന്ഥത്തിന്റെ പിന്‍കുറിപ്പില്‍ അദ്ദേഹം തുടരുന്നു: ”നാം നമ്മുടെ ചുറ്റുപാടുകളെ കീഴടക്കി, ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിച്ചു. നഗരങ്ങള്‍ പണിതു, സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. വിദൂര ദേശങ്ങളില്‍ ശൃംഖലകള്‍ സ്ഥാപിച്ചു. പക്ഷേ, ലോകത്തിന്റെ ദുരിതത്തിന്റെ അളവില്‍ നാം എന്തെങ്കിലും കുറവു വരുത്തിയോ? മനുഷ്യശക്തിയിലെ വര്‍ധനവ് വ്യക്തികളായ സാപിയന്‍സിന്റെ സുഖത്തെ മെച്ചപ്പെടുത്തിയില്ല. മറ്റു ജീവികള്‍ക്ക് ഏറെ ദുരിതം കാരണമാവുകയും ചെയ്തു.”
കോവിഡുമായി ബന്ധപ്പെട്ട് സൂക്ഷ്മതയോടെ സാമൂഹിക ജീവിതം നയിക്കുമ്പോഴും നാം കൂടുതല്‍ ആശങ്കയോടെ ആലോചിക്കുന്നത് ഭാവിയെക്കുറിച്ചാണ്. അതിന് ഊര്‍ജമാവേണ്ടത് കഴിഞ്ഞകാലവും വര്‍ത്തമാനകാലവുമാണുതാനും. ഈ സാഹചര്യത്തിലാണ് ‘കോവിഡ് കാലം അനന്തര ലോകം’ എന്ന ഗ്രന്ഥം വായിക്കപ്പെടേണ്ടത്. മുജീബ്‌റഹ്മാന്‍ കിനാലൂര്‍ എഡിറ്റ് ചെയ്ത പുസ്‌കതത്തില്‍ യുവാല്‍ നോവ ഹരാരി, സ്‌ലാവോയ് സിസേക്, മൈക്ക്ള്‍ സാഫി, പീറ്റര്‍ സി ബേക്കര്‍, എതിരന്‍ കതിരവന്‍, പി എന്‍ ഗോപീകൃഷ്ണന്‍, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഷാജഹാന്‍ മാടമ്പാട്ട്, ഡോ. കെ പി അരവിന്ദന്‍ തുടങ്ങിയ ഇരുപത്തി രണ്ടോളം എഴുത്തുകാരുടെ പഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
വിവിധ അഭിപ്രായ മേഖലകളില്‍ നിലകൊള്ളുന്ന ലേഖകരെ വായനയുടെ ഒഴുക്ക് നഷ്ടപ്പെട്ടുപോകാതെ കൃത്യമായി ഒതുക്കി വെച്ചിട്ടുണ്ട്. പുസ്തകത്തില്‍ മുന്‍കുറിപ്പില്‍ ഗ്രന്ഥകാരന്‍ പറയുന്നതുപോലെ, ആദ്യഭാഗത്ത്, മനുഷ്യചരിത്രം കടന്നുപോയ മഹാദുരന്തങ്ങളെ ലോകം പൊതുവായും കേരളം പ്രത്യേകമായും നേരിട്ടത് എങ്ങനെയെന്ന് അന്വേഷിക്കുന്നു. തുടര്‍ന്ന് വൈറസുകളെക്കുറിച്ചുള്ള പഠനങ്ങളാണ്. കോവിഡ് 19ന്റെ ഉത്ഭവം, നിഗമനങ്ങള്‍, നിഗൂഢതകള്‍ എന്നിവ അടുത്ത ഭാഗത്ത് വരുന്നു. വിവിധ മേഖലകളില്‍ ഈ പകര്‍ച്ചവ്യാധി സൃഷ്ടിക്കുന്ന ആഘാതങ്ങളെ വിശദമായി പഠിക്കുന്നതോടൊപ്പം അവസാനഭാഗത്ത് കോവിഡാനന്തര ലോകത്തിന്റെ സാധ്യതകളെ യുക്തിപൂര്‍വം വിശകലനം ചെയ്യുന്നു.
ആദിമ മനുഷ്യന്റെ നിലനില്പിനു വേണ്ടിയുള്ള ജീവിതയാത്രകളില്‍ നിന്നു തുടങ്ങി തമ്പടിച്ചുള്ള സാമൂഹിക ജീവിതത്തിന്റെ ചരിത്രം വിശകലന വിധേയമാക്കുന്നുണ്ട് ‘കറുത്ത മൃത്യുവിന്റെ കാലം’ എന്ന പഠനത്തിലൂടെ ഡോ. കെ പി അരവിന്ദനും എസ് എന്‍ സജിതും. വളര്‍ത്തു മൃഗങ്ങളെ ഉപയോഗിച്ചുള്ള കൃഷിയും ജീവിതവും ആദ്യമായി വൈറസിന്റെ ആവാസകേന്ദ്രമായി മാറി എന്ന് നിരീക്ഷിക്കുന്നു. ചരിത്രവും ശാസ്ത്രവും ഒന്നുചേര്‍ന്നു വരുന്ന ലേഖനത്തില്‍, പടര്‍ന്നുപിടിച്ച രോഗങ്ങള്‍ കാരണം തകര്‍ന്നുപോയ പെരിക്ലസിന്റെ സാമ്രാജ്യത്തെക്കുറിച്ചും നെപ്പോളിയന്‍ തോറ്റുപിന്‍വാങ്ങിയ റഷ്യന്‍ യുദ്ധത്തെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.
‘കേരള മോഡല്‍’ എന്ന ലോകപ്രശസ്തമായ ആരോഗ്യമേഖലയെക്കുറിച്ചുള്ള നാള്‍വഴി ചരിത്രവും ഡോ. പല്‍പ്പു എന്ന ‘ഈഴവനായ’ പ്രതിഭയോട് അന്നത്തെ തിരുവിതാംകൂര്‍ സവര്‍ണ ഭരണകൂടം കാണിച്ച അവഗണനയും അതിന് കാലം നല്‍കിയ കാവ്യരീതിയും തുടര്‍ന്നു വരുന്ന ലേഖനങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു.
അഞ്ചു ഘട്ടങ്ങളായാണ് മഹാമാരിയുടെ കടന്നുവരവിനോട് മനുഷ്യസമൂഹം പ്രതികരിക്കുന്നതെന്ന് സ്‌ലാവോയ്‌സിസെക് ഉദ്ധരിക്കുന്നുണ്ട്. നിഷേധം, രോഷം, വിലപേശല്‍, വിഷാദം, സമ്മതിക്കല്‍ എന്നീ ഘട്ടങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ ലോകത്തുള്ള വിവിധ സാഹചര്യങ്ങളിലെ മനുഷ്യരെല്ലാം ദുരന്തങ്ങളെ അഭിമുഖീകരിക്കുന്ന രീതികളില്‍ വലിയ വ്യത്യാസങ്ങളില്ല എന്ന് പറഞ്ഞുവെക്കുന്നുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള, നാം പലവിധത്തില്‍ കേട്ടുകഴിഞ്ഞ നിഗമനങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. വൈറസ് ജൈവായുധമാണോ, അന്യഗ്രഹ ജീവികളില്‍ നിന്നോ ഉല്‍ക്കാപതനത്തില്‍ നിന്നോ ഉരുവം കൊണ്ടതാണോ തുടങ്ങിയ ചിന്തകളെ എന്‍ എസ് അരുണ്‍കുമാറിന്റെ ലേഖനങ്ങളിലൂടെ വിശദമായി വിശകലനം ചെയ്യുന്നു.
2019 ഡിസംബര്‍ 31 ന് ചൈന ലോകത്തെ അറിയിച്ച അജ്ഞാത രോഗത്തിന്റെ പിറവിയെ പുതുവര്‍ഷത്തിന്റെ ആലസ്യത്തിലായിരുന്ന വിവിധ രാജ്യങ്ങള്‍ കൈകാര്യം ചെയ്ത രീതികളെ വിമര്‍ശന വിധേയമാക്കുന്നതാണ് മൈക്ക്ള്‍ സാഫിയുടെ ലേഖനം. തായ്‌വാന്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ തുടക്കം മുതലുള്ള ജാഗ്രതയിലൂടെ എങ്ങനെ മഹാമാരിയെ നിയന്ത്രണവിധേയമാക്കി എന്നും അലംഭാവത്തോടെ സമീപിച്ചതിനാല്‍ അമേരിക്ക, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞുവെക്കുന്നു.
ഓരോ ദുരന്തവും അതത് രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ നിലനില്‍പ്പു രാഷ്ട്രീയത്തിനുവേണ്ടി ഉപയോഗിക്കുന്ന രീതികള്‍, പൗരനിരീക്ഷണങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, കോവിഡിനു ശേഷമുള്ള ലോകസാമ്പത്തിക രംഗം, വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ഏതു രൂപത്തില്‍, കേരളത്തിലെ പ്രവാസികളുടെ സാഹചര്യങ്ങള്‍ തുടങ്ങിയ ഉത്കണ്ഠകളും പ്രതീക്ഷകളും കൃത്യമായി പഠനവിധേയമാക്കുന്നു.
‘പോസ്റ്റ് കോവിഡ് കാലം’ എന്ന പഠനത്തിലൂടെ യുവാല്‍ നോവ ഹരാരി ലോകരാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രത്യാശാപൂര്‍ണമായി തേച്ചുമിനുക്കേണ്ടതെങ്ങനെയെന്ന് പറയുന്നുണ്ട്. കോവിഡ് കാലം എങ്ങനെ ഇന്ത്യന്‍, കേരള അവസ്ഥകളില്‍ മാറ്റമുണ്ടാക്കുന്നു എന്ന സാധ്യത വിശകലനങ്ങളോടെ ആരായുന്നു ഷാജഹാന്‍ മാടമ്പാട്ടിന്റെ ലേഖനം. പ്രാര്‍ഥനാ കേന്ദ്രങ്ങളുടെ അടച്ചിടല്‍ എങ്ങനെയാണ് ഗൃഹാന്തരീക്ഷങ്ങളില്‍ നിരതമായതെന്ന് വിശകലനം ചെയ്യുന്നു ഡോ. ജമാലുദ്ദീന്‍ ഫാറൂഖി. ആള്‍ദൈവ വിശ്വാസ ചൂഷണങ്ങളുടെ കോവിഡ് കാല ചുവടുമാറ്റം, അടച്ചിടലിന്റെ സ്ത്രീപക്ഷ ചിന്തകള്‍, സാഹിത്യഭാവനകളിലെ മഹാമാരികള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു.
കോവിഡാനന്തര ലോകത്ത് മനുഷ്യന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായ എതിരന്‍ കതിരവന്‍ സ്വതസിദ്ധമായി നിരീക്ഷിക്കുന്നത് നമുക്ക് കൗതുകത്തോടെ വായിക്കാനാവും. ഓരോ ദുരന്തങ്ങളും മനുഷ്യരാശി ചേര്‍ത്തു നിര്‍ത്തലിന്റെയും ഉയിര്‍ത്തെഴുന്നേല്പിന്റെയും ചവിട്ടുപടിയാക്കുന്നതിന്റെ ചരിത്രസാധ്യതകള്‍ പറയുന്ന പീറ്റര്‍ സി ബേക്കറിന്റെ പ്രത്യാശാപൂര്‍ണമായ വാക്കുകളോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത്. ‘ഇനിയുള്ള ലോകം മറ്റൊരു ലോകമായിരിക്കും എന്നുള്ളത് തീര്‍ച്ചയാണ്’ എന്ന് അദ്ദേഹം പറഞ്ഞുവെക്കുമ്പോള്‍, ‘ഒരു ദൈവമായിത്തീര്‍ന്ന ജീവി’ എന്ന ഹരാരിയുടെ നിരീക്ഷണത്തിന്റെ പൊള്ളലില്‍, മനുഷ്യനിലേക്ക് നമുക്കിനിയും ഏറെ ദൂരം നടക്കേണ്ടതുണ്ട് എന്ന് തീര്‍ച്ചയാണ്.
വ്യത്യസ്ത ശ്രേണികളിലെ എഴുത്തുകാരുടെ ചിന്തകള്‍ ചേര്‍ത്തുവെക്കുമ്പോള്‍ തീര്‍പ്പുകളിലെത്തുക എന്നത് അസാധ്യമെങ്കിലും ആഗോളവ്യാപകമായ സാഹചര്യങ്ങളെ നിരീക്ഷിക്കുന്ന ഗ്രന്ഥമെന്ന നിലയില്‍ ‘കോവിഡ് കാലം അനന്തര ലോകം’ അതീവ ശ്രദ്ധയാകര്‍ഷിക്കുന്നു. ചരിത്രത്തിന് മുന്‍പരിചയമില്ലാത്ത വിധം ദ്രുതഗതിയില്‍ ലോകം നിശ്ചലമായതിന്റെ വിശദമായ വിശകലനങ്ങളും പഠനങ്ങളും ഉള്‍ക്കൊള്ളുന്ന പുസ്തകം വായനാവേദ്യമായ രീതിയിലാണ് യുവത ബുക് ഹൗസ് ഒരുക്കിയിരിക്കുന്നത്. ഒന്നിനൊന്ന് മികച്ചതായ ഇരുപത്തിമൂന്ന് പഠനങ്ങളുള്‍ക്കൊള്ളുന്ന ഗ്രന്ഥം അപൂര്‍വ കാലത്തിന്റെ രേഖപ്പെടുത്തലെന്ന നിലയില്‍ അമൂല്യമായതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x