16 Tuesday
April 2024
2024 April 16
1445 Chawwâl 7

ഉടയോന്റെ തുണയുള്ള ഇബ്‌റാഹീം സ്മരണ

ശംസുദ്ദീന്‍ പാലക്കോട്


ഇബ്‌റാഹീം നബി(അ) മാനവരാശിയുടെ ആദര്‍ശ പിതാവാണ്. വികലമാക്കപ്പെട്ട വിശ്വാസങ്ങളിലും ആചാരങ്ങളിലും കഴിയുന്ന ലോകത്തെ പ്രമുഖ മതാനുയായികളോടെല്ലാം വിശുദ്ധ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത് ഈ ആദര്‍ശ പിതാവിന്റെ പാത പിന്‍പറ്റാനാണ് (2:130,135, 3:95, 12:38, 16:123, 22:78). ലോകത്തെ പ്രമുഖ മതവിഭാഗങ്ങളെല്ലാം ഇബ്‌റാഹീം നബിയെ (അബ്രഹാം പ്രവാചകനെ) ആദരിക്കുന്നവരാണ് എന്നതുകൊണ്ടാണ് ഇബ്‌റാഹീം എന്ന ആദര്‍ശ പിതാവിലേക്ക് ഖുര്‍ആന്‍ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. അദ്ദേഹത്തെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ആ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ ഇബ്‌റാഹീം നബിയുടെ ആദര്‍ശപാതയില്‍ തന്നെയാണോ വിശ്വാസ ആചാര രംഗത്ത് നിലകൊള്ളുന്നത് എന്നതാണ് ഇതിലെ ശ്രദ്ധേയമായ ചിന്താവിഷയം.
ഇസ്‌ലാമിലെ രണ്ടു മതാധിഷ്ഠിത ആഘോഷങ്ങളില്‍ ഒന്ന് ശവ്വാല്‍ ഒന്നിലെ ചെറിയ പെരുന്നാളും (ഈദുല്‍ ഫിത്വ്ര്‍) മറ്റൊന്ന് ദുല്‍ഹിജ്ജ മാസത്തിലെ ബലിപെരുന്നാളും (ഈദുല്‍ അദ്ഹ) ആണല്ലോ. ഇതില്‍ ഈദുല്‍ ഫിത്വ്ര്‍ വ്രതം എന്ന ആരാധനയോടനുബന്ധമായി കടന്നുവരുന്ന തികച്ചും ആത്മീയമാനങ്ങളുള്ള ആഘോഷമാണ്. ഈദുല്‍ അദ്ഹ, ഹജ്ജ് എന്ന ആരാധനയോടനുബന്ധിച്ചാണ് വരുന്നതെങ്കിലും ഹജ്ജും ബലിപെരുന്നാളും തമ്മില്‍ നേര്‍ക്കുനേര്‍ ഒരു ബന്ധവുമില്ല. പിന്നെ എന്താണ് ഈദുല്‍ അദ്ഹായുടെ സവിശേഷത? അത് നാലായിരം വര്‍ഷം മുമ്പ് ജീവിച്ച ഇബ്‌റാഹീം പ്രവാചകനുമായി ബന്ധപ്പെട്ടാണുള്ളത്. ബലിപെരുന്നാളിന്റെ ഭാഗമായി നിര്‍വഹിക്കുന്ന ഉദ്ഹിയ്യത്തിന്റെ ആത്മീയതയും അല്ലാഹുവിന്റെ കല്‍പനയാല്‍ ഇബ്‌റാഹീം നബി(അ) നിര്‍വഹിക്കാന്‍ ഉദ്യുക്തമായ ബലികര്‍മത്തിലെ ചരിത്രാംശവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതായി കാണാം. ഇബ്‌റാഹീം നബി സ്വന്തം പുത്രനെ അല്ലാഹുവിനു ബലി നല്‍കുക എന്നതായിരുന്നില്ല അല്ലാഹുവിന്റെ ആവശ്യം. അല്ലാഹു നല്‍കിയതെന്തും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യജിക്കാന്‍ തയ്യാറുള്ള ആദര്‍ശവിതാനത്തിലേക്ക് ഇബ്‌റാഹീം നബിയുടെ മനസ്സ് ആത്മീയമായി വളര്‍ന്നുവോ എന്ന പരീക്ഷണം മാത്രമായിരുന്നു അത്. ആ പരീക്ഷണത്തീച്ചൂളയിലും അദ്ദേഹം വിജയിച്ചുകയറി. അതിന് അല്ലാഹു അദ്ദേഹത്തിനു കൊടുത്ത സമ്മാനമാണ് മനുഷ്യവംശത്തിന്റെ നേതാവ് അഥവാ ആദര്‍ശപിതാവ് എന്ന അത്യുന്നത പദവി. ”ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ റബ്ബ് ചില കല്‍പനകള്‍ കൊണ്ട് പരീക്ഷിക്കുകയും അദ്ദേഹമത് നിറവേറ്റുകയും ചെയ്തത് ഓര്‍ക്കുക. അപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ നിന്നെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്.” (അല്‍ബഖറ 124).
ബലികര്‍മത്തിന്റെ സന്ദേശം
വിശ്വാസികള്‍ ഉദ്ഹിയ്യത്ത് നിര്‍വഹിക്കുമ്പോള്‍ അല്ലാഹു നോക്കുന്നത് ബാഹ്യമായ ആ കര്‍മത്തെയല്ല, ആന്തരികമായി വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ട മനഃസ്ഥിതിയെയാണ്. ഇബ്‌റാഹീം നബിയില്‍ അഭിമാനം കൊള്ളുകയും എന്നാല്‍ ഇബ്‌റാഹീമീ ആദര്‍ശപാതയില്‍ നിന്ന് ബഹുദൂരം അകന്നു ജീവിക്കുകയും ചെയ്ത മക്കയിലെ ബഹുദൈവ വിശ്വാസികളും ആരാധനയുടെ ഭാഗമായി മൃഗബലി നടത്താറുണ്ടായിരുന്നു. എന്നാല്‍ അവരുടേത് വഴിതെറ്റിയ വിശ്വാസത്തില്‍ അധിഷ്ഠിതമായ ബലികര്‍മമായിരുന്നു. അതിനാല്‍ അല്ലാഹു ഖുര്‍ആനിലൂടെ വിശ്വാസികളെ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചു:
”ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലിയര്‍പ്പിക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണുകഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുക. (ദാരിദ്ര്യം പുറത്തു കാണിക്കാതെ) ഉള്ളതുകൊണ്ട് സംതൃപ്തിയടയുന്നവനും ആവശ്യപ്പെട്ടു വരുന്നവനും നിങ്ങള്‍ അതില്‍ നിന്നു നല്‍കുക. നിങ്ങള്‍ നന്ദി കാണിക്കാന്‍ വേണ്ടി അവയെ നാം നിങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നിരിക്കുന്നു. അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയല്ല. എന്നാല്‍ നിങ്ങളുടെ (ഉള്ളിലെ) ധര്‍മനിഷ്ഠയാണ് അല്ലാഹുവിങ്കല്‍ എത്തുക.” (22:36,37)
ഇബ്‌റാഹീം നബിയുടെ പ്രാര്‍ഥനകള്‍
ഇബ്‌റാഹീം നബിയുടെ 19 പ്രാര്‍ഥനകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. സത്യവിശ്വാസികളുടെ പ്രാര്‍ഥനയില്‍ ഉള്‍ച്ചേര്‍ന്നുനില്‍ക്കേണ്ട ഘടകങ്ങള്‍ എന്തെല്ലാമാണ് എന്നറിയാന്‍ ഈ പ്രാര്‍ഥനകള്‍ പരിശോധിച്ചാല്‍ മതിയാകും. അറിവ് ലഭിക്കാന്‍ (ശുഅറാഅ് 83), സജ്ജനസംഘത്തില്‍ ഉള്‍പ്പെടാന്‍ (ശുഅറാഅ് 83), കാലശേഷം സല്‍ക്കീര്‍ത്തി ലഭിക്കാന്‍ (ശുഅറാഅ് 84), സ്വര്‍ഗാവകാശികളില്‍ പെടാന്‍ (ശുഅറാഅ് 85), പരലോകത്ത് അപമാനിതനാകാതിരിക്കാന്‍ (ശുഅറാഅ് 87-89), നാടിന്റെ സമാധാനത്തിനു വേണ്ടി (ഇബ്‌റാഹീം 39), നാടിന്റെ സുഭിക്ഷതയ്ക്കു വേണ്ടി (അല്‍ബഖറ 126), സത്കര്‍മം അല്ലാഹു സ്വീകരിക്കാന്‍ (അല്‍ബഖറ 127), മക്കളുടെ ധാര്‍മികതയ്ക്കു വേണ്ടി (അല്‍ബഖറ 127, ഇബ്‌റാഹീം 40), സല്‍സന്താനത്തിനായി എന്നിങ്ങനെ പ്രതീക്ഷ വറ്റാത്ത മനസ്സുമായി അദ്ദേഹം നിരന്തരം പ്രാര്‍ഥിച്ചിരുന്നതായി കാണാം. ഈ വിധം ജീവിതത്തിന്റെ എല്ലാ സുപ്രധാന ഭാഗങ്ങളെയും അദ്ദേഹം ആദര്‍ശഭൂമികയില്‍ ചാലിച്ചെടുത്ത പ്രാര്‍ഥനയുമായി ബന്ധിപ്പിച്ച് സക്രിയ ജീവിതം നയിച്ചു.
അല്ലാഹുവിനോട് വിശ്വാസി നടത്തുന്ന ഓരോ പ്രാര്‍ഥനയും ഇഹലോകത്തോ പരലോകത്തോ പ്രയോജനപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹുവിന്റെ മുമ്പില്‍ കൈയുയര്‍ത്തി വിശ്വാസി നിര്‍വഹിക്കുന്ന ഓരോ പ്രാര്‍ഥനയും വിശ്വാസിയുടെ ജീവിതത്തില്‍ വലിയ ഊര്‍ജവും പ്രതീക്ഷയുമാണ്. സമരമുഖത്ത് അവിചാരിതമായിട്ടാണെങ്കിലും എത്തിപ്പെട്ട സ്വഹാബാ വനിതകള്‍ പ്രാര്‍ഥനയെന്ന ഏറ്റവും വലിയ പ്രതീക്ഷയുടെ ബലത്തിലാണ് മുന്നോട്ടുപോയത്. അല്ലാഹു വിശ്വാസികളെ പരിഗണിക്കാന്‍ അവരുടെ പ്രാര്‍ഥന പ്രധാന ഘടകമാണെന്ന് ഖുര്‍ആന്‍ (ഫുര്‍ഖാന്‍ 77) സൂചിപ്പിച്ചിട്ടുമുണ്ട്. അഥവാ പ്രാര്‍ഥന വിശ്വാസിയുടെ ഏറ്റവും വലിയ പ്രതീക്ഷയും ശക്തിയുമാണ്. ഇതുകൊണ്ടൊക്കെയായിരിക്കാം ഇബ്‌റാഹീം നബിയുടെ ജീവിതം അല്ലാഹുവിനോടുള്ള പ്രാര്‍ഥനകളാല്‍ സമ്പന്നവും സമ്പുഷ്ടവുമായിരുന്നുവെന്നു വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്.

യുക്തിഭദ്രമായ പ്രബോധനം
ഇബ്‌റാഹീം നബിയുടെ ജീവിതത്തില്‍ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷമായ പ്രബോധനരീതിയാണ്. കാലാകാലങ്ങളില്‍ ചിന്താശൂന്യരായ മനുഷ്യര്‍ ദിവ്യത്വം കല്‍പിച്ച് ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്ന വസ്തുക്കളും വ്യക്തികളുമൊന്നും ദൈവങ്ങളോ ദൈവാംശമുള്ള ദിവ്യശക്തികളോ അല്ലെന്നു സമര്‍ഥിക്കുന്ന സവിശേഷമായ ഒരു പ്രബോധനശൈലിയാണ് ഇബ്‌റാഹീം നബി സ്വീകരിച്ചത്. നക്ഷത്രങ്ങളെയും സൂര്യചന്ദ്രന്മാരെയും ദിവ്യത്വ പരിവേഷം നല്‍കി ആരാധിക്കുകയും വണങ്ങുകയും ചെയ്ത ജനതയെ അവരോട് ചേര്‍ന്നുനിന്ന് അതിലെ യുക്തിരാഹിത്യം യുക്തിഭദ്രമായും അവരുടെ ചിന്തയെ തട്ടിയുണര്‍ത്തുകയും ചെയ്യുന്നവിധം അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് ഉദാഹരണം. നക്ഷത്രത്തെയും ചന്ദ്രനെയും സൂര്യനെയും നോക്കി ‘ഇതാണ് എന്റെ റബ്ബ്’ എന്ന് ഇബ്‌റാഹീം നബി സ്വജനതയോട് പറയുന്ന ഒരു ഭാഗം വിശുദ്ധ ഖുര്‍ആനില്‍ (അന്‍ആം 76-79) കാണാം. ”നിങ്ങളുടെ വാദം അംഗീകരിച്ചാല്‍ തന്നെ അതിന്റെ യഥാര്‍ഥ വസ്തുത ഇതാണ്’ എന്നു പറയുന്ന ഒരു സംവാദശൈലിയാണിത്. അല്ലാതെ ഇബ്‌റാഹീം നബി(അ) കുറച്ച് സമയത്തേക്കെങ്കിലും ഇത്തരം ബഹുദൈവത്വ പ്രതീകങ്ങളെ അംഗീകരിച്ചുവെന്ന് ഇതിനെ അക്ഷരവായന നടത്തരുത്. പ്രകൃതിപ്രതിഭാസങ്ങളെ ആരാധിക്കുന്ന സ്വജനതയെ അവരോടൊപ്പം ചേര്‍ന്നുനിന്നുകൊണ്ട് അങ്ങേയറ്റത്തെ ഗുണകാംക്ഷയോടെ തിരുത്തുന്ന ഇബ്‌റാഹീം നബിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. അഥവാ ‘അസ്തമിച്ചുപോകുന്ന ഒന്നും ദൈവമാകാന്‍ കൊള്ളില്ല. ഒരിക്കല്‍ തെളിയുകയും പിന്നീട് മങ്ങിപ്പോവുകയും ചെയ്യുന്നതൊന്നും ദൈവമാകാന്‍ കൊള്ളില്ല. ഇവയിലൊക്കെ ദിവ്യത്വം സങ്കല്‍പിക്കുന്നതുതന്നെ ഗുരുതരമായ ആദര്‍ശ വ്യതിയാനമാണ്, അതിനാല്‍ ഇത്തരം ശിര്‍ക്കന്‍ വിശ്വാസങ്ങളുടെ പിറകെ നടക്കാന്‍ ഞാനില്ല. ആകാശഭൂമികളടങ്ങുന്ന ഈ മഹാ പ്രപഞ്ചത്തെ സൃഷ്ടിച്ച് സംരക്ഷിക്കുന്നവനാരോ അവന്‍ മാത്രമാണെന്റെ റബ്ബ്’- ഇതായിരുന്നു അദ്ദേഹം സ്വജനതയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച തൗഹീദീ ആദര്‍ശതത്വം.
മറുചോദ്യത്തില്‍ പതറിയ
അധികാരഗര്‍വ്
റബ്ബ് ആരെന്ന കാര്യത്തില്‍ ഇബ്‌റാഹീം നബി ആ നാടിന്റെ അധികാരമുള്ള ഒരു നാട്ടുമൂപ്പനുമായി നടത്തുന്ന സംവാദവും വിശുദ്ധ ഖുര്‍ആന്‍ പ്രാധാന്യപൂര്‍വം ഉദ്ധരിച്ചിട്ടുണ്ട് (ബഖറ 258). ആ സംവാദ സംക്ഷേപം ഇപ്രകാരം:
ഇബ്‌റാഹീം: എന്റെ റബ്ബ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്.
അധികാരി: ഞാനും മനുഷ്യര്‍ക്ക് ജീവിതവും മരണവും നല്‍കാന്‍ കഴിവുള്ളവനാണ്!
ഇബ്‌റാഹീം: സൂര്യനെ കിഴക്കു നിന്നുദിപ്പിക്കുന്നത് എന്റെ റബ്ബാണ്. നീ റബ്ബാണെങ്കില്‍ സൂര്യനെ പടിഞ്ഞാറു നിന്നുദിപ്പിക്കുക!
ദിവ്യത്വം ചമഞ്ഞ അധികാരി ഉത്തരം മുട്ടി എന്ന് സംവാദ കഥാന്ത്യം.
ഇബ്‌റാഹീം നബിയുടെ ജീവിതം ഒരു ആദര്‍ശ പാഠപുസ്തകമാണ്. അതിലെ ഓരോ അധ്യായങ്ങളും വിശ്വാസികളുടെ ആദര്‍ശ ജീവിതത്തിനു വഴിവിളക്കാണ്. ഓരോ ബലിപെരുന്നാളും ഇബ്‌റാഹീമീ സ്മരണയിലൂടെ ഈ ആദര്‍ശജീവിതത്തെ ശാക്തീകരിക്കാന്‍ കൂടിയുള്ളതാണെന്ന് ബലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഓരോ വിശ്വാസിയും തിരിച്ചറിയണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x