28 Thursday
March 2024
2024 March 28
1445 Ramadân 18

പോപ്പ് ഇറാഖിലെത്തുമ്പോള്‍

ഡോ. ടി കെ ജാബിര്‍


മെസപ്പെട്ടോമിയ അഥവാ ഇറാഖ് എന്ന പശ്ചിമേഷ്യന്‍ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഭൂപ്രദേശത്തേയ്ക്ക് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ സന്ദര്‍ശനം നടത്തുന്നത് വളരെയധികം രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്ന സംഭവമാണ്. കൊറോണ വൈറസിന്റെ വ്യാപന കാലത്ത്, സാമൂഹ്യസുരക്ഷ കുറവുള്ള ഒരു നാട്ടിലേയ്ക്ക് പോപ്പ് വരികയെന്നത് അല്പം ആശങ്കകള്‍ ഉണ്ടാക്കുന്ന സംഭവം കൂടിയാണ്. ഏറ്റവും പുരാതനമായ ക്രൈസ്തവ സംസ്‌കാരം നിലനില്‍ക്കുന്ന ഒരു നാടാണ് ഇറാഖ്.
അല്പം റിസ്‌ക് എടുക്കുന്ന മാര്‍പാപ്പ കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നതത്ര രഹസ്യമല്ല. തന്റെ നിലപാട് പ്രഖ്യാപനങ്ങളില്‍ നിന്ന് അത് വ്യക്തമാകുന്നതാണ്. പോപ്പ് ജോണ്‍ പോളും പോപ്പ് ബെനഡിക്ട് 16-ാമനും ഇറാഖ് സന്ദര്‍ശന പദ്ധതിയിട്ടിരുന്നു എങ്കിലും സുരക്ഷാഭീതിയെ തുടര്‍ന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോഴത്തെ ഇറാഖ് പ്രസിഡന്റ് ബര്‍ഹം സ്വാലിഹിന്റെ രണ്ടു വര്‍ഷം മുന്‍പത്തെ അഭ്യര്‍ഥന മാനിച്ചാണ് മാര്‍ച്ച് 5-ന് പോപ്പ് ഈ ചരിത്രനാട് സന്ദര്‍ശിക്കുന്നത്. കിഴക്കന്‍ ചര്‍ച്ചുകള്‍ സ്ഥാപിതമായ നാട്ടിലേക്കുള്ള കത്തോലിക്കാ പരമാധ്യക്ഷന്റെ ആദ്യ സന്ദര്‍ശനം കൂടിയാണിത്. ഇറാഖിന്റെ ക്ഷണവും, അന്നാട്ടിലെ ക്രൈസ്തവരുടെ അരക്ഷിതമായ ജീവിതസാഹചര്യവും ഓര്‍ത്തപ്പോള്‍ പോപ്പ് സന്ദര്‍ശനത്തിനു തയ്യാറാവുകയായിരുന്നു.
സദ്ദാം ഹുസൈന്റെ ഭരണകാലത്തിന് ഒടുവില്‍ 15 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ മാത്രമേ ഈ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. പില്‍കാലത്തുണ്ടായ രക്തച്ചൊരിച്ചില്‍ പല തവണ ഈ സമുദായത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മുഖ്യമായ ഉത്തരവാദിത്തം പാശ്ചാത്യ രാഷ്ട്രീയ നേതൃത്വത്തിനാണ് എന്ന വസ്തുത ഇവിടെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. 2003 ന് മുന്‍പ് 50000 ലേറെ ക്രൈസ്തവരുണ്ടായിരുന്ന മൊസൂള്‍ നഗരത്തില്‍ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷ പരമ്പരകള്‍ക്ക് ഒടുവില്‍ 2000 ത്തോളം എണ്ണമായി ചുരുങ്ങിയെന്നത് പാശ്ചാത്യ ലോകം ശ്രദ്ധിക്കേണ്ടതാണ്.
പോപ്പ് ശീഅ മുസ്ലിം വിഭാഗത്തെയും അവരുടെ നേതൃത്വത്തെയും സന്ദര്‍ശിക്കുന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുതയില്ലാതാക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതപ്പെടുന്നു. ഇറാഖില്‍ ജനിച്ച ഷെല്‍ദിയന്‍ ചര്‍ച്ചിന്റെ കര്‍ദിനാള്‍ ലൂയി റാഫേല്‍ സാക്കോ പറഞ്ഞത് ഈ സന്ദര്‍ശനത്തില്‍ ഇറാക്കിലെ സാമൂഹ്യ സുരക്ഷയ്ക്കു വലിയ പ്രാധാന്യമുണ്ടെന്ന് തന്നെയാണ്.
കഴിഞ്ഞ ഒന്നര ദശകത്തിനിടിയില്‍ നിരവധി ക്രിസ്ത്യാനികളെയാണ് വിവിധ ഭീകര സംഘടനകള്‍ കൊലപ്പെടുത്തിയത്. ആയിരക്കണക്കിന് സമുദായക്കാര്‍ ജീവനും കൊണ്ട് നാട് വിട്ട് ഓടിപ്പോയി.
ബാഗ്ദാദ്, മൊസൂള്‍, കുറഖോഷ്, ഇറാഖിലെ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ വസിക്കുന്ന നിനവേ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുന്നത് ഇറാഖില്‍ പുതിയ ഒരു പുലരിയെ നിര്‍മിക്കുമെന്ന് കരുതപ്പെടുന്നു. ജൂത-ക്രൈസ്തവ-മുസ്ലിം വിശ്വാസികളുടെ വിശുദ്ധ പുരുഷനായ അബ്രഹാം / ഇബ്രാഹിം നബിയുടെ ജന്മസ്ഥലമായ ഇറാഖിലെ ഉര്‍ നഗരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ എല്ലാ മത-വംശ വിഭാഗങ്ങളുടെയും നേതൃത്വത്തെയും അഭിമുഖ സംഭാഷണത്തിനായി ക്ഷണിച്ചത് പ്രത്യാശാ നിര്‍ഭരമാണ് .
ഇറാഖിലെത്തിയ പോപ്പ് സമുദായങ്ങള്‍ തമ്മിലുള്ള സമാധാന സഹവര്‍ത്തിത്വത്തെയാണ് ഊന്നിപ്പറഞ്ഞത്. ഇറാഖി പ്രധാനമന്ത്രി മുസ്തഫ അല്‍ഖാദിമിയാണ് എയര്‍പോര്‍ട്ടില്‍ പോപ്പിനെ ചുവപ്പു പരവതാനി വിരിച്ചു സ്വീകരിച്ചത്. ഇറാഖികള്‍ ആഹ്‌ളാദത്തോടെയാണ് പോപ്പിനെ സ്വീകരിച്ചത്. ഇറാഖി ജനത നിരവധി പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ചവയില്‍ ‘നമ്മള്‍ സഹോദരര്‍’ എന്ന് എഴുതിയിരുന്നത് ശ്രദ്ധേയമായിരുന്നു. ‘ബാബ അല്‍വത്തിക്കാന്‍’ എന്നും ജനങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു. ‘സമാധാനത്തിന്റെ ഒരു തീര്‍ഥാടകനായിട്ടാണ് താന്‍ ഇറാഖില്‍ വന്നിട്ടുള്ളത്’ എന്ന് പോപ്പ് പ്രസ്താവിച്ചത് സമാധാന കാംക്ഷികള്‍ക്ക് പ്രതീക്ഷയാണ് നല്‍കുന്നത്.
മുസ്ലിം ലോകവുമായി മികച്ച ബന്ധമാണ് പോപ്പ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഇറാഖിലെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. ഇറാഖില്‍ കോവിഡ് വാക്‌സിന്‍ വ്യാപകമായി നല്‍കപ്പെട്ടിട്ടില്ല. അതേസമയം പോപ്പ് വാക്‌സിന്‍ എടുക്കുകയും, വത്തിക്കാന്‍ വിട്ടുള്ള ആദ്യ വിദേശ യാത്രകൂടിയാണ് ഇവിടെ നടത്തുന്നത്.
എല്ലാ സാമൂഹ്യ, രാഷ്ട്രീയ, മതവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണെന്നും, മൗലികാവകാശങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും അനുവദിച്ചു നല്‍കേണ്ടതാണെന്നും, ഒരാള്‍ പോലും രണ്ടാം തരം പൗരന്മാര്‍ ആകുവാന്‍ പാടില്ലെന്നും പോപ്പ് ബാഗ്ദാദിലെ പ്രസിഡെന്‍ഷ്യല്‍ പാലസില്‍ നടത്തിയ പ്രഭാഷണത്തില്‍ ആഹ്വാനം ചെയ്തത് ലോക ജനത പ്രതീക്ഷയോടെയാണ് കേട്ടത്. ഇറാഖിലെ പുരാതനമായ ക്രൈസ്തവ സംസ്‌കാരവും ക്രൈസ്തവസമുദായത്തിന്റെ ഇറാഖിനായുള്ള സംഭാവനകളും എടുത്ത് പറഞ്ഞ പോപ്പ് ഇറാഖ് എന്ന രാഷ്ട്രത്തിന്റെ ജനാധിപത്യത്തിന്റെ സംസ്ഥാപനത്തെ തന്നെയാണ് ലക്ഷ്യം വച്ചത് .
ഇറാഖിലെ ക്രൈസ്തവരെ സഹോദരരായി കാണണമെന്നും എല്ലാ മതവിഭാഗങ്ങളെയും അംഗീകരിക്കണമെന്നും, അവകാശങ്ങള്‍ അനുവദിക്കണമെന്നും, സംരക്ഷണം നല്‍കണമെന്നും, ഇറാഖി ജനതയോട് അഭ്യര്‍ഥിക്കുകയുണ്ടായി. മുസ്‌ലിം ലോകവുമായുള്ള തന്റെ ബന്ധം വിശാലമാക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനമെന്ന് നിരീക്ഷിക്കപ്പെടുന്നു. സുന്നി – ശീഅ പണ്ഡിതരുമായിട്ടും പോപ്പ് ബന്ധപ്പെടുന്നത് കേരളത്തില്‍ ലവ്ജിഹാദും, ഹലാല്‍ ഭക്ഷണവും പ്രശ്‌നവല്‍ക്കരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതും കൂടിയാണ്.

പോപ്പ് അമേരിക്കയെ
ചോദ്യം ചെയ്യുമോ?

ഇറാഖിലെ സാമൂഹ്യ സുരക്ഷിതത്വത്തില്‍ അതീവ ഖിന്നനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റേത് ആത്മാര്‍ഥമായ നിലപാടുകള്‍ തന്നെയാണ്. എന്നാല്‍ ആധുനിക ഇറാഖിന്റെ ചരിത്ര വിശകലനം നടത്തിയാല്‍ അമേരിക്കയെയും ബ്രിട്ടനേയും ഒന്നും രണ്ടും പ്രതിസ്ഥാനത്ത് കൊണ്ടുവന്നു വിചാരണ ചെയ്യേണ്ടി വരും.
സദ്ദാം ഹുസൈന്റെ കൈവശമുള്ള സര്‍വ നശീകരണ ആയുധങ്ങളെ ഇല്ലായ്മ ചെയ്യലാണ് അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് കാരണമെന്നാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ലോകത്തോട് പറഞ്ഞത്. അത് അസത്യമാണെന്നും, വ്യാജപ്രചാരണമാണെന്നും സത്യസന്ധരായ രാഷ്ട്രീയ നിരീക്ഷകര്‍ ലോകത്തോടു വിളിച്ചു പറെഞ്ഞങ്കിലും വ്യാപകമായ മാധ്യമ പ്രപഗണ്ടയിലൂടെ അസത്യങ്ങള്‍ സത്യങ്ങളെ കുഴിച്ചു മൂടിക്കളയുകയുണ്ടായി. അന്നത്തേതും പോസ്റ്റ്ട്രൂത്ത് കാലമായിരുന്നുവെങ്കിലും ആ സംജ്ഞ നിര്‍മ്മിക്കപ്പെട്ടിരുന്നില്ല 2003 ല്‍ എന്നതാണ് സത്യം.
രണ്ടാമത്തെ അധിനിവേശ ന്യായീകരണ കാരണമായി അമേരിക്ക പ്രഖ്യാപിച്ചത് ‘ആഗോള ജനാധിപത്യ വിപ്ലവത്തിന്നു നാന്ദി കുറിക്കുക’ എന്നതായിരുന്നു. ഒരേ സമയം ജനാധിപത്യ രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കുകയും, അസ്ഥിരമാക്കുകയും, ഏകാധിപതികളെ സ്ഥാപിച്ചെടുക്കുകയും, കാലങ്ങളായുള്ള ജനാധിപത്യ വിരുദ്ധ – ഏകാധിപതികളെ സഹായിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ ആയിരുന്നു ഈ ജനാധിപത്യ വിപ്ലവ വ്യാജനിര്‍മ്മിതികള്‍. അന്ന് ആ വ്യവഹാരങ്ങള്‍ക്ക് പിന്തുണ മലയാളികളില്‍ നിന്ന് പോലും ലഭിച്ചിരുന്നു എന്നതാണ് വാസ്തവം. അമേരിക്കയില്‍ 2003 ല്‍ മലയാളികളിലെ ഒരു വിഭാഗം നടത്തിയ ഇറാഖ് അധിനിവേശവിരുദ്ധ സംഗമത്തെ, അധിനിവേശത്തെ അനുകൂലിച്ചു കൊണ്ട് തകര്‍ത്തു കളഞ്ഞത് ഒരു വിഭാഗം മലയാളികള്‍ തന്നെയായിരുന്നു. അന്നത്തെ ആ മനുഷ്യത്വ വിരുദ്ധമായ നിലപാടുകള്‍ ഇന്നും കേരളത്തിലെ ഒരു വിഭാഗത്തില്‍ നിന്ന് വ്യാപകമായും, ഗുരുതരമായും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയുന്നത് നന്നായിരിക്കും.
ഈ 2003 ലെ അധിനിവേശത്തിന് കാരണമായി അമേരിക്കയിലെ ജോര്‍ജ് മസോണ്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ അഹ്‌സന്‍ ഭട്ട് പറയുന്നത്, സദ്ദാമിന്റെ കൈവശമുള്ള മാരകായുധങ്ങളോ, ജനാധിപത്യ വിപ്ലവമോ, യുഎസിലെ ഇസ്രായേല്‍ ലോബിയോ ഒന്നുമല്ല എന്നാണ്. അധിനിവേശത്തിന്റെ മൂലകാരണം അറബ് രാഷ്ട്രങ്ങള്‍ക്കും മറ്റു യു എസ് വിരുദ്ധ രാഷ്ട്രങ്ങള്‍ക്കും അമേരിക്കയുടെ ആഗോളഹെജിമണിയെ (മേധാവിത്വം) സംബന്ധിച്ച ഒരു മുന്നറിയിപ്പും, താക്കീതും നല്‍കുക എന്നതായിരുന്നു. സിറിയ, ലിബിയ, ഇറാന്‍, വടക്കന്‍കൊറിയ എന്നീ രാഷ്ട്രങ്ങള്‍ അന്ന് അമേരിക്കന്‍ വിരുദ്ധമുന്നണിയില്‍ ആയിരുന്നു എന്നുള്ളത് അവിടെ ഈ നടപടികള്‍ക്ക് ആക്കം കൂട്ടുകയുണ്ടായി എന്നും പ്രൊഫസര്‍ അഹ്‌സന്‍ വിലയിരുത്തുന്നു. ഇതാണ് കുറെയേറെ യുക്തിഭദ്രമായ വിശകലനം.

ഒരു രാഷ്ട്രത്തിന് അത് ഒരു രാഷ്ട്രമാണെന്ന് സ്വയം പ്രഖ്യാപിക്കണമെങ്കിലും, ഐക്യരാഷ്ട്രസഭ അംഗീകരിക്കണമെങ്കിലും നാല് ഘടകങ്ങള്‍ രാഷ്ട്രതന്ത്ര തത്വങ്ങളില്‍ അടിസ്ഥാനപരമായുണ്ട്. അവയാണ്, ഭൂപ്രദേശം, ജനങ്ങള്‍, ഭരണകൂടം, പരമാധികാരം എന്നിവ. ഇതില്‍ ഏതെങ്കിലും ഒന്ന് ഇല്ലാതായാല്‍ അത് പിന്നെ ഒരു രാഷ്ട്രമായിരിക്കില്ല. അങ്ങനെയാണ് ഭരണകൂടത്തെ ബോംബിങ്ങിലൂടെ അമേരിക്ക 2003 ല്‍ നിഷ്പ്രഭമാക്കിക്കളഞ്ഞത്. ഇറാഖ് എന്ന പരമാധികാര രാഷ്ട്രത്തിന്റെ പദവിയെ ഛിന്നഭിന്നമാക്കി കളഞ്ഞ ആ അധിനിവേശമാണ് ഇന്നത്തെ പോലുള്ള പ്രേതഭൂമി സമാനമായ ഇറാഖിനെ സൃഷ്ടിച്ചത് എന്ന് മാര്‍പാപ്പ പരാമര്‍ശിക്കേണ്ടത് ഉചിതമായിരിക്കും. ഇതൊന്നും സദ്ദാം ഹുസൈന്റെ ഏകാധിപത്യ – അടിച്ചമര്‍ത്തല്‍ ഭരണസമ്പ്രദായത്തെ ന്യായീകരിക്കുന്നതിനു വേണ്ടിയുള്ളതല്ല. പക്ഷെ 2003 നുശേഷം, ഭൂമിയിലെ ഒരു അനുഭവവേദ്യമായ നരകമാക്കി ബുഷ് ഭരണകൂടം ഇറാഖിനെ തീര്‍ത്തുകളഞ്ഞു. അതിന് ശേഷമാണ് പശ്ചിമേഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ വിഭാഗ ജനസംഖ്യ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കുത്തനെകുറഞ്ഞത്. 21ാം നൂറ്റാണ്ടിലെ ആദ്യമായുള്ള വന്‍മനുഷ്യ സംഹാരമാണ് 2003 ന് ശേഷം ഇറാഖില്‍ നടന്നത്. 10 ലക്ഷത്തിലേറെ ആളുകള്‍ നിസ്സാരമായി കൊല്ലപ്പെട്ടത് ലോകമനസാക്ഷിയെ കാര്യമായി ഞെട്ടിച്ചിച്ചില്ല എന്നത് അവിശ്വസനീയമാണ്. ഭൂരിപക്ഷം അമേരിക്കക്കാരും ബുഷ്ഭരണകൂടം അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ണവ്യ ഉശറ വേല ഡിശലേറ ടമേലേ െകി്മറല കൃമൂ? എന്ന 2012 ല്‍ പ്രസിദ്ധീകരിച്ച പ്രസിദ്ധ കൃതിയില്‍ ജെയിന്‍ കെ ക്രമേര്‍, ട്രെവര്‍ ത്രാള്‍ എന്നിവര്‍ പറയുന്നുണ്ട്. ആതിരിച്ചറിവ് അമേരിക്കക്കാര്‍ക്കുണ്ടായത് നിരന്തരമായ വിമര്‍ശനാത്മക പഠനങ്ങളിലൂടെയും, സംവാദത്തിലൂടെയുമായിരുന്നു എന്നും ഇവര്‍ പറയുന്നുണ്ട്.
സപ്റ്റംബര്‍11 നടന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ സദ്ദാം ഹുസൈനും അമേരിക്കന്‍ വിമാനങ്ങള്‍ റാഞ്ചിയവരുമായി(അല്‍ഖയിദ) യാതൊരു ബന്ധവും ഇല്ലായിരുന്നു എന്ന് തെളിവുകള്‍ ലഭിച്ചിരുന്നു എന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലും സദ്ദാമിന് എതിരായി ലഭിച്ചില്ലായിരുന്നു എന്നും ഇതേ പുസ്തകത്തില്‍ പറയുന്നു.
അമേരിക്കയിലെ നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ കണ്ടെത്തിയത് ഉീംിശിഴ ടൃേലല േങലാീ(2002 ജൂലൈ 23 ന് കൂടിയ ബ്രിട്ടീഷ് മിനിസ്റ്റീരിയല്‍ മീറ്റിംഗ്‌ന്റെ രഹസ്യ റിപ്പോര്‍ട്ട് ആണത്. ഉള്ളടക്കം എന്തെന്നാല്‍, ആ മാസം തന്നെ ബുഷ് ഭരണകൂടത്തിന് അറിയാമായിരുന്നു സദ്ദാം ഒരു ഭീഷണിയല്ലെന്നും, പക്ഷെ സദ്ദാമിനെ പുറത്താക്കുമെന്നുമുള്ള വിവരങ്ങള്‍. പാശ്ചാത്യ ലോകത്തു ഇതു വലിയ വിവാദങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു) പോലുള്ള ഡോക്യൂമെന്റുകള്‍ വെളിപ്പെടുത്തിയത് ബുഷ് ഭരണകൂടം ബോധപൂര്‍വ്വം അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ്.
സദ്ദാം ഹുസൈന്‍ നടത്തിയ പല ജനവിരുദ്ധ നടപടികള്‍ക്കും അമേരിക്കയുടെ തുറന്ന പിന്തുണയായിരുന്നു 1980 കളില്‍. ഇറാനുമായുള്ള യുദ്ധത്തില്‍ സദ്ദാം മഹാഭാരതത്തിലെ ശിഖണ്ഡിയുടെ പങ്കായിരുന്നു വഹിച്ചത്. നീണ്ട എട്ടുവര്‍ഷം ഇറാനുമായി പടവെട്ടി ശവക്കൂനകളുണ്ടാക്കിയ സദ്ദാം തിരിച്ചറിഞ്ഞിട്ടില്ലാത്തത് അമേരിക്ക തന്നോടും നടത്തുവാന്‍ സാധ്യതയുള്ള കടുത്ത വഞ്ചനാരാഷ്ട്രീയമായിരുന്നു. വെറും ഒരുമാസത്തിനുള്ളില്‍ ഉറ്റമിത്രം ഉറ്റശത്രുവാകുന്ന കാഴ്ചകള്‍ 1990 ല്‍ കണ്ടു. വീണ്ടും രക്തപ്പുഴ, ശവക്കൂനകള്‍ ഇറാഖില്‍ വ്യാപകമായി കണ്ടു. എന്നിരുന്നാലും 2003 വരെ ക്രൈസ്തവര്‍ ഇറാക്കില്‍ താരതമ്യേന സുരക്ഷിതരായിരുന്നു. ചരിത്രത്തിലെ കുറ്റപത്രങ്ങളില്‍ ഒന്ന് കണ്ണോടിക്കുവാന്‍ പോപ്പ് തയ്യാറായാല്‍ ഇറാഖിലെ ഭീകരസംഘടനകള്‍ക്കു മേല്‍ കുറ്റപത്രം നല്‍കാം. അവരെയെല്ലാം ആരെല്ലാം ചേര്‍ന്ന് സൃഷ്ട്ടിച്ചു എന്തായിരുന്നു അതിന്റെ സാഹചര്യം, അതില്‍ പാശ്ചാത്യരുടെ പങ്കെന്ത് എന്നെല്ലാം മനസിലാക്കേണ്ടത് അനിവാര്യമാണ്. ജനാധിപത്യ വിശ്വാസികള്‍ ഇതൊന്നും മറന്നു പോകില്ല എന്നുറപ്പാണ്.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x