16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടി എന്തും പറയരുത്‌

ഉറച്ച നിലപാടുകള്‍, സത്യന്ധമായ രാഷ്ട്രീയ സമീപനം, മാന്യമായ പെരുമാറ്റം എന്നിവയാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും രാഷ്ട്രീയ നേതാവിനും അവശ്യം വേണ്ട ഗുണം. എന്നാല്‍ ഇന്ന് രാഷ്ട്രീയത്തില്‍ കൈമോശം വന്നു കൊണ്ടിരിക്കുന്നതും അതു തന്നെയാണ്. നാലു വോട്ടിന് വേണ്ടിയോ, ഒരു തെരഞ്ഞെടുപ്പ് ജയത്തിനു വേണ്ടിയോ, അതുമല്ലെങ്കില്‍ മുന്നണിയുടെ, പാര്‍ട്ടിയുടെ, വ്യക്തിയുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയോ എന്തും പറയാമെന്നും അതുവരെ കൊണ്ടുനടന്ന പ്രത്യയശാസ്ത്രങ്ങള്‍ കുഴിച്ചുമൂടാമെന്നും വരുന്നത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം കൊടിയ വഞ്ചനയാണ്.
കുപ്പായം മാറും പോലെയാണ് പലരും പാര്‍ട്ടികളും നിലപാടുകളും മാറ്റുന്നത്. മറ്റു ചിലര്‍ വായില്‍ തോന്നുന്നത് എന്തും വിളിച്ചുപറയാമെന്ന നിലയിലേക്ക് തരംതാഴുന്നു. വോട്ടും അതുവഴി കൈവരാവുന്ന വിജയവും അധികാരവും മാത്രം ഉന്നമാകുമ്പോഴാണ് ഇത്തരത്തില്‍ നിലപാടുകളില്‍ വ്യക്തതയില്ലാതാവുന്നത്. അങ്ങനെ വരുമ്പോള്‍ അതുവരെ പറഞ്ഞ വാക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങും. ആദര്‍ശം ആര്‍ക്കു മുന്നിലും പണയം വെക്കും. ഇത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും ആശാവഹമല്ല. ഒരു പാര്‍ട്ടിക്കൊപ്പം, നേതാവിനൊപ്പം ജനങ്ങള്‍ അടിയുറച്ചു നില്‍ക്കുന്നത് അയാള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകളിലും ആദര്‍ശശുദ്ധിയുള്ള രാഷ്ട്രീയ ജീവിതത്തിലും വിശ്വാസമര്‍പ്പിച്ചാണ്. നേതാവ് ആ നിലപാടില്‍ മാറ്റം വരുത്തുമ്പോള്‍ അണികള്‍ രാഷ്ട്രീയമായി വഞ്ചിക്കപ്പെടുകയാണ് ചെയ്യുന്നത്. കാരണം നേതാവ് നിലപാട് മാറ്റും പോലെ അണികള്‍ക്ക് നിറം മാറാന്‍ കഴിഞ്ഞെന്നു വരില്ല. അതോടെ അനിഷ്ടകരമെന്ന് ബോധ്യമുണ്ടായിട്ടും ചിലര്‍ ചില പ്രത്യയശാസ്ത്രങ്ങളില്‍ തളച്ചിടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും.
കോണ്‍ഗ്രസ്, സി പി എം, സി പി ഐ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന അര ഡസനോളം പേര്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥികളാണ്. മത്സരിക്കാന്‍ സീറ്റു ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടി മാറിയവരാണ് ഇവരില്‍ ഭൂരിഭാഗവും. തദ്ദേശ സഭകളില്‍ പദവികള്‍ വഹിക്കുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ നില്‍ക്കണം എന്നുള്ളതിന്റെ അടിസ്ഥാന മാനദണ്ഡം അധികാരം ആദ്യത്തേതും ആദര്‍ശം ഒടുവിലത്തേതുമായി മാറുന്നതിന്റെ ദുരന്തമാണിത്. ഇക്കാലമത്രയും കൊണ്ടുനടന്ന, അഭിമാനിച്ചിരുന്ന ആദര്‍ശം ഒരു രാത്രി ഇരുട്ടിവെളുക്കും മുമ്പ് കുഴിച്ചുമൂടിയാണ് ഇവര്‍ പുതിയ താവളങ്ങളില്‍ എത്തുന്നത്. കോണ്‍ഗ്രസിലെ സംഘടനാ സംവിധാനങ്ങളെ രൂക്ഷ ഭാഷയില്‍ തള്ളിപ്പറഞ്ഞ് പാര്‍ട്ടി വിട്ട പി സി ചാക്കോയെപ്പോലുള്ള നേതാക്കളേയും നമ്മള്‍ കണ്ടു. ആ പാര്‍ട്ടിയുടെ ഭാഗമായി കിട്ടാവുന്ന എല്ലാ അധികാരങ്ങളും പറ്റിയ ശേഷം വീണ്ടും അവസരം തന്നില്ലെന്ന് പറഞ്ഞ് പുതിയ ആലയങ്ങള്‍ തേടിപ്പോകുന്ന ഇവരെ ജനം എങ്ങനെ വിശ്വസിക്കും. തെരഞ്ഞെടുക്കപ്പെട്ട ശേഷം കൂറു മാറിയാല്‍ അയോഗ്യനാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ നിലവില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള കൂറുമാറ്റത്തെ നിയന്ത്രിക്കാന്‍ യാതൊരു നിയമങ്ങളുമില്ല. അത് എളുപ്പവുമല്ല. ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കണം എന്നത് പൗരന്റെ മൗലികാവകാശമാണ് എന്നതുകൊണ്ടു പ്രത്യേകിച്ചും. എന്നാല്‍ പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള ഒരു വര്‍ഷമോ ആറു മാസമോ മൊറട്ടോറിയം കാലമായി നിശ്ചയിച്ച്, ആ കാലയളവില്‍ പാര്‍ട്ടി മാറുന്നവര്‍ക്ക് മത്സരവിലക്ക് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായാല്‍ സീറ്റിനു വേണ്ടിയുള്ള ഈ കുട്ടിക്കരണം മറിച്ചില്‍ ഒരു പരിധിവരെ തടയാനാകും.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സ്വന്തം പാര്‍ട്ടിയുടെ നിലപാടിനെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ചില നേതാക്കളേയും ഈ തെരഞ്ഞെടുപ്പില്‍ കേരളം കണ്ടു. മുസ്്‌ലിം വിരുദ്ധത ആളിക്കത്തിച്ച് വോട്ടു നേടാന്‍ ശ്രമിക്കുന്ന എ വിജയരാഘവനെപ്പോലുള്ളവരെ പരാമര്‍ശിക്കാതെ വയ്യ. വിജയരാഘവന്‍ എന്ന വ്യക്തിയില്‍ നിന്നല്ല, സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍ ഇരിക്കുന്നയാളില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുപോന്ന ഒരു പാര്‍ട്ടിയുടെ നിലപാടിനെയാണ് ഇതിലൂടെ തലകുത്തനെ നിര്‍ത്തുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആ പാര്‍ട്ടിയിലുള്ള വിശ്വാസ്യത തല്ലിക്കെടുത്താന്‍ മാത്രമേ ഇത് ഉപകരിക്കൂ.
ആരോപണങ്ങള്‍ വ്യക്തിനിഷ്ടമാകാതിരിക്കുക എന്നതും രാഷ്ട്രീയ മാന്യതയുടെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തൊടുത്തുവിട്ട ചെത്തുകാരന്റെ മകന്‍ പ്രയോഗത്തിന്റെ അലയൊലി രാഷ്ട്രീയാന്തരീക്ഷത്തില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. ദരിദ്ര സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്ന് വന്നയാളാണെന്ന് ധ്വനിപ്പിക്കാനാണെങ്കില്‍ കുലത്തൊഴിലും ജാതിയും പറയണമെന്ന് ആരാണ് പഠിപ്പിച്ചത്. എന്‍ കെ പ്രേമചന്ദ്രനെതിരെ നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിട്ടുള്ള പരനാറി പ്രയോഗം പോലുള്ളവ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. അധികാരം വൈകുന്നതും നഷ്ടമാകുന്നതും രാഷ്ട്രീയ സാഹചര്യങ്ങളെ ആശ്രയിച്ചാണ്. അത് താല്‍ക്കാലികവുമാണ്. അതിനു വേണ്ടി സ്വന്തം നിലപാടുകളെ അട്ടിമറിക്കുന്നവര്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വന്തം രാഷ്ട്രീയ ജീവിതത്തിന്റെ കുഴി തന്നെയാണ് തോണ്ടുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x